![88](https://i0.wp.com/www.lifeday.in/wp-content/uploads/2024/12/88-1.jpeg?resize=696%2C435&ssl=1)
![fr mathew](https://i0.wp.com/www.lifeday.in/wp-content/uploads/2022/01/fr-mathew.jpg?resize=111%2C111&ssl=1)
ഇറ്റലിയിൽനിന്നുള്ള പേരുകേട്ട ഒരു ഗണിതശാസ്ത്രജ്ഞനും ഊർജതന്ത്രജ്ഞനും ദൈവശാസ്ത്രജ്ഞനുമായിരുന്നു ജെസ്വിട്ട് വൈദികനായിരുന്ന പൗളോ കസാത്തി. അദ്ദേഹത്തിന്റെ അറിവിന്റെ ലോകം വളരെ വിശാലമായിരുന്നു. ക്ഷേത്രഗണിതം, വാനശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയ മേഖലകളിൽ അദ്ദേഹം ഗവേഷണം നടത്തിയിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ ശാസ്ത്രചർച്ചകളിൽ അദ്ദേഹം ഒരു സ്ഥിരസാന്നിധ്യമായിരുന്നു. അരിസ്റ്റോട്ടിലിന്റെ തത്വശാസ്ത്രവും ഗലീലിയോയുടെയും കപ്ലറിന്റെയും ശാസ്ത്രവും സംയോജിപ്പിക്കുന്നതിൽ പാവ്ലോ കാസാത്തി വലിയ പങ്കുവഹിച്ചിട്ടുണ്ട്. ചന്ദ്രനിലെ ഒരു ഗർത്തം ‘കസാത്തൂസ്’ എന്ന് നാമകരണം ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ ശാസ്ത്രസംഭാവനകൾക്കുള്ള അംഗീകാരമാണ്.
ഇറ്റലിയിലെ പിയചെൻസ നഗരത്തിൽ 1617 ലാണ് പൗളോ ജനിച്ചത്. 1634 ൽ അദ്ദേഹം ജെസ്വിട്ട് ആശ്രമത്തിൽ ചേർന്ന് സന്യാസപരിശീലനം ആരംഭിച്ചു. അന്നത്തെ ജെസ്വിട്ട് വിദ്യാഭ്യാസരീതി, ഗണിത-തത്വശാസ്ത്ര-ദൈവശാസ്ത്ര വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് പ്രദാനം ചെയ്യുന്നതായിരുന്നു. ഈ പഠനകാലയളവിൽ ഗലീലിയോയുടെയും യോഹാൻ കെപ്ലറിന്റെയും സിദ്ധാന്തങ്ങളിൽ അദ്ദേഹം ആകൃഷ്ടനാവുകയും അവരെക്കുറിച്ചു പഠിക്കുകയും ചെയ്തു.
പഠനത്തിനുശേഷം പൗളോ കസാത്തി പാർമയിലും റോമിലും ജെസ്വിട്ട് സന്യാസ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചു. റോമൻ കോളേജിലെ ഗണിതശാസ്ത്രവിഭാഗം മേധാവിയായി പൗളോ കസാത്തി അനേക വർഷം സേവനം ചെയ്തു. അദ്ദേഹത്തിന്റെ പുതുമയുള്ള അധ്യാപനരീതി പൗളോയെ പ്രശസ്തനാക്കുകയും അദ്ദേഹത്തിന് ധാരാളം ശിഷ്യന്മാർ ഉണ്ടാവുകയും ചെയ്തു. 1651 ൽ അദ്ദേഹത്തെ സഭാധികാരികൾ സ്വീഡനിലേക്ക് ഒരു പ്രത്യേക ദൗത്യവുമായി അയച്ചു. ക്രിസ്റ്റീന രാഞ്ജിയുടെ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനുള്ള ഉദ്ദേശത്തെക്കുറിച്ച് അവലോകനം നടത്തി അധികാരികളെ അറിയിക്കുക എന്നതായിരുന്നു ഈ ദൗത്യം. തുടർന്ന് രാഞ്ജി സ്ഥാനത്യാഗം ചെയ്യുകയും കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് റോമിലേക്ക് താമസം മാറ്റുകയും ചെയ്തു.
പൗളയുടെ പ്രധാനകൃതി 1658 ൽ പ്രസിദ്ധീകരിച്ച ‘ടെറ മാകിനിസ് മോറ്റ’യാണ്. സംഭാഷണരൂപത്തിൽ എഴുതപ്പെട്ട ഈ ഗ്രന്ഥത്തിൽ ഭൂമിയുടെ ചലനം, ശൂന്യത (vacuum), പലവിധ യന്ത്രങ്ങൾ എന്നിവയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. അന്നത്തെ ശാസ്ത്രലോകത്ത് വലിയ വിവാദമായിരുന്ന ശൂന്യത (vacuum) എന്ന ആശയം അദ്ദേഹം വിശദമായി ചർച്ച ചെയ്യുന്നു. പ്രകൃതിയിൽ ശൂന്യത സാധ്യമാണോ എന്ന ചോദ്യത്തിന് കാസാത്തി, ശാസ്ത്രീയവും തത്വശാസ്ത്രപരവുമായ വാദഗതികൾ അവതരിപ്പിച്ചു. കോപ്പർനിക്കസിന്റെ എല്ലാ സിദ്ധാന്തങ്ങളെയും അദ്ദേഹം പൂർണ്ണമായും അംഗീകരിച്ചിരുന്നില്ലെങ്കിലും സംഭാഷണരൂപത്തിൽ ആ വലിയ ശാസ്ത്രജ്ഞന്റെ ആശയങ്ങളെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു.
ജലശാസ്ത്രത്തിലും (hydraulics) അദ്ദേഹം നിർണ്ണായക സംഭാവനകൾ നൽകിയിട്ടുണ്ട്. ജലം സഞ്ചരിക്കുന്ന രീതിയെക്കുറിച്ചും അദ്ദേഹം ഗവേഷണം നടത്തി. ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള വിശദീകരണങ്ങൾ,
ജ്യാമിതി, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ കാസാത്തി നിർണ്ണായക സംഭാവനകൾ നൽകി. ആകാശഗോളങ്ങളുടെ ചലനം, ഗ്രഹങ്ങളുടെ പാത എന്നിവ സംബന്ധിച്ച അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ പല ശാസ്ത്രജ്ഞരുടെയും പ്രശംസ പിടിച്ചുപറ്റി.
ശാസ്ത്രം ദൈവമഹത്വത്തിനായി ഉപയോഗിക്കണമെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. അതിനാൽതന്നെ അദ്ദേഹം നടത്തിയ ശാസ്ത്രപരീക്ഷണങ്ങൾ തന്റെ സന്യാസ ദൈവവിളിയുടെ ഭാഗമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കൂടാതെ, ശാസ്ത്രവും തത്വശാസ്ത്രവും സമന്വയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമം അനേകരിൽ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്. ജീവിതത്തിന്റെ അവസാന നാളുകളിൽപോലും അദ്ദേഹം അധ്യാപനത്തിലും ഗ്രന്ഥരചനയിലും സജീവമായിരുന്നു. ഭക്തിയും ശാസ്ത്രവും തമ്മിലുള്ള സംവാദങ്ങൾക്ക് പ്രാധാന്യം കൊടുത്ത പൗളോയുടെ ലേഖനങ്ങൾ പിൽക്കാല കത്തോലിക്കാ ശാസ്ത്രജ്ഞരും മാതൃകയാക്കിയിട്ടുണ്ട്. തൊണ്ണൂറാമത്തെ വയസ്സിൽ 1707 ഡിസംബർ 22 ന് പാർമ നഗരത്തിലാണ് പൗളോ കസാത്തി മരിച്ചത്.
ഫാ. മാത്യു ചാർത്താക്കുഴിയിൽ