![sisters-of-charity-saint-vincent-de-paul-croatia-solomon-islands](https://i0.wp.com/www.lifeday.in/wp-content/uploads/2023/09/sisters-of-charity-saint-vincent-de-paul-croatia-solomon-islands.jpg?resize=696%2C435&ssl=1)
കഴിഞ്ഞ 12 വർഷങ്ങളായി സോളമൻ ദ്വീപുകളിൽ സാധാരണക്കാരായ ആളുകളെ അവരുടെ ആവശ്യങ്ങളിൽ സഹായിച്ചുകൊണ്ട് ക്രിസ്തുവിന്റെ സാക്ഷ്യം പകരുകയാണ് ക്രൊയേഷ്യയിൽ നിന്നുള്ള സെന്റ് വിൻസെന്റ് ഡി പോൾ ചാരിറ്റിയിലെ സഹോദരിമാർ. മോശവും അപകടംപിടിച്ചതുമായ വഴികൾ നിറഞ്ഞതും വൈദ്യുതിസൗകര്യങ്ങൾ ഇല്ലാത്തതുമായ ബ്യൂമാ രൂപതയിലെ മലൈത ദ്വീപിലാണ് ഈ സന്യാസിനിമാർ സേവനംചെയ്യുന്നത്.
തേങ്ങാ വില്പനയും മത്സ്യബന്ധനവുമാണ് ഈ പ്രദേശവാസികളുടെ ഉപജീവനമാർഗം. ഇവർക്ക് ആവശ്യമായ വിദ്യാഭ്യാസവും മെഡിക്കൽ സഹായങ്ങളും ഒപ്പം വിശ്വാസപരിശീലനവും നൽകി ഇവരെ കൈപിടിച്ചുനടത്തുകയാണ് ഇവിടെ ശുശ്രൂഷചെയ്യുന്ന വിൻസെൻഷ്യൻ സഹോദരിമാർ. നീണ്ട പന്ത്രണ്ടു വർഷങ്ങളുടെ മിഷൻപ്രവർത്തനങ്ങളുടെ ഫലമായി ഈ ദ്വീപുസമൂഹങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സന്യാസിനിമാർക്കു കഴിഞ്ഞു, പ്രത്യേകിച്ചും വിശ്വാസത്തിന്റെ തലത്തിൽ വലിയ മാറ്റമാണ് സംഭവിച്ചിരുന്നത്.
മിഷൻപ്രവർത്തനങ്ങളുടെ ഫലമായി, ഇവിടെ സഭ അനുദിനം വളർച്ചയുടെ പാതയിലാണ്; ഒപ്പം ക്രൈസ്തവവിശ്വാസത്തെ നെഞ്ചേറ്റുന്ന അനേകം യുവജനങ്ങളെ വാർത്തെടുക്കാനും ഈ മിഷനറിമാർക്കു കഴിഞ്ഞു. മരിയൻ യൂത്ത് എന്ന പ്രസ്ഥാനത്തിലൂടെ യുവജങ്ങളിലേക്ക് കൂടുതൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ സന്യസിനിമാർക്കു കഴിഞ്ഞു. ഇവരുടെ അഭിപ്രായത്തിൽ, ഇവിടുത്തെ യുവജനങ്ങൾ തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് കൂടുതൽ അറിയാനും സഭയിൽ സജീവമായിരിക്കാനും ഉത്സുകരാണ്.
സ്ത്രീകൾക്ക് വരുമാനമാർഗം ഉണ്ടാക്കിനൽകുക, ഫീസ് അടയ്ക്കാൻ കഴിയാത്തതുമൂലം വിദ്യാഭ്യാസം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടിവരുന്ന കുട്ടികളെ വിവിധ ആളുകളുടെ സഹായത്തോടെ പഠിപ്പിക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധപതിപ്പിക്കുക തുടങ്ങി അനേകം പ്രവർത്തനങ്ങളിലൂടെ ഈ സന്യാസിനിമാർ ദ്വീപ് നിവാസികൾക്ക് താങ്ങാവുകയാണ്.
“ഇവിടെ മലേറിയ വളരെ സാധാരണമാണ്. നിർഭാഗ്യവശാൽ മലേറിയയ്ക്കുള്ള മരുന്നുകളൊന്നും ക്ലിനിക്കിൽ ലഭ്യമല്ല. അതിനാൽ ഈ അപകടകരമായ അവസ്ഥ മറികടക്കാൻ കുട്ടികളെയും ഗർഭിണികളെയും സഹായിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഞങ്ങൾ ശുശ്രൂഷചെയ്യുന്നത് പാവങ്ങളുടെ ഇടയിലാണ്. അവർ ഞങ്ങളിൽ സുരക്ഷിതമായ ഒരു അഭയസ്ഥാനം കാണുന്നു. അതിനാൽ അവരുടെ ഏതൊരു ആവശ്യങ്ങളിലും സഹായാഭ്യർഥനയുമായി അവർ ഞങ്ങളുടെ പക്കലെത്തുന്നു. അവർക്ക് ആവശ്യമുള്ളതെല്ലാം നൽകാൻ ഞങ്ങൾക്ക് കഴിയില്ല, എങ്കിലും അവരിലൊരാളായി ഞങ്ങളെയും അംഗീകരിക്കുന്നു എന്നത് ഒരു വലിയ കാര്യമാണ്” – സി. വെറോണിക്ക പറയുന്നു.