വിശുദ്ധ ജെറോമിന്റെ തിരുനാളിനോടനുബന്ധിച്ച് സെപ്റ്റംബർ മാസം കത്തോലിക്കാസഭ ബൈബിൾ മാസമായി ആചരിക്കുന്നു. വിശുദ്ധ ബൈബിൾ കൂടുതലായി വായിക്കാനും ധ്യാനിക്കാനും എല്ലാവർക്കും പ്രചോദനം നൽകുക എന്നതാണ് ബൈബിൾ മാസം ആചരിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഒരു പോക്കറ്റ് ബൈബിൾ കൂടെ കൊണ്ടുനടക്കാനും സാധ്യമാകുമ്പോഴെല്ലാം ബൈബിൾ വായിക്കാനും ഫ്രാൻസിസ് മാർപാപ്പ പലതവണ വിശ്വാസികളെ അനുസ്മരിപ്പിച്ചിട്ടുണ്ട്.
“ഇന്ന് ഒരാൾക്ക് നിരവധി സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് സുവിശേഷം വായിക്കാൻ കഴിയും. സമ്പൂർണ്ണ ബൈബിൾ മൊബൈൽ ഫോണിലും ടാബ്ലെറ്റിലും കൊണ്ടു നടക്കാം. എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ദൈവവചനം വായിക്കുകയും തുറന്ന ഹൃദയത്തോടെ ദൈവവചനത്തെ സ്വാഗതം ചെയ്യുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം. അപ്പോൾ നമ്മൾ നല്ല ഫലം കായ്ക്കുന്നവരാകുന്നു.” – എന്ന പരിശുദ്ധ പിതാവിന്റെ വാക്കുകൾ തിരുവചനം വായിക്കാനും കൂടെ കൊണ്ടു നടക്കാനും നമുക്ക് പ്രചോദനമാകട്ടെ. കത്തോലിക്കാസഭ ബൈബിൾ മാസമായി ആചരിക്കുന്ന ഈ അവസരത്തിൽ വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ച് ഏതാനും വസ്തുതകൾ നമുക്ക് വായിക്കാം.
1. ബൈബിൾ എന്നതിന്റെ പൊരുൾ
ബൈബിൾ എന്ന പദം ഗ്രീക്കിൽ നിന്നാണ് ഉത്ഭവിച്ചത്. ‘പുസ്തകങ്ങൾ’ എന്നാണ് ബൈബിൾ എന്ന വാക്കിനർഥം. സഭാപിതാവായിരുന്ന വിശുദ്ധ ജെറോം ബൈബിളിനെ ‘ദൈവിക ലൈബ്രറി’ എന്നാണ് വിളിച്ചിരുന്നത്. ഇദ്ദേഹമായിരുന്നു ബൈബിൾ ലാറ്റിനിലേക്ക് വിവർത്തനം ചെയ്തത്. ‘തിരുവെഴുത്തുകൾ’, ‘വിശുദ്ധ തിരുവെഴുത്തുകൾ’ എന്നും വിശുദ്ധ ബൈബിൾ അറിയപ്പെടുന്നു.
2. ബൈബിളിന്റെ വിഭജനം
ബൈബിളിൽ 73 പുസ്തകങ്ങളാണുള്ളത്. ഇവയെ പഴയ നിയമമെന്നും (Old Testament) എന്നും (New Testament) എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. ഇതിൽ 46 പുസ്തകങ്ങൾ പഴയനിയമത്തിലും 27 പുസ്തകങ്ങൾ പുതിയ നിയമത്തിലും ഉൾപ്പെടുന്നു. പഴയ നിയമ ഗ്രന്ഥങ്ങൾ ക്രിസ്തുവിനു മുൻപ് രചിക്കപ്പെട്ടതാണ്. അവയെ 21 ചരിത്രഗ്രന്ഥങ്ങളായും 18 പ്രവാചക ഗ്രന്ഥങ്ങളായും 7 ജ്ഞാന ഗ്രന്ഥങ്ങളായും തരം തിരിച്ചിരിക്കുന്നു. ക്രിസ്തുവിനു ശേഷം രചിക്കപ്പെട്ട പുതിയ നിയമ ഗ്രന്ഥത്തിൽ പ്രധാനമായും നാലു സുവിശേഷങ്ങളും അപ്പസ്തോല പ്രവർത്തനങ്ങളും ശ്ലീഹന്മാരുടെ കത്തുകൾ അഥവാ ലേഖനങ്ങളും വെളിപാട് പുസ്തകവും ഉൾപ്പെടുന്നു.
3. ഭാഷകൾ
ബൈബിൾ എഴുതപ്പെട്ടത് പ്രധാനമായും ഹെബ്രായ ഭാഷയിലും ഗ്രീക്കു ഭാഷയിലും അറമായ ഭാഷയിലും ആയിരുന്നു. പിന്നീട് പല നൂറ്റാണ്ടുകളിലായി അവ ലത്തീൻ ഭാഷയിലേക്കും പിന്നീട് മറ്റു ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിന് മുമ്പ്, വിവിധ കയ്യെഴുത്ത് പ്രതികളായാണ് ബൈബിൾ രൂപപ്പെടുത്തിയിരുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഏക കൃതി വിശുദ്ധ ബൈബിളാണ്.
4. സെപ്റ്റംബർ എന്തുകൊണ്ട് ബൈബിൾ മാസമായി
വിശുദ്ധ ബൈബിൾ അതിന്റെ മൂലഭാഷയിൽ നിന്നും വിവർത്തനം ചെയ്ത വിശുദ്ധ ജെറോമിന്റെ തിരുനാൾ സെപ്റ്റംബർ മാസത്തിലാണ് അനുസ്മരിക്കുന്നത്. അതുകൊണ്ടുതന്നെ സെപ്റ്റംബർ ബൈബിൾ മാസമായി ആചരിക്കുന്നു. ബൈബിളിന്റെ, ‘വുൾഗാത്ത’ എന്ന പേരിൽ പ്രസിദ്ധമായ ലത്തീൻ പരിഭാഷയാണ് വിശുദ്ധ ജെറോമിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. അദ്ദേഹം രചിച്ചിട്ടുള്ള മറ്റു കൃതികൾ ഇന്നും ശ്രദ്ധേയമാണ്.
5. ബൈബിൾ മാസം എങ്ങനെ ആചരിക്കാം
ലോകമെമ്പാടുമുള്ള കത്തോലിക്കാ ഇടവകകളിൽ സാധാരണയായി ബൈബിൾ പരിശീലന കോഴ്സുകൾ, പ്രസംഗങ്ങൾ, ആഘോഷമായ ബൈബിൾ പ്രതിഷ്ഠ എന്നിവ നടത്തിക്കൊണ്ട് ബൈബിൾ മാസം ആചരിക്കാറുണ്ട്. തുടർച്ചയായുള്ള ബൈബിൾ പാരായണവും ബൈബിൾ പ്രാർഥനാപൂർവം പകർത്തി എഴുതുന്നതും പ്രോത്സാഹിപ്പിക്കുന്ന ഇടവകകളും ഉണ്ട്. ആത്യന്തികമായി തിരുവചനത്തെ കൂടുതൽ സ്നേഹിക്കാനും തിരുവചന വാഗ്ദാനങ്ങളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് പ്രതിസന്ധികളെ നേരിടാനും തക്കവിധം ബൈബിൾ നിരന്തരം വായിക്കാനുള്ള പ്രചോദനം എല്ലാവരിലും രൂപപ്പെടുത്തുക എന്ന ലക്ഷ്യമാണ് ബൈബിൾ മാസാചരണത്തിന്റെ അടിസ്ഥാനം.
“വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങൾക്കു തെറ്റുപറ്റുന്നത്?” എന്ന ക്രിസ്തുവിന്റെ ചോദ്യത്തിന്റെ ആഴം മനസ്സിലാക്കിക്കൊണ്ട് വിശുദ്ധമായ ജീവിതം നയിക്കാൻ തിരുവചനം പഠിക്കാനും കൂടെ കൊണ്ടുനടക്കാനും സാധിക്കുമ്പോഴെല്ലാം വായിക്കാനും ഈ മാസത്തിൽ നമുക്കു സാധിക്കട്ടെ.