ദുക്റാനതിരുനാളിനോട് അനുബന്ധിച്ച് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ എഴുതിയ ഇടയലേഖനം

സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിൽ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!

ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ,

നമ്മുടെ പിതാവായ മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ നിറഞ്ഞു നില്ക്കുന്ന ദുക്‌റാനതിരുനാളിനോടനുബന്ധിച്ചു നിങ്ങളെല്ലാവരെയും ഈ ഇടയലേഖനത്തിലൂടെ അഭിസംബോധന ചെയ്യാൻ എനിക്ക് അതിയായ സന്തോഷമുണ്ട്. വർഷങ്ങളായി നമ്മൾ ഈ ദിവസം സീറോമലബാർസഭാദിനമായി ആചരിച്ചുവരികയാണ്. ഉത്ഥിതനായ നമ്മുടെ കർത്താവിന്റെ തിരുവിലാവിലെ മുറിവിന്റെ ദർശനത്തിൽനിന്നു മാർ തോമാശ്ലീഹാ നടത്തിയ “എന്റെ കർത്താവേ എന്റെ ദൈവമേ” എന്ന വിശ്വാസപ്രഖ്യാപനം അപ്പസ്തോലന്റെ സുവിശേഷപ്രഘോഷണമായി മാറിയതിലൂടെ രൂപംകൊണ്ടതാണ് നമ്മുടെ സഭ. ദുക്‌റാനത്തിരുനാൾദിവസം വിശ്വാസത്തിൽ നമ്മുടെ പിതാവായ തോമാശ്ലീഹായെ അനുസ്‌മരിക്കുക മാത്രമല്ല, അപ്പസ്തോലന്റെ ചുടുനിണത്തിൽ ഹൃദയം കൊണ്ടുതൊട്ട് ഈശോയിലുള്ള നമ്മുടെ വിശ്വാസം ഏറ്റുപറഞ്ഞ് അരക്കിട്ടുറപ്പിക്കുന്ന വൈകാരികമായ വിശ്വാസാനുഭവങ്ങളുടെ ദിവസം കൂടിയാണത്. തോമാശ്ലീഹായിലൂടെ സുവിശേഷത്തിന്റെ വെളിച്ചവും സന്തോഷവും ധൈര്യവും നമുക്കു നല്കിയ ദൈവപരിപാലനയ്ക്ക് ഈ തിരുനാൾ ദിവസം നമുക്കു പ്രത്യേകം നന്ദിപറയാം.

സീറോമലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ചുബിഷപ്പായി ഉത്തരവാദിത്വമേറ്റെടുത്തതിനുശേഷം എന്റെ മുൻഗാമികൾ ചെയ്‌തതുപോലെ സാർവത്രികസഭയുടെ തലവനായ പരിശുദ്ധ മാർപാപ്പയോട് ആദരവും വിധേയത്വവും പ്രകടിപ്പിക്കാൻ 2024 മെയ് മാസം ഞാൻ റോമിൽ പോയിരുന്നു. പെർമനൻ്റ് സിനഡ് അംഗങ്ങളോടും സഭയുടെ കൂരിയാബിഷപ്പിനോടും റോമിലെ പ്രൊക്യുറേറ്ററിനോടുംകൂടെ മെയ് 13-ാം തീയതിയാണ് ഫ്രാൻസീസ് മാർപാപ്പയെ സന്ദർശിച്ചത്. വലിയ സന്തോഷത്തോടും സ്നേഹത്തോടുംകൂടെ ഞങ്ങളെ സ്വീകരിച്ച പരിശുദ്ധ പിതാവ് ഞങ്ങളെ കണ്ടപ്പോഴും തുടർന്നു റോമിലെ സീറോമലബാർസഭാംഗങ്ങളുടെ പ്രതിനിധികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലും സീറോമലബാർസഭയെക്കുറിച്ചു പറഞ്ഞ നല്ല കാര്യങ്ങൾ നമുക്കുള്ള അംഗീകാരവും പ്രോത്സാഹനവുമായിരുന്നു. നമ്മുടെ സഭയോടുള്ള പരിശുദ്ധ പിതാവിന്റെ കരുതലിനും വാത്സല്യത്തിനും നന്ദിപറയുന്നതോടൊപ്പം പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനുവേണ്ടിയും എല്ലാ നിയോഗങ്ങൾക്കുവേണ്ടിയും പ്രാർഥിക്കാനും എല്ലാവരോടും ആഹ്വാനംചെയ്യുന്നു.

പ്രിയപ്പെട്ടവരേ, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ പാലസിലെ കൺസിസ്റ്ററി ഹാളിൽ മെയ് 13-ാം തീയതി നടത്തിയ പ്രസംഗത്തിലെ ചിലകാര്യങ്ങൾ ദുക്റാനാതിരുനാളിന്റെയും സഭാദിനാഘോഷങ്ങളുടെയും പശ്ചാത്തലത്തിൽ വിചിന്തന വിഷയമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഒന്നാമതായി, നമ്മുടെ സഭയുടെ അപ്പസ്തോലിക പാരമ്പര്യത്തെക്കുറിച്ചു നാം അവബോധമുള്ളവരും അതിൽ അഭിമാനിക്കുന്നവരുമാകണം. മാർപാപ്പ ഇപ്രകാരം പറഞ്ഞു: “ഭാരതത്തിന്റെ അപ്പസ്തോലനായ മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വസാക്ഷ്യത്തിൽ വേരൂന്നിയിരിക്കുന്നതിനാൽ അതിപുരാതനമാണു നിങ്ങളുടെ വിശ്വാസത്തിന്റെ ഉത്ഭവം. നിങ്ങളെല്ലാവരും അദ്ദേഹത്തിന്റെ അപ്പസ്‌തോലിക പ്രബോധനങ്ങളുടെ സൂക്ഷിപ്പുകാരും അവകാശികളുമാണ്”. നമ്മുടെ സഭയുടെ ദീർഘവും ദുഷ്കരവുമായ ചരിത്രത്തിൽ നേരിടേണ്ടിവന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളിലും പത്രോസിന്റെ പിൻഗാമിയോടു നമ്മൾ എന്നും അചഞ്ചലമായ കൂറുപുലർത്തിയിട്ടുണ്ട് എന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതു കത്തോലിക്കാസഭയുടെ കൂട്ടായ്‌മയിൽ എന്നും നിലനിന്ന നമ്മുടെ ത്യാഗപൂർണമായ വിശ്വസ്‌തതയ്ക്കുള്ള അംഗീകാരമായി കണക്കാക്കാം.

നമ്മുടെ പൂർവപിതാക്കന്മാർ കടന്നുപോയ എല്ലാ സഹനങ്ങളിലും സഭാസംവിധാനങ്ങളോടു ചേർന്നുനിന്ന് അനുസരിച്ചതുകൊണ്ടാണ് പൗരസ്ത്യസഭകളുടെയിടയിൽ സീറോ മലബാർ സഭ ഇന്ന് എണ്ണത്തിലും വിശ്വാസതീഷ്‌ണതയിലും പ്രേഷിതപ്രവർത്തനത്തിലും പ്രശംസിക്കപ്പെടുന്ന വിധത്തിൽ വളർച്ചപ്രാപിച്ചത്. അനൈക്യവും അനുസരണക്കേടും വിതച്ച വലിയ വിപത്തുകളെ നേരിട്ടവരും അതിൻ്റെ തിക്തഫലങ്ങൾ കണ്ടുകൊണ്ടിരിക്കുന്നവരുമാണു നമ്മൾ. സഭാധികാരികളോടുള്ള അനുസരണം കത്തോലിക്കർ ജീവിക്കേണ്ട ഒരു പുണ്യമാണ്. അതോടൊപ്പം, നൈയാമികമായി പറഞ്ഞാൽ ഒരു സഭയെന്നവിധത്തിൽ അനുസരിക്കാൻ നമ്മൾ കടപ്പെട്ടവരുമാണ്. കഴിഞ്ഞ രണ്ടായിരത്തിലധികം വർഷങ്ങളിലൂടെ പ്രതിസന്ധികൾക്കിടയിലും ഇടമുറിയാത്ത അപ്പസ്തോലിക പാരമ്പര്യത്തിൽ നമ്മെ നയിച്ച ദൈവത്തിനു നന്ദിപറയാം. ഈ അപ്പസ്തോലിക പാരമ്പര്യം ഒരു വലിയ നിധിപോലെ സൂക്ഷിക്കുകയും തലമുറകൾക്കു കൈമാറുകയും ചെയ്യേണ്ടതാണെന്ന ഉത്തരവാദിത്വം നമുക്കു മറക്കാതിരിക്കാം.

രണ്ടാമതായി, നമ്മുടെ സഭയുടെ ആഗോളസാന്നിധ്യവും പ്രേഷിതപ്രവർത്തനങ്ങളുമാണു നമ്മൾ ചിന്തിക്കുന്നത്. പരിശുദ്ധ പിതാവ് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ പ്രിയ സഭയുടെ വിശ്വാസികൾ ഇന്ത്യയിൽ മാത്രമല്ല, ലോകത്താകമാനം വിശ്വാസത്തിന്റെയും ഭക്തിയുടെയും തീക്ഷ്‌ണതയാൽ അറിയപ്പെടുന്നവരാണ്”. ഇരുപതാം നൂറ്റാണ്ടുവരെ പ്രധാനമായും കേരളത്തിൽ ഒതുങ്ങിയ നമ്മുടെ സഭ ഇന്ന് ആഗോളസാന്നിധ്യമുള്ള ഒരു സഭയായി വളർന്നുവെന്നത് അഭിമാനകരംതന്നെ. കഴിഞ്ഞ കാലങ്ങളിൽ വിവിധ ദേശങ്ങളിലേക്കു കടന്നുചെന്ന സഭാമക്കൾ നമ്മുടെ കർത്താവിലുള്ള വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാനും അവരായിരിക്കുന്ന ദേശങ്ങളിൽ തീഷ്‌ണതയോടെ ജീവിക്കാനും കലർപ്പില്ലാതെ തലമുറകൾക്കു കൈമാറാനും കാണിക്കുന്ന പ്രതിബദ്ധത പ്രശംസനീയമാണ്. ആഗോള കുടിയേറ്റത്തിൻ്റെ ഈ കാലഘട്ടത്തിൽ ഈ പ്രേഷിതവേല തുടരാൻ പ്രവാസികൾ തുടർന്നും പ്രതിബദ്ധരാകണം.

ഭാരതം മുഴുവനിലും ലോകത്തിന്റെ പല ഭൂഖണ്ഡങ്ങളിലും സീറോമലബാർ സഭയ്ക്ക് ആവശ്യമായ സഭാസംവിധാനങ്ങൾ രൂപപ്പെടുത്താൻ ചരിത്രപരമായ തീരുമാനങ്ങളെടുത്ത ഫ്രാൻസിസ് മാർപാപ്പ ഗൾഫുരാജ്യങ്ങളിൽ നമ്മുടെ സഭയ്ക്ക് അജപാലനശുശ്രൂഷ ചെയ്യുന്നതിനുള്ള അനുവാദം വാക്കാൽ നല്‌കിയത് ഇത്തരുണത്തിൽ നന്ദിയോടെ അനുസ്മരിക്കുന്നു. ഗൾഫുരാജ്യങ്ങളിലെ അഞ്ചുലക്ഷത്തിലധികംവരുന്ന വിശ്വാസികൾക്ക് ആവശ്യമായ സഭാസംവിധാനങ്ങൾ കാലതാമസം കൂടാതെ രൂപപ്പെടുമെന്നു നമുക്കു പ്രത്യാശിക്കാം.

ആഗോളകുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ പഠനത്തിനും ജോലിക്കും മെച്ചമായ ജീവിതസൗകര്യങ്ങൾക്കുംവേണ്ടി നമ്മുടെ മക്കളും കുടുംബങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കടന്നുചെല്ലുമ്പോൾ നമ്മുടെ സഭയുടെ തനതായ പൈതൃകം കാത്തു സൂക്ഷിക്കാൻ ആഗോളസഭയുടെ തലവൻ ആഹ്വാനം ചെയ്യുന്നത് ഇപ്രകാരമാണ്: “മഹത്തായ ആരാധനാപരവും ആത്മീയവും സാംസ്‌കാരികവുമായ നിങ്ങളുടെ പൈതൃകം എന്നും ഏറെ തിളക്കത്തോടെ പ്രകാശിതമാകുന്നതിനുവേണ്ടി, നിങ്ങൾ എവിടെയായാലും നിങ്ങളുടെ സ്വയംഭരണാവകാശമുള്ള സഭയോടു ചേർന്നുനില്ക്കാൻ സീറോമലബാർ കത്തോലിക്കാസഭാംഗങ്ങളായ നിങ്ങളെ ഞാൻ പ്രോത്സാഹിപ്പിക്കുന്നു.” ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ടു നമ്മുടെ സഭയുടെ ആരാധനാക്രമവും വിശ്വാസപാരമ്പര്യങ്ങളും മുറുകെപിടിക്കാനും അഭിമാനത്തോടെ അതു ജീവിക്കാനും എല്ലാവരും പരിശ്രമിക്കണമെന്നും സഭാമക്കളെ സഭാസംവിധാനത്തോടു ചേർത്തുനിറുത്താൻ അജപാലകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ സീറോമലബാർ സഭാമക്കളെന്നനിലയിലുള്ള സ്വത്വബോധത്തിൽ ആഴപ്പെട്ടുവളരാൻ ചില സങ്കുചിതചിന്തകൾ വെടിയേണ്ടിവരും. സഭ വളരുന്നതു പ്രാദേശികമായിട്ടാണെന്നതു യാഥാർഥ്യമാണ്. എന്നാൽ, ആഗോളതലത്തിൽ ഒരു കരുത്തുറ്റ സഭയായി സീറോ മലബാർസഭ ഇനിയും വളരാൻ വിശാലമായി ചിന്തിക്കുകയും നിലപാടുകൾ എടുക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

മൂന്നാമതായി, നമ്മുടെ കുടുംബങ്ങളുടെ കെട്ടുറപ്പിനെയും വിശ്വാസപരിശീലനത്തിലെ പ്രതിബദ്ധതയെയുംകുറിച്ച് എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ സഭയുടെ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ കുടുംബങ്ങളാണ്. ആത്മീയതയിലും അദ്ധ്വാനത്തിലും അടിസ്ഥാനമിട്ട നമ്മുടെ കുടുംബങ്ങൾ കൂടിചേരുന്നതാണ് സഭയാകുന്ന വലിയ കുടുംബം. കുടുംബങ്ങളിലാരംഭിക്കുന്ന വിശ്വാസപരിശീലനം ഇടവകകളിലെ മതബോധനക്ലാസ്സുകളിലൂടെയും കുടുംബകൂട്ടായ്‌മകളിലൂടെയും സംഘടനാപ്രവർത്തനങ്ങളിലൂടെയും ശക്തിപ്പെടേണ്ടതുണ്ട്. കാലത്തിന്റെയും സംസ്ക്‌കാരത്തിന്റെയും പ്രലോഭനങ്ങളിൽ വീണുപോകാത്തവിധത്തിൽ വിശ്വാസമാകുന്ന പാറമേൽ അടിസ്ഥാനമിടാൻ പുതിയ തലമുറയിലെ കുടുംബങ്ങളെ ശക്തിപ്പെടുത്തണം. ഈശോ നാഥനും ഏകരക്ഷകനുമാണെന്നു ജീവിതത്തിലൂടെ ഏതുസാഹചര്യത്തിലും പ്രഘോഷിക്കാൻ വ്യക്തികൾക്കും കുടുംബങ്ങൾക്കും അതുവഴി സഭമുഴുവനും സാധിക്കേണ്ടതുണ്ട്.

ദൈവം നമ്മുടെ സഭയിൽ ധാരാളം വൈദിക സമർപ്പിത ദൈവവിളികൾ നല്‌കി അനുഗ്രഹിച്ചിട്ടുണ്ട്. നമ്മുടെ വൈദികരും സമർപ്പിതരും ലോകമെമ്പാടും ഫലപ്രദമായ ശുശ്രൂഷ ചെയ്യുന്നുമുണ്ട്. സുവിശേഷപ്രഘോഷണദൗത്യം പ്രത്യേകമായ വിധത്തിൽ സ്വീകരിച്ചു വിവിധ മേഖലകളിൽ ശുശ്രൂഷചെയ്യുന്ന അല്‌മായസഹോദരങ്ങളെയും ഈയവസരത്തിൽ പ്രത്യേകം ഓർക്കുന്നു. ഈ ദൈവവിളികളെയെല്ലാം പ്രോത്സാഹിപ്പിക്കാനും കഴിയുന്ന വിധത്തിലെല്ലാം സഹായിക്കാനും അവർക്കുവേണ്ടി പ്രാർഥിക്കാനും നമുക്കു പ്രത്യേകമായി പരിശ്രമിക്കാം. അതുപോലെ യുവജനങ്ങളെ പ്രത്യേകം ശ്രവിക്കാനും അവരുടെ കൂടെനടക്കാനും ചോദ്യങ്ങൾക്ക് ഉത്തരംകൊടുക്കാനും ആവശ്യമായ മാർഗനിർദേശങ്ങൾ നല്‌കാനും അജപാലകർ പ്രത്യേകം ശ്രദ്ധയുള്ളവരായിരിക്കണം. യുവജനങ്ങളുടെ വിശ്വാസജീവിതത്തിന്റെ ആഴപ്പെടലും സാക്ഷ്യത്തിന്റെ ശക്തിയുമാണു സഭയുടെ ഭാവിയെന്നതു യുവജനങ്ങളും സഭാശുശ്രൂഷകരും ഒരുപോലെ ഓർമിക്കേണ്ടതാണ്.

ഈശോയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ സ്നേഹമാർന്ന പരിപാലന എന്നും നമ്മോടൊപ്പമുണ്ട്. പരിശുദ്ധപിതാവിന്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ: “ബുദ്ധിമുട്ടുകളുടെയും പ്രതിസന്ധികളുടെയും സമയങ്ങളിൽ നിരുത്സാഹമോ നിസഹായതാബോധമോ നിങ്ങളെ കീഴ്പ്പെടുത്താൻ അനുവദിക്കരുതെന്ന് എല്ലാവരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” അതിനാൽ, കത്തോലിക്കാസഭയുടെ കൂട്ടായ്മയിൽ അഭിമാനത്തോടെ വ്യാപരിച്ചുകൊണ്ട്, അപ്പ‌സ്തോലിക പ്രബോധനങ്ങളുടെ സൂക്ഷിപ്പുകാരും അവകാശികളുമായ നമുക്കു നമ്മുടെ സഭയുടെ മഹത്തായ പൈതൃകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറെ തിളക്കത്തോടെ പ്രകാശിപ്പിക്കുന്നതിനുവേണ്ടി പ്രത്യേകം പരിശ്രമിക്കാം. നമ്മുടെ കുടുംബങ്ങളെ ശക്തിപ്പെടുത്തിയും വിശ്വാസപരിശീലനസംരഭങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തും ദൈവവിളികൾ പ്രോത്സാഹിപ്പിച്ചും യുവജനങ്ങളെ ചേർത്തുപിടിച്ചും ഈ കാലഘട്ടത്തിന്റെ ദുർഘടമായ വഴികളിലൂടെ സ്വർഗോന്മുഖരായി നമുക്കു യാത്രതുടരാം.

ദുക്റാനതിരുനാളിന്റെയും സഭാദിനത്തിന്റെയും ആശംസകൾ എല്ലാവർക്കും നേരുന്നു. നമ്മുടെ അമ്മയായ പരിശുദ്ധ കന്യാകാമറിയത്തിന്റെയും മാർ യൗസേപ്പുപിതാവിന്റെയും മാർ തോമാശ്ലീഹായുടെയും സകല വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യവും അനുഗ്രഹവും നമ്മോടും നമ്മുടെ എല്ലാ പ്രവർത്തനങ്ങളോടുമൊപ്പം ഉണ്ടായിരിക്കട്ടെ!

കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നു 2024-ാം ആണ്ട് ജൂൺ മാസം 22-ാം തീയതി നല്‌കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.