തീവ്രവാദികളാൽ കൊല്ലപ്പെട്ട ആധുനിക നൂറ്റാണ്ടിലെ രക്തസാക്ഷികൾ

ആഗസ്റ്റ് 21-ന് മതപീഡനത്തിന് ഇരയായവരുടെ അന്താരാഷ്ട്ര ദിനമാണ്. ലോകമെമ്പാടുമായി നിരവധി പേരാണ് വിശ്വാസത്തിന്റെപേരിൽ കൊല്ലപ്പെടുന്നത്. ഭീകരവാദത്തിന്റെ ഇരകളായി, വിശ്വാസത്തിന്റെപേരിൽ കൊല്ലപ്പെടുന്ന, രക്തസാക്ഷികളായി മാറിയ വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമായ സ്വർഗീയമധ്യസ്ഥർ നിരവധി പേരുണ്ട് കത്തോലിക്കാ സഭയ്ക്ക്. കത്തോലിക്കാ വിശ്വാസത്തെപ്രതി മരണംവരിച്ച രക്തസാക്ഷികളായ വിശുദ്ധരെ നമുക്കു പരിചയപ്പെടാം.

1. വാഴ്ത്തപ്പെട്ട അഗുചിത

20-ാം നൂറ്റാണ്ടിലെ ഏറ്റവും രക്തരൂക്ഷിതമായ ഭീകരസംഘടനകളിലൊന്നായ ‘ഷൈനിംഗ് പാത്ത്’ 1990-ൽ കൊലപ്പെടുത്തിയ പെറുവിയൻ സന്യാസിനിയും രക്തസാക്ഷിയുമാണ് അഗുചിത എന്നറിയപ്പെടുന്ന സി. മരിയ അഗസ്റ്റിന റിവാസ് ലോപ്പസ്. ഗുഡ് ഷെപ്പേർഡിന്റെ ഔവർ ലേഡി ഓഫ് ചാരിറ്റി ഓഫ് ദി കോൺഗ്രിഗേഷനിൽ അംഗമായിരുന്നു സിസ്റ്റർ. ഈ ഭീകര സംഘടനയുടെ ആക്രമണത്തിൽ പെറുവിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു.

17 വയസുള്ള ഒരു ഭീകരൻ സി. അഗുചിതയ്ക്കുനേരെ അഞ്ചുപ്രാവശ്യം വെടിയുതിർത്തു. പെറുവിലെ ഒരു തദ്ദേശീയസമൂഹവുമായി സംസാരിച്ചതിനും അവിടെയുള്ള പാവപ്പെട്ടവരെ സഹായിച്ചതിനുമാണ് ഈ സന്യാസിനി കൊല്ലപ്പെട്ടത്.

2. രണ്ട് പോളിഷ് വൈദിക രക്തസാക്ഷികൾ

1991-ൽ പെറുവിലെ മാർക്‌സിസ്റ്റ് ഭീകരസംഘടനയായ ‘ഷൈനിംഗ് പാത്ത്’ മൂന്ന് വൈദികരെയാണ് കൊലപ്പെടുത്തിയത്. ഇവർ പോളിഷ് ഓർഡർ ഓഫ് ഫ്രിയേഴ്‌സ് മൈനർ കൺവെൻച്വലിലെ അംഗങ്ങളായിരുന്നു. ഫാ. മിഗ്വേൽ ടോമാസെക്ക്, ഫാ. സ്‌ട്രമ്പിങ്ങു സ്തലവോസ്കി എന്നിവർ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടു.

പെറുവിലെ വടക്കൻ പർവതപ്രദേശത്തുള്ള പാരിയാക്കോട്ടോയിലാണ് ഈ വൈദികർ സേവനം ചെയ്തത്. അവിടെ അവർ കുട്ടികളെയും യുവാക്കളെയും പഠിപ്പിക്കുകയും കൃഷിയും റോഡ് നിർമ്മാണവും നടത്താൻ സഹായിക്കുകയും രോഗികളെ പരിചരിക്കുകയും ചെയ്തു. പ്രത്യേകിച്ച്, 1991-ൽ രാജ്യത്തെ ബാധിച്ച കോളറ പകർച്ചവ്യാധിയുടെ സമയത്ത്. ആഗസ്റ്റ് ഒൻപതിന്, ഭീകരർ വൈദികരെ ഇടവക ദൈവാലയത്തിൽനിന്ന് സെമിത്തേരിയിലേക്കു കൊണ്ടുപോയി. അവിടെവച്ച് ക്രൈസ്തവ വിശ്വാസത്തെപ്രതി കൊലപ്പെടുത്തുകയായിരുന്നു. ഫാ. മിഗുവലിന്റെ കഴുത്തിലും മറ്റേ വൈദികന്റെ പിറകിലുമാണ് വെടിയേറ്റത്. ഷൈനിംഗ് പാത്തിന്റെ സ്ഥാപകനായ അബിമെയ്ൽ ഗുസ്മാൻ, താൻ ഈ വൈദികരെ കൊല്ലാൻ ഉത്തരവിട്ടതായി സമ്മതിച്ചു.

3. വാഴ്ത്തപ്പെട്ട സാന്ദ്രോ ഡോർഡി

ഷൈനിംഗ് പാത്ത് തീവ്രവാദികളാൽ വധിക്കപ്പെട്ട പാരഡിസോ മിഷനറി കമ്മ്യൂണിറ്റിയിൽനിന്നുള്ള ഒരു ഇറ്റാലിയൻ പുരോഹിതനായിരുന്നു ഫാ. സാന്ദ്രോ ഡോർഡി. 1980-ൽ, സജീവ തീവ്രവാദസാന്നിധ്യമുള്ള പെറുവിലെ ചിമ്പോട്ടിനു സമീപമുള്ള സാന്ത പട്ടണത്തിൽ ഒരു മിഷനറിയായി അദ്ദേഹം തന്റെ സേവനം ആരംഭിച്ചു. അവിടെ അദ്ദേഹം സുവിശേഷം പ്രസംഗിക്കുകയും ജനങ്ങളെ എഴുതാനും വായിക്കാനും പഠിപ്പിക്കുകയും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചാപ്പലുകൾ നിർമ്മിക്കുകയും കർഷകരെ സഹായിക്കുകയും ചെയ്തു.

മാർക്‌സിസ്റ്റ്, ലെനിനിസ്റ്റ്, മാവോയിസ്റ്റ് പ്രത്യയശാസ്‌ത്രത്തിന്റെ ഭീകരസംഘം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ നല്ല രീതിയിലല്ല കണ്ടത്. അതിനാൽ വൈദികനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഫാ. ഡോർഡി തന്റെ അവസാന കുർബാനയിൽ പറഞ്ഞു: “ഇനി എന്നെയാണ് അവർ വധിക്കുന്നത്.” 1991 ആഗസ്റ്റ് 25-ന്, വിൻസോസിൽവച്ച് ഭീകരർ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി, വെടിവച്ചു കൊലപ്പെടുത്തി.

4. വാഴ്ത്തപ്പെട്ട പിയറി ക്ലാവറി

1938-ൽ അൾജീരിയയിൽ ഫ്രഞ്ച് ആധിപത്യകാലത്ത് പിയറി ക്ലാവറി ജനിച്ചു. 1981-ൽ അദ്ദേഹം അൾജീരിയയിലെ ഒറാനിലെ ബിഷപ്പായി നിയമിതനായി. 1990-കളിലെ അൾജീരിയൻ ആഭ്യന്തരയുദ്ധത്തിൽ ഇസ്ലാമിക തീവ്രവാദികളാൽ വധിക്കപ്പെടുന്നതുവരെ അദ്ദേഹം സേവനമനുഷ്ഠിച്ചു.

ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും പോരടിപ്പിക്കുന്ന അക്രമത്തെ എതിർക്കുകയും സമാധാനത്തിനായി പ്രവർത്തിക്കുകയും ചെയ്തു. ഇക്കാരണത്താൽ, 1996 ആഗസ്റ്റ് ഒന്നിന് രൂപതയുടെ പ്രവേശനകവാടത്തിൽവച്ച് തീവ്രവാദികൾ ബോംബാക്രമണത്തിലൂടെ ഡ്രൈവറോടൊപ്പം അദ്ദേഹത്തെ വധിച്ചു.

5. രക്തസാക്ഷികളായ ഏഴ് ട്രാപ്പിസ്റ്റ് സന്യാസിമാർ

അൾജീരിയയിലെ ടിബിറിനിലെ ഔവർ ലേഡി ഓഫ് അറ്റ്ലസിന്റെ മൊണാസ്ട്രിയുടെ മേലധികാരിയായ ഫാദർ ക്രിസ്റ്റ്യൻ ഡി ചെർഗെയും മറ്റ് ആറ് ട്രാപ്പിസ്റ്റ് സന്യാസിമാരോടൊപ്പം കൊല്ലപ്പെട്ടു. ബ്രൂണോ, ക്രിസ്റ്റോഫ്, സെലസ്റ്റിൻ, ലൂക്ക്, പോൾ, മിഷേൽ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് സന്യാസിമാർ.

ഏഴ് ട്രാപ്പിസ്റ്റ് സന്യാസിമാർ 45-നും 82-നുമിടയിൽ പ്രായമുള്ളവരായിരുന്നു. അവർ ആശ്രമത്തിലെ പാവപ്പെട്ടവർക്ക് മെഡിക്കൽ സേവനങ്ങൾ നൽകിയിരുന്നു. തീവ്രവാദികൾ വിദേശികളെ, പ്രത്യേകിച്ച് ഫ്രഞ്ചുകാരെയും ക്രിസ്ത്യാനികളെയും പീഡിപ്പിക്കാൻ തുടങ്ങിയെങ്കിലും, സന്യാസിമാർ ജനങ്ങളെ സേവിക്കാൻ ധൈര്യപൂർവം ഇറങ്ങിത്തിരിച്ചു. 1996-ൽ ഇസ്ലാമിക ഭീകരർ അവരെ തട്ടിക്കൊണ്ടുപോയി, മാസങ്ങൾക്കുശേഷം അവരെ കഴുത്തുമുറിച്ചു കൊലപ്പെടുത്തി. ആ വർഷം മെയ് 30-ന് ഈ കൊലപാതകങ്ങൾ രാജ്യത്തെ ഏറ്റവും രക്തരൂക്ഷിതമായ സംഭവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. പക്ഷേ, അവരുടെ മൃതദേഹങ്ങൾ ഒരിക്കലും കണ്ടെത്തിയില്ല.

സ്പാനിഷ് അഗസ്റ്റീനിയൻ മിഷനറിമാരായ കാരിഡാഡ് അൽവാരസ്, എസ്തർ പാനിയാഗുവ എന്നിവരുൾപ്പെടെ അൾജീരിയയിൽ വിശ്വാസത്തിനായി ജീവൻ നൽകിയ പത്തു പേരെയും തീവ്രവാദികൾ കൊലപ്പെടുത്തി.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.