കാലത്തിനും ദേശത്തിനുമതീതനായി നിലപാടുകളിലൂന്നി നിലകൊണ്ട ഇടയശ്രേഷ്ഠനായ ആർച്ചുബിഷപ്പ് ജോസഫ് പവ്വത്തിൽ പിതാവിനെക്കുറിച്ചുള്ള നല്ല ഓർമ്മകളുടെ സമാഹാരമാണ് ‘നല്ലോർമ: ആർച്ചുബിഷപ്പ് ജോസഫ് പവ്വത്തിൽ സ്മരണിക’ എന്ന പുസ്തകം. സഭാനേതൃത്വത്തിലെ വ്യക്തിത്വങ്ങളും മത-രാഷ്ട്രീയഭേദമന്യേ വിവിധ സാംസ്കാരികനായകന്മാരുമടങ്ങുന്ന 141 -ഓളം പേർ തങ്ങളുടെ ഹൃദയത്തിൽ ചാലിച്ചെഴുതിയ പച്ചകെടാത്ത പവ്വത്തിൽ ഓർമ്മകളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം.
ചങ്ങനാശ്ശേരി അതിരൂപത പുറത്തിറക്കിയ ഈ ഗ്രന്ഥം 344 പേജുകളിൽ സചിത്രങ്ങളോടെ ആകർഷകമായി രൂപപ്പെടുത്തിയിരിക്കുന്നു. ഡോ. ജോസ് തെക്കേപ്പുറത്ത്, ഫാ. ജെയിംസ് കൊക്കാവയലിൽ, ഡോ. ആന്റണി മൂലയിൽ, ഫാ. മാത്യു മാളിയേക്കൽ, ഫാ. ജോസഫ് ഇരുപ്പക്കാട്ട് എന്നിവരടങ്ങുന്ന പത്രാധിപസമിതി ഓർമ്മപ്പുഷ്പങ്ങൾ എന്നപേരിൽ ഈ ഗ്രന്ഥത്തിന്റെ ആദ്യതാളിൽതന്നെ പവ്വത്തിൽ പിതാവിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള വരികൾ അദ്ദേഹത്തിന്റെ വ്യക്തിത്വം മുഴുവനും ആവിഷ്കരിക്കുന്നുണ്ട്.
“ഇടറാത്ത വാക്കുകൾ, പതറാത്ത ചുവടുകൾ
നിരന്തര ചിന്തയുടെയും ധ്യാനത്തിന്റെയും
ഉലയിൽ തെളിച്ചെടുത്ത ബോധ്യങ്ങളായിരുന്നു
അവയ്ക്കെല്ലാം പിന്നിൽ
എതിരെവന്ന വാദങ്ങളും നിലപാടുകളും
ആ അറിവധികാരത്തിനു മുന്നിൽ
സ്വയം വിനീതമായി.
ഏവരും ഉറങ്ങുമ്പോഴും
ആ കാവൽക്കാരന്റെ ധിഷണ മാത്രം
ഉറക്കമിളച്ചു
അജഗണമത്രയും നല്ലിടയന്റെ ആലയിലേക്കു
മടങ്ങാൻ നിരന്തരം ജാഗ്രതപ്പെട്ടു…”
പവ്വത്തിൽ പിതാവുമായുള്ള ബന്ധത്തിൽനിന്നും ഉരുത്തിരിഞ്ഞ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായതുകൊണ്ടുതന്നെ ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോൾ ക്രാന്തദർശിയും വിനീതനും നിലപാടുകളിലൂന്നിയ നല്ല ഇടയശ്രേഷ്ഠനുമായ പവ്വത്തിൽ പിതാവിനെക്കുറിച്ചുള്ള നേർക്കാഴ്ച ലഭിക്കുന്നു. ലളിതമായ ഭാഷയിലൂടെയും ചെറിയ കുറിപ്പുകളിലൂടെയും പങ്കുവയ്ക്കുന്ന പവ്വത്തിൽ ഓർമ്മകൾ ഈ ഗ്രന്ഥത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
വിശുദ്ധ ഗ്രന്ഥവും രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളും ഇന്ത്യൻ ഭരണഘടനയും ചേർത്തുപിടിച്ച് മുന്നേറിയ ശ്രേഷ്ഠാചാര്യനായ പവ്വത്തിൽ പിതാവ് ‘ജാഗ്രതയുടെ ആൾരൂപ’മായും ‘പ്രവാചകദൗത്യം ഉൾക്കൊണ്ട ധീരപടയാളി’യായും ‘പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരനാ’യും ‘കാലാതിവർത്തിയായ കർമ്മയോഗി’യായും ‘ധാർമികതയുടെ കരുത്തുറ്റ പ്രതീക’മായും ‘വർത്തമാനകാലത്തെ ജറമിയാ’ ആയും ‘മരുഭൂമിയിലെ കാരകിൽ വൃക്ഷ’മായും ഈ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്.
ശ്രേഷ്ഠാചാര്യനായ ജോസഫ് പവ്വത്തിൽ പിതാവിനെക്കുറിച്ചുള്ള വ്യക്തവും ശക്തമായ ഒരു ചിത്രം ഈ ഗ്രന്ഥം ഓരോ വായനക്കാരന്റെ മനസ്സിലും വരച്ചുചേർക്കുന്നു എന്നതുതന്നെയാണ് ഈ ഗ്രന്ഥത്തെ കൂടുതൽ മനോഹരമാക്കുന്നത്.