വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: 39-ാം ദിവസം

ജിൻസി സന്തോഷ്

യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തുനിൽക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: “സ്ത്രീയേ, ഇതാ നിന്റെ മകൻ” (യോഹ. 19:26).

ആദ്യത്തെ മംഗളവാർത്തയിൽ കിസ്തു ജനിച്ചു. കുരിശിനു താഴെ മറിയം സ്വീകരിച്ച രണ്ടാമത്തെ മംഗളവാർത്തയിൽ ക്രിസ്ത്യാനികൾ ജന്മമെടുത്തു. “ഇതാ ഞാൻ, കർത്താവിന്റെ ദാസി. നിന്റെ ഹിതം പോലെ എന്നിൽ ഭവിക്കട്ടെ” എന്ന് പറഞ്ഞുകൊണ്ട് തന്റെ സ്ത്രീത്വത്തെ രക്ഷകന്റെ മാതൃത്വത്തിലേക്ക് അവൾ സമർപ്പിക്കുമ്പോൾ മറിയത്തിൽ ഒരു രണ്ടാം ഹവ്വ പിറക്കുകയായിരുന്നു.

കാൽവരി യാത്രയിൽ, തന്റെ മകന്റെ രക്തമൊഴുകി തളം കെട്ടിയ നിരത്തിലൂടെ ഇടറിയ പാദങ്ങളും നൊമ്പരത്താൽ തളർന്ന മനസ്സുമായി കുരിശിൻചുവട്ടിൽ വരെ എത്തിനിൽക്കുമ്പോൾ മകനുപകരം മക്കളെ ഭരമേറ്റവൾ. അന്ന് ഗബ്രിയേൽ മാലാഖയോടു പ്രതിവചിച്ച അതേ മനോഭാവത്തോടെ ദൈവഹിതത്തിന് ഹൃദയം കൊണ്ട് ആമ്മേൻ പറഞ്ഞ പരിശുദ്ധ അമ്മ.

ജീവിതയാത്രയിൽ പ്രതീക്ഷകളും പ്രാർഥനകളും ഫലമണിയുന്നതു കാണുമ്പോൾ മാത്രം, തിരുഹിതത്തിന് ആമ്മേൻ പറയുന്ന നമ്മുടെ മനോഭാവങ്ങളിലേക്ക് അമ്മ വിരൽ ചൂണ്ടുന്നു. എല്ലാം ക്രമമായിരിക്കുമ്പോൾ മാത്രമല്ല, ക്രമം തെറ്റുമ്പോഴും പ്രതീക്ഷകൾ തകിടം മറിയുമ്പോഴും പ്രാർഥനകൾക്ക് ഉത്തരമില്ലാത്തപ്പോഴും ഇതാ ഞാൻ, കർത്താവിന്റെ ദാസി/ ദാസൻ എന്നു പറയാനുള്ള മനോധൈര്യം അമ്മയോടു ചേർന്നുനിന്ന് നമുക്കും സ്വന്തമാക്കാം.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.