വി. മാർഗരറ്റ് മേരി അലക്കോക്ക്: ഈശോയുടെ തിരുഹൃദയഭക്തിയുടെ പ്രചാരകയും മിസ്റ്റിക്കുമായ വിശുദ്ധ

കുടുംബപ്രതിഷ്ഠാജപം ചൊല്ലുമ്പോൾ, ‘വി. മർഗരീത്ത മറിയമേ’ എന്നപേരിൽ നമ്മൾ വിളിച്ചപേക്ഷിക്കാറുള്ള വിശുദ്ധയുടെ തിരുനാളാണ് ഒക്ടോബർ 16; അതായത്  ഈശോയുടെ തിരുഹൃദയഭക്തിയുടെ പ്രചാരകയും മിസ്റ്റിക്കുമായ വി. മാർഗരറ്റ് മേരി അലക്കോക്കിന്റെ. സന്യാസിനി ആയാൽ കൂടെക്കൂടെ ദിവ്യകാരുണ്യം സ്വീകരിക്കാമല്ലോ എന്നുള്ളതും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാമെന്നുള്ളതുമായിരുന്നു ഒരു കന്യാസ്ത്രീയാകാൻ അവൾക്കുണ്ടായ ഏറ്റവും വലിയ ആകർഷണം. കാരണം അവളുടെ ചെറുപ്പത്തിൽ അതിനായി അവൾ വളരെ കഷ്ടപ്പെട്ടു.

1647 ജൂലൈ 22 -നാണ് മാർഗരറ്റ്, ഫ്രാൻസിലെ ബർഗണ്ടി പ്രവിശ്യയിൽപെട്ട സ്ഥലത്ത് ജനിച്ചത്. നാല് ആങ്ങളമാരുടെ ഒറ്റപ്പെങ്ങളായിരുന്നു മാർഗരറ്റ്. അവളുടെ പിതാവ് മികച്ച ഒരു മജിസ്ട്രേറ്റ് ആയിരുന്നു. നാലു വയസ്സുള്ളപ്പോൾ മുതൽ അവൾ തന്റെ  തലതൊട്ടമ്മയുടെ കൂടെയായിരുന്നു താമസിച്ചുവന്നത്. അവിടെ വച്ചാണ്, ജീവിതം ദൈവത്തിനു സമർപ്പിക്കുന്നതിനെപ്പറ്റിയും മതപരമായ വ്രതങ്ങളെക്കുറിച്ചുമൊക്കെ ആദ്യമായി അവൾ കേട്ടത്‌.

കൊട്ടാരം പോലുള്ള ആ വീടിനുള്ളിൽ ഒരു ചാപ്പൽ ഉണ്ടായിരുന്നു. അതിൽ കയറി സക്രാരിയുടെ മുമ്പിൽപോയി മുട്ടുകുത്തി കൈകൾ കൂപ്പി അവൾ പറഞ്ഞു: “ഓ എന്റെ ദൈവമേ, എന്റെ ശുദ്ധത ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. നിത്യകന്യാവ്രതം ഞാൻ വാഗ്‌ദാനം ചെയ്യുന്നു.” ഈ വാക്കുകളുടെ അർഥമറിയാനുള്ള പ്രായം അവൾക്കായിരുന്നില്ല. പിൽക്കാലത്ത് ഈശോ അവളോടു പറഞ്ഞു: “നിന്നെ ഞാൻ എന്റെ മണവാട്ടിയായി തിരഞ്ഞെടുത്തിരിക്കുന്നു. ലോകത്തിന് നിന്റെ ഹൃദയത്തിൽ സ്ഥാനം ലഭിക്കുംമുൻപേ എന്റെ പ്രചോദനഫലമായി നീ കന്യാത്വം നിത്യവ്രതവാഗ്ദാനം നടത്തിയപ്പോഴേ നമ്മൾ പരസ്പരം നൽകിയ ഉറപ്പാണത്.”

അവൾക്ക് എട്ടുവയസ്സുള്ളപ്പോൾ പിതാവിനെയും തലതൊട്ടമ്മയെയും നഷ്ടപ്പെട്ടു. ദാരിദ്ര്യമെന്തെന്ന് അറിയാൻ തുടങ്ങി. അവളുടെ ചേട്ടന്മാർക്ക് പ്രായപൂർത്തിയാവാത്തതുകൊണ്ട് വീടും സ്ഥലങ്ങളും മാർഗരറ്റിന്റെ പിതൃസഹോദരിമാർ കയ്യടക്കിയിരുന്നു. പഠനത്തിനായി അവളുടെ അമ്മ മാർഗരറ്റിനെ ബോർഡിങ്‌ സ്കൂളിൽ ചേർത്തു. അവളുടെ ദൈവഭക്തി കണ്ട് ഒരുകൊല്ലം കഴിഞ്ഞപ്പോൾ പ്രഥമദിവ്യകാരുണ്യ സ്വീകരണത്തിന് അനുവാദം ലഭിച്ചു. പരിശുദ്ധ കുർബാനയുടെ തിരുനാൾദിവസത്തിൽ 1656 -ൽ അവൾ അത് സ്വീകരിച്ചു. വലിയൊരു പരിവർത്തനം അവൾക്കുണ്ടായി. കൂട്ടുകാർക്കൊപ്പം കളിക്കാനാഗ്രഹിച്ച സമയത്തൊക്കെ ഏതോ ഒരു ശക്തി അവരിൽനിന്ന് അവളെ അകറ്റുന്നതായും ഏകാന്തമായ സ്ഥലത്തേക്ക് നയിക്കുന്നതുമായ അനുഭവം അവൾക്കുണ്ടായി. സാഷ്ടാഗം പ്രണമിച്ചുകൊണ്ടും മുട്ടുകുത്തിക്കൊണ്ടുമാണ് അവൾ പ്രാർഥനകൾ ചൊല്ലിയിരുന്നത്.

പതിനൊന്നു വയസ്സുള്ളപ്പോൾ അതികഠിനമായ വാതരോഗത്താൽ അവൾക്ക് പഠിപ്പ്  നിർത്തേണ്ടിവന്നു. നാലുകൊല്ലത്തേക്ക് കിടന്നകിടപ്പായിരുന്നു. ഒരുദിവസം അവൾ പരിശുദ്ധ അമ്മയുടെ രൂപത്തിനുനേർക്ക് തിരിഞ്ഞുകൊണ്ടു പറഞ്ഞു, അസുഖം ഭേദമായാൽ ഒരു കന്യാസ്ത്രീ ആയിക്കോളാമെന്ന്. “ഇങ്ങനെ പ്രതിജ്ഞയെടുത്തതിനുപിന്നാലെ എന്റെ അസുഖം ഭേദമായി. പരിശുദ്ധ അമ്മ എന്റെ ഹൃദയത്തിന്റെ നാഥയായി മാറി. എന്നെ അവളുടെ സ്വന്തമായി കരുതി. എന്റെ തെറ്റുകൾ തിരുത്തികൊണ്ടും ദൈവഹിതം നിറവേറ്റാൻ പഠിപ്പിച്ചുകൊണ്ടും അവൾക്കു സമർപ്പിക്കപ്പെട്ടവളായി എന്നെ നയിച്ചുകൊണ്ടിരുന്നു.”

ഒരുദിവസം അശ്രദ്ധമായി ജപമാല ചൊല്ലിക്കൊണ്ടിരുന്നപ്പോൾ പരിശുദ്ധ അമ്മ പ്രത്യക്ഷയായി അവളോടു പറഞ്ഞു: “എന്റെ മകളേ, നീ എന്നെ ഇത്ര അശ്രദ്ധമായി സേവിക്കുന്നതിൽ ഞാൻ വിസ്മയിക്കുന്നു.” തീരെ ചെറുപ്പമായിരുന്നെങ്കിലും ആ ശകാരം പിന്നീടൊരിക്കലും അവൾ മറന്ന് പ്രവർത്തിച്ചിട്ടില്ല.

പിതാവിന്റെ മരണശേഷം അമ്മയും മക്കളും അടിമകളെപ്പോലെ ആ വീട്ടിൽ കഴിയേണ്ടിവന്നു. പിതൃസഹോദരിമാർ ക്രൂരമായാണ് പെരുമാറിയിരുന്നത്. പള്ളിയിൽ പോവാനുള്ള അനുവാദം മിക്കവാറും ദിവസങ്ങളിൽ മാർഗരറ്റിന് അവർ കൊടുത്തില്ല. പോകാൻ അനുവാദം കിട്ടിയാൽതന്നെ, ധരിക്കാനുള്ള വസ്ത്രത്തിനുവേണ്ടി അവൾക്ക് മറ്റുള്ളവരോട് യാചിക്കേണ്ടിവന്നു. ദിവ്യനാഥന്റെ സന്നിധിയിൽ അവൾ തന്റെ കണ്ണീർക്കണങ്ങൾ ചൊരിഞ്ഞു. അമ്മ രോഗിണിയായി കിടന്നപ്പോൾ, അമ്മയ്ക്ക് കൊടുക്കാനുള്ള ഭക്ഷണംപോലും അവൾക്ക് യാചിക്കേണ്ടതായിവന്നു.

പിന്നീട് അവളുടെ ചേട്ടന്മാർ വന്ന് വീടിന്റെ ഭരണം ഏറ്റെടുത്തു. അമ്മയെ പിരിയാൻവയ്യാതിരുന്ന അവൾ കന്യാവ്രതപ്രതിജ്ഞ ദുർബലപ്പെടുത്തി, പാർട്ടിയിലും നൃത്തത്തിലും പങ്കെടുക്കാനാരംഭിച്ചു. ഒരുദിവസം പാർട്ടിക്കും നൃത്തത്തിനുംശേഷം തിളങ്ങുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഊരാനൊരുങ്ങുമ്പോൾ ചമ്മട്ടിയടിയേറ്റവനായി ഈശോ അവൾക്കു കാണപ്പെട്ടു. അവളുടെ മായാമോഹഭ്രമങ്ങളാൽ ഈശോയെ ആ അവസ്ഥയിലാക്കിയത് അവളാണെന്ന്  ഈശോ അവളോടു പറഞ്ഞു.

ആയിരം പ്രാവശ്യം മരിക്കേണ്ടിവന്നാലും സന്യാസിനി ആവുകയല്ലാതെ വേറൊരു ജീവിതാവസ്ഥയിൽ ആവുകയില്ലെന്ന് അവൾ തീരുമാനമെടുത്തു. എങ്കിലും സഹോദരന്റെ അനുവാദം ലഭിക്കാഞ്ഞതിനാൽ കുറച്ചു കൊല്ലംകൂടി അവൾക്ക് കാത്തിരിക്കേണ്ടിവന്നു. അവസാനം അത് ലഭിച്ചു. ഉർസുലൈൻ സഭയിൽ ചേരാൻ അവർ വിളിച്ചെങ്കിലും, “നീ അവിടെയായിരിക്കാനല്ല എന്റെ ആഗ്രഹം” എന്ന് കർത്താവ് പറയുന്നത് അവൾ കേട്ടു. ഒരിക്കൽ വി. ഫ്രാൻസിസ് സാലസിന്റെ ഫോട്ടോ നോക്കിനിൽക്കുമ്പോൾ വിശുദ്ധൻ ജീവനുള്ളവനായി അവളെ അടുത്തേക്ക് വിളിക്കുന്ന അനുഭവമുണ്ടായി. പാരാലിമോണിയായിലെ വിസിറ്റേഷൻ മഠത്തിന്റെ സ്വീകരണമുറിയിലിരിക്കുമ്പോൾ, “ഇതാണ് നിന്റെ സ്ഥലം” എന്ന് ഈശോ പറയുന്നത് അവൾ കേട്ടു. അങ്ങനെ അവൾ വിസിറ്റേഷൻ മഠത്തിലെ അംഗമായി.

1671 ആഗസ്റ്റ് 25 -ന് സഭാവസ്ത്രം സ്വീകരിച്ചു. സമൂഹനിയമങ്ങൾ മനഃപൂർവമല്ലെങ്കിലും അനുസരിക്കാത്തതുമൂലം ഏറെ പഴി കേൾക്കേണ്ടിവന്നു. ഉല്ലസിക്കേണ്ട സമയത്ത് ധ്യാനിക്കുക, മൗനം പാലിക്കേണ്ട സമയത്ത് വിഷമിച്ചിരിക്കുന്ന സഹോദരികളെ ആശ്വസിപ്പിക്കാൻവേണ്ടി സംസാരിക്കുക, ഭക്ഷണസമയത്തും പ്രാർഥിക്കുക തുടങ്ങിയവയൊക്കെ വലിയ അനുസരണക്കേടായി വ്യാഖ്യാനിക്കപ്പെട്ടു. പരിഹാരമായി ധ്യാനസമയത്തുപോലും അതിന് അനുവദിക്കാതെ അവളെക്കൊണ്ട് ജോലി ചെയ്യിച്ചുകൊണ്ടിരുന്നു. ജോലിക്കിടയിൽക്കൂടി ധ്യാനിക്കാൻ അറിയാതിരുന്ന അവളെ ഒരു ആന്തരികസ്വരം അതിനു സഹായിച്ചു.

പിന്നീടൊരിക്കൽ സമൂഹനിയമങ്ങൾ മറന്ന് പ്രായശ്ചിത്തം അനുഷ്ഠിക്കാൻപോയ അവൾക്ക് വി. ഫ്രാൻസിസ് സാലസ് പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “മകളേ, നീ എന്താണ് ചെയ്യാൻ പോകുന്നത്? അനുസരണത്തിന്റെ നിയമങ്ങളെ മറികടന്ന് നീ ദൈവത്തെ പ്രീതിപ്പെടുത്താമെന്ന് വിചാരിക്കുന്നുവോ? അനുസരണമല്ലയോ സഭയുടെ കാമ്പും കഴമ്പും?”

വിസിറ്റേഷൻ സഭയുടെ അംഗമായി വ്രതവാഗ്ദാനം ചെയ്യുന്നതിൽ നിന്ന് മാർഗരറ്റിനെ മാത്രം അധികാരികൾ തടഞ്ഞു. വളരെ വിഷമിച്ച അവൾ, ‘താൻ കാരണം ആ സഭയ്ക്ക് നല്ലതേ ഉണ്ടാവൂ’ എന്ന കർത്താവിന്റെ വെളിപ്പെടുത്തൽ മഠാധിപയോടു പറഞ്ഞു. അങ്ങനെ 1672 നവംബർ 6 -ന് വ്രതവാഗ്ദാനം നടന്നു. അവൾ ഈശോയോടു പ്രതിജ്ഞ ചെയ്തു: “ഇതുവരെ എന്റെ വിവാഹനിശ്ചയമേ കഴിഞ്ഞിട്ടുണ്ടായുള്ളൂ; ഇനിയങ്ങോട്ട് ഞാൻ നിന്റെ മണവാട്ടിയായിരിക്കും.”

വിശുദ്ധ, മഠത്തിലെ സഹോദരിമാരിൽനിന്ന് വളരെയേറെ സഹിക്കേണ്ടിവന്നിരുന്നു. വിശുദ്ധയുടെ ജീവചരിത്രം വായിക്കുമ്പോൾ മനസ്സിലാകുന്നത്, സമൂഹത്തിൽ കുത്തുവാക്കിനേക്കാൾ കൂടുതൽ മൂർച്ച മൂകതയ്ക്കാണെന്നാണ്. അതായത് ഇഷ്ടമില്ലാത്തവരോട് മിണ്ടാതിരിക്കുന്നത്. മറ്റുള്ളവർ പ്രഭുകുടുംബങ്ങളിൽപെട്ടവരും മാർഗരറ്റ് സാധാരണ കുടുംബത്തിൽപെട്ടവളുമായതുകൊണ്ട് അവൾ അവരുടെ മുൻപിൽ അപഹാസ്യയായിരുന്നു. അവരുടെ കുറ്റങ്ങൾ, ഉപവിയില്ലായ്മ തുടങ്ങിയ കാര്യങ്ങൾ കർത്താവ് വിശുദ്ധയ്ക്ക് വെളിപ്പെടുത്തിയത് അവരെ അറിയിച്ചത് അവളോടുള്ള അവരുടെ വൈരാഗ്യം വർധിപ്പിച്ചു. മാത്രമല്ല, ദർശനങ്ങൾക്കിടയിൽ ബോധരഹിതയായി അവൾ വീണിരുന്നതിനെ ഭ്രാന്തായി അവർ ചിത്രീകരിച്ചു. അവളെ പിശാചുബാധിതയായി താറടിച്ചു. മാർഗരറ്റ് അടുത്തുചെല്ലുമ്പോൾ അവളുടെമേൽ വിശുദ്ധജലം തളിക്കുകയും ‘പിശാചേ, ഇറങ്ങിപ്പോകൂ’ എന്നുപറയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മാർഗരറ്റിനെ ആശ്വസിപ്പിക്കാനായി ഈശോ അവളോടു പറഞ്ഞു: “ഹന്നാൻ വെള്ളം എനിക്ക് വളരെ ഇഷ്ടമാണ്.”

പാപംമൂലം ചില സന്യാസിനികളെ കർത്താവ് കൈവിട്ടുകളയാൻ പോകുന്നു എന്നുപറഞ്ഞപ്പോൾ അവർക്കുവേണ്ടി അവൾ കഠിനത്യാഗങ്ങളനുഷ്ഠിച്ചു പ്രാർഥിച്ചു. അവളെ കുമ്പസാരിപ്പിച്ച ഒരു വൈദികൻ മരണത്തിനുശേഷം അഗ്നിജ്വാലകളോടെ അവൾക്ക് ദൃശ്യമായി. മൂന്നുമാസം ദുസ്സഹമായ രീതിയിൽ അവൾ പരിഹാരം ചെയ്ത് ഏറെ കഷ്ടപ്പെട്ടതിനുശേഷമാണ് ആ വൈദികന് നിത്യസൗഭാഗ്യത്തിലേക്കു പോകാൻ കഴിഞ്ഞത്.

1673 -ൽ പ്രിയപ്പെട്ട അപ്പസ്തോലൻ വി. യോഹന്നാന്റെ തിരുനാളിന്റെ അന്ന്, പരിശുദ്ധ കുർബാന എഴുന്നെള്ളിച്ചുവച്ചിരിക്കുമ്പോൾ അവൾ മുട്ടുകുത്തി നിൽക്കുകയായിരുന്നു. പെട്ടെന്ന് അവൾ ദൈവികസാന്നിധ്യത്താൽ നിറഞ്ഞു. വത്സലശിഷ്യനായ യോഹന്നാൻ അവസാനത്തെ അത്താഴത്തിൽ ഇരുന്നിരുന്ന സ്ഥലത്തിരിക്കാൻ ഈശോ അവളെ ക്ഷണിച്ചു. അവളിലൂടെ തന്റെ ഹൃദയത്തിലെ സ്നേഹം എല്ലാവരിലേക്കും പടരണമെന്ന് ഈശോ പറഞ്ഞു.

“എന്റെ ഹൃദയത്തിലെ നിധികൾ അവരെ കാണിച്ചുകൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു; പുതിയ കൃപകൾ കൊടുക്കാനും. നിന്റെ കഴിവില്ലായ്മയും അജ്ഞതയും കാരണമാണ് ഞാൻ നിന്നെ പ്രത്യേകമായി തിരഞ്ഞെടുത്തത്. എല്ലാം എന്നിൽനിന്നാണ് വരുന്നതെന്ന് അങ്ങനെ അവർക്കു വ്യക്തമായി കാണാൻ സാധിക്കും.”

18 മാസത്തോളം ചില ഇടവേളകളുമായി പ്രത്യക്ഷപ്പെടലുകൾ നീണ്ടുനിന്നു. ഒലിവുമലയിലെ തന്റെ യാതനയോട് ചേർന്നുകൊണ്ട് എല്ലാ വ്യാഴാഴ്ചയിലും തിരുമണിക്കൂർ ആചരിക്കാനും എല്ലാ മാസാദ്യവെള്ളിയാഴ്ചയും പാപങ്ങൾക്ക് പ്രായശ്ചിത്തമായി ദിവ്യസ്‌കാരുണ്യസ്വീകരണം നടത്താനും ഈശോ അവളെ ക്ഷണിച്ചു.

സ്നേഹാഗ്നിജ്വാലയായിത്തീർന്നിരിക്കുന്ന ഈശോയുടെ തിരുഹൃദയദർശനമായിരുന്നു മാർഗരറ്റ് മേരിയുടെ ആത്മീയാനുഭവങ്ങളിൽ ഏറ്റവും ശക്തമായത്. ആ അഗ്നിസ്രോതസ്സിൽ ഒരു ചെറുകണികയായി അവൾ നിക്ഷേപിക്കപ്പെട്ട അനുഭവം. പിന്നെ സ്നേഹത്തിന്റെ അത്യുജ്ജ്വല കിരണംപോലെ അവൾ മാറുകയായിരുന്നു. ഈശോയുടെ തിരുഹൃദയത്തിൽനിന്ന് ഒരു ജ്വാലകിരണം പുറപ്പെട്ട് അവളുടെ ഹൃദയപാർശ്വത്തിൽ കുത്തി മുറിവായി. അത് ബാഹ്യമായി അടയ്ക്കപ്പെട്ടെങ്കിലും എരിയുന്ന വേദന എന്നും നിലനിന്നു. ഓരോ ആദ്യവെള്ളിയാഴ്ചകളിലും അതിന്റെ വേദന കഠിനമായിരുന്നു. “ഇനി നീ ദാസിയല്ല, എന്റെ തിരുഹൃദയത്തിലെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യയായിരിക്കും” എന്ന് ഈശോ അരുൾചെയ്തു.

അവസാനത്തെ പ്രത്യക്ഷപ്പെടൽ 1675 ജൂൺ 13 -ന് കോർപ്പസ് ക്രിസ്റ്റിയുടെ തിരുനാളിനിടയിൽ ആയിരുന്നു. പരിശുദ്ധ കുർബനയുടെ തിരുനാളിന്റെ ദിവസം ഈശോ വിശുദ്ധയ്ക്ക് പ്രത്യക്ഷപ്പെട്ട് തന്റെ തിരുഹൃദയം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “മനുഷ്യമക്കളോടുള്ള സ്നേഹത്താൽ തുടിക്കുന്ന എന്റെ ഹൃദയം കണ്ടാലും. ഞാൻ മനുഷ്യരെ എത്രയധികമായി സ്നേഹിക്കുന്നു. എന്നാൽ അവർ എന്നെ എത്ര തുച്ചമായി മാത്രം സ്നേഹിക്കുന്നു.” തന്റെ ഹൃദയത്തിൽനിന്ന് അവസാനതുള്ളി രക്തംവരെ മനുഷ്യർക്കായി ചിന്തിയിട്ടും മനുഷ്യർ അതിനെക്കുറിച്ച് ബോധവാന്മാരാവുകയോ, അവിടുത്തോട് നന്ദിയുള്ളവരായിത്തീരുകയോ ചെയ്യാത്തതിൽ കണ്ണീർ വാർത്ത് അവിടുന്നു പറഞ്ഞു: “കുരിശിൽ കിടക്കവെ കുന്തംകൊണ്ട് കുത്തിയ മുറിവോടെ കാണപ്പെട്ട ഹൃദയത്തെചുറ്റി മുൾമുടിയും അഗ്നിനാളവും ഉണ്ടായിരുന്നു.” തിരുഹൃദയതിരുനാൾ ആചരിക്കാൻ അവളോടു പറഞ്ഞു. തിരുഹൃദയഭക്തിയുള്ളവർക്കായി 12 വാഗ്ദാനങ്ങൾ ഈശോ അവൾക്ക് പറഞ്ഞുകൊടുത്തു.

അവളുടെ സുപ്പീരിയർക്ക് ഇതെല്ലാം അവിശ്വസനീയമായിത്തോന്നി.  ദൈവശാസ്ത്രജ്ഞന്മാരും അതിനെ മതിഭ്രമമായി വിലയിരുത്തി. അവസാനം, വിശുദ്ധനായ ഒരു ഈശോസഭാ വൈദികൻ ഈ പ്രത്യക്ഷപ്പെടലുകളെ ദൈവത്തിന്റെ ഇടപെടലായി തിരിച്ചറിഞ്ഞ് ‘Journal of Retreats’ ൽ പ്രസിദ്ധീകരിച്ചു. 1685 -ൽ ഈ ബുക്ക് അവിചാരിതമായി അവളുടെ കോൺവെന്റിലെ ഡൈനിങ്ങ് ഹോളിൽ വായിച്ചപ്പോൾ ഇത് മാർഗരറ് മേരി അലക്കോക്കാണെന്നു എല്ലവരും തിരിച്ചറിഞ്ഞു. 1688 സെപ്റ്റംബർ 7 -ന് മാർഗരറ്റ് മേരി അലക്കോക്കിന് പാരാലിമോണിയായിലെ ചാപ്പൽ തിരുഹൃദയത്തിനു സമർപ്പിക്കപ്പെടുന്നതുകണ്ട് സന്തോഷിക്കാനിടവന്നു.

മാർഗരറ്റ് മേരി അലക്കോക്ക് 1690 ഒക്ടോബർ 17 -ന് ‘ഈശോ’ എന്ന് ഉച്ചരിച്ചുകൊണ്ട് മരിച്ചു. 1875 -ൽ ആഗോള കത്തോലിക്കാസഭയെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചു. ബെനഡിക്ട് പതിഞ്ചാമൻ പാപ്പ 1920 -ൽ മാർഗരറ്റ് മേരി അലക്കോക്കിനെ വിശുദ്ധയായി നാമകരണം ചെയ്തു.

“സമൂഹത്തിൽ, ഗ്രാമങ്ങളിൽ, അയല്പക്കങ്ങളിൽ, ഫാക്ടറികളിൽ, ഓഫീസുകളിൽ, ആളുകളും വംശങ്ങളുമൊക്കെ ഒത്തുകൂടുന്ന മീറ്റിങ്ങുകളിൽ എല്ലായിടത്തും കല്ലുകൊണ്ടുള്ള ഹൃദയം, വരണ്ട ഹൃദയം ഒക്കെ മാംസളഹൃദയമാകണം. തന്റെ സഹോദരീസഹോദരന്മാരിലേക്കും തുറന്നുകൊണ്ട്, ദൈവത്തിലേക്ക് തുറന്നുകൊണ്ട്, മനുഷ്യരുടെ നിലനിൽപ്പ് തന്നെ അതിനെ ആശ്രയിച്ചാണ്. നമ്മുടെ കഴിവിനും അപ്പുറത്താണത്. അത് ദൈവത്തിൽനിന്നുള്ള സമ്മാനമാണ്. അവന്റെ സ്നേഹസമ്മാനം.” ഫ്രാൻസിലെ പാരലിമോണിയായിൽ ഈശോ മാർഗരറ്റ് മേരി അലക്കോക്കിനു പ്രത്യക്ഷപ്പെട്ട, അവളുടെ ശരീരം അൾത്താരയിൽ കിടത്തിയിരിക്കുന്ന അതേ ദേവാലയത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ സന്ദർശനം നടത്തിയ വേളയിൽ പറഞ്ഞതാണിത്. എസെക്കിയേൽ 36:26 ഉദ്ദേശിച്ചാണ് പോപ്പ് അന്നത് പറഞ്ഞത്.

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.