പലപ്പോഴും പൂക്കൾ കൈയിലേന്തി നിൽക്കുന്ന വിശുദ്ധരെ നാം കാണാറുണ്ട്. ചില വിശുദ്ധർക്ക് അവരെ പ്രതിനിധീകരിക്കുന്ന പ്രത്യേക പുഷ്പമുണ്ട്. വിശുദ്ധർ ചില പ്രത്യേക പുഷ്പങ്ങൾ കൈയിലേന്തി നിൽക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ? വ്യത്യസ്ത പൂക്കൾ കൈയിലേന്തുന്ന വിശുദ്ധരെയും അവ എന്തുകൊണ്ടാണെന്നും വായിച്ചറിയാം.
സിയന്നയിലെ വി. കാതറിൻ – ലില്ലിപ്പുഷ്പം
ഇറ്റലിയുടെ രക്ഷാധികാരിയായ സിയന്നയിലെ വി. കാതറിൻ ലില്ലിപ്പുഷ്പം കൈയിലേന്തിയാണ് കാണപ്പെടുന്നത്. അതോടൊപ്പം വിശുദ്ധ കാതറിന്റെ കൈയിൽ ഒരു ഗ്രന്ഥം, വിശുദ്ധയും യേശുവും തമ്മിലുള്ള വിവാഹബന്ധത്തെ പ്രതീകപ്പെടുത്തുന്ന മോതിരം, എന്നിവയുമുണ്ട്. വെളുത്ത ലില്ലിപ്പൂക്കൾ വിശുദ്ധയുടെ പാപമില്ലാത്ത അവസ്ഥയെ സൂചിപ്പിക്കുന്നു. അതേസമയം വിശുദ്ധയുടെ തലയിൽ മുള്ളുകളുടെ കിരീടവും വച്ചിട്ടുണ്ട്.
വി. യൗസേപ്പിതാവ് – ജടാമഞ്ചി പുഷ്പം
ഈശോയുടെ വളർത്തുപിതാവായ വി. യൗസേപ്പിതാവുമായി ജടാമഞ്ചി പുഷ്പം (Spikenard) ബന്ധപ്പെട്ടിരിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ അങ്കിയിലും ഈ പുഷ്പം കാണാം. വി. യൗസേപ്പിതാവിനെ പലപ്പോഴും കൈയിൽ ജടാമഞ്ചിയുടെ ഒരു ചില്ലയുമായി ചിത്രീകരിക്കുന്നു. പുരാതനകാലം മുതൽ, വലിയ മൂല്യമുള്ള സുഗന്ധമുള്ള എണ്ണ, ജടാമഞ്ചിയിൽനിന്നു ലഭിക്കുന്നു. ജടാമഞ്ചി എണ്ണ സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നു. വിശുദ്ധിയുടെ പ്രതീകമായിട്ടാണ് ഈ പുഷ്പം വിശുദ്ധനോടൊപ്പം ചേർത്തുവയ്ക്കുന്നു.
വി. അന്തോണീസ് – ലില്ലിപ്പുഷ്പം
പാദുവയിലെ വി. അന്തോണീസിനെ ചിത്രീകരിച്ചിരിക്കുന്നത് വെളുത്ത ലില്ലിപ്പൂക്കൾ കൈയിലേന്തിയ രീതിയിലാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അനുസരിച്ച്, “ലില്ലിപ്പൂക്കളിൽ ഔഷധം, വെളുപ്പ്, സുഗന്ധം എന്നീ മൂന്നു ഗുണങ്ങളുണ്ട്. മരുന്ന് അതിന്റെ വേരിൽ കാണപ്പെടുന്നു. പൂവിന് വെളുത്ത നിറവും സുഗന്ധവുമുണ്ട്. ഈ മൂന്നു കാര്യങ്ങളും പ്രതിനിധീകരിക്കുന്നത് ആത്മാവിൽ ദരിദ്രരായ, തങ്ങളുടെ അവയവങ്ങളെ അവരുടെ ദുർവൃത്തികളിലും ദുഷ്ചിന്തകളിലും ക്രൂശിക്കുന്നവരും ഹൃദയത്തിൽ വിനയം, ശരീരത്തിന്റെ ചാരിത്ര്യം, വിശുദ്ധയുടെ പരിമളം എന്നിവ കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നതാണ്.”
വി. ജോൺ – ഹൈപെരികം പുഷ്പം
ഹൈപെരികം അല്ലെങ്കിൽ സെന്റ് ജോൺസ് വോർട്ട് പുഷ്പം ഇറ്റലിയിലുടനീളം വ്യാപകമായ ഒരു പുഷ്പമാണ്. പ്രധാനമായും ജൂൺ – ഓഗസ്റ്റ് മാസങ്ങളിൽ ഇത് പൂക്കുന്നതിനാൽ, ജൂൺ 24 ന് വി. ജോണിന്റെ തിരുനാളുമായി ഇതിന് ബന്ധമുണ്ട്. ഹൈപെരികത്തിന്റെ മഞ്ഞപ്പൂക്കൾ ജൂൺ 24 ന് രാത്രി വിളവെടുത്താൽ, രോഗങ്ങളെ ചെറുക്കാനും ദുരാത്മാക്കളെ തുരത്താനും അവയ്ക്ക് അത്ഭുതകരമായ ശക്തിയുണ്ടാകും. ഇന്ന്, വിഷാദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ചികിത്സിക്കാൻ ഹെർബൽ മെഡിസിനിൽ ഹൈപെരികം ഉപയോഗിക്കുന്നു.
വി. കൊച്ചുത്രേസ്യ – തെരെസിന, റോസാപ്പൂവ്
സെയ്ബോൾഡി സെഡം അല്ലെങ്കിൽ സെന്റ് രേസാസ് ഗ്രാസ് എന്നും ‘തെരെസിന’ എന്നും അറിയപ്പെടുന്നു. കൊച്ചുത്രേസ്യയുടെയും ആവിലയിലെ വിശുദ്ധ ‘അമ്മ ത്രേസ്യയുടെയും തിരുനാൾ മാസമായ ഒക്ടോബറിലാണ് ഇത് പൂക്കുന്നത്. ജപ്പാനിൽനിന്നുള്ള ഈ ചെടി വലിയ പരിചരണം ആവശ്യമില്ലാത്ത ഒരു സസ്യമാണ്.
ലിസ്യുവിലെ കൊച്ചുത്രേസ്യ റോസാപ്പൂക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിശേഷിച്ചും പെട്ടെന്നു കൊഴിയുന്നതും എളിമയുള്ളതും അതിലോലവുമായ ഈ പൂക്കളിൽ, അവൾ സ്വയം തന്നെത്തന്നെ കണ്ടെത്തി.
വി. റീത്ത – റോസാപ്പൂവ്
കാസിയയിലെ വി. റീത്ത റോസിന്റെ വിശുദ്ധ എന്നും അറിയപ്പെടുന്നു. വി. കാതറിനെപ്പോലെ വി. റീത്തായെ പലപ്പോഴും ഒരു മോതിരവും റോസാപ്പൂവും ഉപയോഗിച്ച് ചിത്രീകരിക്കുന്നു. പ്രത്യേകിച്ച് റോസാപ്പൂവ് ശ്രേഷ്ഠതയുടെ പ്രതീകങ്ങളിലൊന്നാണ്. കിടപ്പിലായി മരിക്കാറായ സമയത്ത് അവൾ വളർന്ന വീടിന്റെ പൂന്തോട്ടത്തിൽനിന്ന് രണ്ട് അത്തിപ്പഴങ്ങളും ഒരു റോസാപ്പൂവും അവളുടെ അടുക്കൽ കൊണ്ടുവരാൻ വിശുദ്ധ ആവശ്യപ്പെട്ടു. അത് റോസാപ്പൂവിന്റെയും അത്തിപ്പഴത്തിന്റെയും കാലമല്ലായിരുന്നു. തോട്ടത്തിൽ പോയി നോക്കിയപ്പോൾ മഞ്ഞിനു നടുവിൽ ഒരു റോസാപ്പൂവും രണ്ട് അത്തിപ്പഴവും കണ്ടെത്തി. മുള്ളുകൾക്കിടയിൽ നല്ല മനസ്സും വിശ്വാസവും നഷ്ടപ്പെടാതെ വളർന്ന വിശുദ്ധ റീത്തയുടെ ജീവിതത്തെയും റോസാപ്പൂവ് പ്രതീകപ്പെടുത്തുന്നു.
വി. റൊസാലിയ – ലില്ലികളും റോസാപ്പൂക്കളും
പലേർമോയുടെ രക്ഷാധികാരിയായിരുന്ന വി. റൊസാലിയയെ, യഥാക്രമം കന്യകാത്വത്തെയും ദൈവവുമായുള്ള ഐക്യത്തെയും പ്രതിനിധീകരിക്കുന്ന ലില്ലിപ്പൂക്കൾ, റോസാപ്പൂക്കൾ എന്നിവയുടെ കിരീടങ്ങൾകൊണ്ട് അലങ്കരിച്ചിരിക്കുന്നതായി ചിത്രീകരിക്കപ്പെടുന്നു. ഒരിക്കൽ അവളുടെ മാതാപിതാക്കൾക്ക് ഒരു രൂപം പ്രത്യക്ഷപ്പെട്ടിട്ടു അവരോടു പറഞ്ഞു: അവർക്കു ജനിക്കാൻ പോകുന്ന കുട്ടി ‘മുള്ളുകളില്ലാത്ത റോസാപ്പൂ’ ആയിരിക്കുമെന്ന്. അതിനാൽ, അവൾക്കായി തിരഞ്ഞെടുത്ത പേര് റോസാലിയ എന്നായിരുന്നു. ഇത് ലാറ്റിൻ പദങ്ങളായ റോസ, ലിലിയം, പിങ്ക്, ലില്ലി എന്നീ അർഥം വരുന്ന പദമാണ്.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ