ക്രൈസ്തവ ന്യൂനപക്ഷരാജ്യമായ മംഗോളിയയിലെ മാർപാപ്പയുടെ സന്ദർശനത്തിന് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു. 1500 കത്തോലിക്കർ മാത്രമുള്ള മംഗോളിയയിൽ മാർപാപ്പ നടത്തിയ സന്ദർശനം ലോകശ്രദ്ധ നേടി. മംഗോളിയയിലേക്കുള്ള അജപാലനസന്ദർശനത്തിന്റെ അടിസ്ഥാനമായി നിലകൊണ്ടിരുന്നത്, ക്രിസ്തീയന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടായിരുന്നു. പാപ്പയുടെ 43 -മത് അപ്പസ്തോലിക സന്ദർശനമായിരുന്നു ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ മംഗോളിയയിൽ നടന്നത്. മംഗോളിയയിലേക്ക് ഫ്രാൻസിസ് പാപ്പ നടത്തിയ ചരിത്രയാത്രയിലെ ഏതാനും ചില അപൂർവ നിമിഷങ്ങളെക്കുറിച്ച് വായിക്കാം…
1. മംഗോളിയ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പ
മംഗോളിയ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ. രണ്ട് ശാസ്ത്രക്രിയകൾക്കുശേഷമുള്ള യാത്ര ബുദ്ധിമുട്ടുള്ളതായിരുന്നെങ്കിലും അദ്ദേഹം അത് പരിഗണിക്കാതെയാണ് ചെറിയ കത്തോലിക്കാഗണത്തെ സന്ദർശിക്കാൻ ഇറങ്ങിത്തിരിച്ചത്. ആഗസ്റ്റ് 31 -ന് യാത്രതിരിച്ച പാപ്പ, ഒമ്പതുമണിക്കൂർ നീണ്ട വിമാനയാത്രയ്ക്കുശേഷം സെപ്റ്റംബർ ഒന്നിന് മംഗോളിയയുടെ തലസ്ഥാന നഗരമായ ഉലാൻബാതറിൽ എത്തിച്ചേർന്നു. സാധാരണക്കാരോടൊപ്പം ചേരാനാഗ്രഹിക്കുന്ന മാർപാപ്പ, ഉലാൻബാതറിലെ തെരുവുകളിൽ പാപ്പയെ കാത്തിരുന്ന ജനങ്ങളെ തടഞ്ഞില്ല. കുതിരപ്പന്തയവും അമ്പെയ്ത്തും ഉൾപ്പെടെ മംഗോളിയൻസംസ്കാരം പ്രകടമാക്കുന്ന, അവരുടെ നിരവധി പരിപാടികൾ മടുപ്പുകൂടാതെ മണിക്കൂറുകളോളം പാപ്പാ ആസ്വദിച്ചു.
2. മംഗോളിയയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം
സെപ്റ്റംബർ രണ്ടാം തീയതിയാണ് ഫ്രാൻസിസ് മാർപാപ്പ മംഗോളിയയിലെ രാഷ്ട്രീയനേതാക്കളും പ്രാദേശികാധികാരികളും നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയത്. മംഗോളിയയുടെ പ്രസിഡന്റ് ആയ ഉഖ്നാഗിൻ ഖുറെൽസുഖിനുമായി പാപ്പാ സംവദിക്കുകയും വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന ഒരു പുരാതന കൈയെഴുത്തുപ്രതിയുടെ ഒരു പകർപ്പ് സമ്മാനമായി നൽകുകയും ചെയ്തു.
1246 മുതൽ, ഇന്നസെന്റ് നാലാമൻ മാർപാപ്പയും മംഗോളിയയുടെ ഭരണാധികാരിയും ചെങ്കിസ് ഖാന്റെ ചെറുമകനുമായ ഖാൻ ഗ്യൂക്കും തമ്മിലുള്ള ചില സംഘർഷങ്ങൾ ആ കൈയെഴുത്തുപ്രതിയിൽ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും അത് രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധമായിരുന്നുവെന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചത്. വളരുകയും പുതുക്കപ്പെടുകയും ചെയ്യുന്ന ഒരു പുരാതനസൗഹൃദത്തിന്റെ അടയാളമാണിതെന്നും ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മംഗോളിയ ഇന്നും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും മാർപാപ്പ ആ കൂടിക്കാഴ്ചയിൽ പങ്കുവച്ചു.
3. മാലിന്യക്കൂമ്പാരത്തിൽ നിന്നും കത്തീഡ്രൽ ദേവാലയത്തിലേക്കെത്തിയ ‘സ്വർഗീയമാതാവ്’
രാഷ്ട്രീയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ഫ്രാൻസിസ് മാർപാപ്പ അതിനുശേഷം ഉലാൻബാതറിലെ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ കത്തോലിക്കാസമൂഹത്തെ കണ്ടു. അവിടെവച്ചാണ് മാർപാപ്പ ‘സ്വർഗീയമാതാവ്’ എന്നറിയപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം ആശീർവദിച്ചത്.
18 വർഷംമുമ്പ് മംഗോളിയയിലെ ഡാർഖാനിലുള്ള ബുദ്ധമതക്കാരിയായ സെറ്റ്സെജി എന്ന സ്ത്രീക്ക് ഒരു മാലിന്യക്കൂമ്പാരത്തിൽനിന്നും തുണിയിൽ പൊതിഞ്ഞനിലയിൽ കണ്ടുകിട്ടിയതായിരുന്നു പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം. അത് അവർ, തന്റെ ഇടവകവികാരിയെ അറിയിക്കുകയും ദേവാലയത്തിലേക്കു നൽകുകയും ചെയ്തു. പിന്നീട് കർദിനാൾ ജോർജിയോ മാരേങ്കോയാണ് മാതാവിന്റെ രൂപം കത്തീഡ്രൽ ദേവാലയത്തിലേക്ക് കൊണ്ടുപോയത്. പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപത്തിന് മംഗോളിയയിലെ കത്തോലിക്കാവിശ്വാസികൾ നിർദേശിച്ച പല പേരുകളും കർദിനാൾ ജോർജിയോ ക്രോഡീകരിച്ച് മാർപാപ്പയെ കാണിച്ചിരുന്നു. മാർപാപ്പയാണ് അതിൽനിന്നും ‘സ്വർഗീയമാതാവ്’ എന്ന പേരു നൽകിയത്.
മംഗോളിയയിലെ, കഴിഞ്ഞ 30 വർഷത്തെ സുവിശേഷവൽക്കരണത്തിൽ പ്രധാന പങ്കുവഹിച്ചതിന് അവിടെയുണ്ടായിരുന്ന എല്ലാ വൈദികരെയും മിഷനറിമാരെയും മറ്റു വിശ്വാസികളെയും കത്തീഡ്രൽ ദേവാലയത്തിൽവച്ച് മാർപാപ്പ അഭിനന്ദിച്ചു.
“കർത്താവ് നിങ്ങളെ തിരഞ്ഞെടുത്തു. നിങ്ങളെ അവിടുന്ന് വിശ്വസിക്കുന്നു; അവിടുന്ന് എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ സുവിശേഷസാക്ഷ്യത്തിന് ഞാൻ ദൈവത്തിന്റെ നാമത്തിൽ നിങ്ങൾക്കു നന്ദിപറയുന്നു” – മാർപാപ്പ പറഞ്ഞു.
4. അതുല്യമായ മതാന്തരസമ്മേളനം
മംഗോളിയയിലെ അപ്പസ്തോലിക സന്ദർശനത്തിൽ ഫ്രാൻസിസ് മാർപാപ്പ വിവിധ വിശ്വാസങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള, 11 വ്യത്യസ്ത മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബുദ്ധമത ഭൂരിപക്ഷമുള്ള രാജ്യമായ മംഗോളിയയിലെ ഉലാൻബാതറിലെ ഗണ്ഡൻ ബുദ്ധവിഹാരത്തിന്റെ മഠാധിപതിയായ കമ്പ നോമുൻ ഖാൻ, തന്റെ ബുദ്ധസഹോദരങ്ങൾ പണ്ടും ഇന്നും അനുഭവിച്ചിട്ടുള്ള വ്യത്യസ്ത പീഡനങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കുവച്ചിരുന്നു. തുടർന്ന് ഷാമൻ, ഓർത്തഡോക്സ്, യഹൂദ, ബഹായി, മുസ്ലീം, ഹിന്ദു, ഇവാഞ്ചലിക്കൽ, അഡ്വെൻറിസ്റ്റ്, യഹോവസാക്ഷി സമൂഹങ്ങളുടെ പ്രതിനിധികളെയും മാർപാപ്പ കണ്ടിരുന്നു.
“സഹോദരന്മാരേ, ഈ ഭൂമിയിലെ മറ്റു തീർഥാടകരുമായി യോജിച്ചുജീവിക്കാനും നാം താമസിക്കുന്ന സ്ഥലങ്ങളിൽ ആ സൗഹാർദം പങ്കുവയ്ക്കാനും നാം എത്രത്തോളം പ്രാപ്തരാണ് എന്നതാണ് നമ്മുടെ മതപാരമ്പര്യങ്ങളുടെ സാമൂഹിക പ്രാധാന്യം അളക്കുന്ന ഘടകം” – മാർപാപ്പ മതനേതാക്കളെ ഓർമ്മപ്പെടുത്തി.
5. “സിയാവോ, നി ഹാവോ, വിവ ഇൽ പാപ്പാ”
മംഗോളിയയിലെത്തിയ ഫ്രാൻസിസ് മാർപാപ്പയെ കാണാൻ ചൈനയുടെ പല ഭാഗത്തുനിന്നുമുള്ള നിരവധി കത്തോലിക്കാ ഗ്രൂപ്പുകൾ എത്തിയിരുന്നു. ചൈനീസ് ഗവൺമെന്റിന്റെ വിലക്കുകൾ വകവയ്ക്കാതെ മാർപാപ്പയെ കാണാനെത്തിയ ചൈനീസ് കത്തോലിക്കരയും അദ്ദേഹം കണ്ടിരുന്നു.
വിശുദ്ധ കുർബാനയുടെ അവസാനത്തിൽ, ഫ്രാൻസിസ് മാർപാപ്പ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ഹോങ്കോങ്ങിലെ ബിഷപ്പ് കർദിനാൾ സ്റ്റീഫൻ ചൗവിന്റെ കൈപിടിച്ച്, ചൈനയിലെ ക്രൈസ്തവരെ അഭിസംബോധന ചെയ്തുകൊണ്ട് “നല്ല ക്രിസ്ത്യാനികളും നല്ല പൗരന്മാരുമാകാൻ” അവർക്കായി മാർപാപ്പ സന്ദേശമറിയിച്ചു. ആ സമയം ജനം ഒന്നാകെ വിളിച്ചുപറഞ്ഞ വാക്കുകളായിരുന്നു, “സിയാവോ, നി ഹാവോ, വിവ ഇൽ പാപ്പാ” “ഹായ്, പാപ്പ അങ്ങ് നീണാൾവാഴട്ടെ.”
6. ഉലാൻബതാറിൽ ‘കാരുണ്യഭവന’ത്തിന്റെ ആശീർവാദം
ഭവനരഹിതരെയും കുടിയേറ്റക്കാരെയും സഹായിക്കുന്ന സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായ ഉലാൻബാതറിലെ ‘ഹൗസ് ഓഫ് മേഴ്സി’, ഫ്രാൻസിസ് മാർപാപ്പ ആശീർവദിച്ചു. മംഗോളിയൻസഭ വലുപ്പത്തിൽ ചെറുതാണെങ്കിലും കൂട്ടായ്മയിലും പ്രാർഥനയിലും, നിസ്വാർഥസേവനത്തിലും വിശ്വാസത്തിന്റെ സാക്ഷ്യത്തിലും മുൻപന്തിയിലാണെന്ന് മാർപാപ്പ അനുസരിച്ചു.
വിവർത്തനം: സി. നിമിഷ റോസ് CSN