തിന്മക്കെതിരായ ശക്തമായ ആയുധമാണ് ജപമാല. ജപമാലയെ മുറുകെപ്പിടിക്കുന്നവൻ മാതാവിന്റെ കരങ്ങളിലാണ് പിടിച്ചിരിക്കുന്നത്. ജപമാല പ്രാർത്ഥന ഇത്ര ശക്തമാകാനുള്ള പത്തു കാരണങ്ങൾ ചുവടെ ചേർക്കുന്നു.
1. ജപമാലയിൽ ഇച്ഛാശക്തി ഉൾപ്പെടുന്നു
മനുഷ്യന്റെ ആഗ്രഹം ശക്തമാണ്. കാരണം അത് ദൈവത്തിന്റെ ശക്തിയെ പങ്കിടുന്നു. നമുക്ക് നന്മ ചെയ്യണോ, തിന്മ ചെയ്യണോ എന്നത് നമ്മുടെ തിരഞ്ഞെടുപ്പാണ്. നമ്മുടെ തിരഞ്ഞെടുപ്പ് ആത്മീയമണ്ഡലത്തിലെ ശക്തമായ ആയുധമാണ്. അതുകൊണ്ടാണ് സാത്താൻ നമ്മെ അടിമകളാക്കാനും ആസക്തികളിലൂടെ നമ്മുടെ ആഗ്രഹങ്ങളെ വികലമാക്കാനും ശ്രമിക്കുന്നത്. പ്രാർത്ഥനയിലൂടെ നമ്മുടെ ആഗ്രഹങ്ങൾ ദൈവഹിതവുമായി ഒന്നിക്കുമ്പോൾ നാം അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ ശക്തിയുടെ ഉറവിടത്തിലേക്കാണ് പ്രവേശിക്കുന്നത്.
2. ജപമാല ഭൗതികമായി നമ്മെ സഹായിക്കുന്നു
ആത്മീയമായ ഭാവം നാം സ്വീകരിക്കുമ്പോൾ അത് പൈശാചിക പ്രവണതകളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു. അതായത് മുട്ടിന്മേൽ നിൽക്കുക, കൈകൾ വിരിച്ചു പിടിക്കുക അല്ലെങ്കിൽ വെഞ്ചരിച്ച മെഴുകുതിരികൾ, വിശുദ്ധ ജലം, വിശുദ്ധ ചിത്രങ്ങൾ തുടങ്ങിയ പ്രാർത്ഥനയുടെ ഭൗതികവശങ്ങൾ നാം ഉപയോഗിക്കുമ്പോൾ, നമ്മുടെ കൈവശമുള്ളതും സാത്താൻ ഉപയോഗിക്കാത്തതുമായ ഉപകരണങ്ങളാണ് നമ്മൾ ഉപയോഗിക്കുന്നത്. അതിന് തീർച്ചയായും ഒരു നേട്ടമുണ്ട്.
3. ജപമാലയിൽ ഭാഷാപരമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നു
സാത്താന് ശാരീരിക സംസാരത്തിനുള്ള മാർഗ്ഗമില്ല. പകരം മനുഷ്യന് ദൈവത്തെ സ്തുതിക്കാനുള്ള നാവുകളും സംസാരിക്കാനും പാടാനുമുള്ള സ്വരവും ശ്വാസവും ദൈവം നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് നാം ഉച്ചത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്നു പറയുന്നത്. അങ്ങനെ ചെയ്യുമ്പോൾ നാം നമ്മുടെ ഭൗതികശരീരങ്ങൾ കൊണ്ടും ബുദ്ധി കൊണ്ടും ദൈവത്തെ സ്തുതിക്കുകയാണ്.
4. ജപമാല നമ്മുടെ ഭാവനയെ ഉൾക്കൊള്ളുന്നു
ജപമാലയുടെ രഹസ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ മനസ്സിൽ ചില ചിത്രങ്ങൾ തെളിയുന്നു. ദൈവീക വഴികളിലേക്ക് നമ്മെ നയിക്കുന്ന ഇത്തരം ചിത്രങ്ങളിലൂടെ കടന്നുപോകുന്ന നമ്മുടെ മനസ്സ് ശുദ്ധമാക്കപ്പെടുന്നു. എന്നാൽ തെറ്റിലേക്ക് നയിക്കുന്ന ചിത്രങ്ങളിലൂടെ നമ്മുടെ ഭാവനകളെ ആകർഷിക്കാനാണ് സാത്താൻ ഇഷ്ടപ്പെടുന്നത്. ഈ ചിത്രങ്ങൾ ഇന്റർനെറ്റ്, ടെലിവിഷൻ എന്നിവയൊക്കെ വഴി നമ്മുടെ ഹൃദയത്തിൽ പതിയാം. വിനാശകരമായ ചിത്രങ്ങളോടൊപ്പം നമ്മുടെ ഭാവനയിലും അത് നിലനിൽക്കാൻ സാത്താൻ ആഗ്രഹിക്കുന്നു. നമ്മുടെ ഭാവനകൾ കാമാസക്തിയിലും ശത്രുക്കൾക്കെതിരായ അക്രമാസക്തമായ ചിന്തകളിലുമൊക്കെ മുഴുകുന്നതിനു കാരണമാകാം. അതിനാൽ, ജപമാലയുടെ രഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുന്നത് നമ്മുടെ ഭാവനയെ ശുദ്ധീകരിക്കുകയും തിന്മയേക്കാൾ ദൈവഹിതം സംരക്ഷിക്കപ്പെടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
5. വാക്കുകളിലൂടെ ജപമാല ചൊല്ലുന്നത് ധ്യാനത്തിലേക്കു നയിക്കുന്നു
നമ്മുടെ മനസ്സ് പൊതുവെ ഭാഷാപരമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. അതായത്, പ്രശ്‌നങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാനും വരാനിരിക്കുന്ന കാര്യങ്ങൾ ആസൂത്രണം ചെയ്യാനുമൊക്കെ സംഭാഷണവും ആശയങ്ങളും ഉപയോഗിക്കുന്നു. ജപമാല ചൊല്ലുമ്പോൾ, ഭാവനയെ ധ്യാനം കൊണ്ട് ശുദ്ധീകരിക്കാം.
6. ജപമാല ഉപയോഗിച്ച് ആന്തരിക മുറിവുകൾ സുഖപ്പെടുത്താം
അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോളും അതിനു ശേഷം ജീവിതത്തിന്റെ പല ഘട്ടങ്ങളിലും യുക്തിരഹിതവും വൈകാരികവുമായ രീതിയിൽ നാം ജീവിക്കുന്നു. ജപമാല ചൊല്ലുകയും ധ്യാനത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുമ്പോൾ പരിശുദ്ധാത്മാവിന് നമ്മുടെ ആദ്യകാലങ്ങളിലെ ആഴമേറിയതും അസംസ്കൃതവുമായ അനുഭവങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അതിനെ സ്പർശിക്കാൻ കഴിയും. മുറിവുകളും മോശം വൈകാരിക ഓർമ്മകളും ഉണ്ടെങ്കിൽ പരിശുദ്ധ കന്യാമറിയത്തിന് അവ സുഖപ്പെടുത്താനും കഴിയും.
7. ജപമാല ചൊല്ലുന്നതിലൂടെ രോഗശാന്തിയും നടക്കുന്നു
ജപമാല ചൊല്ലുന്നതിലൂടെ ക്രിസ്തുവിന്റെ ജനനം, ശുശ്രൂഷ, പ്രതിബദ്ധത, മഹത്വം എന്നിവയുടെ രഹസ്യങ്ങൾ തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് അവയെ നമ്മുടെ ആന്തരിക ആവശ്യങ്ങൾക്കായി പ്രയോഗിക്കുകയും ചെയ്യുന്നു. മാലിന്യങ്ങൾ ഉള്ളിടത്ത് അവ ശുദ്ധീകരിക്കപ്പെടുന്നു. മോശം ഓർമ്മകൾ ഉള്ളിടത്ത് അവ സുഖമാക്കപ്പെടുന്നു. മുറിവുകളുള്ളിടത്ത് ക്രിസ്തുവും മറിയവും ചേർന്ന് അവ പരിചരിക്കുന്നു.
8. ആത്മീയപോരാട്ടത്തിന് ഏറ്റവും അനുയോജ്യമായ ആയുധമാണ് ജപമാല
സാത്താൻ ജപമാലയെ വെറുക്കുന്നു. അവൻ മറിയത്തെയും സുവിശേഷത്തെയും ക്രിസ്തുവിനെയും പ്രാർത്ഥനയെയും വെറുക്കുന്നു. നിങ്ങൾ ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോഴെല്ലാം അവൻ നിങ്ങളെയും വെറുക്കുന്നു. കാരണം നിങ്ങൾ അവന്റേതാണെന്ന് അവകാശപ്പെടാൻ അവൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഇഷ്ടങ്ങളും വാക്കുകളും ഭാവനകളും വികാരങ്ങളും നിയന്ത്രിക്കാൻ അവൻ പരിശ്രമിക്കുന്നു. എന്നാൽ ജപമാല ഉരുവിടുമ്പോൾ നിങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം സ്വർഗ്ഗത്തിന്റെ കൈയ്യിൽ മാത്രമായി ഒതുങ്ങുന്നു.
9. ജപമാല, തിന്മക്കെതിരെ വിജയം നൽകുന്നു
ജപമാലയിലൂടെ, സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന തിന്മക്കെതിരായ അതേ വിജയങ്ങൾ നമ്മുടെ ജീവിതത്തിലും നേടാൻ കഴിയും. പല തരത്തിൽ, സുവിശേഷത്തിന്റെ നിഗൂഢതകൾ സാത്താന്റെ മേൽ ക്രിസ്തുവിന്റെ വിജയത്തിന് ജീവൻ നൽകുന്നു. ജപമാല പ്രാർത്ഥനയിലൂടെ നമുക്ക് ആ വിജയങ്ങൾ സാത്താന്റെ പ്രവർത്തനത്തിനെതിരെ പ്രയോഗിക്കാൻ കഴിയും.
10. ജപമാല എല്ലാവർക്കും വേഗത്തിലും എളുപ്പത്തിലും പഠിക്കാം
ദൈവം, ജപമാലയിലൂടെ നമ്മുടെ വ്യക്തിജീവിതത്തിൽ ഏറ്റവും പ്രാപ്യവും എളുപ്പവുമായ രീതിയിൽ വളരെ ആഴത്തിലുള്ള രോഗശാന്തി നൽകുന്നു. മാനസികപ്രശ്നങ്ങൾക്ക് മനഃശാസ്ത്ര വിശകലനത്തിന്റെയോ, കൗൺസിലിംഗിന്റെയോ ദീർഘമായ സെഷനുകൾ നടത്തേണ്ട ആവശ്യമില്ല. പകരം, ജപമാല ചൊല്ലിയാൽ മതി. പ്രാർത്ഥനയുടെ സമയത്ത് നിങ്ങൾ അറിയാതെ തന്നെ നിങ്ങൾക്ക് സൗഖ്യം ലഭിക്കുന്നു.
ഐശ്വര്യ സെബാസ്റ്റ്യൻ