അസാധാരണമായ വിശുദ്ധിയുടെ വിളനിലയമായി സഭയിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു കുടുംബമാണ് ലിസ്യുവിലെ വി. കൊച്ചുത്രേസ്യയുടേത്. തെരേസയുടെ മാതാപിതാക്കളായ വി. ലൂയി മാർട്ടിനും (1823-1894) വി. സെലീഗുവേരിനും (1831-1877) സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരേസമയം വിശുദ്ധ പദവിയേലേക്കുയർത്തപ്പെടുന്ന ദമ്പതികളാണ് (2015 ഒക്ടോബർ 18). ഇവരുടെ ഒൻപതുമക്കളിൽ ശൈശവത്തെ അതിജീവിച്ച പെണ്മക്കൾ അഞ്ചുപേരും സന്യാസം തിരഞ്ഞെടുത്തവരാണ്.
വി. കൊച്ചുത്രേസ്യയുടെ മറ്റൊരു സഹോദരിയായ സി. ലിയോണി മാർട്ടിന്റെ നാമകരണ നടപടികളും ഏതാനും വർഷംമുമ്പ് ആരംഭിച്ചിരിക്കുന്നു. യേശുവിനെ അസാധാരണമായവിധത്തിൽ സ്നേഹിക്കുകയും അങ്ങനെചെയ്യാൻ എല്ലാവർക്കും സാധിക്കുമെന്ന് തന്റെ ചുരുങ്ങിയ ഇരുപത്തിനാലു വർഷത്തെ ജീവിതത്തിനിടയിൽ ലോകത്തിനു കാട്ടിത്തരികയും അതുവഴി ഇന്ന് സഭയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുന്ന ഒരു വിശുദ്ധയാണ് കൊച്ചുത്രേസ്യ.
തന്റെ ചെറിയ മുറിയിലിരുന്നു മാത്രം പ്രാർഥിച്ചവൾ, ലോകംമുഴുവൻ സഞ്ചരിച്ച് ലക്ഷക്കണക്കിന് ആളുകൾക്ക് വിശ്വാസവെളിച്ചം പകർന്നുനൽകിയ വി. ഫ്രാൻസിസ് സേവ്യറിനൊപ്പം സഭയുടെ മിഷൻപ്രവർത്തനത്തിന്റെ മധ്യസ്ഥയായിത്തീർന്നിരിക്കുന്നു. ‘ഒരു ആത്മാവിന്റെ കഥ’ (The Story of a Soul) എന്ന ചെറിയ ഓർമ്മക്കുറിപ്പുകൾ മാത്രമെഴുതിയ അവൾ വലിയ പണ്ഡിതന്മാരായ വി. അഗസ്തീനോസിനോടും വി. തോമസ് അക്വിനാസിനോടുമൊപ്പം വേദപാരംഗതന്മാരുടെ ഗണത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ലിസ്യുവിൽനിന്നും പ്രസരിച്ച ഈ കൊച്ചുസന്യാസിനിയുടെവിശുദ്ധിയുടെ വെളിച്ചം ലോകത്തെ മുഴുവൻ പ്രകാശപൂരിതമാക്കി. ഒരു കുടുംബം വിശുദ്ധമായി ജീവിക്കാൻ തീരുമാനിച്ചപ്പോൾ അതുവഴി അനേകർ യേശുവിനെ അറിയുന്നതിന് കാരണമായിത്തീർന്നു. ചെറുപുഷ്പമെന്നും, ഉണ്ണിയീശോയുടെ കൊച്ചുത്രേസ്യായെന്നും ലോകംമുഴുവൻ അറിയപ്പെടുന്ന വി. തെരേസയെയും അവളുടെ കുടുംബത്തെയും ലിസ്യു എന്ന തീർഥാടനകേന്ദ്രത്തെയും വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
ഫ്രാൻസിലെ വടക്കുപടിഞ്ഞാറ് പ്രദേശത്തുള്ള ഒരുചെറിയ പട്ടണമാണ് ലിസ്യു (Lisieux). ഇരുപതിനായിരത്തോളം ആളുകൾ വസിക്കുന്ന ഈ പട്ടണം ഇന്ന് പ്രതിവർഷം ഇരുപതുലക്ഷത്തിലധികം ആളുകൾ സന്ദർശിക്കുന്ന ഫ്രാൻസിലെ ലൂർദ് കഴിഞ്ഞാൽ രണ്ടാമത്തെ വലിയ തീർഥാടനകേന്ദ്രമാണ്. വി. കൊച്ചുത്രേസ്യയും അവളുടെ കുടുംബവും വസിച്ച പ്രദേശമെന്ന നിലയിലാണ് ഇന്ന് ലിസ്യു ലോകത്തിൽ അറിയപ്പെടുന്നത്. ലിസ്യുവിൽ നിന്ന്ഏകദേശം നൂറു കിലോമീറ്റർ ദൂരത്തിലുള്ള അലൻകോൺ (Alençon) എന്ന പ്രദേശത്ത് സെലിഗുവേരിന്റെയും (Zélie Guerin) ലൂയി മാർട്ടിന്റെയും (Louis Martin) ഒൻപതുമക്കളിൽ ഏറ്റവും ഇളയ മകളായി 1873 ജനുവരി രണ്ടാം തീയതിയാണ് കൊച്ചുത്രേസ്യ ജനിച്ചത്.
മരിയ തെരേസ മാർട്ടിൻ (Marie Françoise-Thérèse Martin) എന്നായിരുന്നു കൊച്ചുത്രേസ്യായുടെ മാമോദീസാപ്പേര്. ആഭരണങ്ങളും വാച്ചുകളും നിർമ്മിച്ച് കച്ചവടം ചെയ്യുകയായിരുന്നു മാർട്ടിന്റെ തൊഴിൽ. തൂവാലയും മറ്റും നിർമ്മിച്ചുനൽകുന്ന തൊഴിലായിരുന്നു സെലിയുടേത്. ഇവർ രണ്ടുപേരും സന്യാസജീവിതം ആഗ്രഹിച്ചവരും അതിനായി തുടക്കംകുറിച്ചവരുമായിരുന്നു. എന്നാൽ പലവിധ കാരണങ്ങളാൽ അത് സഫലീകരിക്കുന്നതിന് അവർക്കുസാധിച്ചില്ല. വിശുദ്ധരുടെ കുടുംബത്തെ സൃഷ്ടിക്കുക എന്ന നിയോഗം ദൈവം അവർക്കുവേണ്ടി പണ്ടേ കരുതിവച്ചിരുന്നു!
തെരേസയുടെ നാല് സഹോദരങ്ങൾ ശൈശവദശയിൽ തന്നെ മരിച്ചുപോയി. എന്നാൽ മറ്റു നാലുപേരും തെരേസയ്ക്കുമുമ്പേ സന്യാസത്തിനായി ഇറങ്ങിത്തിരിച്ചു. സി. മരീലൂയിസ് (Sr. Marie-Odile Martin,1860-1940), സി. മരീപൗളീൻ മാർട്ടിൻ (1861-1951), സി. മരീസെലിൻ മാർട്ടിൻ (Sr. Geneviève,1869-1959), കൂടാതെ വി. കൊച്ചുത്രേസ്യയും ലിസ്യുവിലെ കർമ്മലീത്താ മഠത്തിലെ അംഗങ്ങളായി. സി. മരീലയോനെ മാർട്ടിൻ (1863-1941) കായേനിലെ വിസിറ്റേഷൻ മഠത്തിലെ സന്യാസിനിയായിത്തീർന്നു.
ജനിച്ചപ്പോൾത്തന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന തെരേസ, ശൈവവവത്തിലെ അസുഖങ്ങളെ അതിജീവിക്കുമോ എന്ന ആശങ്ക എല്ലാവർക്കുമുണ്ടായിരുന്നു. അതിനാൽ അവളെ ശ്രദ്ധാപൂർവം പരിചരിക്കുന്നതിനായി വീട്ടിൽനിന്നും മാറ്റി റോസ് ടൈല്ലേ എന്ന ഒരു നേഴ്സിന്റെ സംരക്ഷണത്തിലാക്കി. കുഞ്ഞിന് പതിനഞ്ചുമാസം പ്രായമായപ്പോൾ അവളെ തിരികെ മാതാപിതാക്കന്മാരുടെ അടുത്ത് കൊണ്ടുവന്നു. ഇളയകുട്ടിയെന്ന നിലയിലും അസാധാരണ സൗന്ദര്യവും മനംകവരുന്ന പെരുമാറ്റരീതികളും കാരണം അവൾ വീട്ടിൽ എല്ലാവരുടെയും ഓമനയായി വളർന്നു.
കത്തോലിക്കാ വിശ്വാസം തീക്ഷ്ണതയോടെ ഒരു കുടുംബമായി അവർ പരിപാലിച്ചിരുന്നു. എല്ലാദിവസവും രാവിലെ 5.30 -നുള്ള ഇടവകപ്പള്ളിയിലെ വിശുദ്ധ കുർബാനയ്ക്ക് കുടുംബമായി സംബന്ധിക്കുകയും വീട്ടിൽ എല്ലാ പ്രാർഥനകളും കൃത്യതയോടെ നടത്തുകയും ചെയ്തു. തന്റെ കുഞ്ഞുങ്ങളിൽ കാരുണ്യത്തിന്റെയും അനുകമ്പയുടെയും വിത്തുകൾ ചെറുപ്പത്തിലേ പാകുന്നതിന് സെലിയും മാർട്ടിനും പ്രത്യേകം ശ്രദ്ധിച്ചു. മുടക്കം കൂടാതെയുള്ള നോമ്പ്, പ്രാർഥന, രോഗീസന്ദർശനം, പാവങ്ങളെ വീട്ടിൽ ക്ഷണിച്ചുവരുത്തി ഭക്ഷണം കൊടുക്കുക എന്നത് അവരുടെ ജീവിതശൈലിയുടെ ഭാഗമായിരുന്നു.
കൊച്ചുതെരേസ ഒരു കുസൃതിക്കുട്ടിയും അസാധാരണ വാശിക്കാരിയുമായിരുന്നു. അവൾ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടക്കാത്തപ്പോൾ എല്ലാം തീർന്നെന്നരീതിയിൽ നിലത്തുകിടന്ന് ഉരുളുകയും ഉച്ചത്തിൽ കരയുകയും ചെയ്യുമായിരുന്നു. എന്നിരുന്നാലും ഇത്തരം സന്ദർഭങ്ങൾക്കുശേഷവും പിണങ്ങിയ ആളെ പെട്ടെന്ന് കെട്ടിപ്പിടിച്ച് രമ്യപ്പെട്ട് എല്ലാവരുടെയും പ്രിയപ്പെട്ടവളായിത്തന്നെ അവൾ ജീവിച്ചു. തെരേസയ്ക്ക് നാലര വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ സ്തനാർബുദം വന്നു മരിക്കുന്നത്. ഇത് അവളുടെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സംഭവമായിരുന്നു. തന്റെ ലോകം ഇതോടെ അവസാനിച്ചവെന്നാണ് കൊച്ചുതെരേസ അപ്പോൾ ചിന്തിച്ചത്.
വിവിധ രോഗങ്ങൾ അലട്ടിയിരുന്നതിനാലും പുറത്തുള്ളവരോട് ഇടപെടുന്നതിന് തെരേസിന് സ്വാഭാവികമായിത്തന്നെ മടിയായിരുന്നതിനാലും എട്ടര വയസ്സുവരെ അവൾ വീട്ടിൽ നിന്നാണ് പഠിച്ചത്. തുടർന്ന് ലിസ്യുവിലുള്ള ബനഡിക്റ്റൈൻ സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളിൽ ചേർന്നു. സഹോദരിമാരായ മാരിയും പൗളിനും തെരേസിന്റെ പഠനത്തിൽ നന്നായി ശ്രദ്ധിക്കുകയും തത്ഫലമായി അവൾ മിക്കവിഷയങ്ങൾക്കും ക്ലാസ്സിൽ ഒന്നാമാതാവുകയും ചെയ്തു. ഇത് ക്ലാസ്സിലെ മുതിർന്ന കുട്ടികളുടെ അസൂയയ്ക്കും ഉപദ്രവങ്ങൾക്കും കാരണമായിത്തീരുന്നു.
പതിനാലുവയസ്സുള്ള ക്ലാസ്സിലെ ഒരു പെൺകുട്ടി, കൊച്ചുമിടുക്കിയായിരുന്ന തെരേസിനെ എപ്പോഴും ഉപദ്രവിച്ചിരുന്നു. തെരേസയുടെ പ്രത്യേക സ്വാഭാവരീതി കാരണം, അവൾ ആരോടും ഇത് പറയുന്നതിന് ധൈര്യപ്പെട്ടില്ല. തത്ഫലമായി വളരെയധികം സഹനങ്ങൾ അവൾ സ്വയം ഏറ്റെടുത്തു. ഈ കാലഘട്ടത്തെക്കുറിച്ച് തെരേസ എഴുതി: “ഞാൻ സ്കൂളിൽ ചെലവഴിച്ച അഞ്ചുവർഷം എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സമയമായിരുന്നു. എന്റെ പ്രിയപ്പെട്ട സെലിൻ എന്നോടൊപ്പം ഉണ്ടായിരുന്നില്ലെങ്കിൽ എനിക്ക് അസുഖം വരാതെ ഒരുമാസം പോലും അവിടെ കഴിയാൻ സാധിക്കുമായിരുന്നില്ല.” സ്കൂളിലോ, വരുന്ന വഴിയിലോ മറ്റാരും അവളെ നോക്കുന്നതോ, ശ്രദ്ധിക്കുന്നതോ, അപരിചിതരോട് സംസാരിക്കുന്നതോ അവൾ ഇഷ്ടപ്പെട്ടിരുന്നുമില്ല.
മാർട്ടിൻ ഭവനം ഒരു കൊച്ചുസ്വർഗമായിരുന്നു. രോഗങ്ങളും വേദനകളുമൊക്കെ ഉണ്ടായിരുന്നപ്പോഴും അവരുടെ പരസ്പരമുള്ള സ്നേഹത്തിൽ അതൊക്കെ അവർ സ്നേഹത്തോടെയും സമചിത്തതയോടെയും നേരിട്ടിരുന്നു. തെരേസയുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മിക്കപ്പോഴും വീട്ടിലെ സ്നേഹംനിറഞ്ഞ അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതായിരുന്നു. തെരേസ എഴുതുന്നു: “ഭാഗ്യവശാൽ എനിക്ക് എല്ലാ വൈകുന്നേരവും വീട്ടിലേക്കുപോകാം. അത് എനിക്ക് വലിയ സന്തോഷം പ്രദാനംചെയ്തു. ഞാൻ പിതാവിന്റെ മടിയിൽ കയറിയിരുന്ന് എനിക്ക് കിട്ടിയ മാർക്കൊക്കെ പറയുമായിരുന്നു. എന്റെ അപ്പന്റെ ചുംബനത്താൽ എന്റെ എല്ലാ പ്രശ്നങ്ങളും അലിഞ്ഞില്ലാതാകുമായിരുന്നു. ആ സമയത്ത് എനിക്കിതൊക്കെ ആവശ്യമായിരുന്നു.” എന്നിരുന്നാലും സ്കൂളിലെ അന്തരീക്ഷം തെരേസയെ സംബന്ധിച്ച് വളരെ പ്രയാസമേറിയതു തന്നെയായിരുന്നു.
അമ്മയുടെ മരണശേഷം ആ കുറവ് പരിഹരിച്ച് ആ സ്ഥാനത്തുനിന്ന് എല്ലാം ചെയ്തിരുന്നത് സഹോദരി പൗളിൻ ആയിരുന്നു. എന്നാൽ തെരേസയ്ക്ക് ഒൻപതുവയസ്സുള്ളപ്പോൾ, 1882 ഒക്ടോബറിൽ, പൗളിൻ ലിസ്യുവിലെ കർമ്മലീത്താ മഠത്തിൽ പ്രവേശിച്ചു. തന്റെ ചേച്ചി ഇനിയൊരിക്കലും വീട്ടിലേക്ക് തിരികെവരില്ല എന്ന ചിന്ത കുഞ്ഞുതെരേസയെ വളരെയധികം തളർത്തിക്കളഞ്ഞു. അമ്മയുടെ മരണംമൂലമുണ്ടായ ആഘാതം അവളിൽ വീണ്ടും ഉയർന്നു. അതുകൊണ്ടുതന്നെ ചേച്ചിയുടെ കൂടെപ്പോയി മഠത്തിൽ ചേരാൻ അവളും ആഗ്രഹിച്ചു. പക്ഷേ, അവൾക്ക് മഠത്തിൽ ചേരുന്നതിനുള്ള പ്രായമായിട്ടില്ല എന്ന കാരണത്താൽ അത് നിരസിക്കപ്പെട്ടു.
ഈ സമയത്ത് തെരേസ് പലപ്പോഴും രോഗിയായിരുന്നു. അവളുടെ ശരീരം എന്തിനെയോകണ്ട് ഭയക്കുന്നതുപോലെ വിറയ്ക്കുമായിരുന്നു. മറ്റുള്ളവരെപ്പോലെ തണുപ്പ് താങ്ങാനുള്ള ശേഷി തെരേസയ്ക്കില്ല എന്നുകരുതി ചേച്ചിമാർ അവളെ നല്ല പുതപ്പുകൊണ്ടു മൂടി. എന്നാൽ അത് മിക്കപ്പോഴും സംഭവിക്കുന്നത് അമ്മയെക്കുറിച്ചു സംസാരിക്കുമ്പോഴാണെന്ന് മറ്റുള്ളവർ തിരിച്ചറിയാൻതുടങ്ങി. അവളുടെ അസുഖം ശാരീരികമെന്നതിനേക്കാൾ മാനസികമായിരുന്നു. തന്റെ മുറിയിലുള്ള പരിശുദ്ധ അമ്മയുടെ രൂപത്തിലേക്കു നോക്കിയപ്പോഴൊക്കെ അവളുടെ രോഗത്തിന് സൗഖ്യം അനുഭവപ്പെടുന്നതായും അവൾ തിരിച്ചറിഞ്ഞു. പിന്നീട് തന്റെ സഹോദരിമാർ ഓരോരുത്തരായി സന്യാസവൃത്തിയിലേക്കുപോയത് തെരേസിന്റെ ദുഃഖവും ഏകാന്തതയും വർധിപ്പിക്കുകയായിരുന്നു.
1886 -ൽ തെരേസിന്പതിമൂന്ന് വയസ്സ് തികഞ്ഞു. ആ വർഷത്തെ ക്രിസ്തുമസിന്റെ പാതിരാകുർബാനയ്ക്ക് അവർ കുടുംബമായി ദേവാലയത്തിൽപോയ സമയത്ത് തെരേസയ്ക്ക് വലിയ ദൈവികസാന്നിധ്യം അനുഭവപ്പെടുന്നതായി തോന്നി. അന്നവൾ തന്നെത്തന്നെ ദൈവത്തിനു പൂർണ്ണമായുംസമർപ്പിച്ചു. അതിനെക്കുറിച്ച് പിന്നീട് തെരേസ ഇപ്രകാരം എഴുതി: “ഞാൻ പെട്ടെന്ന് വളരുന്നതിനുവേണ്ടി ദൈവം എനിക്ക് ഒരു അത്ഭുതം ചെയ്തുതന്നു. ആ അനുഗ്രഹീതരാത്രിയിൽ യേശു എന്നോടുള്ള സ്നേഹത്തെപ്രതി തന്റെ പിള്ളക്കച്ചയിൽ നിന്നും ശൈശവത്തിന്റെ കുറവുകളിൽ നിന്നും പുറത്തുവരുന്നവനായി കാട്ടിത്തന്നു.” ചെറുപ്പം മുതൽ തെരേസായ്ക്ക് യേശുവുമായിട്ടുള്ള പ്രത്യേകസ്നേഹബന്ധം ഇത്തരത്തിലുള്ള ഓരോ അനുഭവത്തിലൂടെയും വളരുകയായിരുന്നു.
അങ്ങനെ സാവധാനം അമ്മയുടെ മരണശേഷം അവൾക്ക് നഷ്ടപ്പെട്ട ആത്മബലം അവൾ വീണ്ടെടുക്കാൻതുടങ്ങി. പതിനാലാമത്തെ വയസ്സുമുതൽ തെരേസ ശാന്തമായ ഒരുആനന്ദം അനുഭവിക്കുകയും ആ സമയത്ത് തോമസ് അകെമ്പിസിന്റെ പ്രസിദ്ധമായ “ക്രിസ്താനുകരണം” എന്ന കൃതി അനുദിനം വായിക്കാനുംആരംഭിച്ചു. ഈ പുസ്തകം അവൾക്കുവേണ്ടി എഴുതപ്പെട്ടതാണെന്ന് അവൾ ആത്മാർഥമായി വിശ്വസിക്കാൻ തുടങ്ങി. ചില വാചകങ്ങൾ അവളെ ആഴത്തിൽ സ്വാധീനിച്ചു. “ദൈവരാജ്യം നിങ്ങളുടെ ഉള്ളിലുണ്ട്. പൂർണ്ണഹൃദയത്തോടെ കർത്താവിങ്കലേക്ക് തിരിയുക, ഈ ദുഃഖപൂര്ണ്ണമായ ലോകത്തെ ഉപേക്ഷിക്കുക, നിങ്ങളുടെ ആത്മാവിന് സ്വസ്ഥത ലഭിക്കും.” ഈ പുസ്തകവും അവൾ ഇക്കാലഘട്ടത്തിൽ വായിച്ച മറ്റുചില ഗ്രന്ഥങ്ങളും അവളെ വലുതായി സ്വാധീനിച്ചിട്ടുണ്ട് എന്ന് തെരേസ തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.
1887 -ലുണ്ടായ പ്രത്യേക ദൈവാനുഭവത്തിന്റെ ഒരു വർഷത്തിനുശേഷം തെരേസ തന്റെ പിതാവിനോടൊത്ത് വീടിന്റെ മുമ്പിലുള്ള പൂന്തോട്ടത്തിലിരിക്കുമ്പോൾ മഠത്തിൽ ചേരാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി. അവരുടെ സംസാരത്തിന്റെ അവസാനം രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ച് കുറെനേരം കരഞ്ഞു. അതിനുശേഷംആ പൂന്തോട്ടത്തിലുണ്ടായിരുന്ന ഒരു വെളുത്തപുഷ്പം അത് നിന്നിരുന്ന ചെടിയോടുകൂടി അവൾക്ക് കൊടുത്തുകൊണ്ട് ദൈവം അതിനെ എത്ര ഭംഗിയായി പരിപാലിക്കുന്നുവെന്ന് അദ്ദേഹം അവളോട് വിശദീകരിച്ചു. അതിനെക്കുറിച്ച് തെരേസ പിന്നീട് ഇങ്ങനെ എഴുതി: “പിതാവിന്റെ പൂവിനെക്കുറിച്ചുള്ള വാക്കുകൾ കേൾക്കുമ്പോൾ അത് എന്റെ കഥ തന്നെയാണെന്ന് ഞാൻവിശ്വസിച്ചു.” അപ്പോൾ പറിച്ചെടുക്കപ്പെട്ട പൂവ് പോലെ, സന്യാസഭവനമാകുന്ന മണ്ണിലേക്ക് മാറ്റിനടപ്പെടുന്നതിന് അവൾ ആഗ്രഹിച്ചു. എന്നാൽ പ്രായക്കുറവിന്റെപേരിൽ അവളുടെ ആഗ്രഹം വീണ്ടും നിരസിക്കപ്പെട്ടു.
ഈ കാലയളവിലാണ് രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഹെൻറി പ്രാൻസിനിയുടെ കഥ ഫ്രാൻസിലെ പത്രങ്ങളിൽ നിറയുന്നത്. ഫ്രാൻസിലെ ജനങ്ങളുടെ നന്മയെ പരിഹസിക്കുന്ന പ്രതീകമായി പ്രാൻസിനി ചിത്രീകരിക്കപ്പെട്ടു. ഇത് വായിക്കാനിടയായ തെരേസ അയാളുടെ മാനസാന്തരത്തിനായി തീക്ഷ്ണമായി പ്രാർഥിച്ചു. അയാള് ക്രൂരതയുടെ അവതാരം പോലെ കാണപ്പെടുകയും മാനസാന്തരത്തിന്റെ കണികപോലും സംസാരത്തിലോ, പെരുമാറ്റത്തിലോ വരുത്തിയില്ല. എന്നാൽ പ്രാൻസിനിയുടെ കഴുത്ത് ഛേദിക്കാനായി ഗില്ലറ്റിനിൽ വച്ച നിമിഷത്തിൽ അദ്ദേഹം ക്രൂശിതരൂപത്തെ മൂന്നുതവണ ചുംബിച്ച വാർത്ത പത്രങ്ങളിൽവന്നു. ഇത് വായിക്കാനിടയായ തെരേസ സന്തോഷം കൊണ്ട് എല്ലാം മറന്ന് തുള്ളിച്ചാടി. കാരണം അവളുടെ പ്രാർഥന ദൈവം കേട്ടു എന്ന് അവൾ ആത്മാർഥമായി വിശ്വസിച്ചു. മരണശേഷവും അയാളുടെ ആത്മശാന്തിക്കായി തെരേസ പ്രാർഥിച്ചുകൊണ്ടേയിരുന്നു.
1887 -ൽ ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ പൗരോഹിത്യ കനകജൂബിലി പ്രമാണിച്ച് ബയേക്സ്-ലിസ്യു രൂപത റോമിലേക്ക് ഒരു തീർഥാടനം സംഘടിപ്പിച്ചു. ലൂയി മാർട്ടിൻ സെലിനെയും തെരേസയെയും കൂട്ടി ആ സംഘത്തിന്റെ കൂടെ ആ തീർഥാടനത്തിനു പോയി. 1887 നവംബർ 20 -ന് ഈ തീർഥാടകസംഘത്തിന് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം ലഭിച്ചു. കൊച്ചുതെരേസ മാർപാപ്പയെ കണ്ടുമുട്ടിയപ്പോൾ 15 വയസിൽ കർമ്മലീത്ത മഠത്തിൽ പ്രവേശിക്കാൻ തന്നെ അനുവദിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മാർപാപ്പ അവളെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: “എന്റെ മകളേ, അധികാരികൾ എന്ത് തീരുമാനിക്കുവോ അതു നീ സ്വീകരിക്കുക. ഇത് ദൈവഹിതമാണെങ്കിൽ തീർച്ചയായും നിന്റെ ആഗ്രഹം സാധിച്ചുകിട്ടും.”
ഒരു മാസം നീണ്ടുനിന്ന ഈ തീർഥാടനയാത്രയായിരുന്നു തെരേസയുടെ ജീവിതത്തിലെ തന്റെ പ്രദേശത്തിനുപുറത്തുള്ള ആദ്യത്തെയും അവസാനത്തെയും യാത്ര. റോമിലേക്കുള്ള തീർഥാടനം തെരേസയ്ക്ക് വലിയൊരു പഠനക്കളരിയായിരുന്നു. അതിനുശേഷം വൈദികർക്കുവേണ്ടി പ്രാർഥിക്കുക എന്നത് അവളുടെ പ്രധാന നിയോഗമായി മാറി. തിരികെവന്ന് അധികം താമസിയാതെ തന്നെ 1888 ഏപ്രിൽ 9 -ന് കർമ്മലീത്ത മഠത്തിൽ തെരേസയെ ചേർക്കുന്നതിനുള്ള അനുവാദം അവളുടെ ബിഷപ്പ് മഠം സുപ്പീരിയറിനു നൽകുകയും ചെയ്തു.
തെരേസ ചേർന്ന ലിസ്യുവിലെ കർമ്മലീത്താ മഠത്തിലെ സിസ്റ്റേഴ്സ് എല്ലാവരും തന്നെ പ്രായമായവരായിരുന്നു. അതിന്റേതായ ചില വെല്ലുവിളികളും പിന്നീട് അവർ വന്ന ജീവിതസാഹചര്യങ്ങളിൽ നിന്നുള്ള വെല്ലുവിളികളും അവൾക്ക് നേരിടേണ്ടിവന്നു. ആവിലായിലെ വി. അമ്മത്രേസ്യ പതിനാറാം നൂറ്റാണ്ടിൽ പരിഷ്കരിച്ചുനടപ്പിലാക്കിയ സന്യാസജീവിതക്രമമായിരുന്നു ലിസ്യുവിലെ കർമ്മലീത്ത മഠത്തിനുണ്ടായിരുന്നത്. വ്യക്തിപരമായ പ്രാർഥനയ്ക്കും സമൂഹപ്രാർഥനയ്ക്കും ഇവിടെ ധാരാളം അവസരമുണ്ടായിരുന്നു. വർഷത്തിൽ ഏഴുമാസം ദിവസം ഒരുനേരത്തെ ഭക്ഷണംമാത്രം കഴിച്ച് വളരെ നിഷ്കർഷയോടെയുള്ള ജീവിതശൈലിയായിരുന്നു അവരുടേത്.
1888 ഏപ്രിൽ 9 -ന് കർമ്മലീത്താ മഠത്തിലെ ഒരു പോസ്റ്റുലന്റ് ആയി തെരേസ തന്റെ സന്യാസജീവിതത്തിന് ആരംഭംകുറിച്ചു. മഠത്തിലെ ആദ്യദിവസത്തെ കുർബാന അനുഭവത്തെക്കുറിച്ച് അവൾ പിന്നീട് എഴുതി: “അവസാനം എന്റെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കപ്പെട്ടു. ഞാൻ ആത്മാവിൽ അനുഭവിക്കുന്ന ആഴമേറിയ ആന്തരികസമാധാനത്തെക്കുറിച്ച് എനിക്ക് വിവരിക്കാൻ കഴിയില്ല. എന്റെ ജീവിതത്തിൽ പിന്നീടൊരിക്കലും വലിയ പ്രതിസന്ധികൾക്കിടയിലും ഈ സമാധാനം എന്നെ വിട്ടുപോയിട്ടില്ല.” വേദനകളും രോഗങ്ങളുമെല്ലാം തെരേസ എന്ന കുഞ്ഞുപുഷ്പത്തെ സംബന്ധിച്ച് തന്നെ കൂടുതൽ മനോഹരവും സൗരഭ്യമുള്ളതുമാക്കാൻ ദൈവം ഒരുക്കിക്കോടുക്കുന്ന മാർഗങ്ങളായിരുന്നു.
കുട്ടിക്കാലം മുതലേ, അവൾ സ്വപ്നംകണ്ട ദൈവത്തോടൊത്തുള്ള ഒരു മരുഭൂമിയാത്ര ഇവിടെ അവൾക്ക് കൈവന്നതായി അവൾ തിരിച്ചറിഞ്ഞു. തന്റെ മൂത്ത രണ്ടു സഹോദരിമാരായ മരിയയുടെയും പൗളിന്റേയും സാന്നിധ്യം സന്തോഷപ്രദമായിരുന്നുവെങ്കിലും ആദ്യദിവസം മുതൽ തന്നെ അവരിൽനിന്നും അകലം പാലിക്കുന്നതിനും അവൾ ശ്രദ്ധിച്ചിരുന്നു. തന്റെ സഹോദരിമാരോടത്തല്ല, ദൈവത്തോടൊത്തായിരിക്കാനാണ് കർമ്മലീത്താ മഠത്തിൽ ചേർന്നതെന്ന് തെരേസ ചിന്തിക്കുകയും അങ്ങനെ തന്നെ ബോധപൂർവം ജീവിക്കാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു. തെരേസ എഴുതി: “കർത്താവ് കർമ്മലീത്ത മഠത്തിലെ ജീവിതത്തെക്കുറിച്ച് ചേരുന്നതിനുമുമ്പ് ഒരു അബദ്ധധാരണകളും നൽകിയിരുന്നില്ല. ഞാൻ ആഗ്രഹിച്ചതും ചിന്തിച്ചതുംപോലെയായിരുന്നു മഠത്തിലെ ജീവിതവും. അതിനാൽ ഒരു ത്യാഗവും എന്നെ ചഞ്ചലചിത്തയാക്കിയില്ല.” വെല്ലുവിളി നിറഞ്ഞ അവസരങ്ങൾ പുണ്യത്തിൽ പൂർണ്ണത പ്രാപിക്കാനുള്ള മാർഗമായി പരിവർത്തനപ്പെടുത്തന്നതിന് തെരേസയ്ക്ക് പ്രത്യേകമായ സിദ്ധി തന്നെ ഉണ്ടായിരുന്നു.
എല്ലാ സമൂഹങ്ങളിലുമെന്നതുപോലെ പലതര സ്വഭാവക്കാർ അവിടുത്തെ കർമ്മലീത്താ മഠത്തിലുണ്ടായിരുന്നു. അസാധാരണമായ കൃപയോടെ എല്ലാവരെയും സന്തോഷത്തോടെ കാണുന്നതിന് അവൾ ശ്രമിച്ചിരുന്നു. എന്നാൽ ഈ സമയത്ത് അതിനേക്കാൾ വലിയ ദുഃഖം തെരേസയ്ക്ക് സമ്മാനിച്ചത് 1888 ജൂൺ 23 -ന് പിതാവിനെ വീട്ടിൽനിന്നും ഏതാനും ദിവസത്തേക്കു കാണാതായതാണ്. പിന്നീട് അടുത്തുള്ള പോസ്റ്റോഫീസിൽ അദ്ദേഹത്തെ കണ്ടെത്തി. പക്ഷേ, അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചതിന്റെയും ഓർമ്മ നഷ്ടപ്പെടുന്നതിന്റെയും ലക്ഷണമായിരുന്നു അത്. കുറെനാളത്തെ രേഗത്തിനുശേഷം പിന്നീട് 1894 ജൂലൈ 29 -ന് അദ്ദേഹം അന്തരിച്ചു.
1889 ജനുവരി 10 -നാണ് തെരേസയുടെ പോസ്റ്റുലൻസി അവസാനിക്കുന്നത്. ഈ സമയത്തുതന്നെ തന്റെ വിളിയുടെ ആഴവും അർഥവും അവൾ തിരിച്ചറിയാൻ തുടങ്ങിയിരുന്നു. പിന്നീട് വളരെ പ്രസിദ്ധമായിത്തീർന്ന തെരേസയുടെ, ചെറുതാകാനും എളിമപ്പെടാനും യേശുസ്നേഹത്താൽ എടുത്തുയർത്തപ്പെടാനുമുള്ള അഭിനിവേശം അപ്പോൾത്തന്നെ അവളിൽ ആഴത്തിൽ വേരൂന്നിയിരുന്നു. ഈ സമയത്ത് കുരിശിന്റെ വി. യോഹന്നാന്റെ കൃതികൾ വായിക്കുന്നതിനും അതേക്കുറിച്ചു ധ്യാനിക്കുന്നതിനും അവൾ സമയംകണ്ടെത്തി. ദൈവത്തെ ഭയന്ന് എല്ലാംചെയ്യാൻ ശ്രമിക്കുന്ന പല സിസ്റ്റേഴ്സിന്റെയും മനോഭാവത്തിൽ അവൾക്ക് അത്ഭുതം തോന്നി. കാരണം ദൈവത്തോടുള്ള സ്നേഹത്താൽ ജീവിക്കുകയും എല്ലാം പ്രവർത്തിക്കുകയും ചെയ്യേണ്ടവളാണ് കർത്താവിന്റെ മണവാട്ടി എന്നത് അവളുടെ ഉത്തമബോധ്യമായിരുന്നു. യഥാർഥത്തിൽ ആ സ്നേഹത്തിൽ ചിറകടിച്ച് അനന്തമായി പറന്നുല്ലസിക്കുന്നവളായിരുന്നു തെരേസ. പിന്നീടുവന്ന നൊവീഷിയറ്റിനുശേഷമുള്ള അവളുടെ ജീവിതം ആത്മീയജീവിതത്തിൽ വളരെയധികം പക്വത വന്നവളെപ്പോലെയായിരുന്നു. ജീവകാരുണ്യപ്രവർത്തനങ്ങളും മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതുമായ ചെറിയ കാര്യങ്ങൾ വലിയ ശ്രദ്ധയോടെ അവൾ ചെയ്തു. അന്യായമായ വിമർശനങ്ങൾപോലും സന്തോഷത്തോടെ ഉൾക്കൊണ്ടു. വിദ്വേഷത്തോടെ പെരുമാറിയവരെപ്പോലും നോക്കി ഏപ്പോഴും പുഞ്ചിരിച്ചു.
ഒരു വിശുദ്ധയാവുകഎന്ന ലക്ഷ്യത്തോടെയാണ് തെരേസ കർമ്മലീത്താ മഠത്തിൽ ചേർന്നത്. എന്നാൽ അവൾ സാവധാനം, താൻ എത്ര നിസ്സാരയും ചെറിയവളുമാണെന്ന് തിരിച്ചറിയുകയായിരുന്നു. അവളുടെ എല്ലാ ശ്രമങ്ങളുടെയും പരിമിതികൾ അവൾ തിരിച്ചറിഞ്ഞു. തന്റെ ഒന്നുമില്ലായ്മയിൽ നിന്നുകൊണ്ടാണ് ദൈവത്തിന്റെ കൃപയുടെ സഹായം തേടേണ്ടതെന്ന് അവൾ ഈ സമയത്ത് വിവേചിച്ചറിയുന്നു. യേശു തന്നെയാണ് തന്നെ വിശുദ്ധിയുടെ പൂര്ണ്ണതയിലേക്ക് നയിക്കേണ്ടതെന്ന് അവൾക്കറിയാമായിരുന്നു. അവളുടെ ‘നിസ്സാരത’ അങ്ങനെ അവളുടെ സന്തോഷത്തിന്റെ അടിസ്ഥാനമായിത്തീർന്നു. ഇവിടെ മറ്റുള്ളവരുടെയും ക്രിസ്തീയജീവിതത്തിന്റെ വിശുദ്ധിയിലേക്കുള്ള വിളിയിൽ വഴിത്തിരിവായ വലിയൊരു കണ്ടുപിടുത്തം തെരേസ നടത്തി. അതാണ് പിന്നീട് പ്രസിദ്ധമായിത്തീർന്ന ‘ചെറിയ മാർഗം’ (Little Way). സ്വർഗ്ഗത്തിലേക്കു പോകാൻ കൊച്ചുതെരേസ കണ്ടുപിടിച്ച എളുപ്പവഴിയായിരുന്നു ഇത്. അവൾ എഴുതി: “നാം കണ്ടുപിടുത്തങ്ങളുടെ യുഗത്തിലാണ്; ഇപ്പോൾ സമ്പന്നർക്ക് പടികൾ കയറാൻ ബുദ്ധിമുട്ടില്ല, പകരം അവർക്ക് ലിഫ്റ്റുകളുണ്ട്. ദൈവത്തിലേക്ക് ഉയർത്തപ്പെടുന്ന ഒരു ലിഫ്റ്റ് പരീക്ഷിച്ചുനോക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. കാരണം, പരിപൂർണ്ണതയുടെ കുത്തനെയുള്ള പടികൾ കയറാൻ ഞാൻ അശക്തയാണ്. അതിനാൽ യേശുവേ, നിന്റെ കരങ്ങൾ എന്നെ സ്വർഗത്തിലേക്ക് ഉയർത്തേണ്ട ലിഫ്റ്റാണ്. അവിടെയെത്താൻ ഞാൻ വളരേണ്ടതില്ല. നേരെ മറിച്ച്, ഞാൻ കുഞ്ഞായിത്തന്നെ തുടരണം. ഞാൻ ഇനിയും ചെറുതാകേണ്ടിയിരിക്കുന്നു” (ഈ മാർഗത്തെക്കുറിച്ച് കൂടുതലായി അറിയുന്നത്തിന് വി. കൊച്ചുത്രേസ്യയുടെ ആത്മകഥ വായിക്കുക).
വലിയ സാഹസികകൃത്യങ്ങൾ ചെയ്യാതെ തന്നെ അഗാധ ദൈവസ്നേഹപ്രകടനത്തിലൂടെ അസാധാരണ വിശുദ്ധി സമ്പാദിക്കാൻ സാധിക്കുമെന്ന് തെരേസ തിരിച്ചറിഞ്ഞു. ദൈവസ്നേഹം തന്റെ ഓരോ പ്രവൃത്തികളാലും വെളിവാക്കപ്പെടേണ്ടതാണെന്നവൾ വിശ്വസിച്ചു. വലിയ കാര്യങ്ങൾ ചെയ്യുന്നതിൽനിന്നും തന്നെ വിലക്കിയിരിക്കുമ്പോൾ തന്റെ സ്നേഹം തെളിയിക്കാനുള്ള ഒരേയൊരു മാർഗം പൂക്കൾ വിതറുന്നതുപോലെ ഓരോ പ്രവൃത്തിയിലൂടെയും ദൈവസ്നേഹം പ്രസരിപ്പിക്കുക എന്നതാണെന്ന് തെരേസാ തെളിയിച്ചുകൊണ്ടേയിരുന്നു. തന്റെ ഓരോ ചെറിയ ത്യാഗവും ഓരോ നോട്ടവും ഓരോ വാക്കും സ്നേഹത്തിലൂടെ താൻ വിതറുന്ന പൂക്കളാണ്. തെരേസ ഇപ്രകാരം എഴുതി: “ബലഹീനതയിലൂടെ ഞാൻ വീഴാൻ സാധ്യതയുണ്ടെങ്കിൽ അങ്ങയുടെ കണ്ണുകളിൽ നിന്നുള്ള ഒരു നോട്ടം എന്റെ ആത്മാവിനെ ഉടനടി ശുദ്ധീകരിക്കുകയും എന്റെ എല്ലാ അപൂര്ണ്ണതകളും നശിപ്പിക്കുകയും ചെയ്യട്ടെ – അഗ്നി അതിന്റെ പരിധിയിൽ വരുന്ന എല്ലാത്തിനെയും രൂപാന്തരപ്പെടുത്തുന്നതുപോലെ.” ഒരുപാട് പ്രവൃത്തിക്കുക എന്നതിനേക്കാൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഒരുപാട് സ്നേഹത്തോടെ ചെയ്യുക എന്നതായിരുന്നു തെരേസായുടെ വഴി.
തെരേസയെ ബാധിച്ച ക്ഷയരോഗം അവളുടെ അന്ത്യകാലങ്ങളിൽ വളരെയധികം കഷ്ടപ്പാടിനും പ്രയാസത്തിനും കാരണമായി. പക്ഷേ, ഇത് തന്റെ ആത്മീയയാത്രയുടെ ഭാഗമായിരുന്നുവെന്ന് അവൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. തന്റെ മൂക്കിൽകൂടി രക്തംവരുന്നത് ക്ഷയരോഗത്തിന്റെ കാഠിന്യം വെളിവാക്കുന്നതാണെന്നും ഈ രോഗമെന്നാൽ താമസിയാതെ മരണമാണെന്നും ബുദ്ധിമതിയായ തെരേസ മനസ്സിലാക്കി. ഈ രോഗലക്ഷണങ്ങൾ ആദ്യമായി വെളിവാക്കപ്പെടുന്നത് 1896 -ലെ ദുഃഖവെള്ളിയുടെ തലേരാത്രിയിലാണ്. അതിനെക്കുറിച്ച് അവൾ ഇപ്രകാരം എഴുതി: “ഞാൻ പഠിക്കേണ്ടിയിരുന്ന സന്തോഷകരമായ കാര്യത്തെക്കുറിച്ച് ഞാൻ ഉടനെ ചിന്തിച്ചുകൊണ്ട് ജനാലയ്ക്കരുകിലേക്കുപോയി. എനിക്ക് തെറ്റിയില്ല എന്ന് അപ്പോൾ മനസ്സിലായി. ഓ! എന്റെ ആത്മാവ് ഒരു വലിയ ആശ്വാസത്തിൽ നിറഞ്ഞു; ഞാൻ ആന്തരികമായി, യേശുവിന്റെ മരണത്തിന്റെ വാർഷികത്തിൽ, അവന്റെ സഹനത്തിലേക്കുള്ള ആദ്യവിളി ഞാൻ കേൾക്കണമെന്ന് അവൻ ആഗ്രഹിച്ചു!”
തെരേസയുടെ അവസാന നാളുകളിലെ സഹനത്തെക്കുറിച്ച് അവളെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത് ഇപ്രകാരമാണ്: “ഓ, ഈ കൊച്ചുകന്യാസ്ത്രീ എത്രമാത്രമാണ് സഹിക്കുന്നതെന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ!” തെരേസ അവളുടെ വേദനകളെക്കുറിച്ച് ഇപ്രകാരം പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു: “ഇത്രയധികം കഷ്ടത അനുഭവിക്കുവാനുള്ള ശക്തി എനിക്കുണ്ടെന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ഒരിക്കലും, ഒരിക്കലും!” 1897 ആഗസ്റ്റ് 19 -നാണ് അവൾ അവസാനാമായി വിശുദ്ധ കുർബാന സ്വീകരിച്ചത്. 1897 സെപ്റ്റംബർ 30 -ന് അവൾ തന്റെ നിത്യസമ്മാനത്തിനായി കർത്താവിന്റെ സന്നിധിയിലേക്ക് എടുക്കപ്പെട്ടു. മരണക്കിടക്കയിൽ അവൾ പറഞ്ഞു: “ഇനിയും എനിക്ക് കഷ്ടപ്പാടുകളില്ല, ഇപ്പോൾ എല്ലാ സഹനവും എനിക്ക് മധുരമാണ്.” തെരേസ അവസാനമായി പറഞ്ഞ വാക്കുകൾ “എന്റെ ദൈവമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു!” എന്നാണ്. ഈ വിശുദ്ധയുടെ ലോകത്തിൽനിന്നുള്ള വേർപാട് സഭാചരിത്രത്തിൽ പുതിയൊരു യുഗത്തിന്റെ ആരംഭമായിരിക്കുമെന്ന് അന്ന് അധികമാരും ചിന്തിച്ചുട്ടുണ്ടാവില്ല!
1897 ഒക്ടോബർ 4 -ന് ലിസ്യു നഗരസഭയുടെ സെമിത്തേരിയിൽ കർമ്മലീത്താ സിസ്റ്റേഴ്സിനെ അടക്കുന്നതിനായി നീക്കിവച്ചിരുന്ന സ്ഥലത്ത് അവളുടെ മാതാപിതാക്കളുടെ സമീപത്തായി തെരേസായെ സംസ്കരിച്ചു. അങ്ങനെ മരണത്തിലും മൂന്നു വിശുദ്ധരുടെ ഭൗതീകശരീരം ഒരേസ്ഥലത്ത് അന്ത്യവിശ്രമത്തിനായി പോയി. 1910 സെപ്റ്റംബറിൽ അവളുടെ ഭൗതീകശരീരം അവിടെനിന്നും പുറത്തെടുത്ത് മറ്റൊരു സ്ഥലത്തേക്കുമാറ്റുകയും പിന്നീട് 1923 മാർച്ചിൽ, അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുമുമ്പ്, അവളുടെ മൃതദേഹം ലിസ്യുവിലെ കർമ്മലീത്താ ആശ്രമത്തിലാക്കി.
അധികമാരാലും അറിയപ്പെടാത്തവളായി ജീവിച്ച, അങ്ങനെ ജീവിക്കാൻ ആഗ്രഹിച്ച തെരേസ സഭാചരിത്രത്തിലെതന്നെ ഏറ്റം പ്രിയപ്പെട്ട വിശുദ്ധയായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. അവളുടെ ആത്മീയതയുടെ ആഴം, തെരേസയുടെ ‘ആത്മവിശ്വാസത്തിലും സ്നേഹത്തിലുമാണ്’ അടങ്ങിയിരിക്കുന്നത്. വളരെ എളിയവളായി ഒരു പുതിയ കുഞ്ഞുവഴിയിലൂടെ സ്വർഗത്തിലേക്കുപോകാൻ അവൾ ആഗ്രഹിച്ചു. തെരേസ പറയുന്നു: “എന്നെ യേശുവിന്റെ അടുത്തേയ്ക്ക് ഉയർത്തുന്ന ഒരു ലിഫ്റ്റ് കണ്ടെത്താൻ ഞാൻ ആഗ്രഹിച്ചു.” അങ്ങനെ യേശുവിന്റെ കരം അവളുടെ നിസ്സാരതയിൽ അവളെ മുകളിലേക്ക് ഉയർത്തുന്ന ലിഫ്റ്റ് ആയി മാറി. തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് അന്നുണ്ടായിരുന്ന കാലതാമസങ്ങളൊക്ക മാർപാപ്പമാർ തന്നെ പലപ്പോഴായി എടുത്തുമാറ്റി. അവളുടെ മരണത്തിന്റെ ഇരുപത്തിയെട്ട് വർഷങ്ങൾക്കുശേഷം 1925 മെയ് 17 -ന് പിയൂസ് പതിനൊന്നാമൻ മാർപാപ്പ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
അറുപതിനായിരം പേരാണ് വി. പത്രോസിന്റെ ബസിലിക്കയിൽ അന്നത്തെ ചടങ്ങിൽ സംബന്ധിച്ചത്. വൈകുന്നേരത്തെ പുറത്തുവച്ചുള്ള പ്രാർഥനയ്ക്ക് അന്ന് അഞ്ചുലക്ഷം ആളുകളാണ് ഒഴുകിയെത്തിയത്. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1997 ഒക്ടോബർ 19 -ന് സഭയിലെ മുപ്പത്തിമൂന്നാമത്തെ വേദപാരംഗതയായി വി. കൊച്ചുത്രേസ്യായെ പ്രഖ്യാപിക്കുമ്പോൾ ആ പദവിയിലേക്കുയർത്തപ്പെടുന്ന ഏറ്റം പ്രായം കുറഞ്ഞവളായി കേവലം 24 വയസ്സുവരെ ജീവിച്ച ഉണ്ണിയീശോയുടെ വി. കൊച്ചുത്രേസ്യ മാറി.
തെരേസയുടെ പേരിലുള്ള ലിസ്യുവിലെ ബസിലിക്കയിൽ അവളുടെ കബറിടം സന്ദർശിക്കാൻ ഇപ്പോൾ ഓരോ വർഷവും ഇരുപതുലക്ഷം തീർഥാടകരാണ് എത്തുന്നത്. അവളുടെ തിരുനാൾ ദിനമായ ഒക്ടോബർ ഒന്നിനാണ് വലിയ തീർഥാടനത്തിരക്ക് അനുഭവപ്പെടുന്നത്. 1929 -ൽ പണി ആരംഭിച്ച ഈ ദേവാലയം 1937 ജൂലൈയിൽ കർദിനാൾ യൂജീനിയോ പാച്ചെല്ലിയാണ് കൂദാശ ചെയ്തത്. അദ്ദേഹമാണ് പിന്നീട് മാർപാപ്പയായിത്തീർന്ന പിയൂസ് പന്ത്രണ്ടാമൻ. ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ളവരുടെ സംഭാവനകൾകൊണ്ടു മാത്രമാണ് ഈ ബസിലിക്ക പണിതിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ ലിസ്യു നഗരത്തിന്റെ മൂന്നിൽ രണ്ടുഭാഗവും ബോംബാക്രമണത്തിൽ തകർന്നപ്പോഴും ചെറിയ കേടുപാടുകളോടെ ഈ ബസിലിക്ക അവിടെ നിലനിന്നു. പിന്നീട് 1951 -ൽ കേടുപാടുകളൊക്കെ തീർത്ത് ദേവാലയം പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽ തെരേസ താമസിച്ച കർമ്മലീത്ത മഠത്തിലെ മുറിയും അവിടുത്തെ ചാപ്പലുമൊക്കെ തീർഥാടകർക്ക് സന്ദർശിക്കാവുന്നതാണ്.
അതുപോലെ തന്നെ വി. കൊച്ചുത്രേസ്യ തന്റെ നാലാം വയസ്സുമുതൽ കർമ്മലീത്ത മഠത്തിൽ ചേരുന്ന പതിനഞ്ചാം വയസ്സുവരെ താമസിച്ച ഭവനവും ബസിലിക്കയിൽ നിന്നും അധികം ദൂരത്തല്ലാതെ തീർഥാടകർക്ക് എപ്പോഴും സന്ദർശിക്കാവുന്നതാണ്. ഈ വീട്ടിനുള്ളിൽ മാർട്ടിൻ കുടുംബം ഉപയോഗിച്ചിരുന്ന വസ്തുക്കളൊക്കെ കാണാവുന്നതാണ്. തെരേസ ആദ്യകുർബാനയ്ക്ക് അണിഞ്ഞ വെള്ളവസ്ത്രവും അവളുടെ സ്വർണ്ണവർണ്ണ തലമുടിയും ഈ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. വീടിന്റെ പുറത്തുള്ള പൂന്തോട്ടത്തിൽ മഠത്തിൽ ചേരാൻ പിതാവിനോട് അനുവാദം ചോദിക്കുന്നതിനെ അനുസ്മരിപ്പിച്ചുകൊണ്ട് മനോഹരമായ ഒരു സ്റ്റാച്യൂവും പണിതുവച്ചിട്ടുണ്ട്. ഇതുകൂടാതെ, ലിസ്യുവിലെ പതിമൂന്നാം നൂറ്റാണ്ടിലെ കത്തീഡ്രൽ തീർഥാടകർക്ക് വലിയൊരു ആകർഷണമാണ്. ഇവിടെ പ്രാർഥിച്ചപ്പോഴാണ് തെരേസയ്ക്ക് സന്യാസത്തിലേക്കുള്ള വിളിയെക്കുറിച്ച് ദൈവം വെളിപ്പെടുത്തിക്കൊടുത്ത്.
അധികമാരും അറിയാതെ ജീവിച്ചുമരിച്ച ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യ മരണശേഷം വളരെ പെട്ടെന്നുതന്നെ എല്ലാവരുടെയും പ്രിയപ്പെട്ട വിശുദ്ധയായിത്തീർന്നു. “ദൈവത്തെ സ്നേഹിക്കുകയെന്ന എന്റെ ദൗത്യം ഞാൻ എന്റെ മരണശേഷം ആരംഭിക്കും” – തെരേസയുടെ പ്രസിദ്ധമായ വാക്കുകളാണിത്. തന്റെസ്വർഗപ്രേവേശനത്തെക്കുറിച്ച് അവൾക്ക് തെല്ലും സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവൾ പറഞ്ഞത്: “എന്റെ സ്വർഗത്തിലെ ജീവിതം ഭൂമിയിൽ നന്മചെയ്യുന്നതിനായി ചിലവഴിക്കും. അവിടെ നിന്നും ഞാൻ റോസാപ്പൂക്കൾ വർഷിച്ചുകൊണ്ടേയിരിക്കും.”
ഇക്കാരണത്താൽ തെരേസയുടെ ചിത്രങ്ങളെല്ലാം തന്നെ റോസാപ്പൂക്കൾ കൈയ്യിലേന്തിനിൽക്കുന്നതാണ്. ആധുനികയുഗത്തിലെ ഏറ്റം പ്രശസ്തയായ ഉണ്ണിയീശോയുടെ കൊച്ചുത്രേസ്യയുടെ “ചെറിയ വഴി” അനുകരിച്ച് ദൈവത്തെ അനുധാവനം ചെയ്യാൻ ശ്രമിക്കുന്ന ലക്ഷോപലക്ഷം വിശ്വാസികളാണ് ഇന്നുള്ളത്. ഈ അടുത്തകാലത്ത് ഫ്രാൻസിസ് മാർപാപ്പ തന്റെ ഏറ്റം പ്രിയപ്പെട്ട വി. കൊച്ചുത്രേസ്യ ആണെന്നു പറഞ്ഞിട്ടുണ്ട്. കാരണം, “ദൈവത്തിൽ ഇത്രയധികം സ്നേഹത്തോടെ ആശ്രയിച്ച മറ്റൊരാളില്ല. അതുകൊണ്ട് എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടാകുമ്പോൾ കൊച്ചുത്രേസ്യയോടു ഞാൻ പറയും, അവളുടെ കൈയ്യിലെടുത്ത് ദൈവത്തിനു സമർപ്പിച്ച് ഇത് ഉൾക്കൊള്ളാനുള്ള ശക്തി എനിക്ക് നൽകണമേ എന്ന്.” നമുക്കും കൊച്ചുത്രേസ്യയുടെ പാത പിന്തുടർന്ന് വിശുദ്ധിയോടെ ജീവിച്ച് സ്വർഗം പുല്കുന്നതിനായി പരിശ്രമിക്കാം.
ഫാ. മാത്യു ചാര്ത്താക്കുഴിയില്