അൾത്താരയിൽ ചിത്രം വരയ്ക്കുന്ന സ്ത്രീ

ഒരുപക്ഷേ, നിങ്ങളിൽ പലർക്കും ഈ വ്യക്തിയെ അറിയില്ലായിരിക്കും; ഷീബ റോസ് ആൻഡ്രൂസ്. കേരളത്തിനകത്തും പുറത്തുമായ് അനേകം ദൈവാലയങ്ങളിലെ അൾത്താരകളിൽ പെയിന്റിംഗ് ചെയ്തിട്ടുള്ള പ്രശസ്ത കലാകാരൻ ആന്റണി ഇലഞ്ഞിക്കലിന്റെ (ഇ. ഡി. ആന്റണി) മകൾ. ഇവരുടെ സഹോദരങ്ങളായ ഡേവിസ്, ജോസ്, പോൾ, ഷീജ എന്നിവരും ഈ മേഖലയിൽ പ്രശസ്തരാണ്.

മൈനർ സെമിനാരിയിൽ പഠിക്കുമ്പോൾ കണ്ടിട്ടുള്ള വ്യക്തിയാണ് ഷീബ ചേച്ചി. ലാസലെറ്റ് മാതാവിന്റെ രൂപത്തിന്റെ നിർമ്മാണത്തിനും പെയിന്റിംഗിനും ചേച്ചി അവിടെ വന്നിട്ടുണ്ട്. അങ്കമാലിയ്ക്കടുത്ത് പാറക്കടവിലുള്ള മാതാവിന്റെ രൂപത്തിന് എല്ലാ വർഷവും മിനുക്കുപണികൾ ചെയ്യുന്നതും ഈ ചേച്ചിയാണ്.

ജീവിതപങ്കാളിയോടും മക്കളോടുമൊപ്പം മുംബൈയിൽ താമസമാക്കിയിരിക്കുന്ന ഷീബ ചേച്ചി കൂടുതലായും വരയ്ക്കുന്നത് ബൈബിൾചിത്രങ്ങളാണ്; അതിൽ ഏറെയും അന്ത്യ അത്താഴത്തിന്റെ ചിത്രവും. അതോടെപ്പം ഇന്റീരിയർ പെയിന്റിംഗുകൾ, വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ വ്യത്യസ്ത പെയിന്റിംഗുകൾ എന്നിവ ഓർഡർ അനുസരിച്ച് ചെയ്തുകൊടുക്കുന്നുമുണ്ട്. പ്രൊഫഷണലായി പെയിന്റിംഗ് പഠിച്ചിട്ടില്ലെങ്കിലും തിയറിയെല്ലാം പുസ്തകങ്ങളിലൂടെ സ്വന്തമാക്കിയിരിക്കുന്ന ഷീബ ചേച്ചിയുടെ പെയിന്റിംഗിലെ ഗുരു, പിതാവ് ആന്റണിയാണ്. അവർ തന്റെ കലാജീവിതത്തെക്കുറിച്ചു പറയുന്നത് ശ്രദ്ധിക്കാം.

ചെറിയ ക്ലാസുകളിലായിരിക്കുമ്പോൾ വര തുടങ്ങിയിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ അപ്പച്ചൻ എന്നിലെ കഴിവ് തിരിച്ചറിയുകയും ഛായക്കൂട്ടുകളുടെ രഹസ്യങ്ങൾ പറഞ്ഞുതരികയും ചെയ്തു. അതിൽ ഇന്നും മായാതെ മനസിൽനിൽക്കുന്നത് ഒരു വ്യക്തിയുടെ മുഖം വരയ്ക്കുമ്പോൾ ഉപയോഗിക്കേണ്ട പെയിൻ്റുകളെക്കുറിച്ചാണ്.

അപ്പച്ചന്റെ അറിവനുസരിച്ച് 24 കളറുകൾ ഉപയോഗിച്ചാലേ വിവിധങ്ങളായ ഭാവവ്യത്യാസങ്ങളോടെ ഒരാളുടെ മുഖം കാൻവാസിൽ പകർത്താൻ കഴിയൂ. ആദ്യനാളുകളിൽ അതെനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് അത് മനസിലാക്കാൻ കഴിഞ്ഞു. വർണ്ണങ്ങൾ ശരിയായ രീതിയിൽ കലർത്തുന്ന കല അങ്ങനെ അപ്പച്ചൻ എന്നെ പഠിപ്പിച്ചു. പെയിന്റുകൾ ഓരോന്നും പേര് പറഞ്ഞ്, അവയെക്കുറിച്ചുള്ള അറിവിന്റെ പുസ്തകങ്ങൾ തുറന്നുവച്ചതും അപ്പച്ചൻതന്നെ.

ഇപ്പോഴും മറക്കാത്ത ഓർമ്മയായ് നിൽക്കുന്നത്, ജലന്ധർ കത്തീഡ്രലിലെ അൾത്താരയിലെ ആർട്ട് വർക്കുകളാണ്. അപ്പച്ചന്റെ കൂടെ അന്ന് ഞാനും പോയിരുന്നു. ആ നാളുകളിൽ അപ്പച്ചന് പെട്ടെന്ന് വയ്യാതായി. ക്ഷീണിതനായ അപ്പച്ചൻ ആ പണികൾ ഏറെയും എന്നെ ഏല്പിക്കുകയായിരുന്നു. അതിലൂടെ എന്നിലെ കഴിവുകളെ പുറത്തുകൊണ്ടുവരാൻ അപ്പച്ചനെ ദൈവം അനുഗ്രഹിച്ചു. ഒപ്പം കടപ്പാടുള്ളത് അപ്പാപ്പനോടാണ് (അമ്മയുടെ അപ്പൻ). അപ്പാപ്പനും നല്ലൊരു ആർട്ടിസ്റ്റ് ആയിരുന്നു. എന്റെ കുഞ്ഞുനാളിൽ അപ്പാപ്പൻ മരിച്ചുവെങ്കിലും അപ്പാപ്പന്റെ കഴിവും എനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

ഏതാനും മാസങ്ങൾക്കുമുമ്പ് മുംബൈയിൽ പോകാനും ഷീബ ചേച്ചിയോടും ഭർത്താവ് ആൻഡ്രൂസിനോടും ഇളയമകൾ ഷാരോണിനോടുമൊപ്പം ഒരു ദിവസം ചിലവഴിക്കാനുമിടയായി. അന്ന് ഞാൻ വെറുതെ ചോദിച്ചതാണ്, ‘എന്റെ ഒരു പടം വരയ്ക്കാമോ’ എന്ന്. ‘അതിനെന്താ, സമയമുള്ളപ്പോൾ വരച്ചുതരാം’ എന്നുപറഞ്ഞു. വരച്ചുകഴിഞ്ഞപ്പോൾ എനിക്ക് അതിന്റെ ചിത്രം അയച്ചുതന്നു. അതാണ് നിങ്ങൾ കാണുന്നതും.

ദൈവം തന്ന കഴിവുകൾ ഇത്രയും മനോഹരമായി ഉപയോഗിക്കുന്ന ഷീബ ചേച്ചിയെപ്പോലുള്ളവർ നമുക്ക് വെല്ലുവിളിയാണ്. താലന്തുകളുടെ ഉപമയിൽ ക്രിസ്തു സൂചിപ്പിക്കുന്നതും ദൈവനിവേശിതമായ കഴിവുകൾ തിരിച്ചറിയാനും പരമാവധി ഉപയോഗിക്കാനുമാണല്ലോ? അതുകൊണ്ടല്ലേ നന്നായി അധ്വാനിച്ച ശിഷ്യനോട് അവൻ ഇങ്ങനെ പറഞ്ഞത്: “കൊള്ളാം, നല്ലവനും വിശ്വസ്‌തനുമായ ഭൃത്യാ, അല്പകാര്യങ്ങളില്‍ വിശ്വസ്‌തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക” (മത്തായി 25:23).

കഴിവില്ലെന്നും സമയമില്ലെന്നും പറയുന്നവർക്കിടയിൽ, നമ്മുടെ ചെറുതും വലുതുമായ കഴിവുകൾ കണ്ടറിഞ്ഞ് ഉപയോഗിക്കാൻ പരിശ്രമിക്കുകയും പ്രാർഥിക്കുകയും ചെയ്യാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.