![1silence](https://i0.wp.com/www.lifeday.in/wp-content/uploads/2023/08/1silence.jpg?resize=600%2C376&ssl=1)
![](https://i0.wp.com/www.lifeday.in/wp-content/uploads/2023/01/jincy.jpg?resize=133%2C172&ssl=1)
സഹനങ്ങളുണ്ടാകുമ്പോൾ അവയെ ശാന്തതയോടെ സ്വീകരിക്കാൻ കഴിയണമെങ്കിൽ ആന്തരികമായി നാം ശക്തരായിരിക്കണം. പൊട്ടിത്തെറിയും സ്വന്തം നിഷ്കളങ്കത തെളിയിക്കാനുള്ള ബദ്ധപ്പാടും ആന്തരികദൗർബല്യത്തിന്റെ അടയാളങ്ങളാണ്. സഹനം സ്വീകരിക്കാത്തതിന്റെ അടയാളമാണ് പറഞ്ഞുകൊണ്ടുനടക്കുന്നത്. സങ്കടങ്ങൾ ദൈവസന്നിധിയിൽ ഇറക്കിവയ്ക്കാൻ കഴിയാത്തവരാണ് എപ്പോഴും മനുഷ്യരിൽ നിന്നുള്ള ആശ്വാസത്തിനുവേണ്ടി ഓടിനടക്കുന്നത്. സങ്കടങ്ങൾ പറഞ്ഞുനടക്കാനുള്ളതല്ല; അത് നമ്മുടെയും മറ്റുള്ളവരുടെയും രക്ഷയ്ക്കുള്ള മുത്തുകളാണ്.
ഓർക്കുക, പീലാത്തോസിന്റെ മുന്നിലും ഹേറോദേസിന്റെ മുന്നിലും യേശു നിശ്ശബ്ദനായിരുന്നു. “പ്രധാന പുരോഹിതരും പ്രമാണിമാരും അവന്റെമേൽ കുറ്റമാരോപിച്ചപ്പോൾ അവൻ ഒരു മറുപടിയും പറഞ്ഞില്ല” (മത്തായി 27: 12-14). കാരണം, “അവന് ക്ഷതമേൽക്കണമെന്നത് കർത്താവിന്റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങൾക്ക് വിട്ടുകൊടുത്തത്” (ഏശയ്യ 53: 9-10).
ദൈവം അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ലെന്നും എല്ലാ തിന്മകളെയും നന്മയാക്കി മാറ്റാൻ ദൈവത്തിന് കഴിയുമെന്നുള്ള വിശ്വാസമാണ് സഹനങ്ങളുടെ മുന്നിൽ പതറാതെനില്ക്കാൻ നമുക്ക് ശക്തിനല്കുന്നത്.
ജിൻസി സന്തോഷ്