
പാപം ദൈവത്തെ ഉപദ്രവിക്കലാണ്. ദൈവസ്നേഹത്തിൽ നിന്നുള്ള ഓടിയൊളിക്കലാണ്. “മനസ്സറിവോടെ ഒരു നിസ്സാരപാപം പോലും ചെയ്ത് ദൈവത്തെ ഉപദ്രവിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്കിഷ്ടം.” എന്ന വിശുദ്ധ അൽഫോൻസാമ്മയുടെ വാക്കുകൾ ദൈവസ്നേഹത്തിൻറെ ഗൗരവം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. മനസ്സറിവോടെ ചെയ്ത ഒരു ചെറിയ പാപം പോലും ദൈവത്തെ ഉപദ്രവിക്കുന്നു എന്ന അവബോധം, ഒരാളുടെ ആത്മീയ ജീവിതം ഉണർത്താനുതകുന്നു. പാപം ദൈവവുമായുള്ള നമ്മുടെ ബന്ധം ദുര്‍ബലമാക്കുന്നു, മനസ്സാക്ഷിയെ കുഴപ്പത്തിലാക്കുന്നു, വിശുദ്ധിയിലേക്ക് നയിക്കുന്ന വഴി തടസ്സപ്പെടുത്തുന്നു. അതിനാൽ, പാപം പരിത്യജിച്ച് ദൈവസന്നിധിയിൽ ജീവിക്കാൻ ശ്രമിക്കണം. പാപം ഉപക്ഷിക്കാനുള്ള ചില പ്രായോഗിക നിർദേശങ്ങൾ നമുക്കു നോക്കാം
1. ദൈവസ്നേഹത്തിൽ ജീവിക്കുക
ഓരോ പ്രവൃത്തിയിലും ദൈവത്തിന്റെ സന്നിധിയിലാണ് എന്ന ഓർമ്മ സൂക്ഷിച്ച് അവന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുക.
2. ആത്മപരിശോധന നടത്തുക
പ്രതിദിനം നമ്മുടെ തെറ്റുകൾ തിരിച്ചറിയാനും വിലയിരുത്തുവാനും സമയം മാറ്റിവയ്ക്കുക.
3. പ്രാർഥനയും ദൈവവചനവായനയും
ദൈവത്തോടുള്ള അടുപ്പം പ്രാർഥനയിലൂടെയും ബൈബിള്‍ വായനയിലൂടെയും ചിന്തയിലൂടെയും വർധിപ്പിക്കുക.
4. കൂദാശകളിൽ സജീവ ഭാഗഭാക്കാവുക
വിശുദ്ധ കുർബാനയും കുമ്പസാരവും ഉൾപ്പെടെയുള്ള മാറ്റു കൂദാശകളും നിസ്സാര പാപങ്ങളിൽ നിന്ന് ഓടിയകലാനും പുണ്യത്തിൽ അഭിവൃദ്ധിപ്പെടാനും ഒരുവനെ സഹായിക്കുന്നു.
5. നല്ല കൂട്ടായ്മയിൽ ആയിരിക്കുക
ദൈവസ്നേഹത്തിലധിഷ്ഠിതമായ നല്ല കൂട്ടായ്മകൾ നിസ്സാരപാപങ്ങൾ പോലും വെറുത്തുപേക്ഷിക്കാൻ ഒരുവനു സഹായകമാകുന്നു. ദൈവാനുഭവം പങ്കിടാൻ കഴിയുന്ന നല്ല സുഹൃത്തുക്കളും ആത്മീയ ഗുരുക്കന്മാരും ഉള്ള കൂട്ടായ്മയിൽ ഇരിക്കുക. അവയൊക്കെയും നമ്മെ പാപത്തിലേക്ക് തള്ളുന്നതിനു പകരം പുണ്യത്തിൽ പുരോഗമിക്കാൻ സഹായിക്കും.
പാപം വിട്ട് ദൈവസ്നേഹത്തിൽ ജീവിക്കുമ്പോൾ ദൈവം നമുക്കു നൽകിയ ഈ ജീവിതം ആത്മസന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയും.
ഫാ. ജയ്സൺ കുന്നേൽ MCBS