പുഞ്ചിരി പരിശുദ്ധിയുടെ അടയാളമാക്കി സ്വജീവിതം തന്റെ സ്നേഹനാഥന് സ്നേഹപൂര്‍വ്വം സമർപ്പിച്ച ഒരു സന്യാസിനിയാണ് സിസ്റ്റര്‍ ലിന്‍ഡാല്‍വാ ജുസ്റ്റോ ഡി ഒലിവേര. ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ രാജ്യമായ ബ്രസീലിലെ വടക്കേ റിയോഗ്രാന്‍ഡെ പ്രവിശ്യയിലെ ആക്യൂ എന്ന ഗ്രാമത്തിലെ ഒരു ഉത്തമ കത്തോലിക്കാ കുടുംബത്തിലെ 14 കുട്ടികളില്‍ ആറാമത്തെ പുത്രിയായി കൊച്ചു ലിന്‍ഡാല്‍വാ 1953 ഒക്ടോബര്‍ 20 -നു ജനിച്ചു. ചെറുപ്പത്തിലേ തന്നെ പാവങ്ങളെ സഹായിക്കുന്നതിൽ ഉത്സാഹവതിയും മിടുക്കിയുമായിരുന്ന ലിന്‍ഡാല്‍വാ. 1965 -ല്‍ തന്റെ 11-ാം വയസില്‍ ആദ്യമായി ഈശോയെ സ്വീകരിച്ചു.
തന്റെ പ്രായത്തിലെ ഏതൊരു കുട്ടിയെയും പോലെ പഠിക്കുകയും ഒരു ബിരുദധാരിയാവുകയും ചെയ്തു ലിന്‍ഡാല്‍വാ. സഹോദരന്മാരുടെ കുഞ്ഞുമക്കളെ പഠനത്തില്‍ സഹായിക്കുകയും സഹോദര ഭാര്യമാരോട് സ്നേഹത്തോടെ ഇടപെടുകയും ചെയ്തു. പഠനത്തിനു ശേഷം കുടുംബത്തെ സഹായിക്കാനായി ഒരു ജോലി കണ്ടുപിടിക്കുകയും അതിൽ നിന്നും ലഭിച്ച വരുമാനം സഹോദരങ്ങളുമായി പങ്കുവച്ചു. ‘ദൈവവചനം ശ്രവിക്കുന്ന മനുഷ്യന് പാറമേല്‍ ഭവനം പണിതവനു തുല്യമാണ്.’ ജോലി കഴിഞ്ഞ വീട്ടിലെത്തുന്ന ലിന്‍ഡാല്‍വ, ടിവി കാണുന്നതിലും കൂടുതൽ താല്പര്യം കാണിച്ചിരുന്നത് വിശുദ്ധ ഗ്രന്ഥം വായിക്കുന്നതിലാണ്. മാതാപിതാക്കള്‍ വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്ത്രപൂര്‍വ്വം വിഷയം മാറ്റി അവള്‍ക്ക് മൂന്ന് ആണ്‍കുട്ടികള്‍ (സഹോദരന്മാരുടെ കുട്ടികള്‍) ഉണ്ടെന്നു പറയുമായിരുന്നു.
ലിന്‍ഡാല്‍വായുടെ പിതാവ് ജോ ജുസ്റ്റോ ഡാ ഫി തന്റെ മരണമടുത്തു എന്ന മനസിലാക്കി മക്കളെയെല്ലാം അരികെ വിളിച്ചു. വിശുദ്ധ കുർബാന, രോഗീലേപന ശുശ്രൂഷ എന്നിവ സ്വീകരിച്ച ശേഷം അദ്ദേഹം സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായി. ‘ദൈവതിരുമനസിനു വിധേയരായി വിശ്വാസത്തില്‍ അടിയുറച്ച് ജീവിക്കുക’ എന്ന് ഉരുവിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മരണം. പിതാവിനെ രോഗശയ്യയില്‍ വളരെ സ്നേഹത്തോടെ ശുശ്രൂഷിച്ച ലിന്‍ഡാല്‍വാ പിതാവിന്റെ വേര്‍പാട് ദൈവഹിതമായി സ്വീകരിച്ചു.
കുറച്ചു നാളുകള്‍ക്കു ശേഷം ഉപവിപുത്രിമാരുടെ (Daughters of Charity of St Vincent De Paul) വൃദ്ധസദനത്തില്‍ അനുദിനം പോകാനും അവരോടൊപ്പം സമയം ചിലവഴിക്കാനും തുടങ്ങി. പുഞ്ചിരി തൂകിയ അവളുടെ മുഖവും വാത്സല്യം തുളുമ്പുന്ന വാക്കുകളും അവര്‍ക്ക് ഏറെ സ്വീകാര്യമായിരുന്നു. വൃദ്ധസദനത്തിലെ അന്തേവാസികള്‍ ലിന്‍ഡാല്‍വയുടെ വരവിനായി കാത്തിരിക്കുമായിരുന്നു. പാട്ടു പാടിയും ഗിറ്റാര്‍ വായിച്ചും നറുമുത്തങ്ങള്‍ നല്‍കിയുമെല്ലാം അവരോടുള്ള സ്നേഹം അവള് പ്രകടിപ്പിച്ചു. ലിന്‍ഡാല്‍വയുടെ ഉള്ളില്‍ മറഞ്ഞിരുന്ന ‘ദൈവവിളി’ അവിടുത്തെ സിസ്റ്റേഴ്സ് നന്നായി മനസിലാക്കി. പാവങ്ങളോടുള്ള സ്നേഹവും വാത്സല്യപ്രകടനങ്ങളും ഔദാര്യവുമെല്ലാം ആ ‘വിളി’യുടെ ബാഹ്യമായ അടയാളങ്ങളായിരുന്നു.
വി. വിന്‍സെന്റ് ഡി പോളിനാലും വി. ലൂയിസ് ഡി മരിലാക്കിനാലും 1633 നവംബര്‍ 29 -ന് പാരീസില്‍ സ്ഥാപിതമായ ‘ഉപവിപുത്രിമാര്‍’ ലോകത്തിലേറ്റവും കൂടുതല്‍ അംഗങ്ങള്‍ സമര്‍പ്പിതജീവിതം നയിക്കുന്ന സഭയാണ്. 19,000 -ല്‍പരം സന്യാസിനിമാർ 94 രാജ്യങ്ങളിലായി ആതുരശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 1987 സെപ്റ്റംബര്‍ 12-ാം തീയതി അത്യുത്സാഹത്തോടും തീക്ഷ്ണതയോടും കൂടെ ഒരു ഉപവിപുത്രിയാകാനുള്ള ആഗ്രഹത്തോടെ ലിന്‍ഡാല്‍വ 1989 ജൂലൈ 16 -ന് കോൺവെന്റിൽ ചേർന്നു.
പാവങ്ങളില്‍ യേശുവിനെ കണ്ട് അവര്‍ക്ക് സേവനമനുഷ്ഠിക്കാന്‍ ആത്മാവില്‍ ജ്വലിക്കുന്ന ആനന്ദത്താല്‍ ലിന്‍ഡാല്‍വാ ഇങ്ങനെ എഴുതി: “കര്‍ത്താവിനെ പിന്തുടരുക എത്ര ആനന്ദകരമാണ്, എന്തൊരു അനുഗ്രഹമാണ്. ആ അനന്തസ്നേഹത്തെ മറികടക്കാന്‍ ആര്‍ക്കുമാവില്ല. ഓരോ നിമിഷവും പ്രാര്‍ത്ഥിക്കുമ്പോള്‍ കര്‍ത്താവിനെ സ്നേഹിക്കാന്‍ എനിക്ക് അതിരറ്റ ആഗ്രഹമുണ്ട്. അധികം താമസിയാതെ എനിക്കത് സാധ്യമാകും. ചിലപ്പോള്‍ അത് എന്റെ അന്ത്യനിമിഷത്തിനു തൊട്ടുമുമ്പാകും.” ഏറ്റവും വലിയ സ്നേഹം സ്വജീവന്‍ തന്റെ സ്നേഹിതനു വേണ്ടി വെടിയുമ്പോഴാണ് എന്ന് പൂര്‍ണ്ണമായി വിശ്വസിക്കുകയും തന്റെ ജീവിതത്തിലൂടെ അത് ലോകത്തിന് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്ത വിശുദ്ധയാണ് സി. ലിന്‍ഡാല്‍വ.
സന്യാസ പരിശീലനത്തിനു ശേഷം 1991 ജനുവരി 26 -ല്‍ സല്‍വദോറിലെ (Salvador) ബാഹിയ (Bahia) എന്ന സ്ഥലത്തെ ഡോണ്‍ പാദ്രോ II (Don Padro II) വൃദ്ധസദനത്തിലേക്കാണ് ലിന്‍ഡാല്‍വാ അയക്കപ്പെട്ടത്. നാല്പതോളം വരുന്ന വൃദ്ധരായ അപ്പച്ചന്മാരെ നോക്കേണ്ട സേവനമാണ് അവള്‍ക്കു നല്കപ്പെട്ടത്. നിശ്ചയദാര്‍ഢ്യത്തോടും സാമര്‍ത്ഥ്യത്തോടും കൂടി അവള് തന്റെ ജോലി ചെയ്തു. വാര്ദ്ധക്യത്താലും രോഗത്താലും ഒറ്റപ്പെടലിന്റെയും നിരാശയുടെയും ഒക്കെ വേദന അനുഭവിച്ചിരുന്നവര്‍ക്ക് സാന്ത്വനമായിരുന്നു ലിന്‍ഡാല്‍വായുടെ സേവനം. അവളുടെ പുഞ്ചിരിയോടു കൂടിയുള്ള സമീപനം നിരാശയകറ്റി പ്രത്യാശയുടെ പൊന്കിരണങ്ങള് മനസില്‍ തെളിയിക്കാന്‍ ഉതകുന്നതായിരുന്നു.
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1993 -ല്‍ പ്രത്യേക ശുപാര്‍ശപ്രകാരം 46 വയസുള്ള ഒരു മധ്യവയസ്കന് അഗസ്റ്റെ, അന്തേവാസിയായി അവിടെ എത്തിച്ചേര്‍ന്നു. അനുദിനം പുഞ്ചിരിയോടെ ശുശ്രൂഷിക്കാനെത്തുന്ന ലിന്ഡാല്വയില് അയാള്‍ക്ക് പ്രത്യേക താല്പര്യം തോന്നുകയും അത് അവളെ അറിയിക്കുകയും ചെയ്തു. ഇതില്‍ താല്പര്യമില്ലാത്ത സി. ലിന്‍ഡാല്‍വ മറ്റു സിസ്റ്റേഴ്സിനെ ഇക്കാര്യം അറിയിക്കുകയും പ്രാര്‍ത്ഥനയില്‍ ശരണം പ്രാപിക്കുകയും ചെയ്തു. അഗസ്റ്റെയുടെ കണ്ണില്പെടാതിരിക്കാന് പരമാവധി അവള് ശ്രമിച്ചു. അവിടെ നിന്നും സ്ഥലം മാറുന്ന കാര്യവും അവള് ചിന്തിക്കാതിരുന്നില്ല. തന്റെ വത്സലപിതാവിന്റെ പ്രായമുള്ള നാല്പതോളം അപ്പച്ചന്മാര്ക്ക് വാത്സല്യത്തോടെ സേവനമനുഷ്ഠിക്കാന്‍ ലിന്‍ഡാല്‍വ സദാ സന്നദ്ധയായിരുന്നു.
അഗസ്റ്റോയുടെ ആഗ്രഹത്തിന് ലിന്‍ഡാല്‍വ എതിരായിരുന്നതിന്റെ (അയാള്‍ക്ക് വേണ്ടത് സാധിക്കാതിരുന്നതിനാല്‍) ദേഷ്യത്തില്‍ അയാള്‍ ഒരു ദിവസം ആരുമറിയാതെ ചന്തയില്‍ നിന്നും മൂര്‍ച്ചയേറിയ ഒരു കത്തി വാങ്ങിവച്ചു. 1993 ഏപ്രില്‍ ഒൻപതാം തീയതി ദുഃഖവെള്ളിയാഴ്ച ദിവസം. അതിരാവിലെ തന്നെ മറ്റു സിസ്റ്റേഴ്സിനോടൊപ്പം സി. ലിന്ഡാല്വയും ബൊവാ വിയാജെം (Bao Viagem) ഇടവകപ്പള്ളിയിലെ കുരിശിന്റെ വഴിയില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു. കര്‍ത്താവിന്റെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാനയാത്ര അവള് ഓര്‍ത്തു. തന്നെത്തന്നെ സ്വയം ബലിയായി നല്‍കിയതിന്റെ സ്മരണകള്‍ മനസില്‍ ധ്യാനിച്ചുകൊണ്ട് ദൈവാലയത്തിൽ നിന്നും അവൾ തിരിച്ചു വന്നു. പതിവുപോലെ അന്തേവാസികള്‍ക്കുള്ള പ്രഭാതഭക്ഷണം തയ്യാറാക്കി അവര്‍ക്ക് അത് വിളമ്പാനായി കൊണ്ടുവരവെ അപ്രതീക്ഷിതമായി പിന്നില്‍ നിന്നും അഗസ്റ്റോ അവളെ ആക്രമിച്ചു. തന്റെ ദേഷ്യവും പകയും കാമഭ്രാന്തും തീരുവോളം 44 തവണ കത്തി കൊണ്ട് സിസ്റ്ററിനെ അദ്ദേഹം ആഞ്ഞുകുത്തി. സിസ്റ്റര്‍ ലിന്‍ഡാല്‍വ അതിരാവിലെ പങ്കെടുത്ത കുരിശിന്റെ വഴിയുടെ പൂര്‍ത്തീകരണം അന്വർത്ഥകമാകുകയായിരുന്നു. സ്നേഹിച്ചു കൂടെ നടത്തിയവന് തമ്പുരാന്റെ ഒറ്റുകാരനായതു പോലെ പുഞ്ചിരിയോടും സ്നേഹത്തോടും കൂടെ എന്നും ശുശ്രൂഷിച്ചയാൽ തന്നെ സിസ്റ്ററിന്റെ ഘാതകനായി. രക്തത്തില്‍ കുളിച്ചു കിടന്ന സി. ലിന്‍ഡാല്‍വ ആ ദുഃഖവെള്ളിയാഴ്ച ദിവസം തന്നെ തന്റെ ദിവ്യ മണവാളന്റെ പക്കലേക്ക് യാത്രയായി.
‘കുത്തിക്കീറപ്പെട്ടാലും ഞാന്‍ പാപം ചെയ്യില്ല. പാപത്തേക്കാള്‍ ഭേദം മരണം’ എന്ന മരിയ ഗൊരേത്തിയുടെ വാക്കുകള്‍ സി. ലിന്‍ഡാല്‍വയുടെ മനസില്‍ ആവര്‍ത്തിച്ചിരിക്കണം. 10-11 വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രസീലിന്റെ മണ്ണില്‍ അള്‍ത്താരയില്‍ ബലിയര്‍പ്പിക്കവെ വെടിയേറ്റു മരിച്ചുവീണ സാല്‍വദോറിന്റെ പ്രിയപ്പെട്ട മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് റൊമേരിയായുടെ രക്തവും ഒരുപക്ഷേ അവള്‍ക്ക് ശക്തി പകര്‍ന്നു കാണും.
സി. ലിന്‍ഡാല്‍വ ജുസ്റ്റോ ഡി ഒലിവേര ഡിസി -യുടെ രക്തസാക്ഷിത്വം സഭ അംഗീകരിച്ചു. വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങ് സാല്‍വദോറിലെ ബാഹിയയില്‍ 2007 ഡിസംബര്‍ രണ്ടിന് നടന്നു. 1950 ജൂണ്‍ 25 -ന് വാഴ്ത്തപ്പെട്ട മരിയ ഗൊരേത്തിയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ ധന്യനിമിഷം ഒരു ചരിത്രനിമിഷമായിരുന്നു. കാരണം, അന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്ക അങ്കണത്തില്‍ തിങ്ങിനിറഞ്ഞവരുടെ മുന്‍നിരയില്‍ മരിയയുടെ അമ്മ അസൂന്തയും ഘാതകന് അലക്സാണ്ടറും ഉണ്ടായിരുന്നു. ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. 2007 -ല്‍ സാല്‍വദോറിലെ ബാഹിയയില്‍ സി. ലിന്ഡാല്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ആ ധന്യനിമിഷത്തില്‍ അവളുടെ അമ്മ മരിയ ലൂസിയ ഡി ഒലിവിരായും അവളുടെ സഹോദരങ്ങളും മറ്റു പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു.
പുഞ്ചിരി പരിചയാക്കി പരിശുദ്ധിയുടെ പടവുകള്‍ കയറിയ വാഴ്ത്തപ്പെട്ട ലിന്‍ഡാല്‍വാ ജുസ്റ്റോ ഡി ഒലിവേരായുടെ തിരുനാള്‍ ജനുവരി ഏഴിന് ആ പുണ്യവതിയുടെ ജ്ഞാനസ്നാന ദിവസം സഭ ആചരിക്കുന്നു. ലിന്‍ഡാല്‍വാ എന്ന പേരിന്റെ അര്‍ത്ഥം ‘പ്രഭാതം’ എന്നാണ്. ഓരോ പ്രഭാതത്തിലും പരിശുദ്ധിയുടെയും വാത്സല്യത്തിന്റെയും നറുപുഞ്ചിരി നമുക്കേകുന്ന പ്രഭാതപുഷ്പമായി ഒരിക്കലും വാടാതെ ഉയരങ്ങളില്‍ ഈ വിശുദ്ധ വാഴുന്നു.
സി. സോണിയ ഡി.സി.