കര്‍ത്താവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിലൊരാളാണ് വി. യൂദാ തദേവൂസ്. കര്‍ത്താവ്, സ്വീഡനിലെ വി. ബ്രിജീത്തായ്ക്കു കാണപ്പെട്ടപ്പോള്‍ അവളോടായി പറഞ്ഞു. ‘തദേവൂസ് എന്ന പേരിന്റെ അർഥം സ്‌നേഹമുള്ളവന്‍ എന്നാണ്.’ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസായി തെറ്റിധരിക്കാതിരിക്കാനാണ് ഈ അപ്പസ്‌തോലനെ യൂദാ തദേവൂസ് എന്ന് വിളിക്കുന്നത്.
വി. യൂദാ കര്‍ത്താവിന്റെ രക്തബന്ധത്തില്‍പെട്ടവനായിരുന്നു. പരിശുദ്ധ കന്യകാമറിയം അവന്റെ അമ്മാവിയും കര്‍ത്താവ് സഹോദരനുമായിരുന്നു. സുവിശേഷത്തില്‍ അറിയപ്പെടുന്ന ക്ലെയോപ്പാസിന്റെയും മേരി ക്ലെയോപ്പാസിന്റെയും മകനായിരുന്നു വി. യൂദാ. അടുത്തബന്ധു എന്നനിലയില്‍ ബാല്യംമുതല്‍ ക്രിസ്തുവുമായി അദ്ദേഹം സഹവസിച്ചിരുന്നു. ജീവിച്ചിരിക്കുമ്പോള്‍തന്നെ പല അത്ഭുതങ്ങളും അദ്ദേഹം ചെയ്തിരുന്നു. രക്തസാക്ഷിയായാണ് വിശുദ്ധന്‍ മരിച്ചത്. മതവിരോധികള്‍ അദ്ദഹത്തെ ഗദ കൊണ്ടടിച്ച് അവശനാക്കിയിട്ട് ശിരച്ഛേദം ചെയ്യുകയാണുണ്ടായത്.
മാനുഷികശക്തിയെ വെല്ലുവിളിക്കുന്ന മാറാവ്യാധിയോ, വൈദ്യശാസ്ത്രത്തിന്റെ കഴിവുകളെ മറികടക്കുന്ന രോഗമോ, ദാരിദ്ര്യമോ, നിരാശയോ, മാനസികാസ്വാസ്ഥ്യമോ, കുടുംബകലഹമോ, പൈശാചിക ഉപദ്രവങ്ങളോ എന്തായിരുന്നാലും അവയില്‍ നിന്നൊരു രക്ഷാമാര്‍ഗം വിശുദ്ധന്‍ തന്റെ ഭക്തന്മാര്‍ക്ക് പ്രത്യേകമായും കാണിച്ചുകൊടുക്കും. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥന്‍ എന്നറിയപ്പെടുന്ന വി. യൂദാ തദേവൂസ് തന്റെ ആശ്രിതര്‍ക്ക് ഏതു വിഷമഘട്ടങ്ങളിലും പ്രതിവിധിയും ആശ്വാസവും എത്തിച്ചുകൊടുക്കുന്നു.