![St-Josephine-Bakhitha-e1644295769472](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/St-Josephine-Bakhitha-e1644295769472.webp?resize=696%2C435&ssl=1)
സുഡാന്റെയും മനുഷ്യക്കടത്തിന് ഇരകളാക്കപ്പെടുന്നവരുടെയും സ്വർഗീയമധ്യസ്ഥയായ വി. ജോസഫൈൻ ബക്കീത്തയുടെ തിരുനാൾ ദിനമായ ഫെബ്രുവരി 8, മനുഷ്യക്കടത്തിനെതിരായുള്ള ആഗോള പ്രാർഥനാദിനം കൂടിയാണ്.
1869-ൽ ആഫ്രിക്കൻ രാജ്യമായ സുഡാനിലെ ഡാർഫർ മേഖലയിലെ ഓൾഗോസ്സയിൽ ജനിച്ച ബക്കീത്തയെ ഏഴാമത്തെ വയസ്സിൽ തട്ടിക്കൊണ്ടുപോയി അടിമയായി വിറ്റു. പല യജമാനന്മാരുടെ കൈകളിലൂടെ മാറി 1883-ൽ ബക്കീത്ത കലിസ്റ്റോ ലെഗ്നാനി എന്ന ഇറ്റാലിയന്‍ കോണ്‍സുളിന്റെ കൈകളിലെത്തി. രണ്ടു വര്‍ഷത്തിനുശേഷം ബക്കീത്ത യജമാനന്റെ കൂടെ ഇറ്റലിയിലെത്തി. കലിസ്‌റ്റോ അവളെ അഗസ്റ്റോ മിഷേലി എന്ന ഇറ്റലിക്കാരനു നല്‍കി. ഇറ്റലിയിലെത്തിയ ബക്കീത്തായ്ക്ക് ആ കുടുംബത്തിലെ കുഞ്ഞുങ്ങളെ നോക്കുന്ന ഉത്തരവാദിത്വം കിട്ടി. അവിടെവച്ചാണ് ക്രിസ്തീയവിശ്വാസത്തെക്കുറിച്ചു പഠിക്കുകയും 1890-ല്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ജോസഫൈന്‍ എന്ന പേര് സ്വീകരിക്കുകയുംചെയ്തത്.
ബക്കീത്ത 1893-ല്‍ ബക്കീത്ത മേരി മഗ്ദലീന്‍ ഓഫ് കനോസ്സ് സന്യാസമഠത്തില്‍ ചേര്‍ന്ന് ‘ദൈവത്തിന്റെ സ്വതന്ത്രപുത്രി’ ആയി. മറ്റുളളവര്‍ക്കായി, വിശിഷ്യാ, പാവങ്ങള്‍ക്കും നിസ്സഹായര്‍ക്കുമായി സന്യാസത്തിലൂടെ സ്വയം സമര്‍പ്പിച്ചുകൊണ്ടാണ് അവള്‍ വിശുദ്ധിയുടെ പടവുകള്‍ കയറിയത്. 1947-ൽ ഇറ്റലിയിലെ ഷിയോയിൽവച്ചു നിര്യാതയായ ബക്കീത്തയെ 2000 ഒക്ടോബർ ഒന്നിന് ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. 2007-ലെ ബനഡിക്ട് പതിനാറാമൻ പാപ്പയുടെ രക്ഷയുടെ പ്രത്യാശ (Spe Salvi) എന്ന തന്റെ രണ്ടാം ചാക്രികലേഖനത്തിൽ ബക്കീത്തയെ ക്രിസ്തീയപ്രത്യാശയുടെ ഉദാത്തമാതൃകയായി അവതരിപ്പിച്ചിരിക്കുന്നു.
ബക്കീത്ത എന്ന പേരിന്റെ അർഥം ‘ഭാഗ്യമുള്ളവൾ’ എന്നായിരുന്നു. അടിമയിൽനിന്നു വിശുദ്ധയിലേക്കു വളർന്ന അവൾ ജീവിതത്തിൽ ക്രിസ്തുവിനെ അറിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യമായി കരുതിയത്. ക്രിസ്ത്യാനിയാകാൻ കഴിഞ്ഞത് മഹാഭാഗ്യമായി അവൾ കരുതി. ഒരിക്കൽ ബക്കീത്ത ഇപ്രകാരം പറഞ്ഞു: “എന്നെ തട്ടിക്കൊണ്ടു പോയവരെയോ, എന്നെ പീഡിപ്പിച്ചവരെയോ കണ്ടുമുട്ടിയാൽ ഞാൻ അവരുടെ കൈകളിൽ ഞാൻ ചുംബിക്കും. കാരണം അത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ക്രിസ്ത്യാനിയും ഒരു സന്യാസിനിയും ആകുമായിരുന്നില്ല.”
വി. ബക്കീത്തായേ, ക്രിസ്തീയപ്രത്യാശയുടെ ഉദാത്തമാതൃകയായിരുന്നല്ലോ നിന്റെ ജീവിതം. നല്ലവരായിരിക്കാനും കർത്താവിനെ സ്നേഹിക്കാനും അവനെ അറിയാത്തവർക്കുവേണ്ടി പ്രാർഥിക്കാനും എല്ലാ മനുഷ്യരെയും സഹോദരീസഹോദരന്മാരായി കാണാനും ഞങ്ങളുടെ കണ്ണുകൾ തുറപ്പിക്കുകയും ഹൃദയം ജ്വലിപ്പിക്കുകയും ചെയ്യണമേ.
ഫാ. ജയ്സൺ കുന്നേൽ MCBS