വിശുദ്ധ അൽഫോൻസാമ്മയോടൊപ്പം അമ്പതുനോമ്പ്: ഇരുപത്തിയൊന്നാം ദിനം – ദൈവേഷ്ടം നിറവേറ്റുക

“എന്നെ മുഴുവനും ഞാന്‍ കര്‍ത്താവിന് വിട്ടു കൊടുത്തിരിക്കുകയാണ്; അവിടുന്ന് ഇഷ്ടംപോലെ ചെയ്തുകൊള്ളട്ടെ” – വിശുദ്ധ അൽഫോൻസാമ്മ

വിശുദ്ധ അൽഫോൻസാമ്മയുടെ ഈ വാക്കുകളിൽ വ്യക്തമായി പ്രതിഫലിക്കുന്നത് തന്റെ പ്രാണനാഥനായുള്ള സമ്പൂർണ്ണ സമർപ്പണമാണ്. അവൾ തന്റെ ജീവിതം, വേദനകൾ, സന്തോഷങ്ങൾ, സ്വപ്നങ്ങൾ, പ്രതീക്ഷകൾ, ആകുലതകൾ എല്ലാം ഈശോയുടെ കൈകളിൽ സമർപ്പിക്കുകയും അവിടുന്ന് ആഗ്രഹിക്കുന്നതുപോലെ തന്നെ സംഭവിക്കട്ടെയെന്ന് ആത്മാർഥമായി പ്രാർഥിക്കുകയും ചെയ്തു. ഈ മനോഭാവം പൂർണ്ണ വിശ്വാസം, ആത്മീയ അനുസരണശീലം, ദൈവഹിതത്തിനു കീഴടങ്ങൽ എന്നിവയുടെ ഉത്തമ മാതൃകയാണെന്ന് നമുക്കു മനസ്സിലാക്കാം.

അൽഫോൻസാമ്മയുടെ ജീവിതം പരിശോധിച്ചാൽ സമ്പൂർണ്ണ സമർപ്പണത്തിനുള്ള മൂന്നു പടികൾ നമുക്കു അടർത്തിയെടുക്കാൻ കഴിയും.

1. ദൈവഹിതം തിരിച്ചറിയൽ

സമ്പൂർണ്ണമായി സമർപ്പിക്കുന്നതിന് ആദ്യത്തെ പടി നമ്മുടെ ആഗ്രഹങ്ങൾക്കും ദൈവഹിതത്തിനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക എന്നതും പ്രാർഥനയിലൂടെ ദൈവത്തിന്റെ ഉദ്ദേശം മനസ്സിലാക്കാൻ തിരച്ചറിയാൻ പരിശ്രമിക്കുക എന്നതുമാണ്.

2. തന്നെത്തന്നെ ദൈവത്തിനായി വിട്ടുകൊടുക്കുക

ദൈവഹിതം തിരിച്ചറിമുമ്പോൾ ദൈവത്തിനായി എല്ലാ വിട്ടുകൊടുക്കുക എന്നതാണ് രണ്ടാമത്തെ പടി. സ്വാർഥമായ ആഗ്രഹങ്ങളെ ഉപേക്ഷിച്ച് ദൈവത്തിന്റെ ഹിതത്തിനു കീഴടങ്ങുക.

3. പൂർണ്ണമായ വിശ്വാസവും വിധേയത്വവും

ദൈവഹിതം മനസ്സിലാക്കിയാൽ അതു പൂർത്തിയാക്കാൻ പൂർണ്ണമായ വിശ്വാസവും വിധേയത്വവും ആവശ്യമാണ് എങ്കിൽ മാത്രമേ പ്രതിസന്ധികളിലും കർത്താവിന്റെ കരുതൽ മനസ്സിലാക്കാനും സമ്പൂർണ്ണമായി സമർപ്പിക്കാനും സാധിക്കൂ.

വിശുദ്ധ അൽഫോൻസാമ്മയുടെ സമർപ്പണം കർത്താവിനായി സ്വയം സമർപ്പിക്കാൻ ഈ നോമ്പുകാലത്തു നമുക്കു പ്രേരണയാകട്ടെ.

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.