
“ലുബ്ധന് പണം ചെലവാക്കുന്നതിനെക്കാള്‍ സൂക്ഷ്മതയോടെ ആയിരിക്കണം നാം വാക്കുകള്‍ ഉപയോഗിക്കേണ്ടത്.” – വിശുദ്ധ അൽഫോൻസാമ്മ
വാക്കുകൾ അളന്നു തൂക്കി ഉപയോഗിക്കേണ്ട ആവശ്യകത വെളിവാക്കുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ വാക്കുകളാണിവ. മനുഷ്യനു അവന്റെ സംസാരത്തിന്റെ മൂല്യവും അതിന്റെ ദൂഷ്യഫലങ്ങളും തിരിച്ചറിയാൻ സാധിക്കണം. ഒരു ലുബ്ധന് പണം ചെലവാക്കുന്നത് എത്ര സൂക്ഷ്മമാണോ, അതുപോലെയാണ് ഓരോരുത്തരും സംസാരത്തിൽ സൂക്ഷ്മത പാലിക്കേണ്ടത്. വാക്കുകൾ ഒരിക്കൽ പറഞ്ഞുകഴിഞ്ഞാൽ തിരികെ കൊണ്ടുവരാൻ കഴിയില്ല; അവ മറ്റുള്ളവരിൽ ആഴത്തിൽ സ്വാധീനം ചെലുത്തും. നല്ല വാക്കുകൾ അനുഗ്രഹമായി മാറുമ്പോൾ, മോശം വാക്കുകൾ മനസ്സിൽ മുറിവുണ്ടാക്കുകയും ആത്മാർത്ഥ ബന്ധങ്ങളെ തകർക്കുകയും ചെയ്യുന്നു.
ഭാവനാശക്തിയില്ലാതെ സംസാരിക്കുമ്പോൾ തെറ്റിദ്ധാരണയും സംഘർഷങ്ങളും ഉണ്ടാകാം. അതുകൊണ്ടുതന്നെ, വാക്കുകൾ ജാഗ്രതയോടെയും സത്യസന്ധതയോടെയും ഉപയോഗിക്കണമെന്ന് അൽഫോൻസാമ്മയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. ക്രിസ്തീയ ജീവിതത്തിൽ സ്നേഹവും സഹനവും നിറഞ്ഞ വാക്കുകൾ കൂടുതൽ ഉപയോഗിക്കുമ്പോൾ സ്വർഗ്ഗീയ അനുഭവം അവിടെ സംജാതമാകുന്നു. സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണനാണ്. തന്‍റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനു കഴിയും. (യാക്കോബ് 3: 2)
സംസാരത്തിൽ സൂക്ഷ്മത പാലിക്കാനുള്ള അഞ്ചു പ്രയോഗിക നിർദ്ദേശങ്ങൾ
1. നല്ലൊരു ശ്രോതാവുക – എന്തെങ്കിലും പറയുന്നതിന് മുൻപ് മറ്റുള്ളവരെ ശ്രദ്ധാപൂർവ്വം ശ്രവിക്കുക.
2. പ്രയോജനകരമായ കാര്യങ്ങൾ മാത്രം സംസാരിക്കുക
ഉള്ളതു മാത്രമേ പറയാവൂ, അനാവശ്യവാക്കുകളും കിംവദന്തികളും ആരോപണങ്ങളും ഒഴിവാക്കുക.
3. സന്തോഷത്തോടെയും സ്നേഹത്തോടെയും സംസാരത്തിൽ ഏർപ്പെടുക.
4. ബാലിശമായ വാക്കുകളും ശൈലികളും ഉപയോഗിക്കാതിരിക്കുക. അപ്പോൾ നമ്മുടെ വാക്കുകൾക്ക് ഗൗരവവും അർത്ഥവുമുണ്ടാകും.
5. മൗനം പാലിക്കാൻ പഠിക്കുക. ഏറ്റവും നല്ല വാക്ക് ചിലപ്പോൾ നമ്മൾ പറയാതിരിക്കുന്നതായിരിക്കാം.
ഈ മാർഗങ്ങൾ അവംലംബിച്ചാൽ സംസാരത്തിൽ ശ്രദ്ധ പതിപ്പിക്കാനും പിഴവുവരുത്താതെ വാക്കുകൾ ഉപയോഗിക്കാനും നമുക്കു കഴിയും അതുവഴി, നമ്മുടെ ജീവിതം സുവിശേഷാനുസൃതമായി സൗഹൃദപരവും സമാധാനപരവുമാകും.
ഫാ. ജയ്സൺ കുന്നേൽ mcbs