
കാലത്തെ അതിജീവിക്കുന്നവരാണ് വിശുദ്ധര്‍. കാലാകാലത്തോളം അവര്‍ ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. അതുകൊണ്ടു തന്നെ അവരില്‍ ചിലരുടെയൊക്കെ പ്രായം നമ്മള്‍ വിസ്മരിച്ചു കളയുന്നു. പഴക്കമുള്ള പള്ളികളിലെ പരിശുദ്ധ കന്യകാമറിയം മുത്തിയും, തോമാശ്ലീഹ മുത്തപ്പനും, ഗീവര്‍ഗ്ഗീസ് സഹദാ വല്യച്ചനുമാണ്. നന്നേ ചെറുപ്പത്തില്‍ രക്തസാക്ഷിയായ വിശുദ്ധനാണ് ഗീവര്‍ഗ്ഗീസ് സഹദാ. എന്നാല്‍, അരുവിത്തുറയിലെ വല്ല്യച്ചന് ഒരു വയസ്സന്‍ ലുക്കാണ്. ഒരുപക്ഷേ, യൗസേപ്പ് പിതാവും വയസ്സനായത് ഇങ്ങനെയൊക്കെയായിരിക്കും.
ഇപ്രകാരം യൗവ്വനം വിസ്മരിക്കപ്പെട്ടു പോകുന്ന വിശുദ്ധരുടെ ഗണത്തിലെ തൊട്ടടുത്ത കണ്ണിയാണ് വി. അല്‍ഫോന്‍സ. ഈശോയെക്കാള്‍ മൂന്നു-നാല് വര്‍ഷം കൂടി മാത്രമേ അല്‍ഫോന്‍സാമ്മയും ജീവിച്ചിരുന്നുള്ളൂ. ചെറുപ്പം മുതലേ അമ്മയെന്നു വിളിക്കപ്പെട്ടിരുന്നതു കൊണ്ടാവാം അവരുടെ യൗവ്വനത്തെ നമ്മള്‍ വിസ്മരിക്കുന്നത്. എന്നാല്‍, യുവത്വമാകുന്ന തന്റെ നിധി പൂര്‍ണ്ണമായും ഈശോയ്ക്കു സമര്‍പ്പിച്ച് യുവത്വത്തിന്റെ പൂര്‍ണ്ണത സ്വന്തമാക്കിയ വിശുദ്ധയാണ് അല്‍ഫോന്‍സാമ്മ.
ഈ ആശയം വ്യക്തമാക്കുന്നതിന് ഈശോയുടെ അടുക്കല്‍ വന്ന ചെറുപ്പക്കാരനുമായി (മത്തായി 19:16-22) അല്‍ഫോന്‍സാമ്മയെ താരതമ്യപ്പെടുത്തണം. വി. മര്‍ക്കോസിന്റെ വിവരണമനുസരിച്ച് (മര്‍ക്കോ. 10: 17-23) അവന്‍ ഓടിയാണ് ഈശോയുടെ അടുക്കലെത്തുന്നത്. തിടുക്കം, ചലനാത്മകത എന്നിവ യുവത്വത്തിന്റെ പ്രത്യേകതയാണല്ലോ. അവന്റെ ശരീരഭാഷയില്‍ ശ്രദ്ധിക്കപ്പെടുന്ന രണ്ടാമത്തെ കാര്യം ആദരവാണ്. അവന്‍ വഴിയില്‍ മുട്ടുകുത്തുന്നു. ഇത് ഒരുപക്ഷേ ഇന്നുള്ള ചെറുപ്പക്കാരില്‍ കുറവായിരിക്കാം. അവനെ ശ്രദ്ധേയനാക്കുന്ന മൂന്നാമത്തെ കാര്യം, ഈശോയുടെ അടുക്കല്‍ അവന്‍ പ്രകടിപ്പിച്ച ആഗ്രഹമാണ്. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ എന്തുചെയ്യണം എന്ന വയസ്സന്‍ ചോദ്യമാണ് അവന്‍ ഈശോയോട് ചോദിക്കുന്നത്.
നമ്മള്‍ പ്രതീക്ഷിക്കുന്നത് ഒരു യുവാവ് ഈശോയെ മുഖാമുഖം കണ്ടാല്‍ പഠനത്തിലെ വിജയം, ജോലി, വിവാഹം എന്നിവയിലെന്തെങ്കിലും നിയോഗം പങ്കുവയ്ക്കുമെന്നാണ്. ഇവന്റെ ആവേശത്തില്‍ ഈശോ പ്രസാദിക്കുന്നില്ല. അവനെ പരീക്ഷിക്കാനായി പ്രമാണങ്ങളുടെ അനുസരണത്തെപ്പറ്റിയാണ് പിന്നീട് ഈശോ ചോദിക്കുന്നത്. പ്രമാണങ്ങള്‍ എല്ലാം ചെറുപ്പം മുതലേ അവന്‍ അനുസരിക്കുന്നു. ഇതുവരെ കോപിക്കുകയോ, ചെറിയ നുണ പറയുകയോ, പലവിചാരത്തിന് അടിമപ്പെടുകയോ ചെയ്യാത്ത യുവാവ്. അവന്റെ ഉയര്‍ന്ന സ്വയാവബോധം മനസ്സിലാക്കി ഈശോ പറയുന്നു: ”നിനക്ക് ഒരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. എന്നിട്ട് എന്നെ അനുഗമിക്കുക.” വലിയ ധനികനായിരുന്നതു കൊണ്ട് അത് ചെയ്യാനാവാതെ അവന്‍ വിഷാദിച്ച് സങ്കടത്തോടെ പോയി.
ഒരു യുവാവിന്റെ കുറവാണ് ഇവിടെ പ്രകടമാകുന്നത്. ചടുലതയും പ്രകടനപരതയും ഉയര്‍ന്ന സ്വയാവബോധവും തുറവിയും കാര്യശേഷിയുമെല്ലാം യുവാക്കളുടെ നന്മയായിരിക്കാം. ശീലിച്ചുവന്ന മതനിയമങ്ങള്‍ ഹൃദയത്തിന്റെ സ്പര്‍ശമില്ലാതെ അവര്‍ അനുസരിക്കുന്നുമുണ്ടാകാം. എന്നാല്‍, ഇവയ്‌ക്കെല്ലാമുപരി യുവത്വമാകുന്ന വലിയ സമ്പത്ത് ദൈവത്തിനു സമര്‍പ്പിക്കാന്‍ അവന് കഴിഞ്ഞില്ല. അതായിരുന്നു അവന്റെ കുറവ്.
ഇതില്‍ നിന്ന് വ്യത്യസ്തയായിരുന്നു വി. അല്‍ഫോന്‍സാമ്മ. അവള്‍ക്ക് ചടുലതയും തിടുക്കവും കുറവായിരുന്നു. പ്രകടനപരത ഒട്ടുമേ ഇല്ലായിരുന്നു. ശ്രദ്ധിക്കപ്പെട്ട പണ്ഡിതയുമായിരുന്നില്ല. പ്രമാണങ്ങള്‍ അനുസരിക്കാന്‍ കഴിയുന്നുണ്ടോയെന്ന സന്ദേഹം എപ്പോഴുമുണ്ടായിരുന്നു. എന്നാല്‍, അവള്‍ തന്റെ യൗവ്വനം മുഴുവനായും ഈശോയ്ക്കും സഭയ്ക്കും നല്‍കി. അങ്ങനെയാണ് വി. അല്‍ഫോന്‍സാമ്മയില്‍ യുവത്വം പൂര്‍ണ്ണമാകുന്നത്.
റവ. ഡോ. സെബാസ്റ്റ്യന്‍ തോണിക്കുഴി
കടപ്പാട്: ഗോതമ്പുമണി