പൂർവീകരുടെ കല്ലറ സന്ദർശിച്ച് പ്രാർഥിച്ചുമടങ്ങുന്ന പതിവ് കത്തോലിക്കരുടെ ഇടയിലുണ്ട്. ശുദ്ധീകരണസ്ഥലത്തെ ആത്മക്കൾക്കായി പ്രാർഥിക്കുന്നതിനായി കത്തോലിക്കാ സഭ പ്രത്യേകമായി മാറ്റിവച്ചിരിക്കുന്ന സമയമാണല്ലോ നവംബർ മാസം. മരിച്ചവരുടെ ഓർമ്മ നിലനിർത്തുന്നതിനും അവർക്കായി പ്രാർഥിക്കുന്നതിനുംവേണ്ടിയാണ് സഭ, നവംബർ മാസം മരിച്ചവരുടെ നാളുകളായി ആചരിക്കാൻ പ്രേരിപ്പിക്കുക. ഈ നവംബർ മാസം ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി പ്രാർഥിക്കാൻ സഹായിക്കുന്ന അഞ്ച് മാർഗങ്ങൾ പരിചയപ്പെടാം.
1. മരിച്ചവർക്കായി പരിശുദ്ധ കുർബാന ചൊല്ലിക്കുക
മരിച്ചവർക്കായി പരിശുദ്ധ കുർബാന അർപ്പിക്കുക എന്നത് പണ്ടുമുതലേ കത്തോലിക്കാ സഭയിൽ നിലനിന്നുവരുന്ന ഒരു പതിവാണ്. ശുദ്ധീകരണാത്മാക്കളുടെ സഹനങ്ങൾ കുറച്ച്, അതിവേഗം സ്വർഗത്തിൽ പ്രവേശിക്കുന്നതിനായി മരണശേഷം അവർക്കായി ബന്ധുക്കൾ ചൊല്ലിപ്പിക്കുന്ന കുർബാന സഹായിക്കും.
2. വിശുദ്ധാത്മക്കളുടെ നൊവേന
ഒൻപതു ദിവസം നീണ്ടുനിൽക്കുന്ന ശുദ്ധീകരണാത്മാക്കളുടെ നൊവേന ചൊല്ലുക എന്നതാണ് അടുത്തത്. നവംബർ മാസാചരണത്തോട് അനുബന്ധിച്ച് ശുദ്ധീകരണാത്മാക്കളുടെ നൊവേന ചൊല്ലുന്ന പതിവ് സഭയിൽ ഉണ്ടായിരുന്നു.
3. സെമിത്തേരി സന്ദർശനം
മരിച്ചുപോയ ബന്ധുക്കളുടെ കല്ലറകൾ സന്ദർശിക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്യാം. അത് അവരുടെ ഓർമ്മകൾ പുതുക്കുന്നതിനൊപ്പം നാമും ഒരു ദിവസം ഈ ലോകത്തിൽനിന്ന് കടന്നുപോകേണ്ടവരാണ് എന്ന് നമ്മെ ഓർമ്മപ്പെടുത്തുകയും ജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്യും.
4. ആത്മാക്കളുടെ നിത്യശാന്തിക്കായി പ്രാർഥിക്കുക
മരിച്ചുപോയ ബന്ധുമിത്രാദികൾക്ക് നിത്യശാന്തി ലഭിക്കാനായി പ്രാർഥിക്കാം. മരിച്ചവരുടെ നിത്യശാന്തിക്കായുള്ള ഇടവിടാതുള്ള പ്രാർഥന വളരെ പ്രധാനപ്പെട്ട ഒന്നാണ്.
‘മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് തമ്പുരാന്റെ മനോഗുണത്താൽ മോക്ഷത്തിൽ ആനുകൂല്യം ഉണ്ടായിരിക്കട്ടെ.
നിത്യപിതാവേ, ഈശോമിശിഹാ കർത്താവിന്റെ വിലതീരാത്ത രക്തത്തെ ഓർത്ത് മരിച്ചവരുടെമേൽ കൃപയായിരിക്കണമേ’
5. ശുദ്ധീകരണാത്മാക്കൾക്കായി വി. ജത്രൂതിന്റെ പ്രാർഥന
ശുദ്ധീകരണാത്മാക്കൾക്കായി പ്രാർഥിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രാർഥനയാണ് വി. ജത്രൂതിന്റെ പ്രാർഥന. ഇടയ്ക്കിടെ ഈ പ്രാർഥന ചൊല്ലുന്നത് അനേകം ആത്മാക്കളെ ദൈവത്തിനായി നേടാൻ നമ്മെ സഹായിക്കും.