![lifeday-catholic-article-sign-of-the-cross](https://i0.wp.com/www.lifeday.in/wp-content/uploads/2023/09/lifeday-catholic-article-sign-of-the-cross.jpg?resize=696%2C435&ssl=1)
ശ്രദ്ധാപൂര്‍വം അര്‍ഥമറിഞ്ഞ് കുരിശിനെ ധ്യാനിച്ചാല്‍ നമുക്കത് വലിയ സംരക്ഷണമായിരിക്കും. ഉണരുമ്പോള്‍ കുരിശ് വരച്ചുകൊണ്ടുതുടങ്ങുന്ന നമ്മുടെ ഒരു ദിവസം, ഉറങ്ങുമ്പോള്‍ കുരിശുവരച്ചുകൊണ്ടാണ് അവസാനിക്കുന്നത്. യഥാര്‍ഥത്തില്‍ ഇവയ്ക്കിടയ്ക്കുള്ള നമ്മുടെ ജീവിതം കുരിശിനെ അഭിമുഖീകരിച്ചുകൊണ്ടാണ് തുടരുന്നത്. കുരിശ് കേന്ദ്രീകൃതമായ ജീവിതം എപ്രകാരമാണ് അനുഗ്രഹമാകുന്നതെന്ന് വിശുദ്ധരുടെ വാക്കുകളില്‍നിന്ന് മനസിലാക്കാം…
“കര്‍ത്താവേ, അങ്ങയുടെ കുരിശ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവയാണ്. എല്ലാ വരങ്ങളുടെയും കാരണമാണ്. അതുവഴി വിശ്വാസികള്‍ ബലഹീനതയില്‍ ശക്തിയും ലജ്ജയില്‍ മഹത്വവും മരണത്തില്‍നിന്ന് ജീവനും കണ്ടെത്തുന്നു” എന്ന് വി. ലെയോ പറയുന്നു.
വി. ബനഡിക്ടിന്റെ ജീവിതത്തില്‍ ഒരു സംഭവമുണ്ട്. അദ്ദേഹത്തിന്റെ വിശുദ്ധിയെക്കുറിച്ച് കേട്ടറിഞ്ഞ് അദ്ദേഹത്തിന്റെ സന്യാസ സഭയില്‍ പലരും വന്നുചേര്‍ന്ന് ശിഷ്യന്മാരായി. അദ്ദേഹത്തിന്റെ നിയമത്തിന്റെ കാര്‍ക്കശ്യം ചില ശിഷ്യന്മാര്ക്ക് അസ്സഹനീയമായി തോന്നുകയും അവര്‍ അദ്ദേഹത്തിനുള്ള ഭക്ഷണത്തില്‍ വിഷംകലര്ത്തുകയും ചെയ്തു. ബെനഡിക്ട് കുരിശടയാളത്താല്‍ ഭക്ഷണപദാര്‍ഥങ്ങള്‍ ആശീര്‍വദിച്ചപ്പോള്‍ പാത്രം പൊട്ടിച്ചിതറിപ്പോയത്രെ.
കുരിശുവരയ്ക്കുന്ന കാര്യത്തില്‍ വി. ജോണ്‍ ക്രിസോസ്തോം പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക: “കുരിശടയാളം നിങ്ങളുടെ വിമോചനത്തിന്റെ അടയാളമാണ്. അത് വരയ്ക്കുമ്പോള്‍ നിങ്ങളുടെ മോചനദ്രവ്യമായി എന്താണ് നല്‍കിയതെന്ന് ഓര്‍മ്മിക്കുക. അപ്പോള്‍ നിങ്ങള്‍ മറ്റാരുടെയും അടിമയാവുകയില്ല. അതുകൊണ്ട് നിങ്ങളുടെ വിരലുകള്കൊണ്ടു മാത്രമല്ല, വിശ്വാസംകൊണ്ടും കുരിശുവരയ്ക്കുക. നിങ്ങളുടെ നെറ്റിയില്‍ കുരിശടയാളം പതിച്ചാല്‍ അശുദ്ധാരൂപികള്ക്ക് നിങ്ങളുടെ മുമ്പില്‍ നില്ക്കാന് ധൈര്യമുണ്ടാവുകയില്ല. തന്നെ മുറിവേല്പിച്ച ആയുധവും തനിക്ക് മരണശിക്ഷ വിധിച്ച വാളും പിശാച് ആ കുരിശില്‍ കാണുന്നു.”
വി. ക്രിസോസ്തോം വീണ്ടും ഇപ്രകാരം പഠിപ്പിക്കുന്നു: “കുരിശടയാളം വരയ്ക്കുമ്പോള്‍ കുരിശിലടങ്ങിയിരിക്കുന്ന എല്ലാ രഹസ്യങ്ങളും ഓര്‍മ്മിക്കുക. നിങ്ങളുടെ നെറ്റിയിലും നെഞ്ചും ഓരോ അവയവവും കുരിശിനാല്‍ മുദ്രചെയ്യുമ്പോൾ, നിങ്ങളെത്തന്നെ ക്രിസ്തുവിന്റെ ദാസനും ദാസിയുമായി സമര്‍പ്പിക്കണം. ഹൃദയവും മനസും പങ്കുചേരാതെ കൈകൊണ്ടു മാത്രമുള്ള കുരിശുവര അര്‍ഥരഹിതമാണ്.”
വി. അപ്രേമിന്റെ ഒരു കീര്‍ത്തനത്തില്‍ അദ്ദേഹം ഇപ്രകാരം പറയുന്നു: “നല്ലവനായ ഈശോയേ, നിന്റെ സ്ലീവായെകണ്ട് ആരെങ്കിലും നീ മനുഷ്യനല്ലായെന്ന വസ്തുതയെ സംശയിക്കുമോ? നിന്റെ ശക്തികണ്ട് ആരെങ്കിലും നീ ദൈവമാണെന്ന് വിശ്വസിക്കാതിരിക്കുമോ? നിന്റെ കുരിശും ശക്തിയുംകണ്ട് നീ ദൈവവും മനുഷ്യനുമാണെന്ന് ഏറ്റുപറയാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു.”
വിശുദ്ധരുടെ ഈ വാക്കുകള്‍ സ്വീകരിച്ച് വിശുദ്ധ കുരിശില്‍ അഭയംതേടി ജീവിതത്തെ നയിക്കാന്‍ പരിശ്രമിക്കാം.