പൊള്ളുന്ന സങ്കടത്തിരിക്കുമേൽ വെട്ടിത്തിളയ്ക്കുന്ന ചില ജന്മങ്ങളുണ്ട് ഈ ഭൂമിയിൽ. നെഞ്ചു പിളർത്തുന്ന വേദനയിൽ കണ്ണീരിനെ കാവൽനിർത്തി ജീവിതദുരിതങ്ങളുടെ ഇടവഴികളിൽ പകച്ചുനിൽക്കുന്നവർ. കൂകിപ്പായുന്ന ആംബുലൻസിന്റെ വിലാപവും എരിഞ്ഞടങ്ങുന്ന ഉറ്റവരുടെ ചിതയുടെ ചൂടും ഒരുപോലെ ഉള്ളംപൊള്ളിച്ച കോവിഡ്- പ്രളയകാലത്ത്, കാലം ദുരന്തങ്ങളാൽ അടയാളപ്പെടുത്തിയ ചില ചൂണ്ടുപലകകൾ കണ്ടില്ലെന്നുനടിച്ച് നമ്മൾ പഴയ ജീവിതശൈലികളിലേക്ക് മടങ്ങിയിരിക്കുന്നു.
ഇന്ന് ഇത് എഴുതാൻ ഞാനും വായിക്കാൻ നീയും ഈ ലോകത്തുള്ളത് നമ്മുടെ യോഗ്യതയല്ല, ഇനിയും നമ്മെ ആർക്കൊക്കെയോ ആവശ്യമുണ്ട്. തീരാനഷ്ടങ്ങളുടെയും സങ്കടങ്ങളുടെയും നെരിപ്പോട് ഉള്ളിലെരിയുന്നവന്റെ കനൽ കാണണമെങ്കിൽ നമ്മിൽ സ്വാർഥത മരിക്കണം. കാലത്തിന്റെ വേഗതയ്‌ക്കൊത്ത് ഓടിയെത്താൻ നമ്മൾ ജീവിതചക്രത്തിന്റെ വേഗത കൂട്ടുമ്പോൾ, നാമറിയാതെ പലതും നമുക്ക് കൈമോശ൦ വരുന്നുണ്ട്.
ജനനമരണങ്ങൾക്കിടയിലുള്ള ഈ ചെറുജീവിതം ‘നാളെ’ സഹജരിലു൦ വരുംതലമുറയിലും ഒരു ഉണർത്തുപാട്ടാകാൻ, കനൽവഴികളിൽ കാലിടറാതെ അപരനുമുന്നിൽ നീ വെളിച്ചമാകുക. തെളിഞ്ഞുനിൽക്കുന്ന നിന്റെ വിളക്കിന്റെ പ്രകാശത്തിൽനിന്നും അണഞ്ഞുപോയ ചില തിരികൾ തെളിച്ചുനൽകുമ്പോൾ നിനക്കൊന്നും നഷ്ടപ്പെടാനില്ല. അത് കിട്ടുന്നവർക്ക് ജീവിതത്തിന്റെ പുതുവളിച്ചമാകാൻ അത്രയും മതിയാവു൦.
ജിൻസി സന്തോഷ്