സംശയങ്ങളെ സത്യസന്ധമായി നേരിടുന്ന വി. തോമാശ്ലീഹ

പാലസ്തീനായിലെ ഗലീലി പ്രദേശത്തായിരുന്നു തോമായുടെ ജനനം. ‘ഇരട്ട പിറന്നവൻ’ എന്ന അർഥത്തിൽ ‘ദിദീമൂസ്’ എന്നും താമ, യൂദാ എന്നീ പേരുകളിലും അദ്ദേഹം വിളിക്കപ്പെട്ടു. ‘തെയോമ’ എന്ന അറമായ പദത്തിൽനിന്നാണ് ‘തോമ’ എന്ന പേരിന്റെ ഉത്ഭവം. യൂദാ ഗോത്രക്കാരനായ അദ്ദേഹത്തിന്റെ കുലത്തൊഴിൽ മത്സ്യബന്ധനമായിരുന്നു. യേശുനാഥന്റെ ദിവ്യാഹ്വാനം സ്വീകരിച്ച് അവിടുത്തെ ശിഷ്യഗണത്തിലൊരുവനായി തോമാശ്ലീഹ ഇല്ലായിരുന്നെങ്കിൽ ഉയിർത്തെഴുന്നേൽപ്പിന്റെ സന്ദേശം പൂർണ്ണമാകുമായിരുന്നില്ല.

വെറുതെ അങ്ങനെ പേടിച്ചുനിൽക്കാത്ത ആളായിരുന്നു തോമാ. ഉയിർപ്പിന്റെ ആഴം തോമായ്ക്ക് ഗ്രഹിക്കേണ്ടിവന്നു. തിന്മയുടെ പ്രത്യാഘാതങ്ങൾ ഭയാനകമായതിനാൽ തെളിവ് ആവശ്യമായിരുന്നത് തോമായ്ക്കായിരുന്നു. തോമായുടെ വിശ്വാസം എളുപ്പമല്ലായിരുന്നു. അക്കാരണത്താൽ അത് അചഞ്ചലമായിമാറി. ജനലക്ഷങ്ങളുടെ ഹൃദയാന്ധകാരമകറ്റി വിശ്വാസത്തിന്റെ തിരിനാളം കൊളുത്തിയ തോമാ അപ്പസ്‌തോലനെ 1972-ൽ പോൾ ആറാമൻ പാപ്പ ‘ഭാരതത്തിന്റെ അപ്പസ്‌തോലൻ’ ആയി പ്രഖ്യാപിച്ചു. അന്നുമുതൽ ലത്തീൻ സഭയിലും ‘കിഴക്കിന്റെ ക്രിസ്തു’ എന്ന അപരനാമധാരിയായ തോമാശ്ലീഹായുടെ തിരുനാൾ ആചരിച്ചുതുടങ്ങി.

നമ്മുടെ സംശയങ്ങളെ സത്യസന്ധമായി നേരിടുന്നത് വലിയ വിശ്വാസത്തിലേക്ക് നമ്മെ തുറക്കുമെന്ന് തോമ ഓർമ്മിപ്പിക്കുന്നു. സംശയിക്കുന്നതിൽ തോമ കാണിച്ച ധൈര്യം, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ പുതിയതും പൂർണ്ണവുമായ രീതിയിൽ ദൈവത്തിന്റെ മുഖം വെളിപ്പെടുത്താൻ അനുവദിച്ചു. ക്രിസ്തുവിന്റെ പുനരുത്ഥാനം ക്ഷമിക്കാനും ക്ഷമിക്കപ്പെടാനും നമ്മെ സ്വതന്ത്രരാക്കുന്നു എന്ന് തോമായുടെ സാക്ഷ്യം തെളിയിക്കുന്നു.

മൂന്നാം നൂറ്റാണ്ടിൽ തോമാശ്ലീഹയുടെ തിരുശേഷിപ്പിന്റെ പ്രധാനഭാഗം മൈലാപ്പൂരിൽനിന്ന് മെസപ്പൊട്ടേമിയായിലെ എഡേസ്സ (ഉർഫാ) യിലേക്കു മാറ്റപ്പെട്ടു. ഭാരതത്തിൽനിന്ന് പശ്ചിമേഷ്യയിലേക്കു കൊണ്ടുപോകാനുള്ള സാഹചര്യം അജ്ഞാതമാണ്. പശ്ചിമേഷ്യയിൽ മുഹമ്മദീയാക്രമണം ശക്തിപ്പെട്ട സാഹചര്യത്തിൽ 1143 -ൽ അത് ഏഷ്യാ മൈനറിന്റെ പടിഞ്ഞാറെ തീരത്തുള്ള കിയോസ് ദ്വീപിലേക്കു മാറ്റപ്പെടുകയുണ്ടായി. അവിടെനിന്ന് 1257-ൽ മധ്യ ഇറ്റലിയുടെ കിഴക്കേ തീരത്തുള്ള ഓർതോണായിലേക്കു മാറ്റപ്പെട്ടു. അവിടെ തോമാശ്ലീഹയുടെ നാമത്തിലുള്ള കത്തീഡ്രൽ ദൈവാലയത്തിന്റെ പ്രധാന അൾത്താരയുടെ അടിയിൽ തിരുശേഷിപ്പ് ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്.

അവിടുത്തുകാർ വളരെ ബഹുമാനപൂർവം പ്രസ്തുത തിരുശേഷിപ്പിനെ വണങ്ങുന്നു. 1953-ൽ കേരളത്തിലെത്തിയ പൗരസ്ത്യ തിരുസംഘം സെക്രട്ടറി കർദിനാൾ ടിസരാങ് തിരുമേനി തിരുശേഷിപ്പിന്റെ ഒരു ഭാഗം കേരളത്തിൽ കൊണ്ടുവന്നു. പല സ്ഥലങ്ങളിൽ വണക്കത്തിനായി പ്രദർശിപ്പിച്ചിട്ട് അത് കൊടുങ്ങല്ലൂരിൽ സ്ഥാപിച്ചു.

മഹത്തായതും ധീരവുമായ വിശ്വാസത്തിന്റെ രക്ഷാധികാരിയായി നമുക്ക് വി. തോമായെ ആഘോഷിക്കുകയും അനുകരിക്കുകയും ചെയ്യാം.

ടോണി ചിറ്റിലപ്പിള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.