![campus](https://i0.wp.com/www.lifeday.in/wp-content/uploads/2023/08/campus.jpg?resize=696%2C435&ssl=1)
പുതുതായി കോളേജിലെത്തുന്ന വിദ്യാർഥികളിൽ പലരും പുതിയ ചുറ്റുപാടുകളുമായി ഇണങ്ങിച്ചേരാൻ സമയമെടുക്കാറുണ്ട്. കോളേജ് കാലഘട്ടത്തിലെ ആദ്യദിനങ്ങൾ പലപ്പോഴും പല വിദ്യാർഥികൾക്കും ഏറെ സമ്മർദപൂരിതമാണ്. പുതിയ സൗഹൃദങ്ങൾ കണ്ടെത്താനും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും കഴിയാതെവരുന്ന ഇത്തരക്കാർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് ഏകാന്തത. മറ്റുള്ളവരുമായി ഇടപഴകാനും സൗഹൃദങ്ങൾ സ്ഥാപിക്കാനും സ്വഭാവേന പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് പലപ്പോഴും ഈ കടുത്ത ഏകാന്തതയിൽ കഴിയേണ്ടിവരുന്നത്. മറ്റുള്ളവർക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട് എന്ന ചിന്ത ഇവരുടെ ഏകാന്തത വർധിപ്പിക്കുന്ന വസ്തുതയാണ്.
കോളേജ് വിദ്യാർഥികളുടെയിടയിൽ നടത്തിയ പല സർവേകളുടെയും ഫലങ്ങളിൽ 67% ഓളം കുട്ടികൾ കാമ്പസിലെ ആദ്യദിനങ്ങളിൽ ഏകാന്തതയെ അഭിമുഖീകരിക്കുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക് ഇതുവരെയും നിങ്ങളുടെ കോളേജിൽ സൗഹൃദവലയങ്ങൾ രൂപപ്പെടുത്താനായിട്ടില്ലെങ്കിൽ അതിനർഥം നിങ്ങൾ നല്ലവരല്ലെന്നോ, നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അല്ല. കാരണം നല്ല സൗഹൃദങ്ങൾ രൂപപ്പെടാൻ സമയമെടുക്കുകതന്നെ ചെയ്യും. ഈ ഏകാന്തതയെ അതിജീവിക്കാൻ നമുക്ക് നമ്മെത്തന്നെ സഹായിക്കേണ്ടതുണ്ട്. ഇതിന് നമ്മെ സഹായിക്കുന്ന ലളിതവും ഉപകാരപ്രദവുമായ ഏഴു മാർഗങ്ങൾ പരിചയപ്പെടാം.
1. സഹപാഠികൾക്ക് സ്വയം പരിചയപ്പെടുത്തുക
സൗഹൃദങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ആദ്യമാർഗം, സഹപാഠികൾക്ക് സ്വയം പരിചയപ്പെടുത്തുക എന്നതാണ്. സഹപാഠികളുടെ പേരുകൾ പോലുമറിയാതെ അപരിചിതരായി കഴിയുന്ന അനേകം കുട്ടികളെ കോളേജുകളിൽ കാണാൻ കഴിയും. നമ്മുടെ ഏകാന്തതയുടെ ചട്ടക്കൂടുകളെ പൊട്ടിച്ചെറിയാൻ നമ്മൾ തന്നെയാണ് ആദ്യം ചുവടുവയ്‌ക്കേണ്ടത്. അത് വിജയങ്ങളിലേക്കു വഴിതെളിക്കും. ഓരോ സൗഹൃദവും ഒരു പരിചയപ്പെടലോടെയാണ് ആരംഭിക്കുക. അതുകൊണ്ടുതന്നെ നമ്മെ പരിചയപ്പെടുത്തിക്കൊണ്ടും സഹപാഠിയെക്കുറിച്ച് ചോദിച്ചറിഞ്ഞും സൗഹൃദങ്ങൾ സ്ഥാപിക്കാനും ഏകാന്തതയെ അതിജീവിക്കാനും പരിശ്രമിക്കാം.
2. നിങ്ങൾക്കു ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക
ഏകാന്തതയെ അതിജീവിച്ച് സൗഹൃദങ്ങൾ സ്ഥാപിക്കാൻ പുതിയ വഴികൾ തേടിപ്പോകേണ്ടതില്ല. ക്ലാസ്സ് മുറികളിൽ പഠനവുമായി ബന്ധപ്പെട്ടുനടക്കുന്ന പാഠ്യേതരപ്രവർത്തനങ്ങളിലും വിദ്യാർഥിഗ്രൂപ്പുകളിലും സജീവമാകുന്നതോടെ സഹപാഠികളുമായി കൂടുതൽ ബന്ധപ്പെടാൻ സാധിക്കുന്നു. ഒരുപക്ഷേ, നമ്മുടെ കഴിവുകളോ, അഭിപ്രായങ്ങളോ പങ്കുവയ്ക്കാൻ ആദ്യഘട്ടങ്ങളിൽ സാധിച്ചില്ലെങ്കിലും അത്തരം കൂടിച്ചേരലുകളെ ഒഴിവാക്കാതെ സജീവമായി അതിൽ പങ്കെടുക്കുന്നതിലൂടെ സാവധാനത്തിൽ നമ്മൾ കൂടുതൽ സ്വതന്ത്രരാവുകയും മറ്റുള്ളവരുമായി ഇടപെടാനുള്ള കല അഭ്യസിക്കുകയും ചെയ്യും.
3. വ്യായാമം ചെയ്യുക
ശാരീരികമായി സജീവമാകുന്നതിലൂടെയും ഏകാന്തതയെ അതിജീവിക്കാൻ കഴിയുമെന്ന് പല പഠനങ്ങളും തെളിയിക്കുന്നുണ്ട്. കാരണം, കായികമായ കാര്യങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ക്യാമ്പസിലെ വിവിധ ഗ്രൂപ്പുകളിൽ സജീവമാവുകയും നാം അറിയാതെ തന്നെ ഒരു സൗഹൃദവലയം നമുക്കുചുറ്റും രൂപപ്പെടുകയും ചെയ്യും. അത് നമ്മളെ കൂടുതൽ ഉത്സാഹമുള്ളവരും പ്രവർത്തനനിരതരാക്കുകയും ചെയ്യും. അതിലൂടെ ഏകാന്തതയെ അതിജീവിക്കാൻ നമുക്ക് സാധിക്കും.
4. ദേവാലയത്തോടും വിശ്വാസജീവിതത്തോടും ബന്ധം പുലർത്തുക
നമ്മുടെ ഏകാന്തതയെ അതിജീവിക്കാനും അവയെ ഫലപ്രദമായി നേരിടാനും ഏറ്റവും കൂടുതൽ നമ്മെ സഹായിക്കുന്നത് നമ്മുടെ വിശ്വാസത്തോടും ഇടവകദേവാലയത്തോടും നമ്മൾ പുലർത്തുന്ന ബന്ധം കൂടിയാണെന്നു മറക്കാതിരിക്കാം. മതപരമായ പല സംഘടനളിലും പങ്കുചേർന്നുകൊണ്ട് സമൂഹത്തോട് സംവദിക്കാനുള്ള പരിശീലനം വിശ്വാസപരിശീലന ക്ലാസ്സുകളിലൂടെയും ദേവാലയവുമായി ബന്ധപ്പെട്ടുള്ള ചെറിയ ചെറിയ സംഘടനകളിൽ സജീവമാകുന്നതിലൂടെയും സാധിക്കുന്നു. ഇത്തരത്തിലുള്ള ഒരു പരിശീലനം, മറ്റുള്ളവരുമായി എളുപ്പത്തിൽ സൗഹൃദം സ്ഥാപിക്കുന്നതിനു സഹായകരമാകും.
5. തുറവിയുള്ളവരാകുക
കോളേജിന്റെ ചുറ്റുപാടിൽ നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് നമ്മെ സഹായിക്കാൻ അധ്യാപകരും കൗൺസിലിംഗ് അവസരങ്ങളും ലഭ്യമാണ്. നമ്മൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും നമ്മുടെ മാനസികാവസ്ഥയെക്കുറിച്ചും തുറവിയോടെ അവരുമായി പങ്കുവയ്ക്കുന്നതുവഴി ലളിതമായ മാർഗങ്ങളിലൂടെ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ അവർ നമ്മളെ സഹായിക്കും. പ്രശ്നങ്ങൾ സ്വയം പരിഹരിക്കുന്നതിനേക്കാൾ അറിവുള്ളവരുടെ സഹായം തേടുന്നത്, കൂടുതൽ എളുപ്പത്തിലും വിജയകരമായും നമ്മുടെ ബുദ്ധിമുട്ടുകളെ അതിജീവിക്കാൻ നമ്മെ സഹായിക്കും.
6. വിവേകപൂർവം പ്രവർത്തിക്കുക
നമ്മുടെ സൗഹൃദങ്ങൾ ഒരുപക്ഷേ, നമ്മളെ തിന്മയിലേക്കു നയിക്കുന്നതായി മനസ്സിലാക്കിയാൽ അതിൽനിന്നും പുറത്തുകടക്കാൻ ശ്രമിക്കണം. അല്ലാതെ, ആ കെണിയിൽ കുടുങ്ങി നിരാശയിലും ഏകാന്തതയിലും കഴിയരുത്. അത്തരം സാഹചര്യങ്ങളിൽ വിവേകപൂർവം പ്രവർത്തിക്കാൻ ശ്രമിക്കുക എന്നതാണ് പ്രധാനപരിഹാരം. നമുക്ക് ഗുണകരമല്ലാത്ത സംസാരങ്ങളിലേക്കും പ്രവൃത്തികളിലേക്കും നയിക്കുന്നവയാണോ നമ്മുടെ സൗഹൃദങ്ങളെന്ന് വിലയിരുത്തിക്കൊണ്ട് മുന്നേറാൻ ശ്രദ്ധിക്കണം.
7. സ്ഥിരതയോടെ പരിശ്രമിക്കുക
ചില വ്യക്തിത്വവികലതകളെ അതിജീവിക്കാൻ സമയമെടുക്കാറുണ്ട്. അതിന് സ്ഥിരമായ പരിശ്രമം അത്യാവശ്യമാണ്. നമുക്കിടയിൽ പരാജയങ്ങളെ അഭിമുഖീകരിക്കാൻ കഴിയാതെ ആദ്യപരിശ്രമങ്ങളിൽ തന്നെ പതറിപ്പോകുന്നവരുണ്ട്. എന്നാൽ ഏതൊരു വിജയത്തിന്റെയും പിന്നിൽ സ്ഥിരമായ പരിശ്രമമാണ് അടിസ്ഥാനകാരണമായി നിലകൊള്ളുന്നതെന്ന തത്വം മറക്കാതിരിക്കാനും, അത് കൂടെക്കൂടെ ഓർത്തുകൊണ്ട് ശക്തിപ്പെടാനും ശ്രമിക്കാം. നമുക്ക് ചെയ്യാൻ സാധിച്ചിട്ടുള്ള കാര്യങ്ങൾ മനസ്സിലുറപ്പിച്ചുകൊണ്ട് ധൈര്യം സംഭരിക്കാനും കൊച്ചുകൊച്ചു പരാജയങ്ങളെ അതിജീവിച്ചുകൊണ്ട് സമൂഹത്തോട് സംവദിക്കാനും സഹപാഠികളുമായി തുറവിയോടെ ഇടപഴകാനും പരിശ്രമിക്കാം.