പുരോഹിത ശാസ്ത്രജ്ഞർ 103: ഫ്രാൻചെസ്‌കോ ലാന ദെ തേർസി (1631–1687)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഇറ്റലിയിൽ നിന്നുള്ള ഒരു ഗണിത-പ്രകൃതിശാസ്ത്ര പണ്ഡിതനായിരുന്നു ജെസ്വിട്ട് വൈദികനായിരുന്ന ഫ്രാൻചെസ്‌കോ ലാന ദെ തേർസി. ‘വ്യോമയാന വിജ്ഞാനീയ’ത്തിന്റെ പിതാവായി (Father of Aeronautics) അദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നു. ഫ്രാൻചെസ്‌കോയുടെ ആശയങ്ങൾ വിമാനയാത്ര സാധ്യമാക്കുന്നതിനുള്ള ആദ്യകാല അറിവുകൾ പകർന്നുനൽകി. ദൂരം, ത്രികോണം, ഉപരിതലം ഇവ അളക്കുന്ന ഉപകരണങ്ങൾ അദ്ദേഹം വികസിപ്പിച്ചു. ആദ്യമായി, അന്ധരായവർക്ക് എഴുതാനും വായിക്കാനുമുള്ള വിദ്യയെക്കുറിച്ചു സംസാരിച്ച ശാസ്ത്രജ്ഞനാണ് അദ്ദേഹം. കൂടാതെ ശബ്ദം, പ്രത്യധ്വനി, പ്രകാശസ്വഭാവങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം പഠിക്കുകയും എഴുതുകയും ചെയ്തു.

1631 ഡിസംബർ പത്തിന് ഇറ്റലിയിലെ ലൊംബാർഡി നഗരത്തിലാണ് ഫ്രാൻചെസ്‌കോ ജനിച്ചത്. പതിനാലാം നൂറ്റാണ്ടിൽ ബർഗമോയിൽ നിന്നും ഈ പ്രദേശത്തേക്കു കുടിയേറിയ ലാന-തേർസി പ്രഭുകുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. കുടുംബത്തിന്റെ സാമ്പത്തികഭദ്രത അദ്ദേഹത്തിന് അക്കാലത്തെ ഏറ്റം നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനു കാരണമായി. പഠനത്തിനും കലകളുടെ വളർച്ചയ്ക്കും വളരെയധികം പ്രാധാന്യം നൽകിയ ബ്രേഷ്യ നഗരത്തിലാണ് അദ്ദേഹം വിദ്യാഭ്യാസം നടത്തിയത്. മാനവിക വിഷയങ്ങളിലും ഗണിതത്തിലും തത്വശാസ്ത്രത്തിലും അദ്ദേഹത്തിന് ചെറുപ്പം മുതലേ പരിശീലനം ലഭിച്ചു.

പതിനാറാമത്തെ വയസ്സിൽ ഫ്രാൻചെസ്‌കോ ഈശോസഭയിൽ ചേരുകയും അവർ അദ്ദേഹത്തെ റോമിലേക്ക് പഠനത്തിനായി അയയ്ക്കുകയും ചെയ്തു. റോമൻ കോളേജിൽ തത്വശാസ്ത്ര പഠനത്തോടൊപ്പം ഗലീലിയോയുടെയും ഫ്രാൻസിസ് ബേക്കന്റെയും ശാസ്ത്രീയരീതികളെക്കുറിച്ചും അദ്ദേഹം പഠനം നടത്തി. ശാസ്ത്രീയവിഷയങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന അറിവ് അദ്ദേഹത്തിന് ഇവിടെ നിന്നാണ് ലഭിച്ചത്.

കാന്തശക്തി, യന്ത്രങ്ങളുടെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിലുള്ള അറിവ് റോമൻ കോളേജിലെ പഠനകാലത്ത് അത്തനാസിയൂസ് കിർച്ചർ എന്ന ശാസ്ത്രജ്ഞനിൽ നിന്നാണ് ഇദ്ദേഹത്തിനു ലഭിച്ചത്. 1652 മുതൽ 1654 വരെ അദ്ദേഹത്തിന്റെ സഹായിയായി റോമൻ കോളേജിൽ സേവനമനുഷ്ടിച്ചു. ഭൗതികവും രസതന്ത്രപരവുമായ ധാരാളം പരീക്ഷണങ്ങൾ അദ്ദേഹത്തോടൊപ്പം നടത്തുകയും ഇത് ചില പുതിയ കണ്ടുപിടിത്തങ്ങളിലേക്കു നയിക്കുകയും ചെയ്തു.

റ്റേർണി എന്ന സ്ഥലത്തു പഠിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ അധ്യാപനജീവിതം ആരംഭിച്ചത്. പിന്നീട് ഫെറാറയിലും ബ്രേഷ്യയിലും അദ്ദേഹം ഗണിതശാസ്ത്ര പ്രൊഫസർ ആയി ജോലിചെയ്തു. 1687 ഫെബ്രുവരി 27 ന് മരിക്കുന്നതുവരെ ബ്രേഷ്യയിലാണ് സേവനമനുഷ്ഠിച്ചത്. ഫ്രാൻചെസ്‌കോയുടെ ഏറ്റം പ്രശസ്ത കൃതി 1670 ൽ പ്രസിദ്ധീകരിച്ച ‘പ്രൊദ്രോമോ’ എന്നപേരിൽ അടിയപ്പെടുന്ന ഒരു ഗ്രന്ഥമാണ്. ഇതിൽ യന്ത്രശാസ്ത്രം, സിദ്ധാന്തീകരണം, വിശ്വാസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നു. അതിൽതന്നെ, വായുവിൽ സഞ്ചരിക്കുന്ന കപ്പലിനെക്കുറിച്ചും (vacuum airship) അദ്ദേഹം പറയുന്നു. ഫ്രാൻചെസ്‌കോയുടെ ജീവിതകാലത്ത് ഇത് യാഥാർഥ്യമായില്ലെങ്കിലും ‘എയർ ഫ്ലൈറ്റിന്റെ പിതാവ്’ എന്ന് അദ്ദേഹം വിളിക്കപ്പെടുന്നതിന് ഈ ആശയങ്ങൾ കാരണമായി.

പറക്കുന്ന കപ്പൽ എന്ന അദ്ദേഹത്തിന്റെ ആശയം വളരെ പുതുമയുള്ളതായിരുന്നു. ചൂടുള്ള വായുവോ, ഗ്യാസോ ഇല്ലാതെ ആകാശത്തിൽകൂടി സഞ്ചരിക്കുന്ന ഒരു വാഹനത്തെ അദ്ദേഹം വിഭാവനം ചെയ്തു. ഇതിന്റെ കുറച്ചുകൂടി പുതുമയുള്ള രൂപമായിരുന്നു പതിനെട്ടാം നൂറ്റാണ്ടിലെ വായുവിലൂടെ സഞ്ചരിക്കുന്ന ബലൂണുകൾ. ആർക്കിമിഡീസിന്റെ നിഗമനത്തിൽ, വായുവിലായിരിക്കുന്ന വസ്തുക്കൾ മുകളിലേക്കു പോകുന്നതിന്റെ കാരണം അതിനെക്കാൾ ശക്തമായതെന്തോ താഴെനിന്നും അതിനെ മുകളിലേക്കു തള്ളുന്നതിനാലാണ്. ഒരു വാക്വം വായുവിനെക്കാൾ ഭാരം കുറഞ്ഞതായതിനാൽ, ഘടനയുടെ ആകെ ഭാരം സ്ഥാനഭ്രംശം സംഭവിച്ച വായുവിനെക്കാൾ കുറവായിരിക്കാമെന്നും അത് പൊങ്ങിക്കിടക്കാൻ അനുവദിക്കുമെന്നും ഫ്രാൻചെസ്‌കോ വാദിച്ചു. നാവിക ഉപകാരങ്ങളെക്കുറിച്ച് അദ്ദേഹം പഠിക്കുകയും അതിൽനിന്നുള്ള ആശയങ്ങൾ കടമെടുക്കുകയും ചെയ്തു. ഒരു പുതിയ ആശയം അവതരിപ്പിക്കുക എന്നതിലുപരി, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുടെ പ്രതീകമായിരുന്നു അദ്ദേഹത്തിന്റെ ഈ കണ്ടുപിടുത്തങ്ങൾ. ഫ്രാഞ്ചെസ്ക്കോ ഒരു ശാസ്ത്രജ്ഞനും അതേസമയം വലിയ വിശ്വാസിയും ആയിരുന്നു. എല്ലാ പരീക്ഷണനിരീക്ഷണങ്ങളുടെയും അടിസ്ഥാനം ദൈവമഹത്വമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.