”പ്രേമം, മരണം പോലെ ശക്തമാണ്.
അസൂയ ശവക്കുഴി പോലെ ക്രൂരമാണ്”
വിശുദ്ധ ഗ്രന്ഥത്തിലെ ഉത്തമഗീതങ്ങളിലെ ആറാം ഗാനത്തിന്റെ വരികളിലൂടെ എന്റെ കണ്ണുകള്‍ കടന്നുപോയപ്പോള്‍ ചിന്തയുടെ പ്രതലം ചൂടുപിടിച്ചു. ജീവിതത്തെ സാരവത്തായി സ്വാധീനിക്കുന്ന രണ്ട് ശക്തികളാണ് ആര്‍ജ്ജവവും അസൂയയും. മനസ് വികസ്വരമാക്കുന്ന ആത്മശക്തിയുടെ സിരാകേന്ദ്രം ആര്‍ജ്ജവവും, മനുഷ്യനെ മൃഗത്തേക്കാള്‍ ക്രൂരനാക്കുന്ന കുല്സിതഭാവത്തിന്റെ പ്രഭവകേന്ദ്രം അസൂയയും!
അസൂയ – സഹോദരനെയും കുടുംബത്തെയും സമൂഹത്തെയും നശീകരിക്കുന്ന ദുഷ്ടശക്തിയുടെ കേന്ദ്രബിന്ദുവാണ്. അത് ഉടലെടുക്കുന്നത് മനുഷ്യമനസ്സിന്റെ അധമഭാവത്തില് നിന്നും. മാനവികത വളര്‍ത്തിയെടുക്കേണ്ട നമ്മിലെ ആത്മബിംബം (self image) തകര്‍ത്ത് വിധ്വംസകതയുടെ പൈശാചികത അതു നമ്മില്‍ വളര്‍ത്തും. വി. അല്‍ഫോന്‍സാമ്മയുടെ മനോഭാവത്തില്‍ അസൂയയുടെ പ്രകടമായ എതിര്പ്രവര്ത്തനമാണ് നാം ദര്‍ശിക്കുന്നത്. കാരണം, ആ വിശുദ്ധയില്‍ വിളയാടിയിരുന്ന ഏറ്റവും ശ്രേഷ്ഠമായ പുണ്യം ‘ദമ്യത’ (self control and discipline) അഥവാ ആത്മസംയമനവും ശിക്ഷണവും പാലിക്കുകയാണ്.
അല്പംകൂടി വിശാലമായി ചിന്തിച്ചാല്‍ അല്‍ഫോന്‍സാമ്മയില്‍ അലയടിച്ചിരുന്ന മറ്റൊരു സവിശേഷഗുണം ‘ദത്ത’യാണ് (give). മഹത്തായ തത്വങ്ങള്‍ക്കു വേണ്ടിയുള്ള (for a noble cause) സമര്‍പ്പിക്കല്‍. സ്വാര്‍ത്ഥത വെടിഞ്ഞ് സഹജീവികളോട് അലിഞ്ഞുചേരുന്ന ‘ദയാത്വം’ (sympathise). അജ്ഞതയില്‍ ഉഴലുന്ന മനുഷ്യാത്മാവിന് ഇത്തരം സവിശേഷതകള്‍ ഏറെ ഗുണകരമായിത്തീരും. എന്നാല്‍, വിശുദ്ധിയുള്ള ഹൃദയങ്ങളില്‍ നിന്നു മാത്രമേ സഹജരെ വിശുദ്ധീകരിക്കാന്‍ ശക്തിയുള്ള ദിവ്യനിഗൂഢതയുള്ക്കൊള്ളുന്ന വാക്കും പ്രവൃത്തികളും ഉത്ഭവിക്കുകയുള്ളൂ.
ആധുനിക കാലഘട്ടത്തില്‍ ഇച്ഛാശക്തിയും ആത്മാഭിമാനവും ജീവിതത്തിന്റെ മുഖ്യധാരയില്‍ പ്രകടിപ്പിക്കുന്ന സത്യവാദികളായ മനുഷ്യരുടെ എണ്ണം ഹ്രസ്വവല്ക്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ അത്തരം ഉദാത്തഭാവങ്ങള്‍ മിക്കപ്പോഴും ‘ഉട്ടോപ്യന്‍’ സ്വപ്നങ്ങള്‍ പോലെ അപ്രായോഗികമാക്കുകയാണ് നാം. കര്‍മ്മത്തിന്റെ ധന്യതേജസ്സ് കര്മ്മത്തോടുള്ള ധര്മ്മസംശുദ്ധിയില് നിന്നും ആത്മസംശുദ്ധിയില് നിന്നുമാണ് ഉത്ഭവിക്കുക. എന്നാല്‍, തമസ്സവല്ക്കരിക്കപ്പെട്ട ആധുനികതയുടെ മുഖം ഏതാണ്ട്, ബെര് തോല്ഡ് ബ്രെഹ്ത് അദ്ദേഹത്തിന്റെ To those born later” എന്ന കവിതയില്‍ ഹൃദയം തുറന്ന് വിലപിച്ചപോലെ
“Truely I live in dark times
because it implies a silence
about so many horrors” ആണ് സംഭവിക്കുന്നത്.
അസൂയ പോലെ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്ന മറ്റൊരു വിപത്താണ് അഹങ്കാരം. ആഡംബരവും അഹങ്കാരത്തിനൊപ്പം നില്‍ക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ ആഡംബരം, നാശത്തിന്റെ പിതാവാണ്. ഈ കാലഘട്ടത്തില്‍ സാധാരണയായി സമ്പത്തും, അധികാരവും, ശക്തിയുമുള്ളവരെയാണ് ഏറ്റവും കൂടുതല്‍ അഹങ്കാരപിശാചും ആര്ഭാടപിശാചും വേട്ടയാടുന്നത്. ദരിദ്രര്‍ ദൈവത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്നവരാണ്. അതുകൊണ്ടു തന്നെ ദരിദ്രര്‍ നമ്മുടെ യജമാനന്മാരാണെന്നുള്ള ചിന്ത നമ്മില്‍ വളര്‍ത്തിയെടുക്കണം. കാരണം, അത്തരം ശ്രേഷ്ഠചിന്തയുള്ളവര് വി. അല്ഫോന്സാമ്മയെപ്പോലെയായിത്തീരാന് സാധ്യതയുണ്ട്.
യഥാര്‍ത്ഥ ക്രൈസ്തവജീവിതത്തിന്റെ സജീവസാക്ഷികളായി കഴിയുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സഹിഷ്ണുതയും സമത്വചിന്തയുമുള്ളവനേ അതിന് കഴിയുകയുള്ളൂ. കാരണം, അത്തരം ഉണ്മകളുടെ വളര്‍ച്ച എല്ലായ്പ്പോഴും സ്വാര്‍ത്ഥത വെടിഞ്ഞ് ആര്ജ്ജവഗുണം മനസ്സിലും ആത്മാവിലും വികസ്വരമായ വ്യക്തിസത്തന്മാരില് നിന്നുമാണ് ഉണ്ടാവുക.
വി. അല്‍ഫോന്‍സാമ്മയുടെ ജീവിതത്തില്‍ പ്രകടമായിരുന്ന വിനീതഭാവവും, ലാളിത്യവും ആ മഹിളാരത്നത്തിനെ സ്വാര്‍ത്ഥത വെടിഞ്ഞ് അപരനുവേണ്ടി സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുവാന്‍ പ്രാപ്തയാക്കി. യൗവ്വനത്തില്‍ തന്നെ സ്വജീവന്‍ ദിവ്യരക്ഷിതാവിന്റെ ദിവ്യസന്നിധിയില്‍ സമര്‍പ്പിച്ച് മരണത്തെ വിമലീകരിച്ച അല്‍ഫോന്‍സാമ്മ ഈ നൂറ്റാണ്ടിന്റെ വരദാനമാണ്. സുഭാഷിതം 21:3-ല്‍ പറയുന്നു. ”നന്മയും നീതിയും അനുഷ്ഠിക്കുന്നതാണ് കര്ത്താവിന് ബലിയേക്കാള്‍ സ്വീകാര്യം”. വി. അല്‍ഫോന്‍സാമ്മയുടെ ജീവിതവ്യാപാരമണ്ഡലങ്ങള് വിശകലനം ചെയ്താല്‍ ആ മഹതിയുടെ ജീവിതം പൂര്‍ണ്ണമായും ദിവ്യബലിയായിരുന്നുവെന്നു കാണാം. കാരണം, അപരന്റെ നന്മയ്ക്കുവേണ്ടി പൂര്‍ണ്ണമായും സമര്‍പ്പിച്ച് ഈശ്വരഹിതം പൂര്‍ത്തിയാക്കുകയായിരുന്നു അവള് സ്വജീവിതം കൊണ്ട് സാധിച്ചത്. അവളുടെ ജീവിതം ത്യാഗാധിഷ്ഠിതമായ സ്നേഹത്താല്‍ പൂര്‍ണ്ണമായും സമ്പന്നമായിരുന്നു. അതിനാല്‍ എല്ലാം സഹിഷ്ണുതയോടെ നിശബ്ദമായി സഹിക്കുവാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നു. അങ്ങനെ ആ സ്നേഹമയിയായ സന്യാസിനി ജീവിതം പ്രകാശമയമാക്കിത്തീര്ത്തു. മഹാനായ കവി റോബര്‍ട്ട് ബ്രൗണിംഗ് പാടിയതുപോലെ ”സ്നേഹത്തെ ഉന്മൂലനം ചെയ്താല്‍ ഈ ലോകം ഒരു ശവകുടീരത്തിന് തുല്യമായിരിക്കും”. മിക്കപ്പോഴും നമ്മുടെയെല്ലാം ജീവിതം സ്നേഹശൂന്യതയാല്‍ ശവകുടീരത്തിന് തുല്യമാക്കിക്കൊണ്ടിരിക്കുകയാണ്.
ഈ സൈബര്യുഗത്തില് വി. അല്‍ഫോന്‍സാമ്മയുടെ ജീവിതം ആധുനികമനുഷ്യന് വിളക്കും വെളിച്ചവും ആയിത്തീരട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ഈ നൂറ്റാണ്ടിന്റെ ആധ്യാത്മിക മൂലധനമായ അല്‍ഫോന്‍സാമ്മ സത്യമായും ത്യാഗസഹിഷ്ണുതകളുടെ വരദാനമാണ്. അടുത്ത കാലഘട്ടത്തില്‍ ഭാരതത്തില്‍ പലേടത്തും, കേരളക്കരയില്‍ പോലും സഭ പീഡനമേറ്റപ്പോള്‍ സ്വര്‍ഗ്ഗം നല്കിയ മഹാഭാഗ്യമായിവി. അല്‍ഫോന്‍സാമ്മയെ കാണാം.
വിൻസെന്റ് ചിറമേൽ
കടപ്പാട്: ഗോതമ്പുമണി