

ബെത്സയ്ദയിൽ നിന്നുള്ള മുക്കുവൻ അന്ത്രയോസിന്റെ സഹോദരൻ, സാധാരണ പശ്ചാത്തലത്തിൽ നിന്ന് ഈശോയുടെ ശിഷ്യഗണത്തിന്റെ നേതാവായിത്തീർന്ന പത്രോസ്. ആ പത്രോസാണ് നോമ്പുയാത്രയിലെ ഇന്നത്തെ നമ്മുടെ വഴികാട്ടി. എല്ലാത്തരം സ്വഭാവങ്ങളും ഒത്തിണങ്ങിയ ഒരു മനുഷ്യൻ. ദേഷ്യമുള്ളവൻ, വൈകാരികമായി പ്രതികരിക്കുന്നവൻ, ഇടയ്ക്ക് മണ്ടത്തരങ്ങൾ പറയുന്നവൻ, ആവേശങ്ങൾ കൊണ്ട് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നവൻ, ഇടയ്ക്ക് മിണ്ടാട്ടം മുട്ടിപ്പോകുന്നവൻ. ഇതെല്ലാം കൂടെ ചേരുന്ന ഒരാളാണ് പത്രോസ്.
ഇ സി ജി യുടെ ഗ്രാഫ് പോലെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ജീവിതത്തിൽ കാണിക്കുന്നവൻ. ചിലപ്പോൾ ആത്മീയതയുടെ ആവേശങ്ങളും ചിലപ്പോൾ വരൾച്ചയുമുള്ള ഒരു ജീവിതം. പത്രോസിന്റെ സഹോദരൻ അന്ത്രയോസാണ് പത്രോസിനെയും കൂട്ടിക്കൊണ്ട് ഈശോയുടെ അടുക്കൽ വരുന്നത്. “ഈശോ അവനെ നോക്കി പറഞ്ഞു: യോഹന്നാന്റെ പുത്രനായ ശിമയോനേ നീ കേപ്പാ, പാറ എന്ന് വിളിക്കപ്പെടും” (യോഹ. 1:42).
നീ എന്ത് അല്ലാതിരിക്കുന്നുവോ നിന്നെ അത് ഞാൻ ആക്കും. അതാണ് ഈശോയുടെ സംസാരത്തിന്റെ ധ്വനി. കാറ്റത്തിളകുന്ന ഞാങ്ങണ പോലെ ആയിരിക്കുന്ന നിന്നെ ഒരിക്കലും ഇളകാത്ത പാറ പോലെയാക്കും. നീ എന്ത് അല്ലാതായിരിക്കുന്നുവോ, നിന്നെ അതാക്കും അതാണ് കർത്താവുമായിട്ടുള്ള കണ്ടുമുട്ടലിൽ പത്രോസിന്റെ ജീവിതത്തിൽ സംഭവിക്കുന്നത്.
സ്വന്തം തെറ്റുകളെക്കുറിച്ച് ബോധ്യമുള്ള ഒരാൾക്കു മാത്രമേ ഈശോയുടെ സ്നേഹം ജീവിതത്തിൽ അനുഭവിച്ചറിയാൻ സാധിക്കൂ. ഒരാൾക്കും സ്വന്തം കുറവുകളെ അംഗീകരിക്കാൻ അവന്റെ സ്വാർഥത സമ്മതിക്കുന്നില്ല. അതുകൊണ്ടാണ് ഈശോ പത്രോസിനോട്, “പത്രോസ്, ഞാൻ ആരെന്നാണ് നീ പറയുന്നത് എന്ന് ചോദിക്കുന്നത്?” അതിന്റെയുള്ളിൽ ഒരു മറുചോദ്യമുണ്ട്. “പത്രോസ്, നീ ആരാണെന്ന് നിനക്കറിയാമോ?” ഇത് പത്രോസിന് വളരെ വേദനയുണ്ടാക്കിയ ഒരു ചോദ്യമാണ്. കാരണം അത് അവന്റെ സ്വാർഥതയെ തൊടുന്ന ഒന്നായിരുന്നു. തന്നെത്തന്നെ തിരസ്കരിക്കുന്നതിനെക്കാൾ എളുപ്പമാണ് ഈശോയെ തള്ളിപ്പറയുന്നത് എന്ന് അവൻ ഒരു വേള ചിന്തിച്ചുപോയി.
പിന്നീടുള്ള പത്രോസിന്റെ ജീവിതം അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ഒരു രൂപാന്തരീകരണമായിരുന്നു. പത്രോസിനോട് ഈശോ ചോദിക്കുന്നുണ്ട്: “നീ എന്നെ സ്നേഹിക്കുന്നോ?” എന്ന്. അപ്പോൾ പത്രോസ് പറഞ്ഞു: “നിനക്ക് എല്ലാം അറിയാമല്ലോ.” സ്വന്തം തെറ്റിനെക്കുറിച്ച് അറിഞ്ഞപ്പോൾ അവൻ കർത്താവിനെ അറിഞ്ഞു. അങ്ങനെ അവൻ ശക്തനായി മാറി. ആ പാറയിലാണ് ഈശോ തന്റെ സഭ സ്ഥാപിച്ചത്. തന്നെത്തന്നെ അറിഞ്ഞപ്പോൾ ഈശോയ്ക്ക് മുഴുവനായി അടിയറവ് പറഞ്ഞു പത്രോസ്.
സ്വന്തം കുറവുകൾ ഏറ്റുപറഞ്ഞ് ഈശോയുടെ സ്നേഹം അനുഭവിക്കാൻ സാധിക്കുക എന്നത് വളരെ എളുപ്പമുള്ള ഒരു കാര്യമല്ല. നമ്മുടെ കുറവുകളിലേക്കുള്ള ഒരു യാത്രയാകട്ടെ ഈ നോമ്പുകാലം.
സി. റെറ്റി ജോസ് FCC