വിശുദ്ധ അൽഫോൻസാമ്മയോടൊപ്പം അമ്പതുനോമ്പ്: ഇരുപത്തിയഞ്ചാം ദിനം – മുഖസ്തുതി പറയുന്നവരില്‍നിന്നു ഓടിയകലണേ

“മുഖസ്തുതി പറയുന്നവരിൽ നിന്ന് ഞാൻ ഓടിയകലും” എന്ന വിശുദ്ധ അൽഫോൻസാമ്മയുടെ വാക്കുകൾ സത്യസന്ധതയുടെ തെളിമയും മഹത്വവും വ്യക്തമാക്കുന്നു. ഇങ്ങനെ പറയുന്നതിലൂടെ അൽഫോൻസാമ്മ മനുഷ്യരുടെ ആത്മാർഥ രഹിതമായ ഭാഷണത്തെയും കപടഭക്തിയെയും വിലകുറച്ചുകാണുകയാണു ചെയ്യുന്നത്.

മുഖസ്തുതിക്കു പിന്നിലെ കാരണം പലപ്പോഴും സ്വാർഥതയും അന്യായമായി കാര്യങ്ങൾ സ്വന്തമാക്കാനുള്ള പ്രവണതയും ആകാം. ഈശോയെ ആത്മാർഥമായി സ്നേഹിച്ച അൽഫോൻസാമ്മയ്ക്കു ആത്മാർഥതയില്ലാത്ത മുഖസ്തുതിപറച്ചിൽ അരോചകമായിരുന്നു. ജീവിതമാകുന്ന പൂന്തോട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടുത്തുന്ന പാഴ്ചെടികൾ ആണ് മുഖസ്തുതികൾ. സ്വാർഥതയിൽ മുളപൊട്ടുന്ന അത്തരം ജീവിതത്തിൽ നിന്ന് അകന്നുനില്ക്കാൻ അവൾ ആഗ്രഹിച്ചിരുന്നു. എല്ലാവരോടും സത്യസന്ധത പുലർത്തിയിരുന്ന അമ്മയുടെ ജീവിതം സത്യസന്ധത പാലിക്കാൻ നമുക്കു പ്രേരണയേകുന്നു.

വലിയനോമ്പിന്റെ ഈ ദിനം നമ്മുടെ വാക്കുകളുടെ ഉപയോഗം ആത്മപരിശോധനയ്ക്ക് വിഷയമാക്കാം. നമ്മുടെ പ്രശംസകളും സ്നേഹപ്രകടനങ്ങളും സത്യസന്ധമാണോ? അതോ സ്വാർഥതയ്ക്കും സ്വന്തംനേട്ടങ്ങൾക്കും മാത്രം ഉപയാഗിക്കുകയാണോ? ഇരട്ടമുഖമുള്ള ജീവിതം പരിത്യജിക്കാനും ദൈവത്തിന് മുൻപിൽ നിഷ്കളങ്കമായിരിക്കുന്നതുപോലെ മറ്റുള്ളവരുടെ മുമ്പിലും വ്യാപരിക്കുവാനുമുള്ള ആഹ്വാനമാണ് അൽഫോൻസാമ്മ ഇന്നു നമുക്കു നൽകുന്നത്.

നമ്മുടെ ജീവിതത്തിൽ നിഷ്‌കളങ്കതയും സത്യസന്ധതയും പാലിക്കണമെന്നും സ്നേഹവും വിനയവും ആത്മാർഥതയും ഇല്ലാത്ത മുഖസ്തുതികൾ കൊണ്ട് ദൈവത്തെയും മനുഷ്യരെയും വഞ്ചിക്കുന്നത് ഒഴിവാക്കണമെന്നും അൽഫോൻസാമ്മയുടെ ഈ വാക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ mcbs

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.