

എന്തോ, ചെറുപ്പം മുതൽ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഒരു വിശുദ്ധ ആയിരുന്നു വി. അൽഫോൻസാമ്മ. ശരിക്കും പറഞ്ഞാൽ, “മലയാളം പറഞ്ഞാൽ മനസിലാകുന്ന ഒരു വിശുദ്ധ സ്വർഗത്തിൽ ഉണ്ടല്ലോ” എന്നതായിരുന്നു കാരണം. ചെറുപ്പത്തിൽ എവിടുന്നോ കിട്ടിയ അൽഫോൻസാമ്മയുടെ ഒരു ചിത്രം ഒത്തിരി കാലം ഞാൻ പഠിക്കുന്ന പുസ്തകത്തിൽ സൂക്ഷിച്ചുവച്ചു പ്രാർത്ഥിക്കുമായിരുന്നു. അല്ലെങ്കിൽ തന്നെ അൽഫോൻസാമ്മയെ ഇഷ്ടമില്ലാത്ത മലയാളി ആരാ ഉള്ളത്!
ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ, വി. അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന് നാം ആഘോഷിക്കുമ്പോൾ, എല്ലാവർക്കും തിരുനാൾ മംഗളങ്ങൾ നേരുന്നു. നമുക്കറിയാം, ആർഷഭാരതം ജന്മം നൽകിയ വീരകന്യകയായി, സാർവ്വത്രികസഭ അംഗീകാരം നൽകിയ ഏക വ്യക്തിയാണ് വി. അൽഫോൻസാമ്മ. നൂറ്റാണ്ടുകളുടെ പാരമ്പര്യവും ചൈതന്യവുമുള്ള കേരള കത്തോലിക്കാ സഭക്കു ലഭിച്ച ദൈവത്തിന്റെ പ്രത്യേക വരദാനമാണ് വി. അൽഫോൻസാമ്മാ. അതെ, ഇന്ന് ഭരണങ്ങാനത്തിന്റെ പ്രസിദ്ധിയും അൽഫോൻസാമ്മയുടെ മാധ്യസ്ഥശക്തിയിലുള്ള വിശ്വാസവും അനുദിനം വർദ്ധിച്ചുവരികയാണ്.
വചനം ഓർമിപ്പിക്കുന്നു, “വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്ഷ കണ്ടെത്തും” (ജ്‌ഞാനം 6:10). വിശുദ്ധമായതു മാത്രമല്ല, താൻ തൊട്ടതു മുഴുവൻ വിശുദ്ധമാക്കിക്കൊണ്ടായിരുന്നു അവൾ വിശുദ്ധിയുടെ ഉന്നതസോപാനങ്ങളിൽ എത്തിയത്. ഇന്ന് ഭരണങ്ങാനത്തു ചെന്നാൽ കാണാൻ സാധിക്കും, അവൾ തൊട്ടതെല്ലാം പൊന്നായി മാറിയത് അഥവാ വിശുദ്ധ വസ്തുക്കളായി മാറിയത്. ഒരു അല്പം പുളിമാവ് അപ്പത്തെ മുഴുവൻ പുളിപ്പിക്കുന്നതുപോലെ, വിശുദ്ധയായ ഒരു വ്യക്തിയുടെ ജീവിതം ആ ദേശം മുഴുവൻ അനുഗ്രഹം പ്രാപിക്കാൻ കാരണമാകുന്നു. സുഹൃത്തേ, നീ ജനിച്ച ദേശം ഇനിയും ആരും അറിയപ്പെടാത്ത കാട്ടുമൂലയാണോ? ജന്മം തന്ന ദേശത്തെ കുറ്റം പറയരുത്. ഇതാണ് അവസരം, നിനക്കും ഒരു വിശുദ്ധൻ അഥവാ വിശുദ്ധ ആയിക്കൂടേ?
തീർച്ചയായും, വി. അൽഫോൻസാമ്മയുടെ ജീവിതം ഏതൊരു കൊച്ചുകുട്ടികളെപ്പോലും എന്നും പ്രചോദിപ്പിക്കുന്നതാണ്. നമുക്കറിയാം, കുടമാളൂർ ഇടവകയിൽ ആർപ്പൂക്കര പ്രദേശത്ത് മുട്ടത്തുപാടത്ത് ഔസേപ്പ് – മറിയം ദമ്പതികളുടെ നാലാമത്തെ മകളായി അന്നകുട്ടി എന്ന വി. അൽഫോൻസ ജനിച്ചു. അവളുടെ ചെറുപ്പത്തിലെ അമ്മ മരിച്ചുപോയതുകൊണ്ട് പേരമ്മയായിരുന്നു അന്നക്കുട്ടിയെ വളർത്തിയത്.
വി. കൊച്ചുത്രേസ്യയെപ്പോലെ ഒരു വിശുദ്ധയാകാൻ ചെറുപ്പം മുതലേ അവൾ ആഗ്രഹിച്ചിരുന്നു. കുലീനയായ ഗൃഹനാഥയോ, പ്രശസ്തയായ കലാകാരിയോ, മികച്ച ഉദ്യോഗസ്ഥയോ ആയിത്തീരാവുന്ന അവളുടെ ജീവിതം എല്ലാം വേണ്ടെന്നു വച്ച്, തന്റെ ദൈവവിളി തിരിച്ചറിഞ്ഞ്, ക്രിസ്തുവിന്റെ മണവാട്ടിയായിത്തീരാൻ സന്യാസം സ്വീകരിച്ചു. സന്യാസത്തിലേക്കുള്ള അവളുടെ യാത്ര കഠിനമായിരുന്നു. വീട്ടുകാരുടെ എതിർപ്പുകളെ അതിജീവിച്ച്, തീക്ഷ്ണമായി പ്രാർത്ഥിച്ച് ഒടുവിൽ സുന്ദരിയായ അവൾ അഗ്നിയിൽ ചാടി തന്റെ ശരീരഭംഗി കളയുകയും ചെയ്തു. തീർച്ചയായും, കലർപ്പില്ലാത്ത സമർപ്പണത്തിന്റെ അടയാളമായിരുന്നു അതെല്ലാം.
കുരിശുകൾ നൽകിയാണ് ഈശോ നമ്മെ സ്നേഹിക്കുന്നതെന്നും സ്നേഹിക്കുന്നവർക്കു മാത്രമേ അവിടുന്ന് കുരിശുകളും സങ്കടങ്ങളും കൊടുക്കുകയുള്ളൂ എന്നും അവൾ വിശ്വസിച്ചു. സഹനങ്ങളിലൂടെ ശുദ്ധീകരിക്കപ്പെട്ട തനിത്തങ്കമായിരുന്നു വി. അൽഫോൻസാമ്മ. വേദനകളും രോഗപീഡകളും നിരന്തരം അവളെ അലട്ടിയിട്ടും ശിശുസഹജമായ പുഞ്ചിരിയോടെ അവൾ അതിനെയൊക്കെ സ്വീകരിച്ചു. അതെ, ജീവിതസഹനങ്ങളെ പരാതിയില്ലാതെ, കുറ്റപ്പെടുത്താതെ, പരിഭവമില്ലാതെ, ദൈവസ്നേഹത്തെപ്രതി സ്വീകരിക്കുന്ന ഏതൊരാൾക്കും അത് രക്ഷയായിത്തീരുമെന്ന് സഹനപുത്രിയായ വി. അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നു.
സുഹൃത്തേ, ഒത്തിരി സഹിക്കുന്നു എന്ന് നീ അവകാശപ്പെട്ടിട്ടും എന്തേ നിന്നിൽ ഇനിയും ഒരു വിശുദ്ധിയുടെ കുറവ്? സഹിച്ചു എന്ന കാരണത്താൽ ആരും വിശുദ്ധർ ആയിട്ടില്ല. അല്ലായിരുന്നെങ്കിൽ ആദ്യം വിശുദ്ധരാകേണ്ടിയിരുന്നത് നരകത്തിൽ കിടക്കുന്ന കുട്ടിപ്പിശാചുക്കൾ ആയിരുന്നു. അവരുടെ അത്രയും സഹനം ആർക്കാണ് ഉള്ളത്. എന്നാൽ, അവർ അവിടെ നരകത്തിലെ തീയിൽ കിടന്ന് പച്ചത്തെറി വിളിച്ച്, എല്ലാവരെയും ശപിച്ച്, നരകിച്ചു കഴിയുന്നു. പിന്നെ എങ്ങനെ? അപ്പോൾ പിന്നെ ഇനി കൂടുതൽ പറയേണ്ടല്ലോ. സഹിച്ചാൽ മാത്രം പോരാന്ന് മനസിലായില്ലേ.
അതെ, ലോകദൃഷ്ടിയിൽ വൻകാര്യങ്ങളൊന്നും വി. അൽഫോൻസാമ്മ തന്റെ ചുരുങ്ങിയ 36 വർഷത്തെ ജീവിതത്തിൽ ചെയ്തിട്ടില്ലെങ്കിലും മനുഷ്യന്റെ ഹൃദയം കാണുന്ന ദൈവം അവളുടെ സന്യാസ സമർപ്പണത്തിന്റെയും വിശ്വസ്തതയുടെയും ആഴം കണ്ടു. ജീവിതകാലത്ത് ആരും അവളെ തിരിച്ചറിഞ്ഞില്ലെങ്കിലും മരണശേഷം ദൈവം അവളെ വാനോളം ഉയർത്തി. “തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്” (സങ്കീ. 116:15). ഒരു വേള, എന്റെ ജീവിതം വിലയുള്ളതാകാൻ, അമൂല്യമുള്ളതാകാൻ ഞാനും വി. അൽഫോൻസയെപ്പോലെ നിസാര കാര്യങ്ങൾ പോലും പിറുപിറുപ്പു കൂടാതെ, ത്യാഗത്തോടെ, ദൈവസ്നേഹത്തെപ്രതി ചെയ്യണം. അതേ, ഏതൊരു പാപിക്കും മനസു വച്ചാൽ വിശുദ്ധനാകാൻ/ വിശുദ്ധയാകാൻ അവസരമുണ്ടെന്ന് വി. അൽഫോൻസാ നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു.
സ്നേഹമുള്ളവരേ, വി. അൽഫോൻസാമ്മയുടെ ശവകുടീരത്തിലേക്ക് ഇന്ന് ആബാലവൃദ്ധം ജനങ്ങൾ ഒഴുകിയെത്തുന്നു. കാരണം, വിശുദ്ധി നിറഞ്ഞ പുണ്യാത്മാക്കളുടെ ശവക്കല്ലറയിലേക്ക് ജനങ്ങൾ പ്രാർത്ഥിക്കാൻ വരിക തന്നെ ചെയ്യും. അതേ, ഒരുവന്റെ ജീവിതവും മരണവും അർത്ഥപൂർണ്ണമാകുന്നത് മറ്റുള്ളവർക്ക് ഉപകാരപ്പെടുമ്പോഴാണ്. ദൈവമേ, എന്റെ ജീവിതം എപ്രകാരമാണ്? എന്റെ മരണശേഷം എന്റെ കല്ലറ എപ്രകാരമായിരിക്കും? തീരുമാനമെടുക്കാം. കാഴ്ചപ്പാടുകളിൽ മാറ്റവും ചിന്താരീതികളിൽ തീക്ഷ്ണതയും ഉണ്ടാകട്ടെ. വി. അൽഫോൻസാമ്മ നമുക്ക് അതിന് ഒരു മാതൃകയാണ്, പ്രചോദനമാണ്.
മറക്കരുത്, ‘ഈശോയോട് ചേർന്നിരിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം’ എന്ന് അൽഫോൻസാമ്മ പലപ്പോഴും പറയാറുണ്ടായിരുന്നു. ദേവാലയത്തിലെ സക്രാരിക്കു മുമ്പിൽ മണിക്കൂറുകൾ ധ്യാനിച്ച്, പ്രാർത്ഥനയിലൂടെ തന്റെ ജീവിതത്തെ അവൾ ശക്തിപ്പെടുത്തി. അതെ, ഈശോയുടെ ചേർന്നുനിന്നാൽ ഈശോ നമ്മോടു ചേർന്നുനിൽക്കും എന്ന് വി. അൽഫോൻസാമ്മ നമ്മെ ഓർമ്മിപ്പിക്കുന്നു. വി. അൽഫോൻസാമ്മയുടെ ഈ തിരുനാളിൽ ദൈവീക പ്രചോദനങ്ങൾക്ക് കാതുകൾ തുറക്കാൻ, വി. അൽഫോൻസാമ്മയുടെ ജീവിതം നമുക്ക് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. വിശുദ്ധിയിലേക്കാണ് ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് മറക്കാതിരിക്കാം.
“മാതാവിന്റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു” (ജറെ 1:5).
ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ OCD