![hus](https://i0.wp.com/www.lifeday.in/wp-content/uploads/2025/01/hus.jpeg?resize=696%2C435&ssl=1)
“എന്റെ ഭർത്താവിനെ കൊന്നവർക്കുവേണ്ടി ഞാൻ പ്രാർഥിക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്യുന്നു. അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയില്ല. അവർ അവിശ്വാസികളാണ്.” പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കും പീഡിപ്പിക്കുന്ന തീവ്രവാദസംഘത്തിനും വേണ്ടി പ്രാർഥിക്കണമെന്ന് അഭ്യർഥിച്ച് തീവ്രവാദത്തെ അതിജീവിച്ച നൈജീരിയയിൽ നിന്നുള്ള അഫോർഡിയ എന്ന ക്രൈസ്തവ സ്ത്രീ.
“ഇന്ന് അവർ എന്നെ ഏറെ വേദനിപ്പിച്ചാലും മരിക്കുന്നതുവരെ ഞാൻ ക്രിസ്തുവിനെ സ്നേഹിക്കുന്നത് നിർത്തില്ല. കാരണം ക്രിസ്തുവാണ് എന്റെ ഈ ശരീരത്തിന്റെയും ജീവിതത്തിന്റെയും രക്ഷകൻ” സഹനങ്ങൾക്കിടയിലും അഫോർഡിയ പറയുന്നു.
അഫോർഡിയയുടെ ജീവിതം
2014 ഒക്‌ടോബർ 29 ന് നൈജീരിയയിലെ മുബിയിൽ തീവ്ര മുസ്ലീം വിഭാഗമായ ബോക്കോ ഹറാം ആക്രമണം നടത്തി. വെടിവയ്പ്പിന്റെയും ബോംബുകളുടെയും ശബ്ദം ആ പ്രദേശത്തുള്ളവരെയാകെ പരിഭ്രാന്തരാക്കി. കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർ, പൗൾട്രി ഫാർമർ എന്നീ നിലകളിൽ കുടുംബത്തെ പോറ്റാൻ ജോലിചെയ്തുവരികയായിരുന്നു അഫോർഡിയ. തങ്ങളുടെ മക്കൾക്ക് കുഴപ്പമൊന്നും ഉണ്ടാകാതെയിരിക്കാൻ മക്കളെ തേടി അവർ ഭർത്താവിന്റെ കൂടെ അന്വേഷിച്ചിറങ്ങി.
അപ്പോഴാണ് പതിയിരുന്ന തീവ്രവാദികൾ ഈ ദമ്പതികൾക്കുനേരെ ചാടിവീണത്. “അവർ എന്നെയും എന്റെ ഭർത്താവിനെയും തടഞ്ഞുനിർത്തി ഞങ്ങളോട് കാറിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഞങ്ങൾ അങ്ങനെ ചെയ്തു. ബോക്കോ ഹറാം അംഗങ്ങൾ ഭർത്താവിനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി: ‘നിങ്ങൾ മുസ്ലീമാണോ അതോ അവിശ്വാസിയാണോ? ’ അദ്ദേഹം പറഞ്ഞു: ‘ഞാൻ മുസ്ലിമല്ല. ഞാൻ അവിശ്വാസിയല്ല. ഞാൻ ഒരു ക്രിസ്ത്യാനിയാണ്. ’ അതുകേട്ട ഉടനെ അവർ അദ്ദേഹത്തോട് റോഡിൽ നിന്ന് വലത്തേക്ക് തിരിയാൻ ആവശ്യപ്പെട്ടു. അദ്ദേഹം അപ്രകാരം ചെയ്തു” അഫോർഡിയ പറയുന്നു.
അദ്ദേഹം ഉടനെ മുട്ടുകുത്തി പ്രാർഥിക്കാൻ തുടങ്ങി. അഫോർഡിയ നോക്കിനിൽക്കെ തീവ്രവാദികൾ ഭർത്താവിന്റെ തലയിലേക്ക് അഞ്ചുതവണ വെടിയുതിർത്തു. ഭർത്താവിനെ കൊലപ്പെടുത്തിയശേഷം തീവ്രവാദികൾ അഫോർഡിയയുടെ നേരെ തിരിഞ്ഞു. “അതേ ചോദ്യങ്ങൾ അവർ എന്നോടും ചോദിച്ചു. ഞാൻ കണ്ണുകൾ അടച്ചു. അവർ എന്നെ കൊല്ലുമെന്ന് ഞാൻ ഭയപ്പെട്ടു. ഞാൻ എന്റെ രണ്ടു കൈകളും സ്വർഗത്തിലേക്ക് ഉയർത്തി ഹൃദയത്തിൽ പ്രാർഥിച്ചു: ‘കർത്താവേ ഇന്ന് എന്റെ ആത്മാവിനെ സ്വീകരിക്കേണമേ.’ അപ്പോൾ ഞാൻ മറുവശത്ത് നിന്ന് ഒരു ശബ്ദം കേട്ടു. ആ തീവ്രവാദികളിൽ നിന്ന് തന്നെ. ‘മതി ഈ സ്ത്രീയെ കൊല്ലാൻ നിന്നോട് ആരാണ് പറഞ്ഞത്? അവളെ വെറുതെ വിടൂ.”
അതിശയകരമെന്നു പറയട്ടെ, അക്രമികൾ അഫോർഡിയയെ അവളുടെ കാറിൽകയറി രക്ഷപെടാൻ അനുവദിച്ചു. പോകുന്നവഴി അവൾ തന്റെ ഇളയമകനെ കണ്ടെത്തി. അവർ ഇരുവരും കാർ ഉപേക്ഷിച്ച് മലകളിലേക്ക് ഓടിപ്പോയി.
ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട അവരെ സംസ്ഥാന തലസ്ഥാനത്തേക്ക് മാറ്റി. അവിടെ വച്ച് അഫോർഡിയക്ക് തന്റെ അഞ്ചു മക്കളെയും കാണാൻ സാധിച്ചു. സർക്കാർ, നഗരം തീവ്രവാദികളിൽ നിന്നും മോചിപ്പിച്ച് ഏകദേശം ഒരു മാസത്തിനുശേഷം അവൾ മുബിയിലേക്ക് മടങ്ങി. ആക്രമണത്തിനുശേഷം ഇവിടുത്തെ താമസക്കാരിൽ പലരും തിരിച്ചെത്തിയിട്ടില്ല.
ഭർത്താവിന്റെ മരണം അഫോർഡിയക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. “ഉറക്കമില്ലാത്ത രാത്രികൾ. ഞാൻ ഞാനായിരുന്നില്ല. ഞാൻ ഒരു ഭ്രാന്തിയെപ്പോലെ നടന്നു. എന്നെ സംബന്ധിച്ചിടത്തോളം ജീവിതം തീർന്ന അവസ്ഥയിലെത്തി” അഫോർഡിയ പറയുന്നു. ഓപ്പൺ ഡോർസ് ഗ്രൂപ്പ് അഫോർഡിയയെ ബ്രസീലിൽ മാനസികാരോഗ്യ ചികിത്സയ്ക്ക് സഹായിച്ചു. ആക്രമണത്തെ തുടർന്ന് ഉപജീവനമാർഗം നഷ്ടപ്പെട്ട അവൾക്ക് സാമ്പത്തിക സഹായവും അവർ നൽകി.
“അങ്ങനെയാണ് എനിക്ക് സുഖം പ്രാപിക്കാൻ കഴിഞ്ഞത്. ആ നിമിഷം, ക്ഷമയെക്കുറിച്ച് യേശു പഠിപ്പിച്ചത് ഞാൻ ഓർത്തു. എന്റെ ഭർത്താവിനെ കൊന്നവരെ ഓർക്കാനും പ്രാർഥിക്കാനും എനിക്ക് കഴിഞ്ഞു.” തന്റെ തിരിച്ചുവരവിനെക്കുറിച്ച് അഫോർഡിയ വെളിപ്പെടുത്തുന്നു.
നൈജീരിയയിലും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലും ക്രിസ്ത്യാനികൾ അനുഭവിച്ച ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാകുന്നതിനേക്കാൾ കൊല്ലപ്പെടുന്നതാണ് നല്ലതെന്ന് അവർ പറയുന്നു.
2009 മുതൽ മുസ്ലീം തീവ്രവാദി ആക്രമണങ്ങൾ നടത്തുന്ന നൈജീരിയയെ ക്രിസ്ത്യൻ പീഡനങ്ങൾ നേരിടുന്ന ലോകത്തിലെ ഏറ്റവും മോശം രാജ്യങ്ങളിലൊന്നായി 2025 വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 2024 ൽ നൈജീരിയയിൽ 3,100 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് കണ്ടെത്തി.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ