ജപമാലരാജ്ഞിയുടെ തിരുനാള്‍ ദിവസമാണ് ഒക്ടോബര്‍ ഏഴ്. ജപമാലയുടെ മാസം കൂടിയാണ് ഒക്ടോബര്‍. പതിനാറാം നൂറ്റാണ്ടുമുതല്‍ ആചരിച്ചുവരുന്ന ജപമാലയുടെ തിരുനാള്‍ ലോകം മുഴുവനുമുള്ള മരിയഭക്തരുടെ ഏറ്റവും പ്രിയപ്പെട്ട പ്രാര്‍ഥനയുടെ തിരുനാളെന്ന നിലയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഏറ്റവും കൂടുതല്‍ അനുഗ്രഹങ്ങള്‍ മാനവരാശിക്ക് നേടിക്കൊടുത്തിട്ടുള്ള പ്രാര്‍ഥനകളിലൊന്നാണ്, കുടുംബസമാധാനത്തിനും ഐക്യത്തിനും ഏറെ സഹായകരമായ ജപമാല. 1571 -ല്‍ ലെപന്റോയില്‍ തുര്‍ക്കി സാമ്രാജ്യത്തിനെതിരെ ക്രിസ്തീയവിശ്വാസികള്‍ നടത്തിയ കടല്‍യുദ്ധമാണ് ഈ തിരുനാളിന്റെ അടിസ്ഥാനം.
ശക്തരായ തുര്‍ക്കി സാമ്രാജ്യത്തോട് (ഒട്ടോമന്‍ സാമ്രാജ്യം) പൊരുതിജയിക്കാന്‍ അത്ഭുതങ്ങളല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. സ്പെയിന്, വെനീസ് തുടങ്ങിയ ക്രൈസ്തവരാജ്യങ്ങളായിരുന്നു യുദ്ധത്തിനിറങ്ങിയത്. നൂറുകണക്കിനു കപ്പലുകളിലും ചെറിയ വഞ്ചികളിലുമായി കടലില്‍വച്ച് അവര്‍ തുര്‍ക്കി സാമ്രാജ്യത്തോട് ഏറ്റുമുട്ടി. അന്ന് മാര്‍പാപ്പയായിരുന്ന വി. പയസ് അഞ്ചാമന്റെ നേതൃത്വത്തില്‍ ക്രൈസ്തവരെല്ലാം ആ സമയം ദൈവമാതാവായ മറിയത്തോട് തീവ്രമായി പ്രാർഥിച്ചുകൊണ്ടിരുന്നു. ഒക്ടോബര്‍ ഏഴിന് തുര്‍ക്കികളെ തോല്പിച്ച് ക്രൈസ്തവര്‍ വിജയംനേടി. ജപമാലയുടെ അത്ഭുതകരമായ ശക്തിയാലാണ് ഒട്ടോമന്‍ സാമ്രാജ്യത്തെ തോല്പിക്കാന് കഴിഞ്ഞതെന്ന് ഏവര്‍ക്കും ബോധ്യമായി. വിജയദിവസം പരിശുദ്ധ ജപമാലയുടെ തിരുനാള്‍ ആഘോഷിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്യുകയും ചെയ്തു.
പയസ് അഞ്ചാമനുശേഷം വന്ന മാര്പാപ്പമാരെല്ലാംതന്നെ ജപമാലയുടെ ശക്തി മനസ്സിലാക്കി ആ പ്രാര്‍ഥനയില്‍ മുഴുകാന്‍ വിശ്വാസികളെ ആഹ്വാനംചെയ്തുകൊണ്ടിരുന്നു. ആദിമസഭയുടെ കാലംമുതല്‍തന്നെ മരിയഭക്തി പ്രചാരം നേടിവന്നുവെങ്കിലും പല ഘട്ടങ്ങളായാണ് ജപമാല പൂർണ്ണരൂപം പ്രാപിക്കുന്നത്. പ്രശസ്തമായ ഡൊമിനിഷ്യന്‍ സഭയുടെ സ്ഥാപകനായ ഡൊമിനിക് വഴിയാണ് കന്യകാമറിയം തന്റെ ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളെ ധ്യാനിക്കുന്ന പ്രാര്‍ഥന ചൊല്ലാന്‍ കല്പിക്കുന്നത്.
പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡൊമിനിക്ക്, മറിയത്തിന്റെ തീവ്രഭക്തനായിരുന്നു. വി. ഡൊമിനിക്കിന് പരിശുദ്ധ മറിയം ദര്‍ശനം നല്‍കുകയും റോസാപ്പൂക്കള്‍ കൊണ്ടൊരു മാല സമ്മാനിക്കുകയും ചെയ്തു. അന്നുമുതല്‍ ഡൊമിനിഷ്യന്‍ സഭാംഗങ്ങള്‍ മാതാവിനോടുള്ള പ്രാര്‍ഥനയ്ക്ക് പ്രാധാന്യം കൊടുത്തുതുടങ്ങി. ഘട്ടംഘട്ടമായി ജപമാല ഇന്നത്തെ രൂപംപ്രാപിക്കുകയും ചെയ്തു.