![stopterrorism](https://i0.wp.com/www.lifeday.in/wp-content/uploads/2023/08/stopterrorism.jpg?resize=404%2C316&ssl=1)
![](https://i0.wp.com/www.lifeday.in/wp-content/uploads/2022/02/bcf49681-ae48-4826-baca-ef6486ac805c-227x300.jpg?resize=131%2C173&ssl=1)
“തീവ്രവാദം മാനവരാശിക്കെതിരെയുള്ള യുദ്ധമാണെന്നു ഞാൻ പറയുമ്പോൾ, തീവ്രവാദികൾ പലപ്പോഴും ആത്യന്തികലക്ഷ്യങ്ങൾ പിന്തുടരുന്ന ആദർശവാദികളാണെന്ന വാദം ചിലരെങ്കിലും ഉന്നയിക്കുന്നുണ്ട്. എന്നാൽ ഞാൻ അത് അംഗീകരിക്കുന്നില്ല. ഒരു തീവ്രവാദിക്ക് എപ്പോഴെങ്കിലും ഒരു ആദർശവാദിയാകാൻ കഴിയുമെന്നോ, അവരുടെ ഏതെങ്കിലും പ്രവർത്തികൾ മൂലം തീവ്രവാദത്തെ ന്യായീകരിക്കാൻ കഴിയുമെന്നോ ഞാൻ കരുതുന്നില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാക്കുകൾ സമകാലിക ലോകയാഥാർഥ്യങ്ങളിലേക്ക് വിരൽചൂണ്ടുന്നു. എന്ത് ന്യായീകരണങ്ങൾ നിരത്തിയാലും ഭീകരവാദം മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റം തന്നെയാണ്.
ഞെട്ടിക്കുന്ന ചില കണക്കുകൾ
ഭൂരിഭാഗം തീവ്രവാദപ്രവർത്തനങ്ങളും ലോകത്തിന്റെ ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പ്രതിവർഷം ശരാശരി 21,000 പേരാണ് ഭീകരരാൽ കൊല്ലപ്പെട്ടത്. 2017-ലെ കണക്കുപ്രകാരം ലോകമെമ്പാടുമുള്ള മൊത്തം മരണങ്ങളിൽ 0.05 ശതമാനത്തിനും കാരണം തീവ്രവാദമാണ്. വിവേകശൂന്യമായ ഈ പ്രവർത്തനങ്ങൾ അപഹരിച്ചത് നിരപരാധികളും നിഷ്കളങ്കരുമായ ജീവനുകളെ ആണെന്ന വസ്തുതകൂടി പരിഗണിക്കുമ്പോഴാണ് തീവ്രവാദത്തിന്റെ ഭീകരത വെളിവാകുക.
തീവ്രവാദത്തിന്റെ ഇരകളാക്കപ്പെടുന്നവരെ അനുസ്മരിക്കുന്നതിനുവേണ്ടിയുള്ള ആഗോളദിനമായി ആഗസ്റ് 21 ഐക്യരാഷ്ട്രസംഘടന ആചരിക്കുന്നു. തീവ്രവാദം രാജ്യങ്ങളിലും സമൂഹങ്ങളിലും സൃഷ്ടിക്കുന്ന ആഘാതത്തിന്റെ ആഴം ചർച്ച ചെയ്യാനും ജീവൻ നഷ്ടപ്പെട്ടവരെ ഓർമ്മിക്കാനും ഇരകളാക്കപ്പെട്ടവരുടെ അനുഭവങ്ങളിലൂടെ തീവ്രവാദത്തിനെതിരെയുള്ള ജനകീയമായ ഒരു പ്രതിരോധം സൃഷ്ടിക്കാനും ലോകരാജ്യങ്ങൾക്കു കഴിയണം. ഇരകളാക്കപ്പെടുന്നവർ അനുഭവിക്കുന്ന മാനസികവും വൈകാരികവും സാമ്പത്തികവുമായ പ്രതിസന്ധികൾ വലുതാണ്. അവ പരിഹരിക്കാൻ അന്തരാഷ്ട്രസമൂഹത്തിന് കടമയുണ്ടെന്നു യു.എൻ ലോകരാജ്യങ്ങളെ ഓർമ്മപ്പെടുത്തുന്നു. അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ വ്യക്തമായ ലംഘനമാണ് തീവ്രവാദം. അതിനാൽത്തന്നെ മൗലികസ്വാതന്ത്ര്യങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് ഇത്തരമൊരു ദിനാചരണം ആഗോളവ്യാപകമായി സംഘടിപ്പിക്കുന്നത്.
നമുക്ക് ചിലത് ചെയ്യാൻ കഴിയും
തീവ്രവാദം പോലുള്ള വസ്തുതകൾ ഒരുപക്ഷേ, വ്യക്തിപരമായ നമ്മുടെ ചുറ്റുപാടുകളിൽ ഏറെ പ്രാധാന്യമില്ലാത്തതായി നമുക്ക് തോന്നിയേക്കാം. എന്നാൽ നമ്മുടെ പൊതുഇടപെടലുകളിൽ മിതത്വം പാലിക്കാനും അന്യന്റെ നിലപാടുകളെ, അവന്റെ അഭിപ്രായങ്ങളെ മാനിക്കാനും നമുക്ക് കഴിയണം. സാമൂഹ്യമായ സുസ്ഥിതിക്ക് കോട്ടംതട്ടുന്ന ഒരു പ്രവർത്തിയും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് ഓരോരുത്തരും തീരുമാനിക്കണം. അത്തരം എന്തെങ്കിലും നീക്കങ്ങളെക്കുറിച്ചോ, പ്രവർത്തികളെക്കുറിച്ചോ അറിവ് ലഭിക്കുന്നപക്ഷം അത് ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കാനുള്ള ബാധ്യതയും ഓരോ പൗരനും ഉണ്ടെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനാചരണം മുന്നോട്ടുവയ്ക്കുന്നത്. മത-സമുദായ-രാഷ്ട്രനേതൃത്വങ്ങൾ ആത്മപരിശോധന നടത്തുകയും തീവ്രനിലപാടുകളിൽ നിന്നും സ്വയം പിന്മാറുകയും അണികളെ അതിന് പ്രചോദിപ്പിക്കയും വേണം. എന്നാൽ മാത്രമേ സമാധാനപൂർവകമായ ഒരു ഭൂമിയെ വരുംതലമുറയ്ക്കായി സമ്മാനിക്കാൻ നമുക്കാവൂ.
ഡോ. സെമിച്ചൻ ജോസഫ്
(സാമൂഹ്യപ്രവർത്തകനും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകൻ)