പ്രത്യാശയുടെ തീർഥാടകർ 1: ഹോളോകോസ്റ്റിന്റെ ഹീറോ സി. ആഗ്നസ് വാൽഷ് ഡി. സി

നാസികളിൽ നിന്ന് യഹൂദർക്ക് അഭയം നൽകിയ ഒരു സിസ്റ്റർ ആഗ്നസ് വാൽഷ് ഡി. സി. യുടെ ജീവിതമാണ് പ്രത്യാശയുടെ തീർഥാടകയായി ഇന്ന് നമുക്ക് പ്രചോദനം നൽകുന്നത്.

‘അമ്മയെ മകൻ വെട്ടിക്കൊന്നു’, ‘ജാമ്യത്തിൽ ഇറങ്ങിയ പ്രതി രണ്ടുപേരെ കൊലപ്പെടുത്തി’, ‘അമ്മാവൻ അനന്തരവളെ കിണറ്റിൽ എറിഞ്ഞു കൊന്നു’ ‘കഷായത്തിൽ വിഷം കൊടുത്ത് കൊലപ്പെടുത്തി’… ഇങ്ങനെ ഭയാനകമായ കൊലപാതകങ്ങൾ കഴിഞ്ഞയാഴ്ച കേരളത്തിൽ നടന്നതാണ്. ജീവന്റെ വില അറിയാതെ ദാരുണമായി കൊലചെയ്യപ്പെട്ട കുരുന്നിന്റെയും, സഹോദരി – സഹോദരന്മാരുടെയും ദുഖ:വാർത്തയിൽ, വേദനിച്ചിരിക്കുമ്പോൾ കുറച്ചു ദശകങ്ങൾക്ക് മുൻപ് സ്വന്തം ജീവൻ പണയപ്പെടുത്തി മൂന്ന് ജൂതരായ പിഞ്ചോമനകളെ ചേർത്തു പിടിച്ച് നാസികളോട് ബന്ധുവാണെന്ന് പറഞ്ഞു അഭയമേകിയ സി. അഗ്‌നസിന്റെ ത്യാഗം നിറഞ്ഞ ജീവിത കഥ.

സത്യം അറിഞ്ഞാൽ നാസികൾ തുറങ്കിലടക്കും. അവർ യഹൂദരാണെന്ന സത്യം പറഞ്ഞാൽ മൂന്ന് പിഞ്ചു കുഞ്ഞുങ്ങളടക്കം അഞ്ചുപേരെ കൊലപ്പെടുത്തും. അതിനാൽ സി. ആഗ്നസ് സ്വന്തം ജീവൻ പണയപ്പെടുത്തി ആ കുടുംബത്തെ രക്ഷിച്ചു. 1993-ൽ അന്തരിച്ച സി. ആഗ്നസ് വാൽഷ്, യുദ്ധസമയത്ത് തെക്കൻ ഫ്രാൻസിലെ ഒരു കോൺവെന്റിൽ ആയിരിക്കുമ്പോൾ ഒരു ജൂത കുടുംബത്തെ നാടുകടത്തലിൽ നിന്ന് രക്ഷിക്കാൻ സഹായിച്ചു. ഇസ്രായേലിലെ ഹോളോകോസ്റ്റ് അനുസ്മരണ കേന്ദ്രമായ യാദ് വാഷെം ദശാബ്ദങ്ങൾക്കു മുമ്പ് അവളെ ‘രാഷ്ട്രങ്ങൾക്കിടയിൽ നീതിമാൻ’ ആയി അംഗീകരിച്ചിരുന്നുവെങ്കിലും സി. ആഗ്നസിന്റെ ധൈര്യം ബ്രിട്ടനിൽ വളരെക്കാലമായി അവഗണിക്കപ്പെട്ടു.

2017 ൽ ഹാൾസ് പ്രഭു മേയർ അനാച്ഛാദനം ചെയ്ത ഫലകം, അവളെ ‘ഹോളോകോസ്റ്റ് സമയത്ത് ജൂതന്മാരെ സംരക്ഷിച്ച കന്യാസ്ത്രീയും മനുഷ്യസ്നേഹിയും’ എന്ന് വിശേഷിപ്പിച്ചു. അഡാ വല്ലിന്ദാ വാൽഷിൽ ജനിച്ച സി. ആഗ്നസ്, വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിൽ ചേർന്നു. തുടർന്ന് അയർലൻഡിലും ജറുസലേമിലും പിന്നെ ഫ്രാൻസിലും സേവനമനുഷ്ഠിച്ചു. അവിടെ യുദ്ധസമയത്ത് ഡോർഡോഗ്നെ മേഖലയിലെ ഒരു കോൺവെന്റിൽ താമസിച്ചു.

മദർ സുപ്പീരിയർ, സിസ്റ്റർ ലൂയിസ ഗാർനിയർ, ഒരു റെയിൽവേ സ്റ്റേഷനിൽ വച്ച്, ഒരു ജൂത അഭയാർഥിയായ പിയറി ക്രെമിയൂക്സുമായി യാദൃശ്ചികമായി ഒരു സംഭാഷണം നടത്തി. തുടർന്ന് അവർ സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഫ്രാൻസിന്റെ വടക്കുഭാഗത്തേക്ക് പലായനം ചെയ്തു. പതിനഞ്ച് മാസങ്ങൾക്കുശേഷം, വർധിച്ചുവരുന്ന അപകടത്തിനിടയിൽ, സഹായം അഭ്യർഥിക്കാൻ ക്രെമിയുക്സ് കോൺവെന്റിലേക്ക് വിളിച്ചു. കമ്മ്യൂണിറ്റിയുടെ ഡെപ്യൂട്ടി ആയ സിസ്റ്റർ ആഗ്നസ്, ആ വിളിക്ക് മറുപടി നൽകുകയും കുടുംബത്തെ സ്വീകരിക്കാൻ മദർ, മേലുദ്യോഗസ്ഥയോട് അപേക്ഷിക്കുകയും ചെയ്തു. ഭാര്യ, ഒമ്പത് മാസം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾ, ആറ് വയസ്സുള്ള മകൻ അലൈൻ എന്നിവർക്കൊപ്പമാണ് ക്രെമിയുക്സ് എത്തിയത്.

മഠത്തിൽ തനിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്ന് 2009-ൽ അലൈൻ, കാത്തലിക് ഹെറാൾഡിനോട് പറഞ്ഞു. ലൂയിസിന്റെ അകന്ന ബന്ധു, ഇരട്ടക്കുട്ടികളുടെ ജനനത്തിനുശേഷം വിശ്രമിക്കാനെത്തിയതായിട്ടാണ് അമ്മയെ പരിചയപ്പെടുത്തിയത്. തങ്ങൾ അവിടെ താമസിച്ചതിന്റെ യഥാർഥ കാരണം പല സിസ്റ്റർമാർക്കുപോലും അറിയില്ലായിരുന്നു.

ബാലനായിരിക്കെ, പ്രാദേശിക പ്രെസ്ബിറ്ററിയിൽ ഇടവക വികാരിയോടൊപ്പം താമസിക്കാൻ അലൈനെ അയച്ചു. വിശുദ്ധരുടെ ജീവിതത്തെക്കുറിച്ച് വായിക്കാൻ  അവിടെയുള്ള ലൈബ്രറി അദ്ദേഹം പ്രയോജനപ്പെടുത്തി. സിസ്റ്റർ ആഗ്നസ് അദ്ദേഹത്തെ ഇംഗ്ലീഷ് പാഠങ്ങൾ പഠിപ്പിച്ചു. സിസ്റ്റർ ആഗ്നസ് തന്നെ താൻ ബ്രിട്ടീഷുകാരി ആണെന്നതിനുപകരം ഐറിഷ്കാരി ആണെന്ന് നടിക്കുകയായിരുന്നു – അവൾക്ക് രാജ്യത്ത് ഉണ്ടായിരുന്ന കാലം മുതൽ ഒരു ഐറിഷ് പാസ്‌പോർട്ട് ഉണ്ടായിരുന്നു. ക്രെമിയുക്സ് കുടുംബം സിസ്റ്റർ ആഗ്നസുമായി ബന്ധം പുലർത്തി. അവളുടെ മരണം വരെ അവളുമായി കത്തുകൾ കൈമാറി.

ഫ്രാൻസ് അധിനിവേശ സമയത്ത് 76,000 ജൂതന്മാരെ ഫ്രാൻസിൽ നിന്ന് ജർമ്മൻ മരണ ക്യാമ്പുകളിലേക്ക് നാടുകടത്തിയതായി കരുതപ്പെടുന്നു. അവരിൽ ഏകദേശം 2,500 പേർ രക്ഷപ്പെട്ടു. ഏതാണ്ട് ഒരു വർഷത്തോളം അവൾ ആ കുടുംബത്തെ നാസികളുടെ മൂക്കിന് കീഴിൽ ഒളിപ്പിച്ചു. അവൾ ദിനംപ്രതി മരണത്തിന്റെ മുന്നിൽ ധീരതയോടെ നിൽക്കുകയായിരുന്നു.

സിസ്റ്റർ ആഗ്നസ് 1990-ൽ യഹൂദരുടെ ഇടയിൽ നീതിയുള്ളവളായി ആദരിക്കപ്പെട്ടു. അങ്ങനെ അംഗീകരിക്കപ്പെട്ട 21 ബ്രിട്ടീഷുകാരിൽ ഒരാളാണ് അവർ. യാദ് വാഷെമിലെ സ്മാരകത്തിൽ അവളുടെ പേര് ആലേഖനം ചെയ്തിട്ടുണ്ട്.

2009-ൽ ഹോളോകാസ്റ്റ് എഡ്യൂക്കേഷൻ ട്രസ്റ്റ് തയ്യാറാക്കിയ ബ്രിട്ടീഷ് വീരന്മാരുടെ പട്ടികയിൽ സിസ്റ്റർ ആഗ്നസിന്റെ പേര് ഇല്ലായിരുന്നു. രാഷ്ട്രങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട ഏക നീതിനിഷ്ഠയായിരുന്നു അവൾ. അടുത്ത വർഷം, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഗോർഡൻ ബ്രൗൺ നൽകിയ ‘ഹോളോകോസ്റ്റിന്റെ ഹീറോ’ എന്ന ബ്രിട്ടീഷ് പുരസ്കാരം നൽകി സി. ആഗ്നസിനെ ആദരിച്ചു.

കടപ്പാട്: കാത്തലിക് ഹെറാൾഡ്
വിവർത്തനം: സി. സോണിയ കെ. ചാക്കോ ഡി. സി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.