വി. അല്‍ഫോന്‍സാ സൂക്തങ്ങള്‍

ഭരണങ്ങാനത്തെ ഭാരതത്തിലെ ലിസ്യുവാക്കി മാറ്റിയ വിശുദ്ധ അൽഫോൻസാ വിശുദ്ധിയിലേക്കുള്ള നമ്മുടെ പ്രയാണത്തിൽ എന്നും ഒരു വഴിവിളക്കാണ്. ഈ വഴിത്താരയിൽ ഇടറാതെ പതറാതെ മുന്നോട്ടു നീങ്ങാൻ മുട്ടത്തുപാടത്തു തറവാട്ടിലെ അന്നക്കുട്ടി എന്ന അൽഫോൻസാമ്മ പകർന്നു നൽകിയ തിരച്ചറിവുകൾ എന്നും നമ്മളെ നയിക്കുന്ന ചാലകശക്കിയാണ്. കൊച്ചു കേരളത്തിന്റെ പ്രിയ വിശുദ്ധ നൽകുന്ന ചില മാർഗ്ഗ നിർദേശങ്ങളാണ് ഈ സൂക്തങ്ങൾ.

1. കഠിനവേദനകളിലും വലിയ പരീക്ഷണങ്ങളിലും മണവാളനോടുള്ള സ്നേഹബന്ധത്തില്‍ എന്നെ ഉറപ്പിച്ചു നിര്‍ത്തിയത് കുരിശിന്‍ ചുവട്ടിലെ സ്ത്രീയാണ്.

2. മനസ്സറിവോടെ ഒരു നിസ്സാരപാപം പോലും ചെയ്ത് നല്ല ദൈവത്തെ ഉപദ്രവിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് എനിക്കിഷ്ടം.

3. എനിക്ക് ഏറ്റവും പ്രിയങ്കരമായ ഭോജനം വിശുദ്ധ കുര്‍ബാനയാണ്. ഞാനാണ് ജീവന്റെ അപ്പം എന്നരുളിയ ദിവ്യനാഥന്‍ എന്റെ ഉള്ളില്‍ ആഗതനാകുമ്പോഴെല്ലാം അവാച്യമായ ആനന്ദം ഞാന്‍ അനുഭവിക്കുന്നു.

4. എന്നെ മുഴുവനും ഞാന്‍ കര്‍ത്താവിന് വിട്ടുകൊടുത്തിരിക്കുകയാണ്, അവിടുന്ന് ഇഷ്ടം പോലെ ചെയ്തുകൊള്ളട്ടെ.

5. പുഞ്ചിരി ഒരു തിരിവെട്ടമാണ്, സങ്കടപ്പെടുന്നവരുടെ മുഖത്തേയ്ക്ക് നോക്കി കരുണയോടെ ഞാന്‍ പുഞ്ചിരിക്കും.

6. എളിമയാണ് സുകൃതങ്ങളുടെ രാജ്ഞി; എളിമപ്പെടാന്‍ ലഭിക്കുന്ന ഏതൊരവസരവും വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.

7. തെറ്റില്‍ ഉള്‍പ്പെടുന്ന ഓരോ പ്രാവശ്യവും തെറ്റ് എത്ര ലഘുവായിരുന്നാല്‍പ്പോലും, എന്തെങ്കിലും പ്രായശ്ചിത്തം ഞാന്‍ സ്വമേധയാ ചെയ്യും. ഇതാണ് തെറ്റില്‍നിന്ന് പിന്തിരിയാനുള്ള എളുപ്പവഴി.

8. എല്ലാ വേദനകളും ഈശോയുടെ തിരുഹൃദയത്തില്‍ സമര്‍പ്പിക്കുമ്പോള്‍ കൈവരുന്ന സന്തോഷം എത്രയോ വലുതാണ്.

9. ദൈവസ്നേഹമുണ്ടെങ്കില്‍ പരസ്നേഹമുണ്ട്-പൂവും പൂമ്പൊടിയുമെന്നപോലെ.

10. ലുബ്ധന്‍ പണം ചെലവാക്കുന്നതിനെക്കാള്‍ സൂക്ഷ്മതയോടെ ആയിരിക്കണം നാം വാക്കുകള്‍ ഉപയോഗിക്കുക.

11. കൊടുക്കുന്നതിലാണ് എനിക്ക് സന്തോഷം, ലഭിക്കുന്നതിലല്ല. മുഖസ്തുതി പറയുന്നവരില്‍നിന്ന് ഞാന്‍ ഓടിയകലും.

12. എന്നെ മുഴുവനും സ്നേഹത്തിന്റെയും പരിഹാരത്തിന്റെയും ഒരു ബലിവസ്തുവായി ഈശോയ്ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു.

13. ഈശോ എന്ന തിരുനാമം ഉച്ചരിക്കുന്നത് എന്റെ നാവിന് ഏറെ മധുരമാണ്.

14. കര്‍ത്താവിനോട് എപ്പോഴും വിശ്വസ്തയായിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു; അതിനായി ശ്രമിച്ചു. വാക്കുമാറുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്ക് ഇഷ്ടം.

15. ആഗ്രഹത്തിനു വിരുദ്ധമായി വരുന്നതെല്ലാം നന്നായി സഹിച്ച് കര്‍ത്താവിന് കാഴ്ച കൊടുക്കണം.

16. സ്നേഹത്തെ പ്രതി ദുരിതങ്ങള്‍ സഹിക്കുക, അതില്‍ സന്തോഷിക്കുകയും ചെയ്യുക. ഇതുമാത്രമേ ഇഹത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ; ലോകസന്തോഷങ്ങളൊന്നും എനിക്കായിട്ടുള്ളതല്ലായെന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്.

17. ഒന്നും ഓര്‍ത്ത് നമ്മള്‍ ദുഃഖിക്കേണ്ടതില്ല. കര്‍ത്താവ് എപ്പോഴും നമ്മോടുകൂടെയുണ്ട്.

18. എനിക്ക് എന്റെ ഈശോയെ മാത്രം മതി; മറ്റൊന്നും എനിക്കു വേണ്ട. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്റെ ഈശോയേ, ലോകസന്തോഷങ്ങളെല്ലാം എനിക്ക് കയ്പായി പകര്‍ത്തണമേ എന്നതാണ് എന്റെ നിരന്തരമായ പ്രാര്‍ഥന.

19. മാമ്മോദീസായില്‍ ലഭിച്ച വരപ്രസാദം ഇതുവരെയും നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കാനുള്ള അനുഗ്രഹം ദൈവം എനിക്കു പ്രദാനം ചെയ്തു.

20. കുരിശു തന്നാണ് ഈശോ സ്നേഹിക്കുന്നത് സ്നേഹിക്കുന്നവര്‍ക്കാണ് കൂടുതല്‍ കുരിശുകളും സങ്കടങ്ങളും അവിടുന്നു നല്‍കുക. സഹിക്കുന്നത് എനിക്കു സന്തോഷമാണ്; സഹിക്കാന്‍ ലഭിക്കാത്ത ദിവസം ശൂന്യമായിട്ടാണ് എനിക്കു തോന്നുന്നത്.

21. എന്റെ കര്‍ത്താവ് അറിയാതെ എനിക്ക് ഒന്നും സംഭവിക്കുകയില്ല എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.

22. എന്തെല്ലാം കഷ്ടപ്പാടുകളുണ്ടായാലും ഞാന്‍ ഒരിക്കലും ആവലാതി പറയുകയില്ല.

23. എന്റെ ആത്മനാഥന്‍ കുരിശിലല്ലേ മരിച്ചത്?! എനിക്കും സഹനങ്ങളുടെ കുരിശില്‍ മരിക്കണം.

24. കുരിശിന്‍ ചുവട്ടില്‍നിന്നവര്‍പോലും കരുണയില്ലാതെ ഈശോയെ നിന്ദിക്കുകയല്ലേ ചെയ്തത്? എനിക്കാകട്ടെ ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനും സഹതപിക്കാനും എത്രയോ പേര്‍ അടുത്തുണ്ട്! ഞാന്‍ ഈശോയുടെ മണവാട്ടിയല്ലേ? മണവാളന്റെ ദേവനകള്‍ ഓര്‍ക്കുമ്പോള്‍ എന്റേത് എത്ര നിസ്സാരം!

25. സ്വര്‍ഗത്തില്‍ എനിക്കു സ്നേഹമുള്ള ഒരമ്മയുണ്ട്; ആ ആമ്മയെക്കുറിച്ചു പറയുമ്പോള്‍ സന്തോഷംകൊണ്ട് എന്റെ കണ്ണുനിറയും.

26. കഷായം തരുന്ന കര്‍ത്താവുതന്നെ പഞ്ചസാരയും തരും. പാരവശ്യത്തിനുശേഷം ഉണ്ടാകുന്ന ആനന്ദമോര്‍ക്കുമ്പോള്‍ പാരവശ്യം നീങ്ങിക്കുന്നതിനായി പ്രാര്‍ഥിക്കുവാന്‍ തോന്നുകയില്ല.

27. മുന്തിരിപ്പഴങ്ങള്‍ ചക്കിലിട്ടു ഞെരിച്ചു കിട്ടുന്ന ചാറ് സംഭരിച്ചുവച്ചു ശുദ്ധീകരിക്കുമ്പോള്‍ വീര്യമുള്ള വീഞ്ഞു കിട്ടുന്നു. അതുപോലെ വേദനകള്‍കൊണ്ടു ശുദ്ധീകരിക്കപ്പെടുമ്പോള്‍ നാം ആത്മവീര്യമുള്ളവരാകുന്നു.

28. ആരും അറിയാതെ നോമ്പു നോക്കുക, അതു മനസ്സിനു ശക്തി പകരം.

29. ഞാന്‍ ഏതു കാര്യം അപേക്ഷിച്ചാലും എന്റെ നല്ല ദൈവം ഒരിക്കല്‍പോലും എന്റെ അപേക്ഷ സാധിച്ചു തരാതിരുന്നിട്ടില്ല.

30. അധികാരികള്‍ എന്തു തീരുമാനിക്കുന്നുവോ, അത് എന്നെ സംബന്ധിച്ചുള്ള ദൈവതിരുമനസ്സായി ഞാന്‍ കണക്കാക്കുന്നു.

31. ഞാന്‍ സഹനത്തിന്റെ പുത്രിയാണ്; സഹനവും ത്യാഗവുമാകുന്ന കല്ലുകള്‍ക്കൊണ്ടാണ് സ്വര്‍ഗത്തില്‍ നമുക്കായി മാളികകള്‍ പണിയുന്നത്.

32. എനിക്കുള്ള ഒരു സ്നേഹപ്രകൃതമാണ്; എന്റെ ഹൃദയം മുഴുവനും സ്നേഹമാണ്. ആരെയും വെറുക്കാന്‍ എനിക്കു കഴിയുകയില്ല.

33. കര്‍ത്താവിന്റെ കുരിശിന്റെ ഓഹരി എനിക്കുണ്ട്; ഞാന്‍ അവിടുത്തോടുകൂടെ കുരിശിലാണ്. ഈ ഭാഗ്യം എല്ലാവര്‍ക്കും ഉള്ളതാണോ?! അതുകൊണ്ട് ഞാന്‍ മിടുക്കിയാണ്.

34. ഞാന്‍ അപേക്ഷിച്ചാല്‍ കുരിശുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ; അവ സഹിക്കാന്‍ സന്നദ്ധതയുണ്ടെങ്കില്‍ മാത്രം നിങ്ങള്‍ എന്റെ പ്രാര്‍ഥന തേടിയാല്‍ മതി.

35. സുകൃതങ്ങളുടെ പരിമളച്ചെപ്പ് നമുക്ക് അടച്ചു സൂക്ഷിക്കാം; എല്ലാം ഈശോ മാത്രം അറിഞ്ഞാല്‍ മതി.

36. ഭാരക്കുറവുള്ള പക്ഷികള്‍ക്ക് വളരെ വേഗത്തില്‍ പറന്നുയരാന്‍ സാധിക്കുമല്ലോ. ചില പക്ഷികള്‍ പറന്നാല്‍ ചിറകടിക്കുന്ന ശബ്ദംപോലും കേള്‍ക്കുകയില്ല. ഞാനും അതുപോലെ പറന്നുപോയി എന്റെ മണവാളന്റെ മടിയില്‍ അഭയംപ്രാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.