കൽക്കത്തായിലെ വി. മദർ തെരേസ

ജീവിച്ചിരുന്നപ്പോൾ തന്നെ തന്റെ സാക്ഷ്യജീവിതംകൊണ്ട് “ജീവിക്കുന്ന വിശുദ്ധ” എന്നറിയപ്പെട്ടയാളാണ് കൽക്കത്തായിലെ വി. മദർ തെരേസ. ജന്മംകൊണ്ട് അൽബേനിയക്കാരിയും പൗരത്വംകൊണ്ട് ഇന്ത്യക്കാരിയും ജീവിതംകൊണ്ട് കത്തോലിക്കാസഭയിലെ സന്യാസിനിയുമായ മദർ തെരേസ പാവങ്ങളുടെ അമ്മയെന്നാണ് ലോകം മുഴുവൻ അറിയപ്പെടുന്നത്. അൽബേനിയൻ വംശജരായ മാതാപിതാക്കൾക്ക് ഇന്നത്തെ വടക്കൻ മാസിഡോണിയയുടെ തലസ്ഥാനമായ സ്‌കോപ്‌ജെ (Skopje) പട്ടണത്തിലാണ് 1910 ഓഗസ്റ്റ് 26-നു ആഗ്നസ് ഗോൻജെ ബോയാജ്യൂവിന്റെ ജനനം. പതിനെട്ടാം വയസിൽ മിഷനറിയാകുവാനുള്ള അതിയായ താല്പര്യത്തോടെ അയർലണ്ടിലെ ലൊറേറ്റോ സിസ്റ്റേഴ്‌സിന്റെ സമൂഹത്തിൽ ചേർന്ന് വ്രതവാഗ്ദാനം നടത്തി തെരേസ എന്ന പേര് സ്വീകരിച്ചു. 1929-ൽ ഇന്ത്യയിൽ വരികയും തുടർന്ന് കൽക്കത്തയിലെ ലോറേറ്റോ കോൺവെന്റ് സ്‌കൂളിൽ അധ്യാപികയും പിന്നീട് ഹെഡ്മിസ്‌ട്രസും ആയി സേവനം ചെയ്തു.

1946 സെപ്റ്റംബര്‍ 10-നു വാര്‍ഷിക ധ്യാനത്തിനായി ഡാര്‍ജിലിങ്ങിലെ ലൊറേറ്റോ കോണ്‍വെന്റിലേക്കുള്ള യാത്രാമധ്യേ കഷ്ടതയനുഭവിക്കുന്ന ജനത്തിന്റെ കണ്ണീരൊപ്പാനായി തന്റെ ജീവിതം പൂർണ്ണമായും സമർപ്പിക്കാൻ തീരുമാനമെടുത്തു. അധികാരികളുടെ അനുവാദത്തോടെ തന്റെ മഠം ഉപേക്ഷിച്ച് കൽക്കട്ടയുടെ തെരുവുകളിലിറങ്ങി. തുടർന്ന് ‘മിഷനറീസ് ഓഫ് ചാരിറ്റി’ എന്ന സന്യാസിനി സമൂഹത്തിനും ‘ബ്രദേഴ്‌സ് ഓഫ് ചാരിറ്റി’ എന്ന സന്യാസ സഭയ്ക്കും മദർ തെരേസ രൂപം നൽകി. മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി ഇപ്പോൾ 133 രാജ്യങ്ങളിലായി 4,500 ഓളം സന്യാസിനിമാരുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് അഗതികളെയും അശരണരെയും സേവിക്കുന്നു.

സാവധാനം മദർ ലോകത്തിൽ കാരുണ്യത്തിന്റെ മുഖമായി മാറുകയായിരുന്നു. അതിന്റെ പ്രതികരണമായി മദറിന് ലഭിച്ച അംഗീകാരങ്ങൾക്ക് കണക്കില്ല.1979-ൽ ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം 1983-ല്‍ ബ്രിട്ടിഷ് ഗവണ്മെന്റ് പരമോന്നത ബഹുമതി ഓര്‍ഡര്‍ ഒഫ് മെറിറ്റ് 1985-ല്‍ അമേരിക്കയിലെ ഉന്നത പുരസ്‌കാരം മെഡല്‍ ഓഫ് ഫ്രീഡം 1996-ല്‍ ഓണററി യു.എസ്.സിറ്റിസണ്‍ഷിപ്പ് തുടങ്ങിയവ മദറിന് ലഭിച്ച അംഗീകാരങ്ങളിൽ ചിലത് മാത്രമാണ്. ഇതിനിടയിൽ തനിക്കെതിരെയുണ്ടായ നിരവധി വിമർശനങ്ങൾക്ക് ചെവി കൊടുക്കാതെ പാവപ്പെട്ടവരിൽ യേശുവിന്റെ മുഖം ദർശിച്ചു അവരിൽ ഒരുവളായി മദർ ജീവിച്ചു. 1997 സെപ്തംബര്‍ 5-ന് തന്റെ നിത്യസമ്മാനത്തിനായി പോയ മദറിനെ 2003 ഒക്ടോബര്‍ 19-ന് ജോണ്‍പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവളും 2016 സെപ്റ്റംബർ 4-ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായും പ്രഖ്യാപിച്ചു. മദർ തെരേസയുടെ മഹനീയ മാതൃക പിന്തുടർന്ന് നമുക്കും പാവങ്ങളോടും പരിത്യക്തരോടും ഐക്യപ്പെട്ടു അവരുടെ ഇടയിൽ യേശു സാന്നിധ്യമായി മാറാം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.