
‘പ്രാര്‍ഥിക്കുന്ന അമ്മ’ എന്ന വിളിപ്പേരിലാണ് വി. എവുപ്രാസ്യമ്മ അറിയപ്പെട്ടിരുന്നത്. പ്രാർഥനയായിരുന്നു ആ ജീവിതം മുഴുവന്‍. ഈശോയുടെ സഹനത്തെ നിരന്തരമായി ധ്യാനിച്ച്, ജീവിതത്തില്‍ സഹനങ്ങള്‍ ഏറ്റുവാങ്ങിയ വിശുദ്ധയാണ് എവുപ്രാസ്യമ്മ. അതുകൊണ്ടുതന്നെ ശുദ്ധീകരണാത്മാക്കള്‍ നിരന്തരം പ്രാർഥനാഭ്യര്‍ഥനയുമായി അമ്മയുടെ അടുത്തെത്തിയിരുന്നു.
നിലയ്ക്കാത്ത ജപമാല, നിരന്തരമായ മധ്യസ്ഥപ്രാര്‍ഥന, തിരുരക്ത സമര്‍പ്പണപ്രാർഥന എന്നിവയിലൂടെ പരേതാത്മാക്കളെ രക്ഷിക്കുക എന്നത് തന്റെ ജീവിതദൗത്യമായി അമ്മ ഏറ്റെടുത്തിരുന്നു. ‘മരിച്ചാലും മറക്കില്ല’ എന്നതായിരുന്നു അമ്മ ആവര്‍ത്തിച്ചിരുന്ന മൊഴി.
മരണത്തിനുശേഷമാണ് മനുഷ്യരുടെ യഥാര്‍ഥജീവിതം ആരംഭിക്കുക എന്നത് വാസ്തവമാണ്. അതുകൊണ്ട് സ്വര്‍ഗത്തില്‍ നമുക്കൊരു മധ്യസ്ഥയുണ്ട് എന്ന വിശ്വാസം വലിയ ആശ്വാസമാണല്ലോ. ഇക്കാരണങ്ങളാല്‍ നമുക്ക് ഒരു കാര്യത്തില്‍ ആശ്വസിക്കാം, ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചുപോയവര്‍ക്കുംവേണ്ടി ദൈവസന്നിധിയില്‍ വി. എവുപ്രാസ്യാമ്മ സദാ മാധ്യസ്ഥ്യം വഹിക്കുന്നുണ്ട്. അതുകൊണ്ട് നമ്മുടെ മരിച്ചുപോയ പൂര്‍വീകര്‍ക്കും പ്രിയപ്പട്ടവര്‍ക്കുവേണ്ടിയും നല്ല മരണം ലഭിക്കാന്‍ നമുക്കുവേണ്ടിയും ദൈവത്തോടു പ്രാര്‍ഥിക്കണമേയന്ന് വി. എവുപ്രാസ്യാമ്മയോട് നമുക്ക് അപേക്ഷിക്കാം.