
‘റോസാ, നിന്റെ എല്ലാ സ്നേഹവും എനിക്കുവേണ്ടി സമർപ്പിക്കുക’ എന്ന ഉണ്ണീശോയുടെ വാക്കുകൾകേട്ട് സ്വയം ദൈവത്തിനായി സമർപ്പിച്ച വിശുദ്ധയാണ് ലീമായിലെ വി. റോസ. പെറു, അമേരിക്ക, ഇന്ത്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ രക്ഷാധികാരിയാണ് ലീമയിലെ വി. റോസ്. 1586 -ൽ ലിമയിൽ ജനിച്ച വിശുദ്ധയുടെ യഥാർഥ പേര് ഇസബെൽ ഫ്ലോറസ് ഡി ഒലിവ എന്നാണ്. ദൈവത്തിനുവേണ്ടിയുള്ള സ്വയം സമർപ്പണത്തിലൂടെയും ലാളിത്യത്തിലൂടെയും അനേകം ആളുകൾക്ക് മാതൃകയായ ഈ വിശുദ്ധയുടെ ജീവിതത്തിൽനിന്നും നമുക്ക് അനുകരിക്കാവുന്ന അഞ്ചു ഗുണങ്ങൾ ഏവയെന്നു വായിക്കാം…
1. വിനയം
ലിമയിലെ വി. റോസ് വളരെ സുന്ദരിയായ ഒരു യുവതിയായിരുന്നു. പക്ഷേ, അവൾ അവളുടെ സൗന്ദര്യം പുറത്തുകാണിച്ചില്ല. തന്റെ രൂപഭാവങ്ങളിൽ വേറിട്ടുനിൽക്കാനും ഈ വിശുദ്ധ ആഗ്രഹിച്ചില്ല. അവൾ എപ്പോഴും ലളിതവും എളിമയുള്ളതുമായ ജീവിതം നയിച്ചു.
2. പാവങ്ങളോടുള്ള സ്നേഹം
ഔദാര്യം, ഐക്യദാർഢ്യം, അനുകമ്പ എന്നിവയായിരുന്നു വി. റോസിന്റെ പ്രവർത്തനങ്ങളുടെ സവിശേഷത. ദരിദ്രരെയും രോഗികളെയും അടിമകളെയും സഹായിക്കാൻ അവൾ എപ്പോഴും തയ്യാറായിരുന്നു. തനിക്കുള്ളത് ദരിദ്രരുമായി പങ്കിടുന്നതിൽ ഏറെ തല്പരയായിരുന്നു ഈ വിശുദ്ധ.
3. കഠിനാധ്വാനം
വി. റോസ് വീട്ടുജോലികൾ ചെയ്യാൻ എപ്പോഴും താല്പപ്പര്യം കാണിച്ചിരുന്നു. രോഗികളെ സന്ദർശിക്കുകയും അവരെ പരിചരിക്കുകയും ചെയ്തു. ചെറുപ്പത്തിൽ പൂന്തോട്ടപരിപാലനത്തിലും തയ്യലിലും തന്റെ മാതാപിതാക്കളെ സഹായിക്കുന്നതിൽ ഉത്സാഹം കാണിച്ചിരുന്നു ഈ വിശുദ്ധ. അവൾ തന്റെ ദിവസത്തിന്റെ ഭൂരിഭാഗവും ജോലിക്കും പ്രാർഥനയ്ക്കും മറ്റുള്ളവരെ സഹായിക്കുന്നതിനുമായി നീക്കിവച്ചു.
4. നിരന്തരമായ പ്രാർഥന
വി. റോസ ഒരിക്കലും ദൈവത്തെ സ്തുതിക്കുന്നത് നിർത്തിയില്ല. ദൈവത്തോടുള്ള അവളുടെ സ്നേഹം കവിഞ്ഞൊഴുകുകയും കർത്താവിൽനിന്ന് തനിക്കു ലഭിച്ച നന്മയെ അവൾ എപ്പോഴും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പിതാവുമായി ആശയവിനിമയം നടത്താനും അവന്റെ സാന്നിധ്യം, നന്മ, സ്നേഹം എന്നിവ അനുഭവിക്കാനുമുള്ള ഒരു മാർഗമായി അവൾ പ്രാർഥനയെ മനസ്സിലാക്കി. അതിനാൽത്തന്നെ നിരന്തരമായ പ്രാർഥന ഈ വിശുദ്ധയിൽ പുലർന്നിരുന്ന ഒരു ഗുണമാണ്. ഇത് നമുക്കും അനുകരിക്കാം.
5. ഉപാധികളില്ലാത്ത വിശ്വാസം
ദൈവത്തിന്റെ നന്മയിലും കരുണയിലും വി. റോസയ്ക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. ഏറ്റവും ആവശ്യമുള്ളവർക്കായി സ്വയം ത്യജിച്ചും പൂർണ്ണമായും വിട്ടുകൊടുത്തുകൊണ്ടുമുള്ള പ്രാർഥനയിൽ ഈ വിശുദ്ധ വിശ്വസിച്ചിരുന്നു.