
ലോകം ഈ ദിനങ്ങളിൽ ഉറ്റുനോക്കുന്ന രാജ്യമാണ് മംഗോളിയ. കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പായുടെ സന്ദർശനംകൊണ്ട് ശ്രദ്ധേയമായ ഈ കൊച്ചുരാജ്യത്ത് ഏവരെയും അതിശയിപ്പിക്കുന്ന അനേകം കഥകളും വിശ്വാസത്തിന്റെ അനുഭവങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. അതിലൊന്നാണ് ‘സ്വർഗീയമാതാവിന്റെ’ കണ്ടെത്തലും അതിനോട് അനുബന്ധിച്ചുണ്ടായ സംഭവങ്ങളും. അറിയാം, ക്രിസ്തീയ ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഫ്രാൻസിസ് പാപ്പായുടെ അജപാലനസന്ദർശനത്തിനു മുമ്പുതന്നെ മംഗോളിയയിലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ‘സ്വർഗീയമാതാവിന്റെ’ കഥ.
മാതാവിനെ കണ്ടുമുട്ടിയ സ്ത്രീ
മംഗോളിയയിലെ ഡാർഖാൻ സ്വദേശിനിയും ബുദ്ധമത വിശ്വാസിയുമായിരുന്ന സെറ്റ്സെജിയായിരുന്നു സ്വർഗീയമാതാവിനെ കണ്ടെത്തിയ സ്ത്രീ. ഡാർഖാനിലെ ഏതൊരാളെയുംപോലെ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കും മറ്റു ലോഹപദാർഥങ്ങളും ശേഖരിച്ചുകൊണ്ടായിരുന്നു സെറ്റ്സെജിയും ഉപജീവനം നടത്തിയിരുന്നത്.
പതിവുപോലെ ഒരു ദിവസം മാലിന്യക്കൂമ്പാരത്തിൽ പരതിക്കൊണ്ടിരുന്നപ്പോഴാണ്, തുണിയിൽ പൊതിഞ്ഞ നിലയിൽ മാതാവിന്റെ ഒരു രൂപം കണ്ടെത്തിയത്. കൂടെയുണ്ടായിരുന്നവർക്കൊന്നും ആ തിരുസ്വരൂപത്തോട് പ്രത്യേകിച്ച് ഒരു മമതയും തോന്നിയില്ല. എന്നാൽ, പരിശുദ്ധ അമ്മയുടെ ആ തിരുസ്വരൂപത്തോട് വലിയ ആകർഷണം തോന്നിയ സെറ്റ്സെജി ആ തിരുസ്വരൂപം എടുത്തുകൊണ്ടുപോയി തന്റെ വീട്ടിൽ പ്രതിഷ്ഠിച്ചു. ഒരു ദിവസം മിഷനറി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അംഗങ്ങളായ സന്യാസിനികൾ ഭവനസന്ദർശനത്തിനായി എത്തിയപ്പോഴാണ് മാതാവിന്റെ തിരുസ്വരൂപം സെറ്റ്സെജിയുടെ ഭവനത്തിൽ കണ്ടെത്തുന്നതും അതിനു പിന്നിലെ സംഭവത്തെക്കുറിച്ച് മനസ്സിലാക്കുന്നതും. അങ്ങനെ അടുത്തുള്ള സഹായമാതാവിന്റെ ഇടവകദേവാലയത്തിൽ മാതാവിന്റെ തിരുസ്വരൂപം സമർപ്പിക്കാൻ സെറ്റ്സെജി തീരുമാനിച്ചു.
“ഈ കണ്ടെത്തൽ അഗാധമായ ഒരു കാര്യത്തെക്കൂടി വെളിവാക്കുന്നുണ്ട്. ഒരുപക്ഷേ, നമ്മുടെ വരവിനുമുൻപേ അവൾ ഇവിടെ സന്നിഹിതയായിരുന്നു. നമ്മുടെ ഇടയിലെ ഏറ്റവും എളിയവരെക്കൂടി പാലിക്കുന്നതിനുവേണ്ടി ഏറ്റവും ദരിദ്രവും എളിയതുമായ സ്ഥലത്ത് അവൾ പ്രത്യക്ഷപ്പെട്ടു” – ഡാർഖാൻ നഗരത്തിലെ സഹായമാതാവിന്റെ ദേവാലയത്തിലെ ഫാ. ആൻഡ്രൂ ടിൻ ഗുയെൻ, എസ്.ഡി.ബി. പങ്കുവച്ചു.
പിന്നീട് മംഗോളിയയുടെ തലസ്ഥാന നഗരമായ ഉലാൻബാതറിലെ വി. പത്രോസിന്റെയും പൗലോസിന്റെയും നാമത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ ബിഷപ്പ് ജോർജിയോ മരെംഗോ ആ തിരുസ്വരൂപം പ്രതിഷ്ഠിച്ചു. അപ്പോഴേക്കും സെറ്റ്സെജി മരണമടഞ്ഞിരുന്നു.
‘സ്വർഗീയമാതാവ്’ എന്ന് വിളിക്കപ്പെട്ടതെങ്ങനെ?
ഫ്രാൻസിസ് മാർപാപ്പ തന്നെയാണ് ‘സ്വർഗീയമാതാവ്’ എന്ന നാമം ഈ രൂപത്തിന് നൽകിയതെന്നാണ് ഉലാൻബാതറിലെ അപ്പസ്തോലിക് പ്രീഫെക്റ്റ് കർദിനാൾ ജോർജിയോ മാരെങ്കോവെളിപ്പെടുത്തുന്നത്. മംഗോളിയൻ വിശ്വാസികളിൽനിന്നും ശേഖരിച്ച പല പേരുകളും ക്രോഡീകരിച്ച് കർദിനാൾ ജോർജിയോ ഫ്രാൻസിസ് പാപ്പായ്ക്കു നൽകിയിരുന്നു. പല പേരുകളിൽനിന്നും മംഗോളിയൻ സംസ്കാരത്തിൽ സ്വർഗത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ തന്നെയാണ് ‘സ്വർഗീയമാതാവ്’ എന്ന പേര് തിരഞ്ഞെടുത്തുനൽകിയത്.
വലിയ വിശ്വാസത്തോടെയാണ് മംഗോളിയയിലെ ജനങ്ങൾ ഇന്നും പരിശുദ്ധമായ മാതാവിന്റെ ആ തിരുസ്വരൂപത്തിനു മുന്നിൽ പ്രാർഥിക്കുന്നത്. മാതാവിന്റെ തിരുസ്വരൂപം ലഭിച്ച വർഷം കൃത്യമായി പറയാൻ ആ സ്ത്രീക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും, ഏകദേശം 18 വർഷം മുൻപാണ് ഈ സംഭവം നടന്നതെന്ന് അവർ വെളിപ്പെടുത്തുന്നുണ്ട്. മറിയത്തിന്റെ തിരുസ്വരൂപം കണ്ടെടുത്തതായി കരുതുന്ന 1995 -കളിൽ വിരലിലെണ്ണാവുന്നവിധം 14 കത്തോലിക്കാ വിശ്വാസികളേ അന്ന് മംഗോളിയയിൽ ഉണ്ടായിരുന്നുള്ളൂ. 2023 -ലെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾപ്രകാരം, കത്തോലിക്കാ ജനസംഖ്യ ഏകദേശം 1,500 അംഗങ്ങളായി വളർന്നു. കന്യാമറിയത്തോടുള്ള വർധിച്ചുവരുന്ന ഭക്തിയുടെയും സമൂഹത്തിന്റെ ആഴത്തിലുള്ള വിശ്വാസത്തിന്റെയും തെളിവായി, കർദിനാൾ മാരേങ്കോ 2023 മരിയൻ വർഷമായി പ്രഖ്യാപിച്ചിട്ടുണ്ട്.