ഗർഭത്തിൽ വളരുന്ന കുഞ്ഞിനെ രക്ഷിക്കാൻ ജീവൻ വെടിയേണ്ടിവന്ന അമ്മമാർ

നിസാരകാര്യത്തിന്റെ പേരിലും കാരണമില്ലാതെയും ഗർഭഛിദ്രത്തിന് വിധേയമാകുന്നവർ ഇന്ന് നിരവധിയാണ്. എന്നാൽ, സ്വന്തം ജീവൻപോലും അപകടത്തിലാക്കിക്കൊണ്ട് ഗർഭസ്ഥ ശിശുക്കളുടെ ജീവനുവേണ്ടി പോരാടിയ നിരവധി അമ്മമാർ ഉണ്ട്. ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാൻ ജീവൻ വെടിയേണ്ടിവന്ന അഞ്ച് അമ്മമാരെ പരിചയപ്പെടാം.

1. വിശുദ്ധ ജിയന്ന ബെറെറ്റ മൊല്ല

ആധുനിക ഇറ്റാലിയൻ വിശുദ്ധയും അമ്മയും അമ്മമാരുടെയും വൈദ്യന്മാരുടെയും ഗർഭസ്ഥ ശിശുക്കളുടെയും രക്ഷാധികാരിയുമാണ് വിശുദ്ധ ജിയന്ന ബെറെറ്റ മൊല്ല. ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കാൻ ഗർഭിണിയായിരിക്കെ കാൻസർ ചികിത്സ നിരസിച്ചുകൊണ്ട് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മാതൃകയായി ഈ വിശുദ്ധ മാറി. തന്റെ കുടുംബത്തിനും ജീവിതത്തിന്റെ വിശുദ്ധിക്കും മുൻഗണന നൽകി, മകൾ ജനിച്ച് അധികം താമസിയാതെ ഇവർ മരിച്ചു. ഭാര്യയും അമ്മയും എന്ന നിലയിലുള്ള വിശുദ്ധയുടെ തൊഴിലിനോടുള്ള സമർപ്പണം കുടുംബജീവിതത്തെ വ്യക്തിപരവും തൊഴിൽപരവുമായ ഉത്തരവാദിത്തങ്ങളുമായി സന്തുലിതമാക്കുന്നതിനുള്ള ഒരു സമകാലിക മാതൃക നൽകുന്നു. ദാമ്പത്യത്തിൽ നിസ്വാർഥതയും പരസ്പരമുള്ള പിന്തുണയും പുലർത്താൻ വിശുദ്ധ ജിയന്ന ദമ്പതികളെ പ്രചോദിപ്പിക്കുന്നു.

2. സിസിലിയ പെറിൻ

ഗർഭച്ഛിദ്രം നടത്താൻ വിസമ്മതിച്ച് മകൾക്ക് വേണ്ടി ജീവൻ വെടിഞ്ഞ സിസിലിയ പെറിൻ 1985 മാർച്ച് ഒന്നിന് തന്റെ 28 മത്തെ വയസ്സിൽ മരിച്ചു. 1984 ഫെബ്രുവരിയിൽ ഗർഭിണിയായിരിക്കുമ്പോൾ സിസിലിയക്ക് കാൻസർ ഉണ്ടെന്ന് കണ്ടെത്തി. അതേ വർഷം ജൂലൈയിൽ അവളുടെ മകൾ അഗസ്റ്റിന ജനിച്ചു. എട്ട് മാസത്തിനുശേഷം സിസിലിയയും മരിച്ചു. ഗർഭസ്ഥശിശുവിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന്റെ ഫലമായാണ് അവളുടെ രോഗം മൂർച്ഛിച്ചത്. 2005 നവംബർ പത്തിന് പരിശുദ്ധ സിംഹാസനം അവളെ ദൈവദാസിയായി പ്രഖ്യാപിക്കുകയും, വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ അനുവാദം നൽകുകയും ചെയ്തു.

3. ബാർബറ കാസ്ട്രോ

സ്പെയിനിലെ കോർഡോബ ബിഷപ്പിന്റെ മാധ്യമ പ്രതിനിധി സംഘത്തിലെ പത്രപ്രവർത്തകയായ ബാർബറ കാസ്‌ട്രോ ഗാർസിയ 2012 ജൂലൈ നാലിന് നാക്കിൽ കാൻസർ ബാധിച്ച് മരിച്ചു. ഗർഭസ്ഥ ശിശുവിന്റെ ജീവൻ അപകടത്തിലാകാൻ സാധ്യതയുള്ളതിനാൽ ബാർബറ കാൻസറിന്റെ ചികിത്സ സ്വീകരിക്കാൻ അവൾ വിസമ്മതിച്ചു. അവളുടെ മകളോടും എന്നോടും ദൈവത്തോടും ഉള്ള സ്നേഹം കൊണ്ടാണ് ബാർബറ തൻ്റെ ജീവിതം നൽകിയതെന്ന് അവളുടെ ഭർത്താവ് ഇഗ്നാസിയോ കാബെസാസ് പറഞ്ഞു.

4. ലോറൈൻ അല്ലാർഡ്

“ഞാൻ മരിക്കുകയാണെങ്കിൽ എന്റെ കുഞ്ഞ് ജീവിക്കും.” 2008-ൽ തനിക്ക് ബാധിച്ച കരൾ അർബുദത്തിന് കീമോതെറാപ്പി ചികിത്സയ്ക്കായി ഗർഭസ്ഥശിശുവിനെ ഗർഭച്ഛിദ്രം ചെയ്യണമെന്ന് നിർദേശിച്ച ഡോക്ടർമാരോട് 33 കാരിയായ ലോറൈൻ അലാർഡിന്റെ വാക്കുകളാണിത്. ലോറൈനും മാർട്ടിൻ അലാർഡും ലിയ, ആമി, കോർട്ട്‌നി, യഥാക്രമം പത്ത്, എട്ട്, ഏകദേശം രണ്ട് വയസ്സ് – പ്രായമുള്ള മൂന്ന് പെൺകുട്ടികളുടെ മാതാപിതാക്കളായിരുന്നു. തങ്ങളുടെ ആദ്യ മകൻ ലിയാമിനെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

ട്യൂമറുകൾ ചുരുക്കാൻ ശ്രമിച്ചെങ്കിലും ക്യാൻസർ ഭേദമാക്കാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. “മരിക്കുന്നതിന് മുൻപായി ലോറൈൻ രണ്ടാഴ്ചയോളം ഭക്ഷണം കഴിച്ചില്ല, വെള്ളം കുടിക്കാൻ കഴിഞ്ഞില്ല. അവളുടെ മരണം വളരെ സമാധാനപരമായിരുന്നു: അവൾ എന്റെ കൈ പിടിച്ചു, ഞങ്ങൾ കെട്ടിപ്പിടിച്ചു, അവളുടെ ഹൃദയം നിലച്ചു,” മാർട്ടിൻ ഓർമ്മിക്കുന്നു.

5. എലിസബത്ത് ജോയ്സ്

എലിസബത്ത് ജോയ്‌സ് തന്റെ കുഞ്ഞിന്റെ മരണത്തിന് കാരണമായേക്കാവുന്ന ഒരു നടപടിക്രമത്തിന് വിധേയയാകാൻ വിസമ്മതിച്ചതിനെ തുടർന്ന് 2014 മാർച്ച് 9 ന് മരിച്ചു. ന്യൂയോർക്കിൽ ആണ് ഈ സംഭവം നടന്നത്. മരണത്തിന് മൂന്ന് വർഷം മുമ്പ്, എലിസബത്തിന് ശ്വാസകോശ അർബുദം കണ്ടെത്തി. പ്രത്യക്ഷത്തിൽ അവൾ രോഗത്തെ അതിജീവിച്ചപ്പോൾ, അവൾക്ക് കുട്ടികൾ ഉണ്ടാകുന്നത് അസാധ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും, അവൾ ഒരു പെൺകുഞ്ഞിനെ ഗർഭം ധരിച്ചു, അവൾക്ക് അവർ ലില്ലി എന്ന് പേരിട്ടു.

അവൾ ഗർഭിണിയാണെന്ന് അറിഞ്ഞ് ഒരു മാസത്തിനുശേഷം, ക്യാൻസർ വീണ്ടും തിരിച്ചെത്തിയതായി ഡോക്ടർമാർ കണ്ടെത്തി. പുതിയ ട്യൂമർ നീക്കം ചെയ്യാൻ അവൾ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി. എന്നാൽ ഉദരത്തിലെ കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കാതിരിക്കാൻ കൂടുതൽ എം. ആർ. ഐ. സ്കാനുകൾ നിരസിച്ചു.

ഭർത്താവ് മാക്‌സിന്റെ പിന്തുണയോടെ, ഏഴ് മാസം ഗർഭിണിയാകുന്നതുവരെ അവൾ രോഗത്തോട് പൊരുതി. അവൾ 2014 ജനുവരിയിൽ പ്രസവിക്കുകയും മാർച്ചിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.