
ദൈവമക്കളെന്ന നിലയില്‍ അവിടുത്തെ തിരുമുമ്പില്‍ നമ്മുടെ ആവശ്യങ്ങള്‍ ദൈവവുമായി പങ്കുവയ്ക്കുവാനുള്ള അവകാശം അവിടുന്ന് നമുക്കു നല്കിയിട്ടുണ്ട്. പിതാവും മക്കളും തമ്മിലുള്ള ആശയവിനിമയമാണ് ക്രിസ്തീയപ്രാര്‍ഥനകള്‍. യേശു, ഈ ലോകത്തിലായിരുന്നപ്പോള്‍ പ്രാര്‍ഥിക്കാന്‍ നമ്മെ വ്യക്തമായി പഠിപ്പിക്കുകയും ചെയ്തു.
നമ്മുടെ സാഹചര്യത്തെക്കുറിച്ചു പരാതി പറയുന്നതിനുപകരം ദൈവാശ്രയത്തിന്റെ പ്രതിഫലനമായിരിക്കണം പ്രാര്‍ഥന എന്ന് വി. യാക്കോബ് ശ്ലീഹ പഠിപ്പിക്കുന്നുണ്ട്. കഷ്ടമനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കാന്‍ യാക്കോബ് ശ്ലീഹാ പ്രബോധിപ്പിക്കുന്നു. “നിങ്ങളില്‍ കഷ്ടമനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവന്‍ പാട്ടുപാടട്ടെ. നിങ്ങളില്‍ ദീനമായിക്കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ എണ്ണപൂശി അവനുവേണ്ടി പ്രാര്‍ഥിക്കട്ടെ. എന്നാല്‍ വിശ്വാസത്തോടുകൂടിയ പ്രാര്‍ഥന ദീനക്കാരനെ രക്ഷിക്കും; കര്‍ത്താവ് അവനെ എഴുന്നേല്പിക്കും; അവന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവനോടു ക്ഷമിക്കും. എന്നാല്‍ നിങ്ങള്‍ക്ക് രോഗശാന്തി വരേണ്ടതിന് തമ്മില്‍ പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി ഒരുവന്‍ പ്രാര്‍ഥിപ്പിന്‍. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ഥന വളരെ ഫലിക്കുന്നു. ഏലീയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യനായിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവന്‍ പ്രാര്‍ഥനയില്‍ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്ത് മഴപെയ്തില്ല. അവന്‍ വീണ്ടും പ്രാര്‍ഥിച്ചപ്പോള്‍ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയില്‍ ധാന്യം വിളഞ്ഞു.”
ദൈവഹിതമാണെങ്കില്‍ പ്രാര്‍ഥനമൂലം ചില കഷ്ടതകൾ നീങ്ങിപ്പോകാം. എന്നാല്‍, ചിലപ്പോള്‍ പ്രയാസങ്ങളെ തരണം ചെയ്യാനുള്ള ദൈവകൃപ ലഭിക്കുന്നതും പ്രാര്‍ഥനയ്ക്കുള്ള മറുപടിയാണ്. ദൈവത്തിന്റെ സമ്പൂര്‍ണ്ണഹിതം നിറവേറാന്‍ അത് സഹായിക്കും. ദൈവാശ്രയത്തോടെയുള്ള പ്രാര്‍ഥന, സന്തോഷത്തോടെ കഷ്ടത നേരിടാനും തരണം ചെയ്യാനും നമ്മെ സഹായിക്കുന്നു. വിശ്വാസത്തോടും ശ്രദ്ധയോടുംകൂടിയ പ്രാര്‍ഥന ഒരുവന്റെ പാപങ്ങളെ ക്ഷമിക്കാനും രോഗങ്ങളെ സൗഖ്യമാക്കാനും പര്യാപ്തമാണ്. അത് വളരെ ഫലം ചെയ്യുന്നു. പ്രകൃതിയെ നിയന്ത്രിക്കുവാൻതക്ക ശക്തിപോലും വിശ്വാസത്തോടെയുള്ള തന്റെ പ്രാര്‍ഥനയിലൂടെ ഏലിയായ്ക്കു ലഭിച്ചു. ആര് പ്രാര്‍ഥക്കുന്നു എന്നല്ല, എങ്ങനെ പ്രാര്‍ഥക്കുന്നു എന്നതാണ് പ്രധാനം എന്ന് വചനം പലയിടത്തും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നമ്മുടെ പ്രാര്‍ഥനകള്‍ ആശ്രയവും വിശ്വാസവും നിറഞ്ഞതാകണം.
അതുകൊണ്ട്, ആത്മാര്‍ഥമായി അപ്പനോട് മനസുതുറക്കുന്ന സമയങ്ങളാകട്ടെ നമ്മുടെ പ്രാര്‍ഥനകള്‍. വിശ്വാസത്തോടും ശ്രദ്ധയോടുംകൂടി മറ്റുള്ളവര്‍ക്കുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം.