കത്തോലിക്കരുടെ ഏറ്റവും പ്രിയപ്പെട്ട പ്രാർത്ഥനയാണ് ജപമാല. പരിശുദ്ധ അമ്മയോടൊപ്പം ക്രിസ്തുവിന്റെ ജീവിതരഹസ്യങ്ങളിലൂടെയുള്ള യാത്രയാണ് ഈ പ്രാർത്ഥന. ഫ്രാൻസിസ് മാർപാപ്പ, ജപമാല പ്രാർത്ഥനയെക്കുറിച്ച് പങ്കുവച്ച ആറ് കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
1. ജപമാല കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു
ജപമാല പ്രാർത്ഥന കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് ജപമാല ചൊല്ലുന്ന ശീലം കാലങ്ങളായി കത്തോലിക്കാ കുടുംബങ്ങളിൽ നിലവിലുണ്ട്. ഈ പാരമ്പര്യം കത്തോലിക്കാ കുടുംബങ്ങൾ ഇനിയും തുടരണം. കുടുംബബന്ധങ്ങളിൽ വിള്ളലുകൾ വീഴാതെ മുന്നോട്ട് പോകാൻ നമുക്ക് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കാം.
2. ജപമാല, വിശുദ്ധരുടെ ഇഷ്ടപ്രാർത്ഥനയാണ്
ജപമാല വളരെ ലളിതമായ പ്രാർത്ഥനയാണ്. ക്രിസ്തുവിന്റെ ജനന-മരണ-ഉത്ഥാനരഹസ്യങ്ങളിലൂടെയുള്ള ധ്യാനാത്മകമായ യാത്രയാണ് ഇത്. കത്തോലിക്കാ സഭയിലെ എല്ലാ വിശുദ്ധരും ജപമാല പ്രാർത്ഥനയെ മുറുകെപ്പിടിച്ചവരായിരുന്നു. എണ്ണമറ്റ ജപമാലകൾ അവർ പാപികളുടെ മാനസാന്തരത്തിനു വേണ്ടിയും സ്വയം വിശുദ്ധീകരണത്തിനു വേണ്ടിയും കാഴ്ച വയ്ക്കുമായിരുന്നു. വിശുദ്ധിയിൽ വളരാൻ ജപമാല പ്രാർത്ഥന നമുക്ക് ഉപയോഗിക്കാം.
3. ജപമാല സ്വർഗ്ഗത്തെ ഭൂമിയിലേക്ക് ഇറക്കുന്നു
ജപമാല പ്രാർത്ഥന ചൊല്ലുമ്പോൾ പരിശുദ്ധ അമ്മയുടെ ഗുണങ്ങൾ ജീവിതത്തിൽ കൂടുതൽ അനുകരിക്കാൻ വേണ്ട ശക്തി നമുക്ക് ലഭിക്കും. അമ്മയെപ്പോലെ ദൈവഹിതം നിറവേറ്റി ജീവിക്കുമ്പോൾ സ്വർഗ്ഗം നമ്മുടെ കൂടെയുണ്ടായിരിക്കും. ഭൂമിയിൽ ജീവിക്കുമ്പോൾ തന്നെ സ്വർഗത്തെ അനുഭവിക്കാൻ ജപമാല പ്രാർത്ഥന ഏറെ സഹായകമാണ്.
4. ജപമാല തിന്മക്കെതിരെയുള്ള ശക്തമായ ആയുധമാണ്
ജപമാല എപ്പോഴും കൂടെ കരുതാനും ഇടവേളകളിൽ ജപമാല പ്രാർത്ഥന ഉരുവിടാനും പരിശുദ്ധ പിതാവ് 2020- ൽ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. “നമ്മുടെ അമ്മയായ പരിശുദ്ധ മറിയത്തോടൊപ്പം ക്രിസ്തുവിന്റെ ജീവിതരഹസ്യങ്ങളെ ധ്യാനിക്കുന്നത് പരീക്ഷണങ്ങളെ അതിജീവിക്കാൻ നമ്മെ സഹായിക്കും “- ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
ജപമാല സാത്താൻ ഭയക്കുന്ന പ്രാർത്ഥനയാണ്. ജീവിതത്തിൽ ക്രൈസ്തവർ പലവിധ പ്രലോഭനങ്ങളെ അതിജീവിക്കേണ്ടതായിട്ടുണ്ട്. പ്രതിസന്ധികളിലും പ്രലോഭനങ്ങളിലും തളരാതെ, വിശുദ്ധിയോടെ മുന്നോട്ട് നീങ്ങാൻ ജപമാലയെ മുറുകെപ്പിടിക്കാം.
5. ജപമാല രക്ഷയുടെ ചരിത്രമാണ്
ജപമാല പ്രാർത്ഥനയിൽ നമ്മുടെ രക്ഷയുടെ ചരിത്രമാണ് പറയുന്നത്. ജപമാലയിൽ ഓരോ രഹസ്യങ്ങൾ ധ്യാനിക്കുമ്പോഴും ക്രിസ്തുവിലൂടെ പൂർത്തിയാക്കപ്പെട്ട രക്ഷയുടെ രഹസ്യങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ രക്ഷയുടെ ചരിത്രം ധ്യാനിക്കുന്നത്, ക്രിസ്തുവിന്റെ മഹത്വം തിരിച്ചറിയാനും ജീവിതത്തിൽ വിശുദ്ധിക്കു വേണ്ടി യത്നിക്കാനും നമ്മെ സഹായിക്കുന്നു.
6. ജപമാല പ്രാർത്ഥന ആന്തരിക സമാധാനം നൽകുന്നു
“തിന്മക്കെതിരായ ശക്തമായ ആയുധമാണ് ജപമാല. നമ്മുടെ ഹൃദയങ്ങളിൽ യഥാർത്ഥ സമാധാനം നേടുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗവും ജപമാല പ്രാർത്ഥന തന്നെ” – ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ക്രിസ്തുരഹസ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ, ഹൃദയത്തിൽ നിറയുന്നത് ശാശ്വതമായ സമാധാനമാണ്. അത് ലോകം നൽകുന്ന സമാധാനം പോലെയല്ല; മറിച്ച്, ജീവിതപ്രശ്നങ്ങളിൽ പതറാതെ പിടിച്ചുനിൽക്കാൻ സ്വർഗ്ഗം നൽകുന്ന സമാധാനമാണ്.
ഐശ്വര്യ സെബാസ്റ്റ്യൻ