നോമ്പ് വിചാരങ്ങൾ 33: ഈശോയെപ്പോലെ കുരിശുകളെ ആത്മസമർപ്പണ പീഠമാക്കിയാലോ?

സി. റെറ്റി എഫ്. സി. സി.

“യേശു ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു”(ലൂക്കാ 23:46)

ഈശോ ദൈവപുത്രനാണെന്നുള്ള വെളിപാടാണ് ഈ അന്ത്യമൊഴിയിലുള്ളതെന്ന് മരുഭൂമിയിലെ പിതാവായ യൂത്തീമിയൂസ് വ്യാഖ്യാനിക്കുന്നു. വിശുദ്ധ ജോൺ ക്രിസോസ്‌തോം ഈശോയുടെ സ്വതന്ത്രമായ ആത്മ സമർപ്പണമായിട്ടാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. ആരും ഈശോയെ ബലി കൊടുക്കുകയല്ല, സ്വമനസ്സാ ഈശോ ബലിയായിത്തീരുകയാണ്. ഈശോയുടെ പ്രവചനത്തോട് ചേർന്നുപോകുന്ന ഒരു വ്യാഖ്യാനമാണിത്. ആരും എന്നിൽ നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാൻ അതു സ്വമനസ്സാ സമർപ്പിക്കുകയാണ് (യോഹ. 10: 18)

ഈശോ പിതാവിന് സ്വയം സമർപ്പിക്കുമ്പോൾ തന്നിലൂടെ രക്ഷ പ്രാപിക്കാനിരിക്കുന്ന എല്ലാ വിശ്വാസികളേയും സമർപ്പിക്കുന്നുവെന്ന് വിശുദ്ധ അത്തനേഷ്യസ് അഭിപ്രായപ്പെടുന്നു. ശിരസ്സായ ക്രിസ്തുവിന്റെ അവിഭാജ്യമായ ശരീരമാണല്ലോ വിശ്വാസിസമൂഹം.

വിശുദ്ധ പൗലോസ് പറയുന്നു: ഇക്കാരണത്താലാണ് ഞാൻ ഇപ്പോൾ ഇവയെല്ലാം സഹിക്കുന്നത്. ഞാൻ അതിൽ ലജ്ജിക്കുന്നില്ല. എന്തെന്നാൽ ആരിലാണ് ഞാൻ വിശ്വാസമർപ്പിച്ചിരിക്കുന്നതെന്ന് എനിക്കറിയാം. എന്നെ ഭരമേല്പ്പിച്ചിരിക്കുന്നവയെല്ലാം ആ ദിവസം വരെയും ഭദ്രമായി കാത്തുസൂക്ഷിക്കാൻ അവനു കഴിയുമെന്നും എനിക്കു പൂർണ്ണബോധ്യമുണ്ട് (2തിമോ. 1: 12) ഇതെഴുതുമ്പോൾ അപ്പസ്തോലൻ ജയിലിലായിരുന്നു. സഹനങ്ങളുടെ നിക്ഷേപവും പ്രത്യാശയും അദ്ദേഹം ഈശോയുടെ കരങ്ങളിൽ സമർപ്പിച്ചു.

താൻ മരിക്കുകയാണെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു. തന്റെ മൂന്ന് വർഷത്തെ ശുശ്രൂഷയിൽ ചെയ്ത എല്ലാ അധ്വാനങ്ങളുടെയും മകുടമാണ് കാൽവരിയിലെ കുരിശ്. പിതാവിന്റെ അടുക്കലേക്ക് മടങ്ങുകയാണെന്നറിഞ്ഞ ഈശോയ്ക്ക് “പിതാവേ, നീ കല്പിച്ചതും ഞാൻ ചെയ്യാൻ ആഗ്രഹിച്ചതും ഞാൻ ചെയ്തു. ഇപ്പോൾ ഞാൻ നിന്നിലേക്ക് മടങ്ങുകയാണ്” എന്ന് പറയുകയല്ലാതെ മറ്റൊരു ഉചിതമായ അവസാനവും അവന്റെ ജീവിതത്തിനില്ലായിരുന്നു.

ഈശോ ഒരു വിശ്വസ്തനായ പട്ടാളക്കാരനെപ്പോലെയായിരുന്നു, വളരെ ഉത്തരവാദിത്തമുള്ളവനായിരുന്നു. തന്റെ സൈന്യാധിപന് അവൻ സ്വയം കണക്കു ബോധിപ്പിക്കുന്നു. തനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും അവസാനം വരെ താൻ ഒരിക്കലും പിതാവിനെ പരാജയപ്പെടുത്തിയിട്ടില്ലെന്നും അവന് ഉത്തമ ബോധ്യമുണ്ടായിരുന്നു. പിതാവിന്റെ ഇഷ്ടത്തോടുള്ള വിശ്വസ്തത ഈശോയുടെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും അതിന്റെ ഫലമായുണ്ടായ മരണത്തിന്റെയും മുഖമുദ്രയായിരുന്നു. താൻ വിജയിച്ചുവെന്ന് ഈശോയ്ക്ക് ബോധ്യമുണ്ടായിരുന്നു. അതിനാൽ, അവൻ തന്റെ ആത്മാവിനെ പിതാവിന് സമർപ്പിക്കുന്നു. ഈ കീഴടങ്ങൽ വിശ്വസ്തതയുടെയും വിജയത്തിന്റെയും ഒരു പ്രവൃത്തിയാണ്.

അപ്പോൾ നമുക്ക് സ്വയം ചോദിക്കാം. ഈ ലോകത്തോട് വിടപറഞ്ഞ് നമ്മുടെ പിതാവിന്റെ അടുക്കലേക്ക് മടങ്ങേണ്ട സമയം വരുമ്പോൾ, ഈശോ പറഞ്ഞതുപോലെ, “പിതാവേ, നിന്റെ കൈകളിൽ ഞാൻ എന്റെ ആത്മാവിനെ ഏൽപ്പിക്കുന്നു” എന്ന് നമുക്ക് ബോധ്യത്തോടെ പറയാൻ കഴിയുമോ? അതോ അത്തരം വാക്കുകൾ ഉച്ചരിക്കുന്നത് പോലും നമുക്ക് നാണക്കേടാകുമോ? നോമ്പുദിനങ്ങളിൽ നമ്മോടുതന്നെ ചോദിക്കേണ്ട നല്ല ചോദ്യമാണ്: “നമ്മുടെ കഷ്ടപ്പാടുകളുടെ നിമിഷങ്ങളിൽ നാം നമ്മുടെ ആത്മാവിനെ ദൈവത്തിനായി സമർപ്പിക്കുന്നുണ്ടോ”?

പ്രാർഥന

“ഈശോയെ, നീ എനിക്ക് ദിവസവും ചെയ്യാൻ തരുന്ന ചെറിയ കാര്യങ്ങൾ വിശ്വസ്തതപാലിക്കാനും ദൈവത്തിനായി സമർപ്പിക്കാനും എന്നെ ഒരുക്കണമ. ആമ്മേൻ.”

സി. റെറ്റി ജോസ് FCC

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.