ഈസ്റ്റർ ദിനത്തിൽ ഇരവിന്റെ മറപറ്റി ക്രിസ്തുവിനെ അന്വേഷിച്ചിറങ്ങുന്ന മഗ്ദലേന മറിയം നല്ലൊരു പ്രതീകമാണ്. അർത്ഥസമ്പുഷ്ടമായ അവളുടെ അന്വേഷണത്തെ യോഹന്നാൻ ഒറ്റവരിയിൽ കുറിക്കുന്നതിങ്ങനെയാണ്, ”ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾ തന്നെ മഗ്ദലേന മറിയം ശവകുടീരത്തിന്റെ സമീപത്തേക്ക് വന്നു.” ആ അന്വേഷണത്തിന്റെ സ്ഥലകാലങ്ങൾ അവളുടെ ഹൃദയം കവിഞ്ഞൊഴുകുന്ന പ്രത്യാശയുടെ അടയാളമാണ്. അതുകൊണ്ടാവാം ഇത്ര സൂക്ഷ്മതയോടെ യോഹന്നാൻ അത് ഓർത്തിരുന്ന് കുറിച്ചിടുന്നത്. അങ്ങനെ അവൾ വരും കാലത്തിന് പ്രത്യാശയുടെ പ്രതീകമായി മാറുന്നു.
പേടിപ്പെടുത്തുന്നതും പ്രതീക്ഷയില്ലാത്തതുമായ ഇരുട്ടിലാണവൾ ക്രിസ്തുവിനെ തേടുന്നത്. കണ്ണ് എത്ര തുറന്ന് പിടിച്ചാലും, എത്ര സൂക്ഷ്മമായി നോക്കിയാലും തൊട്ടുനില്ക്കുന്നതിനെപ്പോലും കാണാൻ കഴിയാത്ത വിധം നഗ്നനേത്രങ്ങൾക്ക് മുന്നിൽ നിന്ന് സകലതിനെയും അന്ധകാരം വിഴുങ്ങുന്ന സമയമാണ് രാത്രി. ദൈവത്തെ കാണാൻ അവൾ തെരഞ്ഞെടുക്കുന്ന സമയം ഇതാണ് എന്നതിൽ ചില അസ്വാഭാവികതകൾ കണ്ടേക്കാം. പക്ഷേ അവൾക്കറിയാം ഇരുട്ടിലും തെളിഞ്ഞുനില്ക്കുന്ന ഒരേയൊരു കാഴ്ച ദൈവം മാത്രമാണെന്ന്. കൈയ്യിൽ ഉരുളൻ കല്ലുകളുമായി ആക്രോശിക്കുന്ന ആൾക്കൂട്ടത്തിന് മുന്നിൽ കണ്ണിൽ ഇരുട്ടുകയറിനിന്ന ഗതകാലത്തിന്റെ ഓർമകൾ അത്രപെട്ടെന്ന് മാഞ്ഞുപോകുന്നതല്ലല്ലോ. അന്നവൾ കണ്ട ഒരേയൊരു കാഴ്ച നിലത്തെഴുതിക്കൊണ്ടിരിക്കുന്ന വിയർത്ത്നാറി മുഷിഞ്ഞ ഒരു ചെറുപ്പക്കാരനായിരുന്നു. ഇരുട്ടിൽ അവനെ കാണാൻ കഴിയുമെന്നതിന് അതില്പരം അവൾക്ക് സാക്ഷ്യങ്ങളൊന്നും വേണ്ട. ഇരുട്ടത്ത് നടക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച സകല ശബ്ദങ്ങളെയും അവഗണിച്ച് രാത്രിയിൽ അവനെത്തേടി ഇറങ്ങിപ്പുറപ്പെടാൻ അവൾക്ക് കരുത്തു പകർന്നത് ആ ഉറപ്പ് മാത്രമാണ്. ജീവിതത്തെ ഇരുൾമൂടുന്നതെന്തുമാകട്ടെ, അവിടെ ദൈവം പ്രകാശമായി അവതരിക്കുമെന്ന തിരിച്ചറിവിൽ അവളും ഒരു മെഴുകുതിരിയായി മാറുന്നുണ്ട് ഈസ്റ്റർ രാവിൽ.
അവൾ ദൈവത്തെ തേടുന്ന സ്ഥലം മരണം പതിയിരിക്കുന്ന കല്ലറയാണെന്നതും ആ അന്വേഷണത്തിൽ നമ്മൾ കണ്ടേക്കാവുന്ന അസ്വാഭാവികതയാണ്. എല്ലാ ചലനങ്ങളും നിലയ്ക്കുന്ന, എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്ന ഇടമാണ് കല്ലറ. അവിടെയും ദൈവം പ്രതീക്ഷയുടെ ചില തിരിനാളങ്ങൾ കരുതിവച്ചിട്ടുണ്ടാകുമെന്ന് അവൾക്കറിയാം. അപ്പോഴും ഗതകാലസ്മൃതികളുടെ കുന്തിരിക്ക ഗന്ധം അവളെ പൊതിഞ്ഞു നില്ക്കുന്നുണ്ട്. അവനോടൊപ്പം അക്കാലമത്രയും നടന്നിട്ട് ഒന്നും ഒന്നിന്റെയും ഒടുക്കമല്ലെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്ത് പാഠങ്ങളാണ് പ്രത്യാശയുടേതായി അവൾ പഠിച്ചിട്ടുള്ളത്. എല്ലാം തീർന്നു എന്ന് അവളും കരുതിയതായിരുന്നു ഒരിക്കൽ. ഏതൊക്കെ മാനദണ്ഡങ്ങൾ വച്ചളന്നാലും മരണം മാത്രമാണ് ഇവൾ അർഹിക്കുന്നത് എന്ന് പറഞ്ഞുവന്ന ജനക്കൂട്ടത്തെയൊക്കെ പിരിച്ചുവിട്ടിട്ട്, സാരമില്ലെന്ന് അവൻ കാതിൽ മന്ത്രിച്ചത് ഏത് അളവുകോൽ പ്രകാരമാണെന്ന് അവൾക്ക് ഇന്നും മനസിലായിട്ടില്ല. എങ്കിലും അവന്റെ കാഴ്ചകൾക്കും വായനകൾക്കും മനുഷ്യന്റെ വിധികളെ തകിടം മറിക്കാനും തിരുത്തിയെഴുതാനും, ചിലതിനെയൊക്കെ ചുവടെ പിഴുതുകളയാനും കെല്പുണ്ടെന്ന് അന്നവൾക്ക് മനസിലായതാണ്. മനുഷ്യന്റെ വിധികൾക്കും മീതെയാണ് അവന്റെ തിരുമാനങ്ങൾ എന്നറിയാവുന്നതുകൊണ്ട് രാജകല്പനകൾക്കുപോലും അവനെ ഇല്ലാതാക്കാനാവില്ലെന്ന് അവൾക്ക് ഉറപ്പാണ്. ആ ഒറ്റ ഉറപ്പിലാണ് പട്ടാളക്കാർ കാവലിരിക്കുന്ന കല്ലറതേടി അവൾ വരുന്നത്.
അങ്ങനെ മറിയം ദൈവത്തെ തേടുന്ന സ്ഥലകാലങ്ങൾ അവളുടെ ഉള്ളം തുളുമ്പിനില്ക്കുന്ന പ്രത്യാശയുടെ അടയാളങ്ങളായി മാറുന്നു. ഇരുട്ടിലും, കല്ലറയിലും ദൈവമുണ്ട് എന്ന പ്രത്യാശയുടെ അടയാളം. ജീവിതത്തിൽ എപ്പോഴെങ്കിലും മരണമുഖത്ത് ദൈവത്തിന് മുന്നിൽ നിന്നിട്ടുള്ളവർക്ക് അവളെ കുറേക്കൂടി മനസിലാകും. അവളെപ്പോലെ ദൈവത്തെ തേടാനായാൽ എല്ലാ ഇരുട്ടും പകലാകും, എല്ലാ കല്ലറകളും ശൂന്യമാകും, എല്ലാ മിഴികളും തോരും, എല്ലാ മുറിവും കരിയും, എല്ലാ മൃതരുമുയിർക്കും. കല്ലുകൊണ്ടു മൂടി, കാവലുള്ള കല്ലറകൾക്കുമപ്പുറം ദൈവത്തെ കാണാൻ കഴിയുമെന്ന മറിയത്തിന്റെ പാഠം ദൈവാന്വേഷണവഴികളിൽ നമുക്ക് വെളിച്ചമാകട്ടെ…
ഫാ. ബിവാൾഡിൻ തേവർകുന്നേൽ