
ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ച് ഇറ്റാലിയൻ മിസ്റ്റിക് തയ്യാറാക്കിയ ധ്യാനചിന്തകളാണ് ‘നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പീഡാനുഭവ മണിക്കൂറുകൾ’ എന്ന ഗ്രന്ഥം. നോമ്പ് ദിനങ്ങളിൽ ഓരോരുത്തരും മുട്ടുകുത്തിനിന്ന് വായിച്ച് ധ്യാനിക്കേണ്ട പ്രാർഥനാ പുസ്തകം.
ഈശോയുടെ പീഡാനുഭവങ്ങളെ മറ്റെന്തിനേക്കാളും അധികമായി സ്‌നേഹിച്ച ഇറ്റാലിയൻ മിസ്റ്റിക്കായിരുന്നു ലൂയിസ പിക്കാറെറ്റ. (1865- 1947) ദൈവഹിതത്തിന്റെ അനന്ത രഹസ്യങ്ങളെക്കുറിച്ച് വെളിപാടുകൾ ലഭിച്ചിരുന്ന ലൂയിസ 1899മുതൽ 1939 വരെ നീണ്ട 40 വർഷം തന്റെ കുമ്പസാരക്കാരന്റെ ആവശ്യപ്രകാരം അതെല്ലാം രേഖപ്പെടുത്താൻ തുടങ്ങി. 36 വാല്യങ്ങളിലുള്ള ഈ കുറിപ്പുകൾ ‘സ്വർഗത്തിന്റെ പുസ്തകം’ (The Book of Heaven ) എന്ന പേരിൽ പ്രസിദ്ധമാണ്. 60 വർഷം കിടപ്പുരോഗിയായിരുന്ന ലൂയിസയ്ക്ക് ഈശോയുടെ പീഡാനുഭവ സഹനങ്ങളിലൂടെ യാത്ര ചെയ്യാൻ നിരവധി അവസരം കിട്ടി. ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ചുള്ള അവളുടെ ധ്യാന ചിന്തകളാണ് ‘നമ്മുടെ കർത്താവ് യേശുക്രിസ്തുവിന്റെ പീഡാനുഭവ മണിക്കൂറുകൾ’ (The Hours of the Passion of our Lord Jesus Christ ) എന്ന ഗ്രന്ഥം. ഈശോ തന്നെ സംസാരിക്കുന്ന ഈ ഗ്രന്ഥം മുട്ടുകുത്തിനിന്ന് വായിക്കാനാണ് വിശുദ്ധ പീയൂസ് പത്താമൻപാപ്പ ആവശ്യപ്പെടുന്നത്.
ഈശോയുടെ പീഡാനുഭവ സംഭവങ്ങളെ 24 മണിക്കൂറുകളുള്ള ഒരു ക്ലോക്കായി തിരിച്ചിരിക്കുന്ന ലൂയിസ ഓരോ മണിക്കൂറിലും എന്തു സംഭവിച്ചെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
ഈശോ തന്നെ ലൂയിസയേ പീഡാനുഭവ ക്ലോക്കിന്റെ ഫലപ്രാപ്തിയെപ്പറ്റി പഠിപ്പിക്കുന്നു: ‘എന്റെ പുത്രി, ആര് എന്റെ പീഡാനുഭവത്തെപ്പറ്റി ചിന്തിക്കുന്നുവോ അവരുടെ ഹൃദയത്തിൻ ഒരു ഉറവിടം രൂപീകരിക്കപ്പെടുന്നു. എത്ര കൂടുതൽ അവൻ അതിനെപ്പറ്റി ചിന്തിക്കുന്നുവോ അത്രമേൽ ഈ ഉറവിടം വളരുകയും അതിൽനിന്ന് സമൃദ്ധമായി ജലം പുറപ്പെടുവുകയും ചെയ്യും.’ ഓരോ മണിക്കൂറിനു മുമ്പും ശേഷവും ചൊല്ലേണ്ട ഒരുക്ക പ്രാർഥനയും കൃതജ്ഞതാ പ്രാർഥനയും ആരംഭത്തിൽ ചേർത്തിരിക്കുന്നു. ഓരോ മണിക്കൂറിലും സംഭവിച്ച കാര്യങ്ങൾ ഈശോയോട് സംസാരിക്കുന്ന രീതിയിൽ ഒരു നീണ്ട പ്രാർഥന പോലെയാണ് വിവരിച്ചിരിക്കുന്നത്.
ഈശോയുടെ പീഡാനുഭവത്തിന്റെ മണിക്കൂർ ആചരിക്കാൻ മൂന്നു വഴികളാണുള്ളത്. ശ്രദ്ധാപൂർവം ഈ ഗ്രന്ഥം വായിക്കുക, അതേക്കുറിച്ച് ധ്യാനിക്കുക, ധ്യാനത്തിൽനിന്ന് ഈശോയുടെ ജീവിതം സ്വന്തമാക്കുക.
ഈശോയുടെ പീഡാനുഭവത്തിന്റെ 24 മണിക്കൂറുകൾ
ഒന്നാം മണിക്കൂർ:
വൈകിട്ട് 5.00 മുതൽ 6.00 വരെ – ഈശോ തന്റെ ഏറ്റവും പരിശുദ്ധയായ മാതാവിനോടു വിട ചോദിക്കുന്നു.
രണ്ടാം മണിക്കൂർ:
വൈകിട്ട് 6.00 മുതൽ 7.00വരെ – ഈശോ മറിയത്തിന്റെ അടുത്തുനിന്ന് സെനക്കളിലേക്കു പോകുന്നു.
മൂന്നാം മണിക്കൂർ:
വൈകിട്ട് 7.00 മുതൽ 8.00വരെ – നിയമപരമായ അത്താഴം
നാലാം മണിക്കൂർ:
8.00 മുതൽ 9.00 വരെ – ദിവ്യകാരുണ്യ അത്താഴം
ദിവ്യകാരുണ്യ അത്താഴത്തിൽ രണ്ടു കാര്യങ്ങൾ നടക്കുന്നു
1. ശിഷ്യന്മാരുടെ കാലുകൾ കഴുകുന്നു.
2. വിശുദ്ധ കുർബാന സ്ഥാപിക്കുന്നു.
അഞ്ചാം മണിക്കൂർ:
9.00 മുതൽ 10.00 വരെ – ഗെത്‌സെമനി തോട്ടത്തിലെ വേദനയുടെ ആദ്യ മണിക്കൂർ
ആറാം മണിക്കൂർ:
10.00 മുതൽ 11.00 വരെ – ഗെത്‌സെമനി തോട്ടത്തിലെ വേദനയുടെ രണ്ടാം മണിക്കൂർ
ഏഴാം മണിക്കൂർ:
രാത്രി 11.00 മുതൽ 12.00 വരെ – ഗെത്‌സെമനി തോട്ടത്തിലെ വേദനയുടെ മൂന്നാം മണിക്കൂർ
എട്ടാം മണിക്കൂർ:
അർദ്ധരാത്രി മുതൽ 1.00 മണി വരെ – ഈശോയെ പടയാളികൾ പിടികൂടുന്നു
ഒൻപതാം മണിക്കൂർ:
1.00 മുതൽ 2.00 വരെ – ഒരു വരമ്പിൽനിന്ന് വലിച്ചെറിയപ്പെട്ട ഈശോ കെദ്രോൻ അരുവിയിൽ വീഴുന്നു.
പത്താം മണിക്കൂർ:
2.00 മുതൽ 3.00 വരെ – ഈശോയെ അന്നാസിന്റെ മുമ്പിൽ ഹാജരാക്കുന്നു
പതിനൊന്നാം മണിക്കൂർ:
3.00 മുതൽ 4.00 വരെ – ഈശോ കയ്യഫാസിന്റെ വീട്ടിൽ
പന്ത്രണ്ടാം മണിക്കൂർ:
4.00 മുതൽ 5.00 വരെ – ഈശോ പടയാളികളുടെ നടുവിൽ
പതിമൂന്നാം മണിക്കൂർ:
5.00 മുതൽ 6.00 വരെ – ഈശോ കാരാഗൃഹത്തിൽ
പതിനാലാം മണിക്കൂർ:
6.00 മുതൽ 7.00വരെ -ഈശോ വീണ്ടും കയ്യഫാസിന്റെ മുമ്പിൽ വരുന്നു, അവൻ മരണശിക്ഷയ്ക്ക് അർഹനാണെന്ന് സ്ഥിരീകരിച്ച് പീലാത്തോസിന്റെ അടുത്തേക്കു അയക്കുന്നു.
പതിനഞ്ചാം മണിക്കൂർ:
7.00 മുതൽ 8.00 വരെ – ഈശോ പീലാത്തോസിന്റെ മുമ്പിൽ, പീലാത്തോസ് അവനെ ഹേറോദോസിന്റെ പക്കലേക്കു അയക്കുന്നു.
പതിനാറാം മണിക്കൂർ:
8.00 മുതൽ 9.00 വരെ – ഈശോയെ പീലാത്തോസിന്റെ അടുക്കൽ തിരികെ കൊണ്ടുവരികയും ബറാബാസിന്റെ പിന്നിൽ നിർത്തുകയും ചെയ്യുന്നു, ഈശോയെ ചമ്മട്ടിക്കൊണ്ടടുപ്പിക്കുന്നു.
പതിനേഴാം മണിക്കൂർ:
9.00 മുതൽ 10.00 വരെ – ഈശോയെ മുൾക്കിരീടം അണിയിപ്പിക്കുന്നു. ‘ഇതാ മനുഷ്യൻ’ എന്ന് പറഞ്ഞ് പീലാത്തോസ് ഈശോയെ ജനക്കൂട്ടത്തിനു മുമ്പിൽ അവതരിപ്പിക്കുന്നു. പിന്നീട് ഈശോയെ മരണത്തിനു വിധിക്കുന്നു.
പതിനെട്ടാം മണിക്കൂർ
10.00 മുതൽ 11.00 വരെ – ഈശോ കുരിശുമെടുത്ത് കാൽവരിയിലേക്ക് നടക്കുന്നു, ഈശോയുടെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു.
പത്തൊമ്പതാം മണിക്കൂർ:
11.00 മുതൽ 12.00 വരെ – ഈശോയെ കുരിശിൽ തറയ്ക്കുന്നു.
ഇരുപതാം മണിക്കൂർ:
12.00 മുതൽ 1.00 വരെ -കുരിശിലെ വേദനയിലെ ഒന്നാം മണിക്കൂർ, കുരിശിൽനിന്നുള്ള ഈശോയുടെ ഒന്നാം വചനം.
ഇരുപത്തിയൊന്നാം മണിക്കൂർ:
1.00 മുതൽ 2.00 വരെ – കുരിശിലെ വേദനയിലെ രണ്ടാം മണിക്കൂർ, കുരിശിൽനിന്നുള്ള ഈശോയുടെ രണ്ടും മൂന്നും നാലും വചനങ്ങൾ.
ഇരുപത്തിരണ്ടാം മണിക്കൂർ:
2.00 മുതൽ 3.00 വരെ -കുരിശിലെ വേദനയിലെ മൂന്നാം മണിക്കൂർ, കുരിശിൽ നിന്നുള്ള ഈശോയുടെ അഞ്ചും ആറും ഏഴും വചനങ്ങൾ, ഈശോയുടെ മരണം.
ഇരുപത്തിമൂന്നാം മണിക്കൂർ:
3.00 മുതൽ 4.00 വരെ – ഈശോയുടെ വിലാപ്പുറം കുന്തംകൊണ്ടു കുത്തിതുറക്കുന്നു. കുരിശിൽനിന്ന് ശരീരം താഴെയിറക്കുന്നു.
ഇരുപത്തിനാലാം മണിക്കൂർ:
4.00 മുതൽ 5.00 വരെ – ഈശോയെ സംസ്‌ക്കരിക്കുന്നു.
ഏറ്റവും ഏകാകിയായ മറിയം
ഇരുപത്തിനാലാം മണിക്കൂറിലെ ധ്യാനത്തിലെ അവസാന പ്രാർത്ഥന ചുവടെ ചേർക്കുന്നു:
എന്റെ ഈശോയേ, എന്റെ ഹൃദയമിടിപ്പ് കൂടുന്നു, നിന്റെ ഹൃദയംകൊണ്ട് എന്റെ ഹൃദയമിടിപ്പിക്കാൻ അനുവദിച്ചില്ലെങ്കിൽ ഞാൻ തൃപ്തനല്ല. നിന്റെ ഹൃദയമിടിപ്പിനൊപ്പം, നീ സ്‌നേഹിക്കുന്നതുപോലെ ഞാനും സ്‌നേഹിക്കും. എല്ലാ ജീവജാലങ്ങളുടെയും സ്‌നേഹം ഞാൻ നിനക്കു തരും, എന്റെ ഒരു നിലവിളി ഇതായിരിക്കും: ‘സ്‌നേഹമേ, സ്‌നേഹമേ…!’ എന്റെ ഈശോയേ, ബഹുമാനം നിനക്കു മാത്രം. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിന്റെ സ്വന്തം ശക്തിയുടെ മുദ്ര പതിപ്പിക്കുക, നിന്റെ സ്‌നേഹവും നിന്റെ മഹത്വവും.
ഫാ. ജയ്സൺ കുന്നേൽ mcbs