കാലത്തിന്റെ കള്ളത്തരങ്ങളിൽനിന്നും നമ്മെ രക്ഷിക്കാനും അസത്യത്തിന്റെ കെട്ടുകാഴ്ചകളിൽനിന്നു നമ്മെ വിമോചിപ്പിക്കാനും കഴിവുള്ള പുസ്തകം. ഫാ. ബീഡ് ഗ്രിഫിത്തിന്റെ ആത്മകഥയായ ‘ദി ഗോൾഡൻ സ്ട്രിങ്ങി’നെക്കുറിച്ച് ഒരു ഒരു ആസ്വാദനം. ഫാ. റോബിൻസ് ജോൺ കുമ്പളക്കുഴി എഴുതുന്നു. തുടര്‍ന്നു വായിക്കുക.
കവിതയുടെ ലാവണ്യാത്മകമായ സൗന്ദര്യാനുഭൂതിയിൽനിന്ന് ഈശ്വരാനുഭവത്തിലേക്കും അവിടെനിന്ന് മതാനുഭൂതിയിലേക്കും ഒടുവിൽ മിസ്റ്റിക്ക് ജീവിതാനുഭവത്തിലേക്കും സഞ്ചരിച്ച ബീഡ് ഗ്രിഫിത്ത് എന്ന അവധൂതന്റെ ആത്മകഥയാണ് ഗോൾഡൻ സ്ട്രിംഗ്. ഈ പുസ്തകത്തിലേക്ക് യാത്ര ആരംഭിക്കുന്നതിനുമുമ്പ് ആരാണ് ബീഡ് ഗ്രിഫിത്ത് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
1906-ൽ ഇംഗ്ലണ്ടിലെ സറേയിലെ വാൾട്ടൺ – ഓൺ തേംസിൽ ഒരു ഇടത്തരം കുടുംബത്തിൽ ആംഗ്ലിക്കൻ സഭാവിശ്വാസികളായ മാതാപിതാക്കളുടെ മൂന്നു മക്കളിൽ ഇളയവനായി ജനിച്ചു. യൗവനത്തിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്നും ഉന്നതവിദ്യാഭ്യാസം നേടി, കർദിനാൾ ന്യൂമാന്റെ വഴിത്താരയിലൂടെ സഞ്ചരിച്ച്, കത്തോലിക്കാ സഭയിലേക്ക് എത്തിച്ചേരുകയും ഒടുവിൽ ഒരു ബനഡിക്റ്റൻ വൈദികനായി ആർഷഭാരതത്തിന്റെ ആധ്യാത്മികപാരമ്പര്യത്തിലേക്ക് ക്രൈസ്തവ വിശ്വാസത്തിന്റെ ദീപം പകർന്നുനൽകി തൃശ്ശിനാപ്പള്ളിയിലെ ഒരു ആശ്രമത്തിൽ സ്വാമി ദയാനന്ദ എന്നപേരിൽ തന്റെ സന്യാസജീവിതം ചിലവഴിച്ച് കടന്നുപോവുകയും ചെയ്ത വ്യക്തിയാണ് ബീഡ് ഗ്രിഫിത്ത് എന്ന വൈദികൻ.
ദൈവാന്വേഷണം
ചില പുസ്തകങ്ങൾ വായനക്കാരെ അന്വേഷിച്ച് എത്തുമെന്ന് പറയാറുണ്ട്. അത് സത്യമാണെന്ന് വ്യക്തിപരമായി ഞാൻ അനുഭവിച്ചറിയുകയായിരുന്നു ഈ പുസ്തകവായനയിലൂടെ. തീർത്തും അവിചാരിതമായി, കാലപ്പഴക്കംകൊണ്ട് വിവസ്ത്രമാക്കപ്പെട്ട പുറംചട്ടയോടുകൂടിയാണ് ദൈവശാസ്ത്രം പഠിക്കുന്ന കാലഘട്ടത്തിൽ ഈ പുസ്തകം എന്റെ കൈയിൽ വന്നെത്തുന്നത്.
കവിതയുടെ ലാവണ്യാത്മകമായ ഭൂമികയിലൂടെ ഒരു കാവ്യാരാധകനായി അലഞ്ഞ്, ഒടുവിൽ കവിതയുടെ സൗന്ദര്യാനുഭൂതിയിലൂടെ ദൈവാന്വേഷണം സാധ്യമാക്കിയ ഒരു വ്യക്തിയുടെ ആത്മാവിന്റെ നാൾവഴിക്കുറിപ്പുകളാണ് എന്റെ കൈകളിൽ വന്നുപെട്ട ഈ നിധി എന്നറിഞ്ഞതോടെ ആ ആത്മകഥയോട് അനിയന്ത്രിതമായ ഒരു അഭിനിവേശം എന്നിൽ നാമ്പിടുകയായിരുന്നു. വില്യം ബ്ലേക്കിനെയും, ടി. എസ്. എലിയട്ടിനേയും, ഫയദോർ ഡോസ്റ്റോവ്‌സ്കിയേയും, ദാന്തയേയും തുടങ്ങി സാഹിത്യനഭസിലെ പ്രതിഭാശാലികളായ പല എഴുത്തുകാരുടെയും രചനകളിലൂടെ യഥേഷ്ടം യാത്രചെയ്ത ഈ എഴുത്തുകാരന്റെ ആത്മാവ്, ഒടുവിൽ തത്വശാസ്ത്രത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും തലങ്ങളിലേക്ക് ചെന്നടുത്തതോടെ ജീവിതത്തിന്റെ യഥാർഥസൗന്ദര്യം ദൈവാന്വേഷണത്തിലാണെന്ന് തിരിച്ചറിയുകയായിരുന്നു. ഈ യാത്ര നമ്മുടെ കാഴ്ച്ചപ്പാടുകളെ വിമലീകരിക്കുമെന്ന് ഉറപ്പാണ്. ഒപ്പം, അത് ആത്മാവിന്റെ പഴുതിലൂടെ നമ്മിലേക്ക് ദൈവാനുഭവത്തിന്റെ പ്രകാശകിരണങ്ങളെ പകർന്നുനൽകാൻ സഹായിക്കുന്നതുമാണ്.
വില്യം ബ്ലേക്കിന്റെ ദി ഗോൾഡൻ സ്ട്രിങ്
വില്യം ബ്ലേക്ക് എന്ന കവിയുടെ പ്രസിദ്ധമായ ഗോൾഡൻ സ്ട്രിങ് എന്ന പേരിലുള്ള കവിതയിൽനിന്നും പ്രചോദനം സ്വീകരിച്ചുകൊണ്ടാണ് ഗ്രന്ഥകാരൻ തന്റെ ആത്മകഥയ്ക്ക് ഗോൾഡൻ സ്ട്രിങ് അഥവാ സ്വർണ്ണനൂൽ എന്ന പേര് തിരഞ്ഞെടുത്തത്.
‘ഒരു സ്വർണ്ണനൂലിനറ്റം ഞാൻ നിന്റെ
കൈയിലേക്കു തരുന്നു.
നീ അത് മാടിമാടി ഉരുട്ടി ചുറ്റണം.
ജറുസലേം മതിലിന്മേൽ ചേർത്തു
പണിതീർത്തിട്ടുള്ള
സ്വർഗകവാടത്തിനുള്ളിലേക്ക്
അതു നിന്നെ നയിക്കും’ എന്ന വില്യം ബ്ലേക്കിന്റെ പ്രസ്തുത കവിതയിലെ വരികൾ ആത്മകഥയുടെ ആരംഭത്തിൽ ഉദ്ധരിച്ചുകൊണ്ട് ദൈവാന്വേഷണത്തിന്റെ സൗന്ദര്യലഹരിയിലേക്ക് തന്റെ ആത്മാവിനെ നയിച്ച ആ കവിതയുടെ സ്വാധീനം അദ്ദേഹം അടയാളപ്പെടുത്തുന്നുണ്ട്.
‘എന്റെ ജീവിതത്തിൽ ദുഃഖം വിരളമായിരുന്നു. എങ്കിലും ദുരന്തങ്ങളാണ് ആഴമായ മാനുഷികമൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നത്’ എന്ന ആത്മദർശനം ഈ ഗ്രന്ഥത്തിലൂടെ ഗ്രന്ഥകാരൻ അവതരിപ്പിക്കുമ്പോൾ അസ്ഥിത്വവ്യഥയുടെ ദുരിതക്കയങ്ങളിൽ പെട്ടുപോയ മനുഷ്യരിലേക്ക് പ്രത്യാശയുടെ കിരണങ്ങൾ വീശുകയാണ് ചെയ്യുന്നത്.
തത്വചിന്തകനായ ഹാർഡിയുടെ അസ്തിത്വ ദുരന്തത്തെപ്പറ്റിയുള്ളയുള്ള വീക്ഷണം എന്നും ഗ്രിഫിത്തിനെ ആവേശം കൊള്ളിച്ച തത്വചിന്തയായിരുന്നുവെന്ന് ഈ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാകാം, ‘ശോകാത്മകമാണെപ്പോഴും എന്റെ ജീവിതവീക്ഷണം’ എന്ന് ഗ്രിഫിത്ത് തന്റെ ജീവിതത്തെ വ്യാഖ്യാനിച്ചതും.
ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍
ആദ്യകാലങ്ങളിൽ ഒരു ആംഗ്ലിക്കൻ സഭാവിശ്വാസിയായിരുന്ന ഇദ്ദേഹം പിന്നീട് യൗവനകാലഘട്ടത്തിൽ സാഹിത്യത്തിലൂടെയും തത്വചിന്തയിലൂടെയും അലയുകയായിരുന്നു. യുക്തിയുടെയും സൗന്ദര്യശാസ്ത്രത്തിന്റെയും ആകർഷണവലയങ്ങളിൽ പെട്ടുപോയ ആ യുവാവിന്റെ ചിന്തകളിൽ വിശ്വാസം എന്ന വാക്കിന് അക്കാലങ്ങളിൽ പ്രസക്തി തെല്ലും ഉണ്ടായിരുന്നില്ല. എന്നാൽ, ക്രമേണ യഥാർഥ വിശ്വാസത്തിന്റെ അകക്കാമ്പിലേക്ക് സാഹിത്യവും തത്വചിന്തയുമൊക്കെ അദ്ദേഹത്തിന്റെ ആത്മാവിനെ കടഞ്ഞെടുക്കുകയായിരുന്നു. ഏറെക്കാലത്തെ കത്തോലിക്കാ ദൈവശാസ്ത്ര പഠനങ്ങളുടെയും പ്രാർഥനകളുടെയും ദൈവാന്വേഷണപരമായ ധ്യാനത്തിന്റെയും പിന്തുണയോടെയാണ് കത്തോലിക്കാ സഭയുടെ വിശ്വാസധാരയിലേക്ക് തന്റെ ജീവിതത്തെ ഗ്രിഫിത്ത് പറിച്ചുനടുന്നത്.
മാതാപിതാക്കളുടെ വിശ്വാസപാരമ്പര്യത്തിൽനിന്നും കത്തോലിക്കാ സഭയുടെ വിശ്വാസപാരമ്പര്യത്തിലേക്കുള്ള തന്റെ പലായനം ഏറെ ഹൃദയസ്പർശിയായ ഭാഷയിലും വൈകാരികമായ ഭാവതീവ്രതയോടെയുമാണ് അദ്ദേഹം വിവരിക്കുന്നത്. അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കേവലം വിശ്വാസപരമായ ഒരു മാറ്റത്തിനുമപ്പുറം സ്വർഗരാജ്യമെന്ന അനശ്വര യാഥാർഥ്യത്തിലേക്കുള്ള പ്രയാണവും ഭൗതികജീവിതത്തിന്റെ നശ്വരതയെക്കുറിച്ചുള്ള തിരിച്ചറിവുമായിരുന്നു. അദ്ദേഹത്തിനത് സന്യാസത്തിന്റെ ഉള്ളുണർവുള്ള വഴിത്താരകളെ തുറന്നുകൊടുത്തു.
മരണത്തെക്കുറിച്ചുള്ള നിരീക്ഷണം
ഈ തിരിച്ചറിവിന്റെ ആഴങ്ങളിൽ നിന്നുകൊണ്ടാണ് ഗ്രിഫിത്ത് മരണത്തെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ ഇങ്ങനെ ഒരു നിരീക്ഷണം പങ്ക് വയ്ക്കുന്നത്: “നിഴലുകളുടെ ഈ ലോകത്തിൽനിന്നുള്ള കടന്നുപോകലാണ് മരണം.” അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വികാരവിചാരങ്ങൾക്ക് അതീതമായ ആന്തരികമായ മണവറയിലേക്കുള്ള പ്രവേശനമാണ്. സത്യവും സ്നേഹവുമാണ് അവിടെ നമ്മെ കാത്തിരിക്കുക എന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.
ഒരു സന്യാസിയുടെ യഥാർഥലക്ഷണം വൈരാഗ്യമാണെന്നു പറയാറുണ്ട്. ലൗകീകമായ കാര്യങ്ങളോടുള്ള വിരാഗം അഥവാ മമതയില്ലാത്ത അവസ്ഥ. ഗ്രിഫിത്തിന്റെ ജീവിതവീക്ഷണങ്ങളും ഈ ഭാവത്തിന്റെ പ്രത്യക്ഷമായ പ്രകടനങ്ങളാണെന്ന് ഈ ഗ്രന്ഥവായന നമ്മെ ബോധ്യപ്പെടുത്തും.
ലൗകീകതയോടുള്ള വിരാഗമാണ് ദൈവാനുരാഗത്തിന്റെ മാനദണ്ഡം. അത് സാധകന്റെ സഞ്ചാരപഥങ്ങളെ ബലപ്പെടുത്തുന്ന ജീവിതാദർശമാണ്. അതാകട്ടെ, തന്റെ വിശ്വാസധാരയിലുള്ള ആഴമായ ബോധ്യത്തിന്റെ പിൻബലത്തിൽനിന്നും രൂപംകൊള്ളുന്ന ആത്മധൈര്യവും. അവിടെ മാനുഷികബന്ധങ്ങൾപോലും അപ്രസക്തമായേക്കാമെന്ന് തന്റെ അമ്മയുടെ വേർപാടിന്റെ രംഗങ്ങൾ വിവരിക്കുന്നതിലൂടെ ഗ്രന്ഥകർത്താവ് വ്യക്തമാകുന്നതായി കാണാം.
അമ്മയുടെ മരണവിനാഴികയിൽ അമ്മയോടു സംസാരിക്കാൻ കഴിയാതെ പോയതിനെക്കുറിച്ചു പറഞ്ഞശേഷം അദ്ദേഹം എഴുതുന്നുണ്ട്. അമ്മയുടെ മരണം ഒരു വേർപാടായി തോന്നിയില്ല. കാരണം, സ്ഥലകാലങ്ങളുടെ കാര്യത്തിലെന്നല്ല, വിശ്വാസപരമായി ഞങ്ങൾ തമ്മിലുണ്ടായ വേർപാട് ഞങ്ങളെ വളരെ മുൻപുതന്നെ പരസ്പരം അകറ്റിയിരുന്നു.
ഇത് കുറിച്ചതിനുശേഷം ഉണ്മയുടെ ആഴങ്ങളിൽ അവർക്കിടയിലുണ്ടായിരുന്ന ഗാഢമായ ആത്മീയബന്ധത്തിന്റെ ഊഷ്മളതയെ ഹൃദയസ്പർശിയായി വിവരിക്കുന്നതിലൂടെ ഒരു വൈകാരിക വിസ്ഫോടനംതന്നെ സൃഷ്ടിക്കുന്നുണ്ട് ഗ്രന്ഥകാരൻ.
സത്യത്തിന്റെ വിശുദ്ധിയുള്ള നാട്ടുവെളിച്ചം ഈ രചനയിലുടനീളം നമ്മെ എതിരേൽക്കും. ആധ്യാത്മികതയുടെ നീരുറവ അത് നമുക്ക് കാണിച്ചുതരും. മനുഷ്യ- ദൈവസമാഗമത്തിന്റെ കാല്പനികമായ ഒരു സൗന്ദര്യാനുഭൂതിയായി ഈ ഗ്രന്ഥം മാറുന്നു. കവിതയുടെ തിരുവസ്ത്രമണിഞ്ഞ ഈ ആത്മരേഖ ഓരോ പ്രാർഥനയും ആത്മാവിന്റെ നെടുവീർപ്പടങ്ങിയ കവിതയാണെന്ന് നമ്മെ പഠിപ്പിക്കുന്നേതോടൊപ്പം ഭാവനയിൽനിന്നും വിശ്വാസത്തിലേക്ക് ശിഖരങ്ങൾ പടരുമെന്ന സത്യത്തിന് അടിത്തറകൂടി പാകുന്നുണ്ട്.
തന്റെ പാപത്തിന്റെ ദുർഗന്ധം വമിക്കുന്ന ഭൂമിയിൽ നിന്നുകൊണ്ട് ഏറ്റവും പുരാതനവും അനന്യവുമായ പ്രണയമാണ് ദൈവമെന്ന് വി. അഗസ്റ്റിൽ ഏറ്റുപറഞ്ഞുവെങ്കിൽ, ഇതാ ദൈവമാണ് യഥാർഥ കവിയെന്നും സ്നേഹമാണ് ആ കവിയുടെ കവിതയെന്നും ഗ്രിഫിത്ത് എന്ന കവിമാനസമുള്ള ദൈവാന്വേഷി ഈ കാലത്തോട് തന്റെ ആത്മകഥയിലെ ഏറ്റുപറച്ചിൽ നടത്തുന്നു.
ദൈവാന്വേഷണത്തിന്റെ ഈ സപര്യ നാടകീയതയുടെ കനമേതുമില്ലാതെ അവതരിപ്പിക്കാൻ അദ്ദേഹം കാണിക്കുന്ന സത്യസന്ധതയാണ് ഈ കൃതിയെ ഒരു വ്യത്യസ്തമായ സുന്ദരശില്പമാക്കുന്നത്.
ഈശ്വരനെ കണ്ടെത്തുന്നത് സ്വയം കണ്ടെത്തലാണ്
പുസ്തകത്തിലൊരിടത്ത് ഗ്രിഫിത്ത് കുറിക്കുന്നു: “ഈശ്വരനെ കണ്ടുമുട്ടുക എന്നത് ഒരാശയത്തെ കണ്ടുമുട്ടലല്ല, മറിച്ച് സ്വയം കണ്ടെത്തലാണ്.”
സന്യാസമെന്ന ആശയം അർഥശൂന്യമാണെന്നു പറയുകയും എന്നാൽ കാലാന്തരത്തിൽ ഒരു കാവ്യനീതിയുടെ പൂർത്തീകരണമെന്നപോലെ സന്യാസമെന്നാൽ അത് ലോകത്തിൽനിന്നുള്ള ഒളിച്ചോട്ടമല്ലെന്നും മറിച്ച് ജീവിതത്തിന് ഈശ്വരനോടും നിത്യതയോടും ബന്ധമുള്ളതായി പരിഗണിക്കാനും ജീവിതപ്രശ്നങ്ങളുടെ നാരായവേര് കണ്ടുപിടിച്ച് അത് പിഴുതെറിയാൻ ഒരുവനെ കർമ്മധീരനാക്കുന്ന ജീവിതക്രമമാണെന്നും അദ്ദേഹം പ്രസ്താവിക്കുമ്പോൾ, സമകാലിക സമൂഹത്തിൽ സന്യാസത്തിനെതിരായി ഉയർന്നുവരുന്ന വിമർശനങ്ങൾക്കുള്ള ശക്തമായ ഒരു നിലപാടുകൂടിയായി ആ വാക്കുകൾ മാറുന്നു.
സൗന്ദര്യരൂപത്തോടുള്ള സ്നേഹം സൗന്ദര്യകർമ്മത്തിലേക്കും സൗന്ദര്യകർമ്മത്തിൽനിന്ന് സൗന്ദര്യ തത്വദർശനത്തിലേക്കും നയിക്കുമെന്ന് അദ്ദേഹം എഴുതുമ്പോൾ സന്യാസം ഏതൊരു വ്യക്തിയുടെയും സത്തയിൽ അലിഞ്ഞുതീരേണ്ട ഒരു ജീവിതവീക്ഷണം കൂടിയായി പരിണാമം പ്രാപിക്കുകയും അതിന് സാർവലൗകീകമായ ഒരു മാനം കൈവരികയും ചെയ്യുന്നു.
ക്രിസ്തുവിന്റെ അനുയായി ആവുകയെന്നാൽ ക്രിസ്തു നസ്രത്തിൽ നയിച്ച ഏകാന്തമായ ജീവിതക്രമത്തെ ജീവിതത്തിന്റെ ഭാഗമാക്കൽ കൂടിയാണെന്നും ലൗകികമായ ജീവിതത്തിൽനിന്നും വിടർന്നുള്ള ജീവിതം യഥാർഥ ക്രൈസ്തവമാതൃകയാണെന്നും ഗ്രിഫിത്ത് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ക്രിസ്തുമതത്തോടും കത്തോലിക്കാ സഭയോടും സന്യാസത്തോടും ഒരുകാലത്ത് അദ്ദേഹത്തിനനു തോന്നിയ നിസംഗതയും പിന്നീട് അവയോട് അനുഭവപ്പെട്ട മാനസികമായ തുറവുമെല്ലാം ഈ ആത്മകഥയിൽ അദ്ദേഹം സത്യസന്ധമായി ആവിഷ്കരിക്കുന്നുണ്ട്.
വിവിധ കാലഘട്ടങ്ങളിലെ സ്വാധീനം
ഒപ്പം വിവിധ കാലഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ ഭാവനയെയും തത്വചിന്തകളെയും ദൈവശാസ്ത്രാവബോധങ്ങളെയും രൂപപ്പെടുത്തിയ വിവിധ ഗ്രന്ഥകർത്താക്കളെയും അവരുടെ വിശിഷ്ടമായ ഗ്രന്ഥങ്ങളെയും ഇദ്ദേഹം അനുവാചക ഹൃദയത്തിലേക്ക് പകർന്നുനൽകുന്നുമുണ്ട്. തന്റെ ദൈവാന്വേഷണപാതയിൽ സംഭവിച്ച വിജയങ്ങളെ തുറന്നെഴുതുമ്പോഴും പരാജയങ്ങളെ മറകൂടാതെ തുറന്നുകാട്ടാനും അവയിലൂടെ പുതിയ തിരിച്ചറിവിലേക്കു വളരാൻ അദ്ദേഹം കാണിച്ച വിവേകവും വളരെ സുതാര്യമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
ബീഡ് ഗ്രിഫിത്തിന്റെ ജനനം, ബാല്യം, കുടുംബപശ്ചാത്തലം മാതാപിതാക്കൾ, വിശ്വാസത്തിന്റെ പശ്ചാത്തലം എന്നിവയിൽ ആരംഭിച്ച് ക്രമേണ ഓക്സ്ഫോഡിലെ വിദ്യാഭ്യാസ കാലഘട്ടം, തത്വചിന്താപരമായ ജീവിതവീക്ഷണം, സമൂഹജീവിതവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ, വിശ്വാസജീവിതത്തിന്റെ വളർച്ച, ആത്മസംഘർഷങ്ങളുടെ നാളുകൾ, ഏകാന്തതിയിലും പ്രാർഥനയിലും ചിലവഴിച്ച നാളുകൾ, സന്യാസത്തിലേക്കുള്ള പ്രവേശനം, ദൈവകരങ്ങളിലേക്കു ചെന്നടുത്തപ്പോൾ അനുഭവിച്ച ആന്തരിക സായൂജ്യം, കത്തോലിക്കാ വിശ്വാസം പകർന്നുനൽകിയ ദൈവാവബോധം ഒടുവിൽ സ്വർഗീയമായ അനശ്വരതയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണം എന്നിങ്ങനെ അനുഭവങ്ങളുടെ വിവിധ അധ്യായങ്ങളായിട്ടാണ് ഈ ഗ്രന്ഥം രൂപീകരിക്കപ്പെട്ടിരിക്കുന്നത്.
പ്രകൃതി
ഗ്രിഫിത്തിന്റെ ദൈവാന്വേഷണങ്ങളിൽ പ്രകൃതിയും ഒരു ഘടകമായിട്ടുണ്ട്. പ്രകൃതിയുമായി ഇണങ്ങിച്ചേർന്നും തിരക്കേറിയ ലോകത്തിന്റെ ആരവങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയും ദൈവത്തിന്റെ ഭാവനയിൽനിന്നും ഉയിരുകൊണ്ട പ്രകൃതിയുടെ ആധ്യാത്മികലോകത്തിലേക്ക് ധ്യാനാത്മകതയോടെ സഞ്ചരിച്ചുമാണ് അദ്ദേഹം തന്റെ ആധ്യാത്മിക ജീവിതാവബോധങ്ങൾ വീണ്ടെടുത്തത്.
ഗ്രന്ഥഭാഗത്ത് അദ്ദേഹം ഇങ്ങനെ ഒരു നിരീക്ഷണം നടത്തുന്നതായി കാണാം. അസ്തിത്വത്തിന്റെ ആഴത്തിലുള്ള നിഗൂഢസങ്കേതത്തിൽ സ്ഥിതിചെയ്യുന്ന യാഥാർഥ്യത്തെ കണ്ടുമുട്ടാതെ ശാശ്വതസമാധാനം നുകരാൻ നമുക്ക് സാധ്യമാവുകയില്ല. തന്നിൽ രൂഢമൂലമായ പ്രപഞ്ചാവബോധത്തിലൂടെ ഈയൊരു ആത്മീയസാക്ഷാത്കാരത്തിനുള്ള വഴി തേടുകയാണ് ഗ്രിഫിത്ത് ചെയ്തത്. തന്റെ കാലഘട്ടത്തിൽ സജീവമായിരുന്ന പലപല തത്വചിന്താപദ്ധതികളിലെയും ദൈവനിഷേധത്തെയും അതിന്റെ ചപലതകളെയും ആഴത്തിൽ പഠിച്ച അദ്ദേഹം ക്രിസ്തുവിന്റെ ദർശനങ്ങൾ എപ്രകാരം ഇവയിൽനിന്നും വ്യത്യസ്തമാണെന്ന വസ്തുത തന്റെ രചനയിലൂടെ അനുവാചക ഹൃദയങ്ങളിലേക്ക് പകർന്നുനൽകുന്നു.
സമകാലിക സമൂഹത്തിൽ ദൈവാന്വേഷണം നിരർഥകമാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന തത്വശാസ്ത്രങ്ങൾ പ്രബലമാകുമ്പോൾ ബീഡ് ഗ്രിഫിത്ത് തന്റെ യൗവനത്തിന്റെ തീക്ഷ്ണമായ കാലങ്ങളിൽ നടത്തിയ ഈ ദൈവാന്വേഷണം വായിക്കുന്നത് നന്നായിരിക്കും. കാരണം, കാലത്തിന്റെ കള്ളത്തരങ്ങളിൽനിന്നും ഈ പുസ്തകത്തിന് നമ്മെ രക്ഷിക്കാനാവും. അസത്യത്തിന്റെ കെട്ടുകാഴ്ചകളിൽനിന്നും ഈ കൃതി നമ്മെ വിമോചിപ്പിക്കുകയും ചെയ്യും.
ഫാ. റോബിൻസ് ജോൺ, കുമ്പളക്കുഴി
മാനന്തവാടി രൂപത