അത്യുന്നതങ്ങളിൽ നിന്നുള്ള അഗ്നിനാളം

ജിൻസി സന്തോഷ്

പരിശുദ്ധാത്മാവ് അപ്പസ്തോലന്മാരെ അഭിഷേകാഗ്നികൊണ്ടു നിറച്ച സ്ഥലമാണ് സെഹിയോൻ മാളികയുടെ മട്ടുപ്പാവ്. അവിടെവച്ച് തീനാവുകളുടെ രൂപത്തിലാണ് ആദിമസഭ അഭിഷേകം ചെയ്യപ്പെട്ടത്. നൂറ്റിയിരുപതോളം വരുന്ന ശിഷ്യഗണം പരിശുദ്ധാത്മാവിനെ സ്വീകരിച്ചു എന്ന് പുറംലോകം അറിഞ്ഞതും മനുഷ്യരുടെ നാവിലൂടെയാണ്.

“ആത്മാവ് നൽകിയ ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.” സഭ രൂപപ്പെട്ടത് നാവ് എന്ന അവയവത്തിലൂടെയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് വിശ്വാസത്തിന്റെ അഗ്നി കൈമാറ്റം ചെയ്യപ്പെട്ടതും നാവിലൂടെയാണ്. വിശുദ്ധ കുർബാനയിൽ വൈദികൻ കൂദാശാവചനങ്ങൾ നാവിൽ ഉച്ചരിക്കുമ്പോൾ അപ്പവും വീഞ്ഞും യേശുവിന്റെ തിരുശരീരരക്തങ്ങളായി മാറുന്നു.

കുമ്പസാരത്തിൽ പാപങ്ങൾ ഏറ്റുപറയുമ്പോൾ, ‘നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു’ എന്ന് വൈദികൻ നാവുകൊണ്ടു പറയുമ്പോഴാണ് പാപമോചനം സംഭവിക്കുന്നത്. പരിശുദ്ധാത്മാവിന്റെ എല്ലാ കൃപാവരങ്ങളും അഭിഷിക്തരുടെ നാവുകൊണ്ട് ഉച്ചരിക്കുമ്പോഴാണ് അത് വിശ്വാസിയിൽ അഭിഷേകമായി ഒഴുകപ്പെടുന്നത്. പരിശുദ്ധാത്മാവിന്റെ എല്ലാ ശുശ്രൂഷകളും നാവിന്റെ ശുശ്രൂഷകളാണ്. അതിനാൽ നിന്റെ ജീവിതവഴികളിലെ ആത്മീയ ഉയർച്ചയുടെ പടവുകളിലെ ആദ്യപടി നിന്റെ നാവിൽനിന്നു തുടങ്ങുക.

“നീ വിലകെട്ടവ പറയാതെ സദ്വചനങ്ങൾ മാത്രം ഉച്ചരിച്ചാൽ. നീ എന്റെ നാവു പോലെയാകും” എന്ന വചനവാഗ്ദാനം പ്രാപിപ്പാൻ നീ ആയിരിക്കുന്ന ജീവിതാവസ്ഥകളെ, നിന്റെ ശുശ്രൂഷാമേഖലകളെ, വ്യക്തിപരമായ വിശ്വാസജീവിതത്തെ, ശ്ലീഹന്മാരെ അഗ്നിയാൽ ഉറകൂട്ടിയ പ്രാർഥനയുടെ മട്ടുപ്പാവിലേക്ക് വിശ്വാസത്തോടെ സമർപ്പിക്കുക. പുതിയൊരു പെന്തക്കുസ്തായ്ക്കു വഴിയൊരുക്കുക.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.