
പൗരസ്ത്യ സുറിയാനി ആരാധനക്രമ പാരമ്പര്യമനുസരിച്ച് ദനഹാക്കാലത്തിലെ അവസാന വെളളിയാഴ്ച, കര്‍ത്താവില്‍ നിദ്രപ്രാപിച്ച സകല മരിച്ചവരുടെയും ഓര്‍മ്മദിനമാണ്. മാമ്മോദീസായിലൂടെ കരഗതമായ ദൈവമക്കളുടെ പദവിയില്‍ ധീരോചിതമായ ക്രൈസ്തവജീവിതം നയിച്ച്, തങ്ങളുടെ ഈലോക ജീവിതയാത്രയില്‍ മിശിഹായ്ക്ക് സാക്ഷ്യംവഹിച്ച് കടന്നുപോയവര്‍, വിശ്വാസികളുടെ സമൂഹത്തിനു മാതൃകകളായിത്തീര്‍ന്നവരാണ്. അങ്ങനെയുളള നമ്മുടെ പ്രിയപ്പെട്ടവരെ ഓര്‍ക്കാനും അവര്‍ക്കുവേണ്ടി പ്രാർഥിക്കാനും ത്യാഗങ്ങളനുഷ്ഠിക്കാനും അവര്‍ പകര്‍ന്നുതന്ന വിശ്വാസപൈതൃകത്തിന്റെപേരില്‍ ദൈവത്തെ സ്തുതിക്കാനുമുളള അവസരമാണ് സകല മരിച്ചവരുടെയും ഓര്‍മ്മദിനം.
മിശിഹായെ വെളിപ്പെടുത്തുകയും അവനു സാക്ഷ്യംവഹിക്കുകയും ചെയ്ത വിശുദ്ധര്‍ എന്ന നിലയിലാണ് മാമ്മോദീസാ സ്വീകരിച്ച് വിശ്വാസം ജീവിച്ച് ഈശോയില്‍ നിദ്രപ്രാപിച്ചവരായ നമ്മുടെ പൂര്‍വീകരെ പൗരസ്ത്യ സുറിയാനി സഭ കാണുന്നത്. അതുപോലെ തന്നെ, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിച്ചു ജീവിച്ചവരാരും കല്ലറകളില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ നിത്യമായി കിടക്കുകയില്ലെന്നും സഭ വിശ്വസിക്കുന്നു. കാരണം, തന്നില്‍ വിശ്വസിക്കുന്നവര്‍ ഒരിക്കലും മരിക്കുകയില്ലെന്നാണല്ലോ ജീവന്റെ ഉടയവന്റെ വചനം (യോഹ. 11:25).
മാമ്മോദീസായിലൂടെ വിശുദ്ധീകരിക്കപ്പെട്ട എല്ലാവരോടും, പ്രത്യേകിച്ച് എല്ലാ മരിച്ചവരോടുമുളള നമ്മുടെ കൂട്ടായ്മ സഭയുടെ വിശ്വാസത്തിന്റെ ഭാഗമാകയാല്‍ അവര്‍ക്കുവേണ്ടി സഭ ഔദ്യേഗികമായ ആരാധനക്രമത്തില്‍ എപ്പോഴും പ്രാര്‍ഥിക്കുന്നു. പരിശുദ്ധ കുര്‍ബാനയിലും യാമപ്രാര്‍ഥനകളിലുമെല്ലാം ഈ അനുസ്മരണം ഒരു അവിഭാജ്യഘടകമാണ്. മാത്രമല്ല, ആരാധനാവത്സരത്തിലെ ഒരുദിവസം അതിനായി പ്രത്യേകം നീക്കിവയ്ക്കുകയും ചെയ്യുന്നു. ആരാധനയിലധിഷ്ഠിതമായ സഭയിലെ കൂട്ടായ്മയുടെ സ്വഭാവികമായ പ്രകാശനം തന്നെയാണിത്. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മക്കബായരുടെ രണ്ടാം പുസ്തകത്തിലും (2 മക്ക. 12:42-45) തിമോത്തിക്കുള്ള ലേഖനത്തിലും (2 തിമോ 1:16-18) നമുക്കു കാണാന്‍കഴിയും. മരിച്ചവരെ അനുസ്മരിക്കുന്നത് ശ്ലൈഹിക കാലം മുതല്‍ സഭയില്‍ നിലനില്‍ക്കുന്നതാണെന്ന് പൗലോസിന്റെ ലേഖനത്തില്‍നിന്നും നമുക്കു മനസ്സിലാക്കാം.
ദനഹായിലെ അവസാന വെള്ളിയാഴ്ച, വലിയനോമ്പിനു തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയുമാണ് എന്ന സത്യംകൂടി കണക്കിലെടുക്കുമ്പോള്‍ മരിച്ചവരുടെ ഓര്‍മ്മദിനം ദനഹായിലെ അവസാന വെള്ളിയാഴ്ചതന്നെ വരിക തികച്ചും യുക്തമാണ്. അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ജീവിതനവീകരണത്തിന്റെയും കാലമാണല്ലോ നോമ്പുകാലം. മരണത്തെക്കുറിച്ചും മരണാനന്തരജീവിതത്തെക്കുറിച്ചുമുള്ള ചിന്തകള്‍വഴി വലിയനോമ്പിന്റെ അരൂപിയിലേക്ക് വളരെ ഫലപ്രദമായി പ്രവേശിക്കുന്നതിന് ഈ ദിനത്തിലെ മരിച്ചവരുടെ ഓര്‍മ്മയാചരണം സഹായിക്കും. അതുപോലെതന്നെ പാപത്തിന്റെ ഫലമാണ് മരണമെന്ന യാഥാര്‍ഥ്യം തെളിഞ്ഞുനില്‍ക്കുന്നതുകൊണ്ട് ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്ചത്തെ ഈ ഓര്‍മ്മ, ഈശോയുടെ പീഡാനുഭവത്തിലേക്കും മരണത്തിലേക്കും അതിനു കാരണമായ മനുഷ്യന്റെ പാപങ്ങളിലേക്കും തിരിയുന്നതിനു നമ്മെ സഹായിക്കുന്നു. മാത്രമല്ല, നോമ്പുകാലത്തിലെ പ്രര്‍ഥനയും പ്രായശ്ചിത്തവും ദാനധര്‍മ്മവും മരിച്ചവര്‍ക്കു വേണ്ടിക്കൂടി അനുഷ്ഠിക്കേണ്ടതിന്റെ പ്രാധാന്യവും കാണിക്കുന്നതിനു കൂടിയാവാം മരിച്ചവരുടെ ഓര്‍മ്മ വലിയനോമ്പിനു തൊട്ടുമുമ്പുള്ള വെള്ളിയാഴ്ച സജ്ജീകരിച്ചിരിക്കുന്നത്.
റവ. ഫാ. മാത്യു തെക്കേടം