വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: 44-ാം ദിവസം

ജിൻസി സന്തോഷ്

“എല്ലാം പൂർത്തിയായിരിക്കുന്നു.” അവൻ തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു (യോഹ. 19:30). മനുഷ്യജീവിതത്തിന്റെ നല്ല പ്രായം എന്നൊക്കെ ലോകം വിശേഷിപ്പിക്കുന്ന യുവത്വത്തിൽ – തന്റെ മുപ്പത്തിമൂന്നാം വയസ്സിൽ അതിദാരുണമായ പീഡാസഹനങ്ങൾക്കൊടുവിൽ ആകാശത്തിനും ഭൂമിക്കും മധ്യേ ലോകദൃഷ്ടിയിൽ ഏറ്റം അപമാനകരമായ കുരിശുമരണത്തിനു തൊട്ടുമുൻപ് കുരിശിൽ മൂന്നാണികളിൽ തൂങ്ങിക്കിടന്ന് ‘എല്ലാം പൂർത്തിയായി’ എന്നുപറഞ്ഞ് സംതൃപ്തിയോടെ മരണത്തെ പുൽകുന്ന ക്രിസ്തു.

ഏതു പ്രായത്തിലും മരണത്തെ പുൽകാൻ മനുഷ്യനു ഭയമാണ്. ജീവിതത്തെക്കുറിച്ച് സംതൃപ്തിയും തോന്നാറില്ല എന്നതും സത്യം. മനുഷ്യായുസ്സിന്റെ അറുപതിലും എഴുപതിലുമൊന്നും മനുഷ്യന് പറയാൻ കഴിയുന്നില്ല, എല്ലാം പൂർത്തിയായി എന്ന്. ഈ ഭൂമിയിൽ ഇത്ര നാൾ ജീവിച്ചിട്ടും എല്ലാം നേടിയെടുത്തു, സ്വന്തമാക്കി എന്നൊക്കെ കരുതിയിട്ടും കാണാവുന്നതൊക്കെയും കണ്ടു, നേടാവുന്നതൊക്കെയും നേടി എന്നൊക്കെ വിചാരിക്കുമ്പോഴും നമുക്ക് ജീവിതത്തിന് ഒരു സംതൃപ്തിയില്ല. ക്രിസ്തുവിന്റെ ‘സംതൃപ്തി’ ക്രിസ്ത്യാനിക്ക് ഇപ്പോഴും അന്യം നിൽക്കുന്നു.

ക്രിസ്തു ജീവിച്ചതൊക്കെയും ദൈവഹിതത്തിനു കീഴ്വഴങ്ങിയാണ്. ക്രിസ്ത്യാനി ജീവിക്കാൻ ശ്രമിക്കുന്നതൊക്കെയും സ്വന്ത ഇഷ്ടങ്ങളാണ്. അതിന് അവസാനമില്ല. അതുകൊണ്ടുതന്നെ ഒരിക്കലും സംതൃപ്തി കണ്ടെത്താൻ കഴിയുന്നില്ല. ഒരിക്കൽ ഈ ഭൂമിയോടും ഇവിടെയുള്ളവരാടും ഒക്കെ യാത്ര പറഞ്ഞ് ജീവിതത്തിൽ നിന്ന് ദൈവസന്നിധിയിലേക്ക് എടുക്കപ്പെടുമ്പോൾ ക്രിസ്തുവിനെപ്പോലെ എല്ലാം പൂർത്തിയായി എന്ന മനോഭാവത്തോടെ സംതൃപ്തിയിൽ മരണത്തെ പുൽകാനുള്ള കൃപ ക്രൂശിതനിൽനിന്നും നമുക്ക് സ്വന്തമാക്കാം.

ഞാൻ ജനിച്ചപ്പോൾ കരഞ്ഞു; ചുറ്റും നിന്നവർ സന്തോഷിച്ചു. മരിക്കുമ്പോൾ എനിക്ക് സന്തോഷിക്കണം. ചുറ്റുമുള്ളവർ കരഞ്ഞുകൊള്ളട്ടെ.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.